ജാലകം

Friday, October 23, 2020

Buzz It

 

അടയാളങ്ങളിലൂടെ .

 is in 
Kottarakara
.

28-09-2020
അടയാളങ്ങളിലൂടെ .
--------------------------
രാവിലെ തുടങ്ങിയ മഴയാണ്. ഒന്നു ശമിച്ചു തുടങ്ങിയതേ ഉള്ളൂ .
മതിലിനു പുറത്തു വന്നിരുന്നു ഒരു കാക്ക എന്നെ ദയനീയമായി നോക്കുന്നുണ്ട്.
യ്യോ ഇത് നമ്മടെ കാക്കയാണല്ലോ .പുറത്തെ രണ്ടു മൂന്നു തൂവലുകള്ക്ക് വെള്ള നിറമാണ് .അതിനാല് അതിനെ തിരിച്ചറിയാം.
എങ്ങനെ ആ തൂവലുകള് വെളുത്തു പോയി. ജന്മനാ അങ്ങനെ ആണോ.
അറിയാന് കഴിയില്ല. കാരണം ഞാന് മറു നാട്ടില് നിന്ന് സ്വന്തം നാട്ടില് വന്നിട്ട് ഒരു വര്ഷം പോലും ആയില്ലല്ലോ.
എന്തായാലും ആ അടയാളം കാരണം ആ കാക്കയെ തിരിച്ചറിയാന്
കഴിയുന്നു.
മനുഷ്യരും അടയാളങ്ങളില് തിരിച്ചറിയപ്പെടുന്നുണ്ട്.
മറ്റു മനുഷ്യരില് നിന്നു വ്യത്യസ്തത ഉണ്ടെങ്കില് തിരിച്ചറിയാന് എളുപ്പമായി.
അടയാളങ്ങള് നാം വിചാരിക്കുന്ന പോലെ നിസാരക്കാര് അല്ല.
ബലവാനായ ഹനുമാന് പോലും ,ശ്രീ രാമന്റെ മോതിരം എന്ന അടയാളം
കാണിക്കാതിരുന്നെങ്കില് രാമായണം മഹാകാവ്യ കഥ മറ്റൊന്നായേനെ.
ശകുന്തളയ്ക്ക് മുദ്ര മോതിരം നഷ്ടപ്പെടാതിരുന്നു എങ്കില് ദുഷ്യന്തന് ശകുന്തളയെ തിരിച്ചറിഞ്ഞേനേ .എങ്കില് അഭിഞ്ജാന ശാകുന്തളം നമുക്ക് എന്നെന്നേയ്കുമായി നഷ്ടമാകുമായിരുന്നു. അടയാളങ്ങള് നഷ്ടമായതും കണ്ടു കിട്ടിയതും ഒക്കെ ലോകോത്തര സൃഷ്ടികള്ക്ക് നിമിത്തങ്ങളായി.
A small black mole in the middle of the forehead.
പത്താം ക്ലാസ്സ് സര്ടിഫികറ്റിലൊരു അടയാളം പതിക്കപ്പെടുന്നു..
ആ അടയാളം പിന്നെ പലതിനും എഴുതി വയ്ക്കപ്പെടുന്നു .
പല പരീക്ഷകള്ക്ക്.
ആധാറില് ,പാസ്പോര്ട്ടില് .
അങ്ങനെ പലതിലും.
അടയാളങ്ങളെ കുറിച്ചിരുന്നാലോചിച്ചപ്പോഴാണ് ചിന്തിച്ചത്..
ജന്മ്നാ ഉള്ളതിനെക്കാള് ചില അടയാളങ്ങള് സൃഷ്ടിക്കപ്പെടുന്നുണ്ട്.
അടയാളം സൃഷ്ടിക്കുക എന്നത് എല്ലാ ജീവികളുടെയും ഒരു ജന്മ വാസനയാണ്.
ഒരു കാക്കയ്കും കുയിലിനും ഒരു ചിത്രശലഭത്തിനും അവരുടെ ആദ്യാടയാളങ്ങള് ഉണ്ട്.
ഒരു കവി പാടിയിരുന്നു.
പൊഴിഞ്ഞു വീണ ഓരോ തൂവലിലും പക്ഷി
ഒരടയാളം ഇട്ടിട്ടാണു പറന്നു പോകുന്നത് .
താന് ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ അടയാളം.
അടയാളങ്ങള് ചരിത്രമാണ്.
ലോകത്ത് ഇന്ന് കാണുന്ന അത്ഭുതങ്ങളും സ്മാരകങ്ങളും
വലിയ ക്ഷേത്രങ്ങളും പള്ളികളും ഒക്കെ അടയാളങ്ങളാണ്.
പാമ്പ് ഊരിയിട്ട ഉറ അടയാളമാണ്.
ചിത്ര ശലഭമിരുന്ന പ്യൂപ്പ അടയാളമാണ് .
ഈ ലോകം മുഴുവന് അടയാളങ്ങള് മാത്രമാണു.
അടയാളപ്പെടുത്തലുകളാണ് മനുഷ്യര് .
അടയാളപ്പെടുത്തലാണ് ജീവിതം.
ചരിത്രം അടയാളപ്പെടുത്തലുകളുടെ കഥകള് ആകാനേ വഴിയുള്ളൂ..
