ജാലകം

Thursday, July 03, 2008

അകത്താരു് പുറത്താരു്..!

Buzz It


വലിയ ഇടവഴി ഇറങ്ങി വളവു തിരിഞ്ഞാല്‍ ആദ്യം പനങ്ങാടു വീടു്. പിന്നെ ഉത്തമന്‍റെ പശുതൊഴുത്തു്.

ഇടിഞ്ഞു പൊളിഞ്ഞ ഒരു കളരിയും വലിയ ഒരു പനയും.



ഇരുട്ടത്തു് ഒളിച്ചു നില്‍ക്കുന്ന ഒരു കലങ്ങു്. കലങ്ങിനിപ്പുറം വയല്‍. ഇടിഞ്ഞ വരമ്പുകളില്‍ തെറ്റുന്ന

കാലുകള്‍. ഓടി അകലുന്ന ഞണ്ടുംകുഞ്ഞുങ്ങള്‍. ചേറിന്‍റെ മണം. ദൂരെ കിഴക്കെരിഞ്ഞു വീഴുന്ന ഒരു

നക്ഷത്രം. കുറ്റാക്കുറ്റിരുട്ടു്.

അയാള്‍ നടന്നു. ഇല്ല വഴി തെറ്റിയിട്ടില്ല.

ചിലയ്ക്കുന്ന പൊക്രാം തവളകള്‍ കാല്പാദമനങ്ങുന്നതറിഞ്ഞു് നിശബ്ദരാവുന്ന പോലെ. അയാള്‍ ചിരിച്ചു.


പൊലയന്‍ കുമാരന്‍റെ വീട്ടിലെ നിഴലുകള്‍ അയാള്‍ക്കറിയാമായിരുന്നു. സരോജിനി ചേച്ചിയുടെ

വീട്ടിലെ കൊലുസ്സുകളുടെ സംഗീതം അയാള്ക്കു കേള്‍ക്കാമായിരുന്നു. ബീഡി പുകയുടെ മണം നീലാണ്ടന്‍ മാസ്റ്ററുടെ

വീടാണെന്നറിയാന്‍ വെളിച്ചം വേണ്ടായിരുന്നു. ജന്നലില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലെ ചുമ കേട്ടയാള്‍ അറിഞ്ഞു സഖാവു മരിച്ചിട്ടില്ല.

നിശബ്ദനായി നടന്ന അയാളുടെ പുറകിലൊരു ചാവാലി പട്ടി കുരച്ചു.

ചെങ്ങമനാടു നിന്നും നടന്നു വന്ന മന്ത്രവാതിയപ്പൂപ്പന്‍റെ മുന്നിലെ യക്ഷി കഥ ഓര്‍ത്തു പോയി.

പാതിരാത്രി. അപ്പൂപ്പന്‍ ഒരു ചെറു യാത്ര കഴിഞ്ഞു് , നാട്ടു വഴിയിലൂടെ നടന്നു വരിക ആയിരുന്നു.

കുംബിക്കോട്ടു തോടു കടന്നില്ല.ഒരു വെളുത്ത രൂപം നടന്നു വരുന്നു.

അടുത്തെത്തിയ സ്ത്രീ രൂപം ചോദിച്ചു. “ ചുണ്ണാമ്പുണ്ടൊ.?” സുന്ദരി.!



ഉള്‍ക്കാഴ്ചയാല്‍ മനസ്സിലാക്കിയ അപ്പൂപ്പന്‍ അവളെ ഒരു പാക്കിനുള്ളിലാക്കി. പാക്കു വാങ്ങിക്കാനായി

അപ്പൂപ്പന്‍റെ പുറകില്‍ യക്ഷികളണി നിരന്നു കുരവയിട്ടു പോലും. തിരിഞ്ഞു നോക്കിയാല്‍ മരണം

ഉറപ്പാണെന്നറിഞ്ഞ അപ്പൂപ്പന്‍ പാക്കു കളയാതെ മുറുകെ പിടിച്ചു നടന്നു.



പത്തു കിലോമീറ്ററോളം നടന്നു വന്ന അപ്പൂപ്പനെ പിന്തുടര്ന്നു യക്ഷികള്‍. അമ്പല ഗേറ്റു കടന്ന

അപ്പൂപ്പനെ നോക്കി തൊഴുതു പോലും. ആ പാക്കു തരണേ. എവിടെ.

പാക്കു കൊടുത്തില്ലെന്നു മാത്രമല്ലാ...അവരെ ഒക്കെ പാക്കിലാക്കി പാട്ടിലാക്കുമെന്നു പറഞ്ഞു പോലും.

