ജാലകം

Monday, July 23, 2007

പാദസരങ്ങള്‍‍

Buzz It

ഉഷ.
ഉഷയെ ഓര്‍ക്കാതിരുന്നതല്ല.
ഇത്രനാളും.
വിവാഹത്തിനു് തലേ ദിവസവും ഉഷയെ ഓര്‍ത്തിരുന്നു.



അമ്മയായിരുന്നു പറഞ്ഞതു്.
നിനക്കോര്‍മ്മയില്ലെ, നിന്നോടൊപ്പം ആറിലും ഏഴിലുമൊക്കെ പഠിച്ച ഉഷയെ. ഇപ്പോള്‍‍ ഇവിടെ കഴിയുന്നു.. ഭര്ത്താവു മരിച്ചു് ജോലിയുപേക്ഷിച്ചു് വീണ്ടും ഇവിടെ കഴിയാന്‍‍ വിധിക്കപ്പെട്ടിരിക്കുന്നു.
ഒക്കെ ഓരോ തലയിലെഴുത്തു്.
അയാളെന്നും ചോദിക്കുമായിരുന്നു. ഓരോ ലീവിനും വരുമ്പോഴും. വെറുതെ.
ഉഷയുടെ വല്യമ്മൂമ്മ മരിച്ചപ്പോള്‍ എല്ലാവരും വന്നിരുന്നു എന്നു് പറഞ്ഞതു് ജ്യോതി ആയിരുന്നു.
ആ ചേച്ചി പോകുന്നതിനു മുന്‍പു് വീട്ടില്‍ വന്നെന്നും അമ്മയോടു് അണ്ണന്‍റെ കാര്യങ്ങളൊക്കെ തെരക്കിയെന്നും പറഞ്ഞതും അയാളോര്‍ത്തു വച്ചിരിക്കുന്നു.



മോന്‍റെ ചോറൂണിനു് അച്ഛന്‍റെ മടിയിലിരുന്നവന്‍ ചിരിച്ചപ്പോഴും മനസ്സിലൂറി. ഉഷ.
അച്ഛന്‍ മരിച്ചതറിഞ്ഞെത്തിയ ദിവസവും ആള്‍ക്കൂട്ടത്തില്‍‍ തെരയുന്നുണ്ടായിരുന്നു.....ഉഷയെ....
എന്തിനു്.? ആ, അറിഞ്ഞു കൂടാ.......
പിന്നീടു് മറവിയുടെ കുത്തൊഴുക്കില്‍‍ മൂടപ്പെടാതിരിക്കാനായി, വല്ലപ്പോഴും ഭാര്യയെ പ്രകോപിപ്പിക്കാനായി അയാള്‍‍ പറഞ്ഞിരുന്നു.
ഉഷ. ഉഷ.



ഉഷ...ഉഷ..എന്ന പറച്ചില്‍‍ തുടങ്ങിയതും യാദൃശ്ച്ചികമായി ഒരു ദിവസമായിരുന്നു.
ഒരു ഞായറാഴ്ച. ടെറസ്സിലിരിക്കയായിരുന്നു.
മോനവന്‍റെ പുതിയ മൂന്നു വീല്‍ സൈക്കിള്‍‍ ചവിട്ടുന്നു.
ഒഴിവു ദിവസത്തിന്‍റെ അലസതയുമായി അടുത്ത ചായ പ്രതീക്ഷിച്ചു് പേപ്പര്‍‍ വായിക്കുകയായിരുന്നു അയാള്‍..
അപ്പോഴാണവള്‍‍ ചോദിച്ചതു്. ഡെയ്സി ജോസഫിനെ മനസ്സിലായി.
ആരാണീ ഉഷ.???....
ചിരിച്ചു കൊണ്ടു ചായ തിളപ്പിക്കാന്‍ പോയ ഭാര്യയെ അയാള്‍ ഒളിച്ചു നോക്കി.