ഞാന് അതൊന്നുമല്ല , ഞാന് നിശബ്ദനാണ് എന്ന രീതിയില് ജീവിക്കുന്നവരും അറിഞ്ഞോ അറിയാതെയോ അടയാളങ്ങള് തന്നെയാണ് രേഖപ്പെടുത്തുന്നത്.
എനിക്കു പബ്ലിസിറ്റി വേണ്ട. ചുമ്മാ എഴുതാന് വേണ്ടിയാണ് ഞാന് എഴുതുന്നതു എന്നൊക്കെ കാച്ചി എഴുതുന്നവരും,
എഴുതുന്നതു അടയാളം വയ്ക്കുന്നതിന് തന്നെ.
അടയാളം വയ്ക്കുക എന്നത് മുഖ പുസ്തകത്തില് മാത്രമല്ല ..എവിടേയും.
എഴുതുന്നവര് മാത്രമല്ല ,രചനാത്മകമായ ,നിര്മ്മാണപരമായ
പ്രവര്ത്തിയില് ഏര്പ്പെടുന്ന ഏവരും അടയാളങ്ങള് സൃഷ്ടിക്കുന്നു.
ആ അടയാളം തിരിച്ചറിയ പ്പെടാന് വേണ്ടിയാണ് എഴുതി വിടുന്നതും..
മുഖ പുസ്തകത്തില് വരുന്ന പോസ്റ്റുകള് നോക്കൂ.
അടയാളങ്ങള് ആണ് .സുപ്രസിദ്ധരും പ്രസിദ്ധരല്ലാത്തവരും .ഇവിടെ
ഞങ്ങള് ജീവിച്ചിരിക്കുന്നു എന്ന ഡിജിറ്റല് വഴി അറിയിക്കുകയാണ്.
ലൈക്കുകളില് നിന്നും കമന്റുകളില് നിന്നും അടയാളങ്ങളിലൂടെ ആണ്
അത് വെളിവാക്കപ്പെടുന്നത്..
ഇനി ലൈക്ക് നല്കുന്നവരും കമന്റെഴുതുന്നവരും ചെയ്യുന്നതും
അത് തന്നെയാണ് .. അടയാളപ്പെടുത്തലുകള് .
ഞങ്ങളും അടയാളം സൃഷ്ടിക്കുന്നു.. ഞങ്ങളും ജീവിച്ചിരിപ്പുണ്ട് ..
അടയാളമില്ലാതെ അടയിരിക്കുന്നവരെ കണ്ടു പിടിക്കാന് പ്രയാസമാണ്.
ഉറയൊഴിച്ചു ഉറയൊഴിച്ചു, ഇത് താനല്ലയോ അത്, എന്ന ഉത്തരം തേടി അലയുന്നവര്.
പേര് അടയാളമാണ്.
പേരിനോടൊപ്പം സ്ഥല പേര് വയ്ക്കുന്നത് ,ജാതി എഴുതുന്നതു ,ഒക്കെ ഒക്കെ അടയാളങ്ങള്ക്കു അടിവരയിടുകയാണ്...
നിങ്ങളുടെ പട്ടിക്കും പൂച്ചയ്കും അടയാളങ്ങള് വച്ച ഒരതിര്ത്തിയുണ്ട് .
അതിനപ്പുറം പോകില്ല. എന്തിന് നാം കാണുന്ന കാക്കയും കിളിയുമെല്ലാം അതിന്റെ ഒക്കെ അതിര്ത്തി എന്ന അടയാളപ്പെടുത്തലിനപ്പുറമില്ല.
ലയിന് ഓഫ് കണ്ട്രോള് എന്നത് തന്നെ ഒരു അടയാളമാണ് .
സാങ്കല്പികമായ അടയാളം..
ലോകത്തെ മാറ്റി മറിച്ച , കണ്ടുപിടുത്തം നടത്തിയ ഒരു ശാസ്ത്രഞ്ജന് ,
എക്കാലവും നിലനില്ക്കുന്ന ശാസ്ത്ര സിദ്ധാന്തത്തിലൂടെ ,ഭൂമിയിലെ മാനവരാശിയുടെ മനസ്സില് ഒരു വലിയ അടയാളം കോറിയിട്ടു .
അദ്ദേഹം തന്നെ ജീവിതാന്ത്യത്തില് പറഞ്ഞു .. വെള്ളത്തില് വരച്ച വര യാണ് ജീവിതം.
അടയാളങ്ങള് ഒന്നും അവശേഷിക്കുന്നില്ല.
നമ്മളും ചില അടയാളങ്ങളില് ബന്ധിതരല്ലേ .
അതിനപ്പുറം ആര്ക്കും പോകാന് കഴിയില്ല.
പോകുന്നവര് ഒക്കെ വീണ്ടും അടയാളങ്ങള് തേടി തിരിച്ചു വരും.
അടയാളങ്ങളുടെ കഥ ,അത് തന്നെയാണ് ജീവിതം.
അല്ല എന്നാര്ക്കെങ്കിലും തോന്നുന്നുവോ .എനിക്കു തോന്നുന്നില്ല. നിങ്ങള്ക്കോ.?
വെള്ളത്തിൽ വരച്ച വര തന്നെ.
എങ്കിലും നാം അടയാളങ്ങളിൽ
അർത്ഥം കുറിക്കുന്നു.
അടയാളം വയ്ക്കേണ്ടവര്ക്കിവിടെയും അടയാളമാകാം .
ഇല്ലെങ്കിലും കുറെപ്പേരിതൊക്കെ വായിച്ചു പോയി കാണുമെന്ന
അടയാളം വച്ച് ഞാനും സമാധാ നിക്കാം.
___________
വേണു. 28.09.2020
__________

No comments: