അദ്ധ്യാപക ദിനത്തിൽ തൊഴുകൈയുമായി.
is thinking about old memories.
05-09-2020
അദ്ധ്യാപക ദിനത്തിൽ
തൊഴുകൈയുമായി.
=================
പിന്തിരിഞ്ഞു നോക്കി എന്നു പറഞ്ഞാല് ,ഒരു പാടു പുറകിലേയ്ക്ക് .
പഠിപ്പിച്ചവരും കൂടെ പഠിച്ചവരും ഒക്കെ ഓര്മ്മകളില് ഓടി എത്തുന്നു.
""അദ്ധ്യാപകന് തന് പരുഷോക്തി
കേട്ടിട്ടുള്ത്താരു കത്താതെ മഹത്വമെത്താ
ശാണോഫലത്തിന്നുരവാര്ന്ന രത്നം
ക്ഷോണീശ മൂര്ധാവില് വിളങ്ങിടുന്നു.""
ലക്ഷ്മി സാര് .ഞങ്ങളുടെ ആറാം ക്ലാസ്സു ടീച്ചര് ആയിരുന്നു.
വളരെ മധുരമായ ശബ്ദത്തില് ക്ലാസ്സെടുക്കുകയും
ഓരോ കുട്ടികളുടെയും അടുത്തു പോയി എഴുതിയത്
വായിച്ചു നോക്കുകയും ഒക്കെ ചെയ്യുന്ന സാര്.
ഒരിയ്ക്കലും ക്ഷുഭിതയായിരുന്നിട്ടില്ല.
സ്നേഹത്തോടെ വാല്സല്യത്തോടെ ആയിരുന്നു പെരുമാറ്റം.
ഒരു ദിവസം ,
പതിവിന് വിരുദ്ധമായി, സാറിന് ദ്വേഷ്യം വന്നു.
ക്ലാസ്സില് ശബ്ദമുണ്ടാക്കിയതിന്നായിരുന്നു അത്.
ഞങ്ങള് രണ്ടു മൂന്നു കുട്ടികള്ക്ക് ചൂരല് കഷായം കിട്ടി.
അടി കിട്ടി വിഷമിച്ചിരിക്കുന്ന ഞങ്ങളെ സമാധാനിപ്പിക്കാന്
ലക്ഷ്മി സാര് ,ബോര്ഡിലെഴുതി പഠിപ്പിച്ച വരികളാണ്
മുകളിലെഴുതിയത്. ഞങ്ങളെക്കാള് കൂടുതല് സാറിന്
ആ സംഭവം വിഷമമുണ്ടാക്കി എന്നു തോന്നി.
കെ.സി .കേശവ പിള്ളയുടെ പദ്യമായിരുന്നു എന്നാണ് ഓര്മ്മ.
ഇന്നും മറന്നു പോകാതെ ആ വരികള് ഓര്മ്മയില് നിന്നും
അനായാസമായി ചൊല്ലാന് കഴിയുന്നു. ചൊല്ലുംപോഴെല്ലാം
ലക്ഷ്മി സാറിനെ സ്നേഹ ബഹുമാനങളോടെ ഓര്മ്മിക്കുന്നു.
വീണ്ടും ഓര്മ്മകളുടെ സുഗന്ധം വീശുന്നു. .
രാവിലെ 7മണിക്കാണ് ആദ്യത്തെ ബസ്സ് വരുന്നത്.
ബസ്സില് നിന്നിറങ്ങുന്ന സാറിനെ കാത്തു രണ്ടു മൂന്നു
കുട്ടികളുടെ കൂടെ ഞാനും ഉണ്ടായിരുന്നു.
പുതുതായി വന്ന കണക്ക് സാര് ആയിരുന്നു,കൃഷ്ണന് ആചാരി .
ആദ്യ ബസ്സ് കഴിഞ്ഞാല് പിന്നെ 10 മണിക്ക് മുന്നേ സാറിന് ബസ്സ് കിട്ടാന് വിഷമം ആയതിനാല് ,
ആദ്യ ബസ്സിന് തന്നെ വരുമായിരുന്നു സാര്.
സമയം കളയാതെ ഏതെങ്കിലും ക്ലാസ് റൂമിൽ ഇരുന്ന് ഞങ്ങൾക്ക് 9 മണി വരെ
കണക്ക് പറഞ്ഞു തരൂമായിരുന്നു.
എന്നോടൊപ്പം , സ്കൂളിലെ സയന്സ് പഠിപ്പിക്കുന്ന
ശേഖരന് മാസ്റ്ററുടെ മകന് അശോകന് ,
ഡ്രില് സാറിന്റെ മകന് രാജന് , ഇവര്
കണക്കിന് മോശമായതിനാല് സാറിനോട് അവരുടെ അച്ഛന്മാര് ആവശ്യപ്പെട്ട പ്രകാരം ,
ആ സമയം അവര്ക്ക് സംശയങ്ങള് പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനും സാര് തയ്യാറായി.
പത്താം ക്ലാസ്സ് പരീക്ഷ വരാറാകുന്നു..
.
മറ്റെല്ലാ വിഷയങ്ങളിലും നല്ല മാര്ക്ക് വാങ്ങിയിരുന്ന എനിക്കു കണക്ക് അത്ര
ശരിയാകുന്നില്ലായിരുന്നു.
ഏതോ ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു സാറെന്നോട് പറഞ്ഞു.
രാവിലെ സ്കൂളില് അവരോടൊപ്പം വരാന്.
ഞാന് പോയി തുടങ്ങി .
അല്പ ദിവസങ്ങള്ക്ക് ശേഷം കണക്കായി മാറി എന്റെ ഇഷ്ട വിഷയം.
കണക്കിന് മോശമായിരുന്ന എനിക്ക് ആ വർഷം ഫസ്റ്റ്
ക്ലാസ് വാങ്ങി പാസ്സാവാൻ സാറിന്റെ ആ സേവനം ഉപകരിച്ചു.
പിന്നീട് ജീവിതത്തിന്റെ ഓരോ വഴിതിരിവിലും മറ്റ് സര്ടിഫിക്കേറ്റ്കളോടൊപ്പം
PLACE IN THE FIRST CLASS എന്നു സീല് വച്ച ആ പേജ് കാണുമ്പോള്
കൃഷ്ണനാചാരി സാറിനെ സ്നേഹ ബഹുമാനത്തോടെ ഓര്മ്മിക്കുന്നു .
ഈ അധ്യാപക ദിനത്തില് ,
എന്നെ പഠിപ്പിച്ചവരും കൂടെ പഠിച്ചവരും ഒക്കെ ഓര്മ്മകളില് ഓടി എത്തുന്നു.
പിന്നീട് തിക്തമായ ജീവിതാനുഭവങ്ങള് നേരിടാനും
അതില് നിന്നൊക്കെ പാഠങ്ങള് ഉള്ക്കൊണ്ട് മുന്നോട്ട് പോകാനുള്ള പ്രചോദനം ഉള്ക്കൊള്ളാനും ഒക്കെ പഠിപ്പിച്ച എന്റെ ഗുരു നാഥന്മാരേ എല്ലാവരെയും ഇവിടെ
ഓര്ക്കുന്നു.
ജീവിതത്തിലേയ്ക്ക് കൈ പിടിച്ച് നടത്തിയ എന്റെ എല്ലാ അദ്ധ്യാപകര്ക്കും സ്നേഹാദരങ്ങളുടെ
പുഷ്പാഞ്ജലി.
K Venu nair 05-09-2020
No comments:
Post a Comment