തന്‍റേതായി ഒരു രഹസ്യമെങ്കിലും മനസ്സില്‍‍ താലോലിക്കാന്‍ സുക്ഷിച്ചു വച്ചിരുന്നതായിരുന്നു.
അതെങ്ങനെ....ഇവള്‍ കണ്ടുപിടിച്ചു.


അയാള്‍ മുറിയിലെ തന്‍റെ പുസ്തക അലമാരയെ നിര്‍ന്നിമേഷനായി നോക്കി നിന്നു.
അവള്‍ പുറകില്‍ നിന്നു വന്നൊരു ഡയറി തുറന്നു ചോദിച്ചു. ഈ ഉഷ......
അയാള്‍ വായിച്ചു..................
ഡായറിയിലെഴുതിയിരുന്നതിങ്ങനെ.........


24.11...........,

ഇന്നു് നാട്ടില്‍ നിന്നു വരികയായിരുന്നു.
എറണാകുളത്തു നിന്നും ഒരു ചെറിയ ഫാമിലി എന്‍റെ സഹയാത്രികരായി.
ഒരു ചേച്ചിയും 4 വയസ്സു തോന്നുന്ന ഒരു മിടുക്കന്‍ മോനും. ചേച്ചിയുടെ അനിയത്തിയും. പരിചയപ്പെട്ടു.
മോനെന്‍റെ സൈഡു സീറ്റിലിരുന്നു കാഴ്ചകള്‍ കണ്ടു. ചേച്ചി അമേരിക്കയ്ക്കു പോകുകയാണെന്നും അനിയത്തി ഡല്‍ഹിയില്‍ പഠിക്കുകയാണെന്നും മനസ്സിലാക്കി.
എപ്പോഴും ഉറങ്ങുന്ന ചേച്ചിയും ഉണര്‍ന്നിരിക്കുന്ന അനിയത്തിയും സംശയ കുടുക്കയായ കുസൃതിക്കുട്ടനും.
യാത്ര മനോഹരമായിരുന്നു. പുസ്തകങ്ങള്‍ കൈമാറിയ ഞങ്ങള്‍,(അതെ എപ്പോഴും ഉണര്‍ന്നിരിക്കുന്ന അനിയത്തി തന്നെ.)


വായനയുടെ ലോകത്തൂടെ, ഭാവനകളുടെ മുല്ല വള്ളികളിലൂടെ പലപ്പോഴും ഒരേ വൃക്ഷത്തിന്‍റെ ഉച്ചാം കോണിലിരുന്നു.
പറഞ്ഞതും കേട്ടതുമെല്ലാം ഞങ്ങള്‍ക്കറിയാവുന്നതായിരുന്നു എന്നതു് ഞങ്ങളെ അമ്പരപ്പിച്ചു.
യുഗ യുഗങ്ങളായി പരിചയമുള്ള രണ്ടു പേരുടെ ചിരികള്‍ ആരും കേള്‍ക്കാതെ ഞങ്ങള്‍ ചിരിച്ചു.
മുകള്‍ ബര്‍ത്തില്‍ ഉറങ്ങാതിരുന്നു ഞങ്ങള്‍ അടക്കം പറഞ്ഞു.
ഞങ്ങളുടെ ചിരി, വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ ട്രയിനിന്‍റെ സംഗീതം പുതിയ രാഗങ്ങള്‍ ആലപിച്ചു.
ഡെയ്സി ജോസഫെന്നാണു് പേരു് എന്നതു് ഒത്തിരി പ്രാവശ്യം പറഞ്ഞപ്പോഴാണു് കേള്‍ക്കാന്‍ പറ്റിയതു്.
പേരു പറയുമ്പോഴെല്ലാം ട്രയിന്‍റെ കൂവല്‍ അതിനെ മായ്ച്ചു കളഞ്ഞു. ഞങ്ങള്‍ പൊട്ടി പൊട്ടി ചിരിച്ചു.
ഓരോ സ്റ്റേഷനെത്തുമ്പോഴും രാത്രിയുടെ നിശ്ശബ്ദതയില്‍ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു ഞങ്ങള്‍ മാത്രം ഉറങ്ങിയിട്ടില്ലാ എന്നു്.
ഓരോ പാലങ്ങളുടേയും സംഗീതം, രാത്രിയുടെ നിശബ്ദതയുടെ ആത്മാവുകള്‍ കേള്‍പ്പിച്ചു. എതിരേ കൂകി വരുന്ന വണ്ടികളുടെ മിന്നല്‍ പിണരുകളിലൂടെ ഞങ്ങള്‍ക്കു് മുഖം കാണാമായിരുന്നു. ശബ്ദവിചികളിലെ സംഗീതം നുകര്‍ന്നു് ഞങ്ങള്‍ എന്തൊക്കെയോ പറയാന്‍‍ ശ്രമിക്കുന്നുണ്ടായിരുന്നു. അറിയാതടഞ്ഞു പോകുന്ന കണ്‍പോളകളേ തട്ടിയുണര്‍ത്തുന്ന ചൂളം വിളികള്‍. പരസ്പരം നോക്കിയിരിക്കുന്നതു കണ്ടു പിടിക്കുന്ന വെളിയിലെ ഒളിച്ചു കളിക്കാരന്‍‍ ലൈറ്റുകള്‍. ഉറങ്ങിയതെപ്പോഴെന്നു പോലും അറിഞ്ഞില്ല.
നേരത്തേ എത്തിയ സ്റ്റേഷനിലെ കൊച്ചു ചട്ടിയില്‍ കിട്ടിയ ചായ കുടിച്ചു് ഞങ്ങള്‍ വിണ്ടും ചിരിച്ചു.



മറ്റൊരു പകലു കൂടി വളരെ വേഗം കടന്നു പോകുന്നു. കൊച്ചു മോനു് സിംഹത്തിന്‍റെ കള്ള കഥ പറഞ്ഞു കേള്‍പ്പിച്ചു. ചേച്ചിയും ഡെയ്സിയും കേട്ടിരുന്നു. അവനുറങ്ങിയപ്പോള്‍ ചേച്ചിയെന്നോടു പറഞ്ഞു. അമേരിക്കയിലെ ഭര്‍ത്താവിന്‍റെ ജോലിയെ പറ്റിയും അവിടുത്തെ ജീവിതത്തെ പറ്റിയും ഒക്കെ. എന്നെ പുകഴ്ത്തിയതും എന്നെ പോലെ ഒരു സഹോദരന്‍ നാട്ടിലുണ്ടെന്നും, എന്നെ പോലെ ചിരിപ്പിക്കുന്ന വര്‍ത്തമാനം പറയുന്ന ദുഃഖം തൂങ്ങുന്ന കണ്ണുകളാണു് അമേരിക്കയിലെ ഭര്ത്താവിനും എന്നുമൊക്കെ പറഞ്ഞു.
എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ വെളുപ്പിനെ 4മണിയ്ക്കെത്തുന്ന ഝാന്‍സിയാണു്. പിന്നെയും ഇവര്‍ക്കു് യാത്ര ചെയ്യണമല്ലോ. ചേച്ചി പലതും സംസാരിച്ചു.
അന്നു് ഡേയ്സിയും പലതും സംസാരിച്ചു.
രാത്രിയില്‍ അടക്കം പറയാന്‍‍ ഡേയ്സിയും ഞാനും പലതും മാറ്റിവച്ചു.


പുറത്തു് നാട്ടു വെളിച്ചം നോക്കി കിടന്ന എനിക്കൊരു തുണ്ടു കടലാസ്സു തന്നു് ഡേയ്സി പൊട്ടിചിരിച്ചു.
ഡല്‍ഹിയിലെ അഡ്രെസ്സാണെന്നു് പത്തു പ്രാവശ്യം പറഞ്ഞു പൊട്ടിചിരിച്ചു.
പത്താമതു പറഞ്ഞതു കേട്ടു് ,ഒന്നും പറയാനില്ലാതെ മുഖത്തോടു മുഖം നോക്കി ഞങ്ങള്‍ കിടന്നു.
ഭോപ്പാല്‍ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. അടുത്തു വരുന്നു എനിക്കിറങ്ങേണ്ട സ്റ്റേഷന്‍. കാണാം. എഴുതാം.
ചെറിയ ജന്നലിലൂടെ കൂടെ കൂടെ വരുന്ന ചെറിയ വെളിച്ചത്തില്‍ ഡെയ്സിയുടെ ചിരിക്കാതിരിക്കുന്ന മുഖം എനിക്കു കാണാമായിരുന്നു.


ഇറങ്ങേണ്ട സ്റ്റേഷനില്‍ തന്നോടൊപ്പം വാതില്‍ വരെ വന്ന ഡെയ്സിയോടു ഞാന്‍ പറ്ഞ്ഞു.
ഈ യാത്ര ഒരിക്കലും ഞാന്‍ മറക്കില്ല. ചേച്ചിയോടും മോനോടും പറയുക. ഞാനെഴുതാം.
വാതുക്കലൊരു പ്രതിമ പോലെ നിന്ന ഡെയ്സിയോടു പറഞ്ഞു. നമുക്കൊന്നു ചിരിക്കാം.


ട്രയിന്‍ അനങ്ങി തുടങ്ങി കഴിഞ്ഞിരുന്നു. വാതുക്കല്‍ നിന്നു കൈ വീശിയ ഡയിസുടെ കണ്ണുകളില്‍ നിന്നു്, പ്ലാറ്റു് ഫാമിലെ ചെറിയ ലൈറ്റുകളുടെ പ്രകാശം മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.


ഈ ഡയറിയില്‍ ഇതെഴുതി വയ്ക്കുമ്പോള്‍ ഞാനറിയുന്നു ഇനി ഒരു പക്ഷേ ഡെയ്സിജോസഫും ആചേച്ചിയും ആ കൊച്ചു മോനും എന്‍റെ ഓര്‍മ്മകളില്‍ മാത്രം.
പ്രിയപ്പെട്ട ഡെയിസി, നിന്‍റെ മനസ്സില്‍ എന്‍റെ ചിത്രം എനിക്കു സങ്കല്പിക്കാനാകുന്നു.
ഈ വരികള്‍ നിങ്ങള്‍ക്കു് വായിക്കാനൊരിക്കലും ഒക്കില്ലാ എന്നറിയാം.
എങ്കിലും ഞാനിതു കൂട്ടി ചേര്ക്കുന്നു.


ഝാന്‍സിയില്‍ നിന്നുള്ള എന്‍റെ അടുത്ത 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ഡെയ്സി തന്ന അഡ്രെസ്സ് എന്നന്നേത്തേയ്ക്കു മായി നഷ്ടപ്പെട്ടു.

ഒരിക്കലും കാണാന്‍ കഴിയാനിടയില്ലാത്ത എന്‍റെ ഡെയ്സി ജോസഫു് ഞനീ വരികള്‍ ഇവിടെ നിര്‍ത്തുന്നു.
എന്‍റെ ഈ ഓര്‍മ്മയുടെ മര്‍മ്മരം ഈ ഡയറിയില്‍ ആലേഖനം ചെയ്തു് ഞാനൊന്നാശ്വസിക്കട്ടെ.
NB.
( ഡെയ്സി ജോസഫു് സുന്ദരി ആയിരുന്നു എങ്കിലും ഉഷയുമായി താരതമ്യം ചെയ്യാനൊക്കില്ല.)
-------------------------------
ഈ പേജാണു് ശ്രീമതി വായിച്ചതു്.
-------------------------------------------------------------------------------------

ഞാനെന്‍റെ സ്വത്വം വീണ്ടെടുത്തു് അവളോടു പറഞ്ഞു.
നിനക്കു് ഉഷ ആരായിരുന്നു എന്നു് ഡെയ്സി ജോസഫിനെ മനസ്സിലാക്കിയതിനാല്‍‍ മനസ്സിലായിക്കാണും.
സാരമില്ല മാഷെ. ആരോ ആയിക്കോട്ടെ. ഉഷയും, ഡെയ്സിയും എല്ലാം ഇന്നു ഞാന്‍ തന്നെ അല്ലെ.
എന്നിട്ടവള്‍ പൊട്ടി ചിരിച്ചു.
എന്തോ എനിക്കാ ചിരിയില്‍ ഡെയ്സിയെയോ ഉഷയെയോ കാണാന്‍‍ സാധിച്ചില്ല.
പത്രതാളുകളിലെ ഓരോ വിശേഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍‍ ഓര്‍ക്കുകയായിരുന്നു. ഈയിടെ ആയി താനിഷ്ടപ്പെടുന്നതെല്ലാം അവളില്‍‍ കാണാന്‍‍ ശ്രമിക്കുന്നില്ലേ. ഒരു ചിത്രകാരന്‍‍ വരച്ച ചിത്രം മനോഹരമാക്കാന്‍‍ ശ്രമിക്കുന്നതു പോലെ. കോടിയ മൂക്കിനെ നേരെ ആക്കുന്നു. ചിരിച്ച മുഖം മനോഹരമാക്കുന്നു. അതെ തനിക്കു വേണ്ടുന്നതു് ഇല്ലാത്തയിടത്തു നിന്നു കണ്ടെത്തുന്ന തന്‍റെ മനസ്സിനു് ആയിരം പ്രണാമം നല്‍കി. അവള്‍‍ കൊണ്ടു വന്ന ചായ കുടിച്ചിട്ടു് വെറുതേ പറഞ്ഞു.. ഉഷയെ മനസ്സിലായോ.?
ഉഷ. ഉഷ......
അങ്ങനെ ഉഷ വല്ലപ്പോഴും ഉള്ള ഞങ്ങളുടെ അലോസരത്തിലൂടെ ജീവിക്കുകയായിരുന്നു.
ഓര്‍മ്മകളുടെ കുഞ്ഞോളങ്ങളില്‍‍ ഞാനൊരു വള്ളം തുഴയുകയായിരുന്നു. എന്‍റെ ഭാര്യയെ ഞാന്‍‍ അനസൂയയായി സങ്കല്പിച്ചു. ഉഷയുടെ ഓര്‍മ്മകള്‍‍ മറന്നു പോയ പുസ്തക താളുകളിലെ മയില്‍ പീലി മാറ്റി ഞാന്‍ വായിക്കാന്‍ ശ്രമിച്ചു.........



ആറാം ക്ലാസ്സില്‍ പുത്തനുടുപ്പും ബാഗുമായി ചെല്ലുമ്പോള്‍ മുന്‍‍ ബഞ്ചിലെ പുതിയ കൂട്ടുകാരി പറഞ്ഞു.
ഞാന്‍‍ ഉഷ. അച്ഛനു് സ്ഥലം മാറി വന്നു. നിന്‍റെ പേരെന്താ.?
നല്ല പൂക്കളുള്ള പാവാട. റിബണ്‍ കെട്ടി രണ്ടുവശത്തേയ്ക്കും പിന്നിയിട്ടിരീക്കുന്ന മുടി.
പുസ്തകങ്ങള്‍ വച്ചിരിക്കുന്ന ബാഗിനും എന്തൊരു ചന്തം. ചന്തനത്തിന്‍റെ സുഗന്ധം.
മുഖത്തു് ചോര മായുന്നതറിഞ്ഞ രാജനെന്ന അയാള്‍ വിളറി വെളുത്ത മുഖത്തോടെ വിക്കി പറഞ്ഞു രാജന്‍.
അപ്പുറത്തും ഇപ്പുറത്തും ഇരുന്ന ശാന്ത, വിജയ കുമാരി, സരള, വര്‍ഗ്ഗീസു് , ഐഷാബീവി ഒക്കെ ചിരിക്കുന്നതു കണ്ടു.
കടന്നു പോയ വര്‍ഷങ്ങളില്‍ ക്ലാസ്സു പരീക്ഷകളില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പട്ടണക്കാരിയുടെ പുറകില്‍‍ രണ്ടാം സ്ഥാനത്തു വരുമ്പോള്‍, തന്നെ നോക്കുന്ന ഉഷയുടെ കണ്ണുകളില്‍ സഹതാപമായിരുന്നോ. അനുമോദനങ്ങളായിരുന്നോ.‍‍.?


എന്നോ ഒരിക്കല്‍‍ ദീപാരാധനയുടെ മഞ്ഞ പ്രകാശത്തില്‍ തന്നെ ശ്രദ്ധിക്കുന്ന കണ്ണുകള്‍ ഉഷയുടെ ആയിരുന്നു എന്നറിയുമ്പോള്‍, ഉഷ അടുത്തു നില്പുണ്ടായിരുന്നു. ഉഷ സംസാരിച്ചു. കൂടെ നിന്ന അവളുടെ അമ്മ സംസാരിച്ചു..
ഉഷയുടെ അച്ഛന്‍‍ രാജന്‍റെ സ്ഥലത്തു് ജനിച്ചു വളര്‍ന്നു് ഉയര്‍ന്ന പരീക്ഷ പാസ്സായി വലിയ ഉദ്യോഗം കിട്ടിയ ആദ്യ കേമന്മാരിലൊരാളായിരുന്നു. തിരുവനന്ത പുരത്തു് വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ സ്ഥലം മാറ്റമാണു്, സ്വന്തം നാട്ടിലേയ്ക്കു് താല്‍ക്കാലികമായി കുടുംബത്തെ മാറ്റി താമസിക്കാന്‍‍ ഇടയാക്കിയതു്.


വീടിനടുത്തു് താമസിച്ചിരുന്ന ഉഷ സ്കൂള്‍ വിട്ടാല്‍‍ കളിക്കാന്‍‍ തങ്ങളോടൊപ്പം കൂടിയിരുന്നു.
സാറ്റു കളി. ഒളിച്ചിരിക്കാന്‍ പുതിയ സങ്കേതം കണ്ടെത്താന്‍ പ്രഗത്ഭനായിരുന്നു രാജന്. കളിയില്‍‍ ജയിക്കുന്ന രാജനോടൊപ്പം എന്നും ഒളിച്ചിരിക്കാന്‍‍ ഉഷയും ഉണ്ടായിരുന്നു. കണ്ടുപിടിക്കാനൊക്കാത്ത സ്ഥലങ്ങളില്‍ ചേര്‍ന്നിരുന്നു് അവര്‍ കാര്യം പറഞ്ഞു.
അവളുടെ ശബ്ദത്തിനു് മാധുര്യമുണ്ടെന്നും അവളുടെ സംഭാഷണങ്ങളിലും സൌന്ദര്യമുണ്ടെന്നും രാജനറിയാന്‍ തുടങ്ങി.
ഒരിക്കലൊളിച്ചിരുന്നു .കൂട്ടുകാരന്‍‍ ശശി, തൂണില്‍ മുഖം മറച്ചു് എണ്ണാന്‍ തുടങ്ങി. ഒന്നു്..രണ്ടു്...മൂന്നു്...സാറ്റു കളിയാണു്...
പൊളിഞ്ഞു കിടന്ന നടപ്പന്തലിനും താഴെയുള്ള നന്ത്യാര്‍ വനത്തിലെ കൊച്ചുകൊട്ടിലില്‍ എത്തി രാജന്‍ ‍ ഒളിച്ചിരുന്നു.
അതേ കയ്യാല ചാടി എഴുപതെണ്ണുന്നതിനു മുന്‍പു് എത്തിയ ഉഷയുടെ കാല്‍ വണ്ണയില്‍ തൊട്ടാവാടി കൊണ്ടു മുറിഞ്ഞിരുന്നു.
വെളുത്ത കൈയില്ലാത്ത പെറ്റിക്കോട്ടിട്ട ഉഷ . കമ്മ്യൂണിസ്റ്റു പച്ചില പിഴിഞ്ഞൊഴിക്കുമ്പോള്‍ ആദ്യമായി ഉഷയുടെ ചന്ദന നിറമുള്ള തുട കണ്ടു.
എന്തൊക്കെയൊ പറഞ്ഞിരുന്നപ്പോഴായിരുന്നു ഇടവപ്പാതി അലറി വിളിച്ചതു്.
ഇടിയും മിന്നലും .വടക്കു ഭാഗത്താകാശത്തു് കല്ലിപ്പനങ്ങാട്ടെ ആഞ്ഞിലി മരം ഉറഞ്ഞു തുള്ളുന്നതു കാണാം.
സാറ്റു കളി നിര്‍ത്തി ഓടുന്ന കൂട്ടുകാരുടെ പാദ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.
മഴ തോരരുതേ എന്നാശിച്ചു. എന്തൊക്കെയോ പറഞ്ഞു ചിരിച്ചിരുന്നു.
മഴ തോര്‍ന്നതിനു ശേഷം കയ്യാലയ്ക്കു മുകളില്‍ വലിഞ്ഞു കയറി ഉഷയെ പിടിച്ചു കേറ്റി. കുതിര്‍ന്ന കൈയാല ഇടിഞ്ഞു വീണു് വീണ്ടും ചിരിച്ചതും ഇന്നലെ ആയിരുന്നോ.... ഉടഞ്ഞു വീണ ചുമന്ന കുപ്പി വളകള്‍ ചിതറിയ കുഴഞ്ഞ മണ്ണു ചവുട്ടി നടന്നതും.....ഇന്നലെ തന്നെ.


പിന്നീടുഷയെ കണ്ടിരുന്നില്ല.
ഉഷയില്ലാത്ത സാറ്റുകളിയില്‍ എന്നും രാജന്‍ ആദ്യം തന്നെ കണ്ടുപിടിക്കപ്പെട്ടു.
അമ്പലത്തില്‍ വച്ചൊരു ദിവസം അമ്മയോടൊപ്പം വന്ന വലിയ പാവാടയുടുത്തു് ധാവണി ചുറ്റിയ ഉഷയെ അയാള്‍ കണ്ടു.
മുഖത്തു് നാണം കൂടുതലായിരുന്നു എന്നും ഒരു കള്ള ചിരി കണ്ണിലൊളിപ്പിച്ചിരുന്നു എന്നുമൊക്കെ മനസ്സിലാക്കാന്‍ രാജനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.


പത്താം ക്ലാസ്സില്‍‍ പഠിക്കുമ്പോഴായിരുന്നു.വൈകുന്നെരം അമ്പലത്തില്‍ വച്ചു് ഉഷ പറഞ്ഞു. നാളെ റ്റി.സി. വാങ്ങി ഞങ്ങള്‍ പോകുകയാണു്. അച്ഛനു് വീണ്ടും തിരുവനന്തപുരത്തേയ്ക്കു് സ്ഥലം മാറ്റം. പ്രൊമോഷനോടുകൂടി.
മനസ്സില്‍ കൊള്ളിയാന്‍ മിന്നി. രാജനു് അഡ്രെസ്സു തരാം. എഴുതാമല്ലൊ. അവള്‍ ചിരിച്ചു. രാജന്‍ ചിരിക്കാന്‍‍ ശ്രമിച്ചു.
നന്ത്യാര്‍ വട്ടം പൂക്കള്‍ വിതറുന്ന വെട്ടു പാതയിലൂടെ അവള്‍ നീങ്ങി.


അന്നു് രാജനുറങ്ങിയില്ല. പിറ്റേ ദിവസം അവരുടെ വീട്ടിലേയ്ക്കോടിച്ചു പോയ ടാക്സിക്കു പുറകേ രാജനും നടന്നു. വഴിയരുകിലേ അയണി മരത്തിനടുത്തായൊളിഞ്ഞു നിന്നു.
വലിയ വലിയ പെട്ടികളും ബാഗുകളും ഒക്കെ കാറിനു മുകളില്‍ കെട്ടി വച്ചു.
മറ്റു സാധനങ്ങളൊക്കെ ഒരു ലോറിയില്‍ പൊയ്ക്കഴിഞ്ഞു.
ഉഷയുടെ അച്ഛന്‍ അമ്മ ഇളയ അനിയന്‍ ഒക്കെ വണ്ടിയില്‍ കയറുന്നു. ഉഷ സൈഡിലാണിരിക്കുന്നതു്. തന്നെ കാണാനായി കൈയാലയുടെ സൈഡിലേയ്ക്കു് മാറി നിന്നു.
ഒന്നു കൈയെങ്കിലും വീശാമല്ലോ. ഓടി വരുന്ന വണ്ടിയുടെ സൈഡു സീറ്റില്‍ കണ്ണും നട്ടു് അയാള്‍ നിന്നു.
കാറ്റത്തു് പറന്നു പാറുന്ന ഉഷയുടെ തലമുടിയുടെ നിഴലില്‍ ഒരു ജന്മ സായൂജ്യം നഷ്ടപ്പെടുന്നതറിഞ്ഞു് രാജന്‍ തിരിച്ചു പോയി.



വര്‍ഷങ്ങളുടെ മറവില്‍ നീരാഴിയിലെ മാവു് പല പ്രാവശ്യം പൂക്കുടകള്‍ നിവര്‍ത്തി.
രാജന്‍റെ ജീവിതവും ....
ശ്രീമതിയെ അലോസരപ്പെടുത്താന്‍ മാത്രം ഉഷ..ഉഷ...എന്ന ശബ്ദം വല്ലപ്പോഴും ഉരുവിട്ടിരുന്നു.
ഒരു പക്ഷേ മറക്കാന്‍‍ മടികാണിക്കുന്ന മനസ്സിന്‍റെ വിഹ്വലതകളായിരുന്നോ അതു്.


..............

വേരുകള്‍ തേടി എത്തുന്ന വര്‍ഷാവര്‍ഷ സന്ദര്‍ശനം തന്നെ ആയിരുന്നല്ലോ അതും.
ഓര്‍മ്മകളുടെ അപ്പൂപ്പന്‍‍ താടികളില്‍, മനസ്സിന്‍റെ വിങ്ങലുകള്‍ക്കു് , ശബ്ദമുണ്ടാകുന്ന ദിവസങ്ങള്‍.
മക്കള്‍ ഓടി നടന്നു. കാണാത്ത കാഴ്ച്ചകള്‍ കണ്ടു് , ഒരു കെട്ടു സംശയങ്ങളുമായി അമ്മൂമ്മയുടെ പിന്നാലെ..
നാളെ ഞങ്ങള്‍ തിരിച്ചു പോകുകയാണു്. അന്നു് അമ്പലത്തില്‍ ദിപാരാധന കണ്ടു തൊഴുതു.
ജനിച്ചു വളരുന്നതു കണ്ട ശിലാവിഗ്രഹങ്ങളോടയാള്‍ എന്നത്തേയ്മ് പോലെ യാത്ര ചോദിച്ചു.
പുറത്തു് പൂത്തു നിന്ന അരളിമരത്തിനടുത്തു് ,മോനെയും മോളെയും കെട്ടി പിടിച്ചു നില്‍ക്കുന്ന സ്ത്രീരൂപത്തിനടുത്തു അയാളെത്തി. അതേ...ഉഷ....വര്‍ഷങ്ങളിലൂടെ ...മാറ്റങ്ങളുടെ പേമാരിയില്‍, മെലിഞ്ഞൊരു നിഴല്‍ രൂപമായിമാറിയ ഉഷ അയാളെത്തിയപ്പോഴേയ്ക്കും ഇരുട്ടിലേയ്ക്കു മാഞ്ഞു കഴിഞ്ഞിരുന്നു. ആരാണതു് എന്ന ഭാര്യയുടെ ചോദ്യത്തിനു് ഒരു ത്തരം നല്‍കാതെ അയാള്‍ മിണ്ടാതെ നിന്നു.


ഭാര്യയെ അലോസരപ്പെടുത്താനായി അയാള്‍ പിന്നീടു് ഉഷ എന്നൊരിക്കലും പറഞ്ഞിട്ടില്ല...
__________________________________________________________________________________

ചിത്രം വരച്ചതു്.- വേണു