ജാലകം

Monday, September 14, 2020

ഇടവഴികള്‍

Buzz It

 Kvenu Nair is in Kanpur, Uttar Pradesh.

ഇടവഴികള്‍
--------

ഇടവഴികള്‍,ചെറുവഴികള്‍,പെരുവഴികള്‍ താണ്ടി....
മഹാനഗരവീഥികളില്‍ നാമൊത്തു ചേര്‍ന്നൂ....
-----------------------------

പണ്ട് അമ്മൂമ്മ പറഞ്ഞു.
അന്നു് ഇതിലേ ഒരു ഒറ്റയടിപാത ഉണ്ടായിരുന്നു.

ഒരാള്‍ക്കു മാത്രം നടക്കാന്‍‍‍ പറ്റുന്ന പാത.
രണ്ടു വശവും സമൃദ്ധമായ കാടു്.
ആന നിന്നാല്‍‍ കാണാന്‍‍ പറ്റില്ലത്രേ.
ആളുകളങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ആ പാതയിലൂടെ പോയ് വന്നിരുന്നു.

പിന്നെ പിന്നെ ഒറ്റയടി പാതയില്‍ കുറുക്കു വഴികള്‍ വന്നുചേര്‍ന്നു.
ഒറ്റയടിപ്പാതകള്‍‍ ഇടവഴികളായി. ഇടവഴികള്‍‍ വലിയ ഇടവഴിയായി.
വലിയ ഇടവഴിയെ ഞാനും ഓര്‍ക്കുന്നു.
എന്നോ പിന്നീടത് വണ്ടീം സ്കൂട്ടറും ഒക്കെ,
ലക്കും ലഗാനുമില്ലാതെ ഓടുന്ന ടാറിട്ട റോഡുകളായി.

വലിയ ഇടവഴിയും ഇല്ലാതായി.
അന്നത്തെ ആള്‍ക്കാരും ഇല്ലാതായി.
ഇന്നത്തെ തിരക്കേറിയ റോഡുകളൊക്കെ പണ്ടത്തെ ഒറ്റയടിപ്പാതകളായിരുന്നിരിക്കാം. ഒറ്റയടിപ്പാതകള്‍‍ കുറുക്കു വഴികളായതു പോലെ,
ഇന്നത്തെ തിരക്കേറിയ റോഡുകള്‍ കുരുക്കു വഴികളായി മാറി.
ജീവിതവും ഒറ്റയടിപ്പാതയിലൂടെ ,
കുറുക്കു വഴികളിലൂടെ,
വലിയ ഇടവഴികളിലൂടെ,
തിരക്കേറിയ റോഡുകളിലൂടെ ..........................
ചോദിച്ചറിയാന്‍ ഇന്ന്‍ ആ അമ്മൂമ്മയില്ലല്ലോ.......
-------------------------

Image may contain: plant, tree, outdoor and nature

മുഖ പുസ്തകം

Buzz It

 

Kvenu Nair

മുഖ പുസ്തകം ഒരു നദിയാണ്.
ഒഴുകി കൊണ്ടേ ഇരിക്കുന്ന ഒരു നദി .
ഒഴുകി വരുന്ന രീതിയില്‍ വായിക്കുന്നതായിരുന്നു രീതി.
നദിയിലെ ഒഴുക്ക് പോലെ ,
ഒന്നു കടന്നു പോയത് പിന്നീട് ആ വഴി കാണാറില്ല.
കണ്ടത് ചെലതു വായന പൂര്‍ണമാകാതെ തന്നെ ഒഴുകി മാറാറുണ്ട്.

അപൂര്‍ണമായ വായനകളിലും , അനിര്‍വചനീയമായ ഒരനുഭൂതി കിട്ടുന്നതിനാല്‍
എന്നും ഒഴുകി വരുന്ന കാര്യങ്ങള്‍ വായിച്ചാര്‍മാദിച്ചു .

പല പോസ്റ്റുകളും അറിയാതെ കടന്നു വരുന്നത് മാത്രമായിരുന്നു വായന.
പിന്നീട് ഇഷ്ടപ്പെട്ട പലരേയും തടയിടാനും ഇഷ്ടമായാല്‍ ലൈക് ചെയ്യാനുമൊക്കെ ശ്രദ്ധിച്ചു.
തട ഒരു നിര്‍ബന്ധമാക്കാനും ചില എഴുത്തുകാര്‍ പ്രചോദിപ്പിച്ചു.
ഒഴുകി ഒഴുകി എത്താ ദൂരത്തെയ്ക് യാത്രയാകുന്ന ഒരു സഞ്ചാരി ,‍ ദീപസ്തംഭങ്ങളിലെ വെളിച്ചം കാണാതെ പോകുന്ന പ്രതീതി.
ചെലരെ കാണുന്നു. ചെലരെ കാണാറേ ഇല്ല.
ഓരോ കാഴ്ചകളിലും അത്ഭുതം വിതറിയ ഓരോരോ പോസ്റ്റുകള്‍ ശ്രദ്ധിക്കുന്നു.
മുഖപുസ്തകം നിവചനമില്ലാതെ ,വെല്ലു വിളിക്കുമ്പോഴും ,പല പ്രതിഭാശാലികളും വിരല്‍ തുമ്പിലൂടെ മിന്നി മറയുമ്പോഴും ഒരാത്മസംതൃപ്തി.
പലപ്പോഴും എഴുതി പോകുന്ന വരികള്‍ തെന്നി മാറി
മുഖ പുസ്തകത്തിലൊട്ടുമ്പോള്‍
കണ്ടവരുണ്ട്.കാണാത്തവരുണ്ട് .
കാണുന്നതും കാണിക്കലുമൊക്കെ ആകുന്ന ജീവിതത്തില്‍ കണക്ക് കൂട്ടലില്ലാതെ ഒഴുകാന്‍ പഠിപ്പിച്ച തത്വ ശാസ്ത്രത്തിനും നമോവാകം.

ചെലര്‍ക്ക് ശരിയാകും
ചെലര്‍ക്ക് ശരിയാവില്ല
ശരിയാവുമായിരിക്കാം.
-------------------------------------------------

പൊരുളറിയാതെ.

Buzz It

 

Kvenu Nair is thinking about life.
10 August

10-08-2020

പൊരുളറിയാതെ.

പടവലങ്ങായുടെ അറ്റത്തെ കല്ല് ചിന്തിക്കുന്നത് ,
ഞാന്‍ വളരുന്നു എന്നാണ്.
വളരുന്ന പടവലങ്ങാ ചിന്തിക്കുന്നത് ഞാനാണ് കല്ലിനെ
താഴോട്ട് കൊണ്ട് പോകുന്നത് എന്ന്.
രണ്ടു പേര്‍ക്കും അറിയാത്ത ഭംഗിയാണ് പൊരുള്‍.
വളരുന്നവരൊക്കെ കല്ലുകളെ താഴോട്ടിറക്കിയാണ് വളരുന്നത് .
താഴെ ഇറങ്ങിയ കല്ലുകള്‍ക്ക് ബോധോദയം ഉണ്ടാകുമ്പോഴേയ്ക്കും ,
വളര്‍ന്നവര്‍ വളര്‍ന്ന് പന്തലിച്ച് പടര്‍ന്ന് നില്‍ക്കുന്നുണ്ടാകും .
താഴെയെത്തിയവര്‍ വീണ്ടും ശിലയായി ....
അങ്ങനെ അങ്ങനെ തന്നെ ജീവിതവും.
---------------------------------------

കണക്ക് .

Buzz It

 

Kvenu Nair is feeling thoughtful.
12 August

12-08-2020

കണക്ക് .


___________

കണക്കിനും സയന്‍സിനും സ്കൂളില്‍
നല്ല മാര്‍ക്ക് വാങ്ങി ,ഫസ്റ്റ് ക്ളാസ്സില്‍
പാസ്സായി അന്ന് .
ചിലര്‍ക്ക് ഓര്‍മ്മയുണ്ടാവും സര്‍ട്ടിഫിക്കറ്റില്‍ PLACED IN FIRST CLASS
എന്നെഴുതിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്.
അവര്‍ക്ക് ഏത് കോളേജിലും ഏത് ഗ്രൂപ്പും ലഭിക്കുമായിരുന്നു.
ഒരു ഡോക്ടറോ എഞ്ചിനീയറോ ആകാന്‍ ‍ വേണ്ട മിനിമം മാര്‍ക്കിന്റെ
എത്രയോ മടങ്ങ് മാര്‍ക്ക് വാങ്ങിയ ഞാന്‍ ,കണക്ക് ,സയന്‍സ് ,
ഇതൊന്നും എടുക്കാതെ അന്ന് (അതേ അന്ന്) ,
കോമേര്‍സ് ഗ്രൂപ് എടുത്തു പഠിക്കേണ്ട ഗതി കേടിലായിരുന്നു.
പറഞ്ഞു വന്നത് ,
എനിക്കു സയന്‍സൊ കണക്കോ പഠിക്കാന്‍ സാധിക്കാതെ ,
കോമേര്‍സു പഠിക്കാന്‍ വിധി വന്നതു ഒരു കണക്കാണു.

കണക്കു് അത്രയ്ക്കും കണിശമായതുകൊണ്ടു് പ്രപഞ്ചം ഇങ്ങനെയേ ഉണ്ടായി വരാൻ പറ്റൂ. അതുകൊണ്ടാണു് ഫിസിക്സ് എന്ന ശാസ്ത്രശാഖയുണ്ടായതു്. ആ ഫിസിക്സിന്റെ അടിസ്ഥാനനിയമങ്ങൾ നിർബന്ധിച്ചതുകൊണ്ടു് മൂലകങ്ങളും സംയുക്തങ്ങളും നാം ചുറ്റിലുംകാണുന്ന എല്ലാ രാസരസങ്ങളും ഉണ്ടായി വന്നു.
ഇത് ഞാനല്ലാ പറഞ്ഞത് .വളരെ സത്യമായ സത്യം മുഖ പുസ്തകത്തില്‍
എന്റെ ഒരു അഭിവന്ദ്യ സുഹൃത്തിന്റെ പോസ്റ്റിലെഴുതപ്പെട്ട മഹാ സത്യമാണ്.
അതാണ് കണക്ക് .

ഞാനിവിടെ പറയുന്നതും കണക്ക് തന്നെ.
പക്ഷേ എന്റെ കണക്കിനെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു എന്നതില്‍
നിക്ഷിപ്തമാണ്.
എങ്ങനെ വിലയിരുത്തിയാലും കണക്ക് തന്നെ.

അത്രയ്ക്കും കണിശമായ കണക്കിനെ ,മലയാളത്തില്‍ പ്രയോഗിക്കുന്ന
കണക്ക് മറ്റൊരു ഭാഷയിലും ഉപയോഗിക്കുമോ എന്ന് എനിക്കു സംശയമുണ്ട്.
നിങ്ങള്ക്ക് സംശയമുണ്ടോ .?
എങ്കില്‍ അതൊരു കണക്കിനു ശരിയാകാം.
നിങ്ങള്‍ക്കതില്‍ സംശയമില്ലെ .?
എങ്കില്‍ നിങ്ങള്‍ കണക്ക് തെറ്റിച്ചല്ലോ സുഹൃത്തെ.

ഇതിലൊന്നും കണക്ക് പറഞ്ഞിട്ടൊരു കാര്യവുമില്ല.

കണക്കിനു കിട്ടിയെന്നും,
കണക്കായി പോയി എന്നും ,
നിങ്ങള്ക്ക് പറയാം.
ഒരു കണക്കിനവന്‍ രക്ഷപ്പെട്ടു,
എന്നു പറയുന്നതിലും ഒരു കണക്കുണ്ട് .
ജീവിതം ഒരു മന കണക്കല്ല എന്നതിലും കണക്കുണ്ട് .
എല്ലാം കണക്ക് എന്ന ആക്ഷേപത്തിലും കണക്ക് ഒളിച്ചിരിപ്പുണ്ട് .

എല്ലാ കണക്കും തെറ്റിച്ചു കൊണ്ടായിരുന്നു ഈ വര്‍ഷത്തെ മഴ
എന്നു പറയുന്നതിലെ കണക്ക്, കണക്കറിയാത്തവര്‍ക്കും മനസ്സിലാകും .
കണക്ക് ബോധിപ്പിച്ചു എന്നും, കണക്ക് തീര്‍ത്തു എന്നതും ,ഒരു കണക്കിനു ശരിയല്ല എന്നതും ഒക്കെ കണക്ക് കൊണ്ടുള്ള കളികള്‍ തന്നെ.
ചില ജീവിതങ്ങളൊക്കെ ഒരു കണക്കാണു .
പരസ്പര ചേര്‍ച്ചയില്ലാത്ത ബന്ധങ്ങളെല്ലാം തന്നെ ഒരു കണക്ക് തന്നെ.
കണക്ക് തെറ്റാതെയുള്ള ജീവിതം തന്നെ വലിയ ഒരു കണക്കാണു .
ആര്‍ക്ക് തെറ്റിയാലും പ്രക്രൂതിയ്ക്ക് കണക്കുകള്‍ തെറ്റാറില്ല.
ഈ കൊറോണ പോലും ഒരു കണക്കിനു തെറ്റിയ കണക്കല്ലേ .
പറയൂ നിങ്ങള്ക്ക് കണക്കുകള്‍ അറിയാമോ .
എന്തായാലും പറയൂ .
കണക്ക് തെറ്റിയാലും, ശരിയായാലും കുഴപ്പമില്ല.
രണ്ടും കണക്ക് തന്നെ.
__________________________________
ചിത്രം -ഗൂഗിളിനോട് കടപ്പാട് .

No photo description available.

ഓര്‍മ്മകള്‍

Buzz It

 


30-08-2020

ഓര്‍മ്മകള്‍


-----------------
മനുഷ്യനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ഓര്‍മകളാണ് അവനെയോ അവളെയോ ജീവിപ്പിക്കുന്നത്. ഓര്മ്മ നഷ്ടപ്പെട്ടാല്‍ ജീവിക്കുന്നതില്‍ ആ പുരുഷനോ സ്ത്രീയോ ഇല്ല.
പ്രേത സമാനമായ ആ കാഴ്ച ,ബന്ധുക്കള്‍ക്ക് അവനായും അവളായും തോന്നുമെങ്കിലും അവിടെ ആരും ഇല്ല എന്നതാണു സത്യം.
ശൂന്യത .ജീവിച്ചിരിക്കുന്നു. ശൂന്യതയില്‍ തിരിച്ചറിവുകള്‍ തേടുന്നു ബന്ധുക്കള്‍.
കണ്ട് അനുഭവിച്ചതാണ് .

കണ്ട് ,അനുഭവിച്ച മറവിയുടെ ഗര്‍ത്തങ്ങളില്‍ വീണ ജീവിതങ്ങളെ ഇവിടെ പരാമര്‍ശിക്കുന്നില്ല.
അത് ഒരു വലിയ വിഷയമാണ്.
ഈയിടെ വായിച്ച ചില ഓര്‍മപ്പെടുത്തലുകള്‍ പ്ങ്കുവയ്ക്കുവാന്‍ ഇഷ്ടപ്പെടുന്നു.

ഓര്‍മ്മപ്പെടുത്തലുകളാണ്........

എത്ര ഉയരത്തിൽ
പറന്നാലും
ഇരപിടിക്കാൻ
ഭൂമിയിലിറങ്ങണമെന്ന്
പരുന്ത്
ഓർമ്മിപ്പിക്കുന്നു.
സൗന്ദര്യമില്ലാത്തിടത്ത്
സ്വാതന്ത്ര്യം
കൂട്ടിലടക്കപ്പെടുന്നില്ലെന്ന്
കാക്കകൾ
ഓർമ്മിപ്പിക്കുന്നു.
ബന്ധങ്ങളുടെ
ഇഴകൾക്ക്
ഒരു വൈറസിനോളം
ബലമേയുള്ളുവെന്ന്
കൊവിഡ്
ഓർമ്മിപ്പിക്കുന്നു.
ഓര്‍മ്മകള്‍ കൂട്ടി വച്ചിരിക്കുന്ന ബ്രയിന്‍ മരിച്ചാല്‍
മരണമാണെന്നും ഈ ഓര്‍മപ്പെടുത്തലില്‍ ഓര്‍മ്മിക്കുന്നു.

തിരുവോണം

Buzz It

 തിരുവോണം -2020 

30-08-2020

നാളെ തിരുവോണമാണ് .
നാളെ തിരുവോണമാണ് .തൂശനില ഇന്നേ വെട്ടി വയ്ക്കണം .

സന്ധ്യക്ക് മുറ്റത്തെ വാഴയിലേയ്ക്ക് നോക്കിയപ്പോഴാണ് തൂശനില എല്ലാം കാറ്റത്ത് കീറി നില്ക്കുന്നു.

പണ്ട് സ്കൂളില്‍ ഒരു ഭാസ്ക്കരന്‍ സാറുണ്ടായിരുന്നു.
സാറിന്റെ ഭാര്യയും ആ സ്കൂളില്‍ തന്നെ അധ്യാപിക ആയിരുന്നു.
ഭാസ്കരന്‍ സാര്‍ മലയാളവും സരോജിനി ടീച്ചര്‍ സംസ്കൃതവും ആയിരുന്നു.

ഭാസ്കരന്‍ സാറിന്റെ ഭാഷാ പാണ്ഡിത്യവും ഉച്ചാരണ ശുദ്ധിയും വടിവൊത്ത അക്ഷരങ്ങളും ഒക്കെ സാറിന് ഒരു പ്രത്യേക പരിവേഷം നല്കിയിരുന്നു.
സരോജിനി ടീച്ചറും കിട്ടെ കിട്ടേ സാറിനോടൊപ്പം നില കൊണ്ടിരുന്നു. സംസ്കൃത പദാവലികളും ചുണ്ടത്തെ പുഞ്ചിരിയും മനോഹര വേഷ ഭൂഷ പരിവേഷങ്ങളിലുള്ള ശ്രദ്ധയും ഒക്കെ തന്നെ ടീച്ചറെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഒരു സങ്കല്‍പ കഥ (സങ്കല്‍പ്പമാണോ എന്ന് ഇപ്പോഴും അറിയില്ല) അന്ന് പ്രചരിക്കുന്നുണ്ടായിരുന്നു.
മുറ്റത്തെ വാഴയുടെ ഇലകള്‍ കാണാഞ്ഞു സാറിന്റെ ചോദ്യം.

""സരോജിനീ നമ്മുടെ പുരയുടെ പുരോ ഭാഗത്ത് നില്‍ക്കുന്ന രംഭയുടെ
കരങ്ങള്‍ ആരാല്‍ ഛേദിക്കപ്പെട്ടു.""
അപ്പോള്‍ ടീച്ചറുടെ മറുപടി .
"അത് നമ്മളുടെ നന്ദിനിയുടെ ജഠരാഗ്നിയില്‍ ഹോമിക്കപ്പെട്ടു പ്രഭോ ."

അധ്യാപക ദിനം സെപ്ടെംബര് 5 നാണ് .
എന്റെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്ക് സ്നേഹോഷ്മളമായ കൂപ്പ് കൈ അര്‍പ്പിക്കുന്നു.
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകളും.

സമയം.

Buzz It

 3 September at 23:43

സമയം.

സമയം ഒരു കാല്‍പനികതയാണ്.
സമയമെന്നൊന്നില്ല.
സ്ഥായിയായ ലോകം,
ഭാവനയുടെ ചിറകുകള്‍ കൊണ്ട് സ്വപ്നത്തിന്റെ തൂവലില്‍
കോറിയിട്ട കവിതയാണ് സമയം.
അത് മനുഷ്യ മനസ്സുകളില്‍ അനാദി കാലമായി ,വിശകലനങ്ങള്‍ തേടി ,
മഹാ പ്രഹേളികയായി തുടരുന്നു.

നിര്‍വ്വചിക്കാന്‍‍ ശ്രമിച്ചവര്‍ക്കും നഷ്ടമായതു്
സമയമാണു്.
അവര്‍ക്ക് സമയം തികഞ്ഞില്ല.
സമയം ശാസ്ത്ര സിദ്ധാന്തങ്ങളെ കൊഞ്ഞനം
കാണിച്ച് ഇന്നും പ്രഹേളികയായി തുടരുന്നു.
സമയത്തിന് പല അര്‍ത്ഥതലങ്ങളുണ്ട് .
പ്രയോഗിക്കുന്നവന്റെയും കേള്‍ക്കുന്നവന്റെയും
സമയമനുസരിച്ച് ആശയങ്ങളും മാറും.

ജീവിതം പട്ടി നക്കും .
പട്ടിയെ നക്കിക്കുന്നതും സമയമാണ്.

ഒരു രൂപയുടെ വിലയും ,ഒരു തുള്ളി വെള്ളത്തിന്റെ വിലയും
ഒരു ശ്വാസത്തിന്റ്റെ വിലയും സമയമാണ് .

നിന്‍റെ സമയമാടാ.!
അവന്‍റെ ഒരു സമയം.!
സമയമായില്ല..
എല്ലാത്തിനും ഒരു സമയം ഉണ്ട്.
അദ്ദേഹത്തിന് സമയമായി.
സമയവുമായി ബന്ധപ്പെട്ട സമ വാക്യങ്ങള്‍ തേടിയുള്ള യാത്രകളില്‍
സമയം തികയാതെ നിര്‍ത്തേണ്ടി വന്നതും സമയം തന്നെ.

അസ്സമയം എന്ന പ്രയോഗത്തിലെ സമയം കണ്ടു പിടിക്കാനേ കഴിയില്ല.
സമയാ സമയങ്ങളില്‍ എന്നൊക്കെ പറയുന്നിടത്തെ സമയം നോക്കി
ചുമ്മാ നടക്കാമെന്ന് മാത്രം.

ഏതു പട്ടിക്കും ഒരു ദിവസം ഉണ്ടെന്നു പറയുന്നതിലും സമയമുണ്ട് .....
പെട്ടാല്‍ ഏതു പട്ടിയും കുരയ്ക്കും എന്നു പറയുന്നതിലും സമയമുണ്ട് ..

സമയമെത്രയായി എന്ന് ചോദിക്കുന്നതിലും സമയമുണ്ട്.
എല്ലാം ഒരു സമയം തന്നെ.
ഒറ്റ കിടപ്പാണ് . എന്താ കഥ .സമയമാവണ്ടേ .ശേടാ .
അവിടെം സമയം.

സമയമായില്ല പോലും സമയമായില്ല പോലും ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴീ.....കുമാരനാശാനും സമയത്തെയാണ് ഓര്‍ക്കുന്നത്.

അവന്റെ ഒരു സമയം എന്നു ആക്ഷേപിക്കുന്നവര്‍ക്കും ഒരു സമയമുണ്ടായിരുന്നു.
നല്ല സമയം പാഴാക്കിയിട്ടു ഇപ്പോള്‍ ഇരുന്നു മോങ്ങിയിട്ടെന്ത് ഫലം എന്നു ചോദിക്കുന്ന സമയ വിദഗ്ധന്റെയും സമയം എന്നെ നഷ്ടപ്പെട്ടു കാണും.

കല്യാണത്തിനും തറക്കല്ലിടീലിനും ഒക്കെ സമയം.
സമയമറിയുക, എന്നത് ആര്‍ക്കും അറിയാന്‍ കഴിയില്ല എന്നത് സമയമാണ്.

സമയമേ ഞാന്‍ വന്ദിക്കുന്നു.!
കൊറോണയും ഒരു സമയം തന്നെ.

ഒക്കെ ശരിയാണെങ്കിലും സമയം ഒരു കാല്‍പനികതയാണ്. സമയമെന്നൊന്നില്ല.
സ്ഥായിയായ ലോകം, ഭാവനയുടെ ചിറകുകള്‍ കൊണ്ട് സ്വപ്നത്തിന്റെ തൂവലില്‍
കോറിയിട്ട കവിതയാണ് സമയം.
അത് മനുഷ്യ മനസ്സുകളില്‍ അനാദി കാലമായി ,വിശകലനങ്ങള്‍ തേടി ,
മഹാ പ്രഹേളികയായി തുടരുന്നു.
--------------------

Image may contain: text