വഴിയരികിലെ പാലകള്‍ പിഴുതു വീണതും കുരവയിട്ടു് അട്ടഹസിച്ച യക്ഷികള്‍ പമ്പ കടന്നതും അമ്മ

പറഞ്ഞറിഞ്ഞ കഥകളായിരുന്നു.

അയാള്‍ നടന്നതു് സിന്ധുവിന്‍റെ വീട്ടിലേയ്ക്കായിരുന്നു. “നിനക്കെന്നെ മറക്കാനാവും ....പക്ഷേ ഞാന്‍

നിന്നെ മറക്കില്ല. നിനക്കു വേണ്ടി ഞാനിവിടെ ഉണ്ടാവും.” അതു സിന്ധു പറഞ്ഞതു് ഒരു സന്ധ്യക്കായിരുന്നു.

വായനശാലയില്‍ നിന്നു് അവര്‍ പുസ്തകങ്ങള്‍ എടുത്തു വരുകയായിരുന്നു. വലിയ കയറ്റം

കേറി വരുമ്പോള്‍ ഇടതു വശത്തു നിന്ന പുല്ലാഞ്ഞി മരങ്ങള്‍ കേള്‍ക്കാതെ അയാളെന്തോ സിന്ധുവിന്‍റെ ചെവിയില്‍ പറഞ്ഞു.

ചിത്രശലഭമായി കാറ്റു വീശുന്നുണ്ടായിരുന്നു. അത്താഴ ശിവേലിയുടെ ശബ്ദം അവര്‍ പറഞ്ഞതിനെ

ഭാഷയില്ലാ ഭാഷയില്‍ കാറ്റിലലിയിച്ചു കളഞ്ഞു.

എത്രയോ ത്രിസന്ധ്യകള്‍ക്കു് ഒളിച്ചു കേള്‍ക്കാനായി അവര്‍ അടക്കം പറഞ്ഞിരുന്നു.

കാവിലൊടുവില്‍ കണ്ണടയ്ക്കുന്ന കല്‍‍വിളക്കു് മാത്രം സാക്ഷിയായി.

അവര്‍ പറഞ്ഞു ചിരിച്ചതൊക്കെയും കൊണ്ടു പോയ കാറ്റു പോലും തിരിച്ചു പിന്നെ വന്നില്ല.

സ്വപ്നങളിലൊരു ബിന്ധുവായി പടവുകള്‍ തേടുന്ന യാത്രയില്‍...ഒന്നും അന്വേഷിച്ചിരുന്നില്ല. പടവുകള്‍.?
മറന്നു പോയതു് അയാളെ തന്നെ ആണെന്നു് തിരിച്ചറിയാന്‍, സമയം ,കളപ്പുരയില്‍


കളമെഴുത്തും പാട്ടും നടത്തി , മറ്റൊരു കസവു മുണ്ടു നെയ്തയാള്‍ക്കു വച്ചിരുന്നു.


അകത്താരു്.?


“സമയം എന്തായെന്നറിയാമോ.?”


അയാള്‍ ‍ മനസ്സില്‍ പറഞ്ഞു. ആര്‍ക്കും അറിയാത്ത കാര്യമല്ലേ നീ ചോദിക്കുന്നതു്.സമയം.?

അതറിയാമോ ആര്‍ക്കെങ്കിലും എന്നൊക്കെ കൊച്ചു മനസ്സില്‍ വന്നു പോയി. എങ്കിലും അയാള്‍

പറഞ്ഞു. “12 മണി കഴിഞ്ഞു.“
“രാവിലെ എഴുന്നേല്‍ക്കാനുള്ളതാണെന്നോര്‍മ്മ വേണം.”


ഓര്‍മ്മയും സമയവും ഒക്കെ ബന്ധങ്ങളുടെ ബന്ധനങ്ങളാണെന്നൊക്കെ പറയണമെന്നു തോന്നി.
പുറത്താരു്.?

കിളിവാതിലിനപ്പുറം ഒരു നക്ഷത്രം ഇറുന്നു വീഴുന്നതു കണ്ടു.

മുറുക്കാന്‍ പാത്രം തുറന്നു് അയാള്‍ ഒരു പാക്കെടുക്കുക ആയിരുന്നു.!


*************************

Wednesday, May 14, 2008

ഏര്‍മ്മാടം

Buzz It

ഒരു സിഗററ്റു വേണമായിരുന്നു.
ഞാനാ ഏര്‍മ്മാടത്തിലേയ്ക്കു് നടന്നു..


മീന വെയിലിന്‍റെ ചൂടു് എന്‍റെ നട്ടെല്ലു വളച്ചു.


ഒരു കുട ചാരി വെളിയില്‍ വച്ചിരുന്നു. കാലുള്ളതു്.
മറ്റൊരു കുട നാണു നായരായി കടയിലിരുപ്പുണ്ട്‌. കാലുള്ളതു്.


ഏതോ നോട്ടീസിലെ അക്ഷരങ്ങള്‍ തിരക്കുന്ന കണ്ണടയില്ലാത്ത നാണു നായരെന്നെ കണ്ണട ഇല്ലാതെ മനസ്സിലാക്കി.
രാജനല്ലെ നീ.? എന്നാ ഇനി പോകുന്നതു് എന്നു ചോദിച്ചപ്പോള്‍‍, ഞാന്‍ വന്നതറിഞ്ഞതു് എന്നു് ?. എന്നു ചോദിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല.


നാണു നായരുടെ ചുണ്ടില്‍ ഒരു ബീഡി കത്തുന്നുണ്ടായിരുന്നു.
ബീഡിയുടെ അറ്റത്തു് വിപ്ലവം ചാരമായി മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.


കുഞ്ഞന്‍‍ മാഷെന്ന പഴയ കമ്യൂണിസ്റ്റു കാരന്‍റെ ശബ്ദം രാജന്‍റെ മനസ്സിലെ ഈങ്കിലാബു് ഉണര്‍ത്തി.
ഒരു കാലില്‍‍ ചെരുപ്പും മറ്റെ കാല്‍ നഗ്നവുമായിരുന്നു. കുഞ്ഞന്‍ മാഷിന്‍റേതു്.


അടി വാങ്ങിയ വിപ്ലവപ്പാടുകള്‍‍ രക്തയോട്ടം നിര്‍ത്തിയ, മറ്റെ കാലിലും ചെരിപ്പിട്ടിട്ടുണ്ടെന്നു ധരിച്ചു നടന്നു വരുന്നു കുഞ്ഞന്‍ മാഷു്.


എന്തൊരു ചൂടാടോ.? നാണു നായര്‍ തലകുലുക്കി. മുറത്തിലേയ്ക്കു് വീഴുന്ന ബീഡികളില്‍ വിപ്ലവം നിറയുന്നുണ്ടായിരുന്നു.


കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.


ലാല്‍ സലാം സഖാവേ.


മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.


സിഗററ്റു വാങ്ങാതെ ഞാനിറങ്ങി. ഒരു ജാഥ വരുന്നു. ചുമന്ന കൊടിയും ചുമന്നു വന്നവറ്‍ ‍ എന്‍റെ മുന്നില്‍ നിന്നു. സംഭാവന.
ഞാനപ്പോഴും ആ പഴതൊലിയിലെ നാണു നായരെ കാണുകയായിരുന്നു.

*************************************

ഈ കഥയുടെ ശബ്ദ രേഖ ഇവിടെയുണ്ട്.ഏര്‍മ്മാടം(ശബ്ദ രേഖ) tepuktangan

===========================================

Monday, April 21, 2008

പിന്നാമ്പുറങ്ങള്‍.

Buzz It

ഞാനാ വീട്ടിലെത്തി. എന്‍റെകൂടെ നിക്കറിട്ട മോനും, മോനുണ്ടാവുന്നതിനു ഒരു വര്‍ഷത്തിനു മുന്നേ എന്നെ പിന്തുടരാന്‍ തുടങ്ങിയ സ്ത്രീയും ഉണ്ടായിരുന്നു.


വീടിനു മുന്നിലെ പത്തായപ്പുര ഇടിഞ്ഞു പൊളിഞ്ഞു പോയിരുന്നു.
വരാന്തയില്‍ ഒഴിയാതിരുന്ന ചാരു കസാല അവിടെ ഇല്ലായിരുന്നു.
മൂക്കത്തു വിരലു വച്ചു് , കണ്ണുനീരൊളിപ്പിച്ചു വച്ചു സംസാരിക്കാറുള്ള സ്ത്രീയും ഇല്ലായിരുന്നു.


നിശ്ശബ്ദതയുടെ നിസംഗതയില്‍ ദൂരെ ചെട്ടിയാരത്തുകാരുടെ വീട്ടിന്‍റെ അതിരില് നില്‍ക്കുന്ന തെങ്ങു് .
വെറുതേ ഞാനങ്ങോട്ടു നടന്നു.
അവിടെ ആ പഴയ ചാരു കസേര കിടപ്പുണ്ടായിരുന്നോ.?
“നീ എപ്പോള്‍ എത്തി.?“ അങ്ങനെ ഒരു ശബ്ദം കേട്ടോ.?
“രണ്ടു ദിവസമായി.“ എന്നത്തേയും പോലെ സംസാരം അവിടെ മുറിയുന്നതു ഞാന്‍ അറിഞ്ഞു.


അതിരിനുമപ്പുറം മഠത്തിലെ പൊളിഞ്ഞ മച്ചിലെ ജനാലയിലൊരു തല കണ്ടു.
ഇന്ദിര ചേച്ചിയല്ലേ, അതു്.


ഞാന്‍ മഠത്തിലെ താഴത്തെ പടിപ്പുരയിലിരിക്കയായിരുന്നു. പുറത്ത് ഉച്ച കൂര്‍ക്കം വലിച്ചുറങ്ങുന്നു.
മീനച്ചൂടിന്‍റെ മണമുള്ള കാറ്റ് .
ഇന്ദിര ചേച്ചിയുടെ നോണ്ഡീറ്റയിലിലെ കഥകള്‍ വായിച്ചിരുന്നതെന്നാണു്. ?
കിലുങ്ങിയ വളകള്‍ക്കും മണമുള്ള ഉച്ച വെയിലിനും ഒളിച്ചു വയ്ക്കാനൊത്തിരി ഓര്‍മ്മകള്‍ നല്‍കിയ നിഴലുകളെവിടെ ആണു്.?



ഇന്ദിര ചേച്ചി കുളിച്ചൊരുങ്ങി ഇറങ്ങുന്നു. കൂടെ സ്കൂളില്‍ പോകാന്‍ തന്നെ അഭിമാനമായിരുന്നു.
മാര്‍ഗ്ഗോ സോപ്പു മണക്കുന്ന ഇന്ദിര ചേച്ചി . പുസ്തകകെട്ടുമായി തെറിച്ചു പോകുന്ന ഇന്ദിര ചേച്ചിയുടെ കൂടെ എത്താന്‍ ഞാന്‍ ബട്ടണ്‍സു് ലൂസായ എന്‍റെ നിക്കറൊരു കൈ കൊണ്ടു പിടിച്ചു കൊണ്ടു് ഓടുമായിരുന്നു.
എന്നും ആരാധനയോടെ നോക്കിയിരുന്ന ഇന്ദിര ചേച്ചി.


ഉച്ച വെയിലുറയ്ക്കാന്‍ തുടങ്ങുന്ന നേരം.

ഞാനാ ശശിയുമായി കളിക്കന്‍ മഠത്തില്‍ ചെന്നതായിരുന്നു.
പടിപ്പുര തുറന്നു കിടന്നു.
ഞാന്‍ വിളിച്ചു. “ശശീ”
ഇന്ദിര ചേച്ചിയാണു് മറുപടി പറഞ്ഞതു്.
ശശിയും അമ്മയും --- വരെ പോയി. നീ അവിടിരി. ഞാനിപ്പം വരാം.
ഞാന്‍ അവിടിരുന്നു.



രാജാ, ആ അയയില്‍ കിടക്കുന്ന പാവാട ഇങ്ങേടുക്കടാ.
ഞാനതെടുത്തു്. കുളിമുറിക്കു മുകളിലൂടെ കൊടുക്കുന്നതിനു പകരം കതകു തുറന്നു കൊടുത്തു പോയി.
ഇന്ദിര ചേച്ചി ഇത്രക്കും സുന്ദരിയാണെന്നു മനസ്സിലാക്കിയ ഞാന്‍ പെട്ടെന്നു കതകു് അടച്ചു.
ഇന്ദിര ചേച്ചിയും ഞാനും ചിരിച്ചുവോ.


പിന്നെ അതിരില്‍ നിന്ന വരിക്ക പ്ലാവു പല പ്രാവശ്യം കായ്ച്ചു.
അടുത്തു നിന്ന മൂവാണ്ടന്‍ മാവു് അച്ഛനു ചിത ആയി.
ഞാനെന്നോ മീശക്കാരനായതും എവിടെയൊക്കെയോ പോകേണ്ടി വന്നതും ഇന്നലെ ഒന്നും അല്ലായിരുന്നു.
എന്നോ അറിഞ്ഞിരുന്നു. നിയമം പഠിക്കുന്ന ഇന്ദിര ചേച്ചിയെ കുറിച്ചു്.
ഏതോ അവധിക്കു വന്നപ്പോള്‍ അറിഞ്ഞു കല്യാണം കഴിഞ്ഞു പോയെന്നു്. മഠം അന്യം നില്‍ക്കാതിരിക്കാന്‍ എന്ന പോലെ പാട്ടിയമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നു.
“നീ എന്നിക്കു് വന്നു“ എന്നു് തമിഴു കലര്‍ത്തി കുശലം ചോദിക്കുന്ന പാട്ടിയമ്മയും കടന്നു പോയി.



അച്ഛന്റ്റെ നെഞ്ചത്തു വച്ച തെങ്ങിന്‍റെ മൂട്ടില്‍ ചാരു കസേര ