ഒരു പുച്ഛിസ്റ്റ് .
Kvenu Nair is
feeling sarcastic.
ഒരു പുച്ഛിസ്റ്റ് .
_______________
എന്റെ ഒരു അയല്വാസി
ഉണ്ടായിരുന്നു..പട്ടാളം റിട്ടേര്ട് .
പത്തു മുപ്പതു വയസ്സുവരെ ഇവിടെ ഒക്കെ ജീവിച്ച മനുഷ്യന് .
പട്ടാളത്തില് ജോലി കിട്ടി, നാട് വിട്ട് അന്യ നാടുകളില് ജീവിച്ചു തിരിച്ചെത്തിയ മനുഷ്യന്.
തിരിച്ചെത്തി അന്ന് തുടങ്ങി പുച്ഛം .
പുച്ഛമായരുന്നു.സർവ്വതിനോടും.
പരമ പുച്ഛം മുഖത്ത് ഒട്ടിച്ചു,
റോഡിലൂടെ ഒരു നടത്തം ഉണ്ട്.
എതിരെ ആരു വന്നാലും വിളിച്ചു നിർത്തും.പിന്നെ ചോദിക്കും.
നീ ആ തണ്ടാന് വാസുവിന്റെ മോനല്ലിയോ . മുഖഛായ വച്ചൊള്ള
പിടുത്തമാണ് . എതിര് കക്ഷി ബലഹീനന് ആകാനുള്ള സൈക്കോളജിക്കല് മയക്കു മരുന്ന് ആ പിടുത്തത്തില് ഉണ്ട് .
സ്കൂളിലേയ്ക്ക് പോകുന്ന കുട്ടികളില് ആരോടെങ്കിലും ചോദിച്ചു കളയും
നീ ആ പപ്പു മേശീരിയുടെ മോള് ശാന്തയുടെ മോളാണോ ..
ആണെന്ന് പറഞ്ഞാല് ആശാന് പരമ പൂച്ചമായി ഒരു ചിരി ചിരിക്കും.
ആ കുട്ടി തളര്ന്ന് തരിപ്പണമായി പോകുന്നത് നോക്കി നില്ക്കും.
പിന്നല്ലാ .
ഇതൊക്കെ എന്താ.
ലോകം കാണണം .അതിനു പട്ടാളത്തില് ചേരണം .
അല്ലാതെ ഈ മൂന്നേ മുക്കാല് മൂലയ്ക്ക്.
അല്ലെടാ . കൂടെ നടക്കുന്ന ജോര്ജ്ജിനോടാണു .
അല്ലെന്നോ ആണെന്നോ പറയാതെ നടന്നാല് ജോര്ജ്ജിനോട് പറയും.
എടാ നിന്റപ്പന് ,എച്ചി മത്തായിച്ചന് വീട്ടില് വരുമായിരുന്നു അച്ഛന്റെ കൈയ്യില് നിന്നും കടം വാങ്ങിയ്ക്കാന്. എന്തോരു തങ്കപ്പെട്ട മനുഷ്യനായിരുന്നു നിന്റപ്പന്.
അവരൊക്കെ നല്ല മനുഷ്യര് ആയിരുന്നു.
ജോര്ജിന്റെ കുടലില് ഒരു കഠാര കയറ്റിയ സന്തോഷത്തില് അങ്ങേരു ചിരിക്കും..
നാട്ടിലെ സമരങ്ങളിലും ബന്ദുകളിലും മനപ്രയാസപ്പെട്ടു ഉറക്കെ പറയും,
പട്ടാളത്തിന് വിട്ടു കൊടുക്കണം . ഒരു മണിക്കൂര് കൊണ്ട് ശരിയാക്കി കൈയ്യില് തരും.
എല്ലാ ശരികളും പട്ടാളത്തിലാണ് .
അങ്ങേര് മാത്രമാണ് ശരി.
അടുത്ത വീട്ടിലെ പറഞ്ഞാ കേള്ക്കാത്ത ,കുരുത്തം കേട്ട ചെക്കനെ കണ്ടു അവന്റെ തള്ള കാര്ത്യായനിയോട് തന്നെ തുറന്നു പറയും. ചെറുക്കനെ ദുര്ഗുണ പാഠ ശാലയില് ചേര്ക്കണം . ഒറ്റ വര്ഷം കൊണ്ട് അവന് പയര് പയര് പോലെ ശരിയായിക്കോളും ..
പുച്ഛം .പരമ പുച്ഛം . സലീം കുമാര് സ്റ്റയിലില് ഒരു നടത്തം ഉണ്ട് .""ഇതൊക്കെ എന്താ."'
പുച്ഛം ..
വര്ത്തമാനത്തില് നിങ്ങളെ അടിച്ചു നിലത്തു വീഴ്ത്തും . ആ നിമിഷം വരെ നിങ്ങള് കരുതിയിരുന്ന പല ആശയ സംഹിതകളും പൊളിച്ചെഴുതി കൈയില് തരും
നിങ്ങള് കരുതിയിരുന്ന മഹാന്മാരൊക്കെ വെറും പീറകളാണെന്ന് നിങ്ങളെ പഠി പ്പിക്കും.
ഇതൊക്കെ എന്ത് .
എം .കൃഷ്ണന് നായര് സ്റ്റയിലില് പറയും ,ഫ്രഞ്ച് നോവലിസ്റ്റിന്റെ ആണ് ഹേര്ഡ് സൌണ്ട് ഓഫ് എ ബിഗ് സൈലെന്സ് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ . ഇല്ലെങ്കില് ഇവന്മാരെ കൊണ്ട് വായിപ്പിക്കണം.
പിന്നെ ഇവര് എഴുതില്ല.
എന്നൊക്കെ എഴുതുന്ന നിരൂപണ പാഠവം മുഖത്ത് കാണാം .
മുഖ പുസ്തക പേജുകളിലും ഇവരെ ഒക്കെ കാണുമ്പോള് ഞാന് ഈ പഴയ പട്ടാള ക്കാരനെയാണ് ഓര്ക്കാറുള്ളത് .
ഇവരെ ഒക്കെ നിങ്ങളും കാണാറുണ്ടോ .
നിത്യ ജീവിതത്തിലും മുഖ പുസ്തകത്തിലും.
ഇല്ലാ എന്ന് പറയില്ല നിങ്ങള്.
............................................................................
സരസ്വതീ യാമത്തില് ഉണര്ന്ന രാജാവു്,
വെള്ളി തമ്പാളത്തില് നിന്നു് നീട്ടി ഒന്നു മുറുക്കി.
വെളിയില് ഇറങ്ങി നട.ക്കുമ്പോള് ,പെരുമനുദിച്ചു തലയ്ക്ക് മുകളിലായിരിക്കുന്നു
നാട്ടു വെളിച്ചത്തില് അയണി മരത്തിനു പുറകില് ആത്മാവിഷ്ക്കാരം നടത്തി,
തിരിഞ്ഞു നടക്കുമ്പോള്
ഒരു നക്ഷത്രം പൊഴിഞ്ഞു വീഴുന്നതു കണ്ടു.
മനോഹരിയായ രാത്രി, പാവം ചീവീടുകളെ ഉറക്കി കിടത്തിയിരിക്കുന്നു.
അകലങ്ങളില് എവിടെയോ ഉയരം കൂടിയ ഏതോ മരത്തില് നിന്നും ,
ഒരു ഒന്നാം കോഴിയുടെ കൂവല് കേട്ടു.
കൊക്രൂണിക്കും അകലെയുള്ള നിഴലിലൂടെ യക്ഷി ഗന്ധര്‍വന്മാര് തിരിച്ചു പോകുന്ന കാലൊച്ച കേട്ടു കൊണ്ടു് രാജാവു്
നടന്നു
ആകാശത്തേയ്ക്ക് നോക്കിയ രാജാവിന് ചിരി വന്നു.
എന്നും ഒരു പോലെ. ഈ ചക്രമിങ്ങനെ തിരിക്കാനല്ലാതെ ഇങ്ങേര്ക്കെന്തറിയാം.
ആകാശത്തേ കോടാനു കോടി നക്ഷത്രങ്ങളെ നോക്കി രാജാവു് ചിരിച്ചു.
.
ഒരു പുച്ഛിസ്റ്റിന്റെ ചിരി അല്ലായിരുന്നു അത്..
മനസ്സിലാകാത്ത ലോകത്തിലെ മഹത്തായ കാഴ്ചപ്പാടില്
ഉതിര്ന്നു വീണ ബോധമാണ് ചിരിച്ചത്.
മിഥ്യയുടെ പൊരുള് തേടുന്ന ,വിഡ്ഢിയുടെ ചിരി.
_____________________________________________
No comments:
Post a Comment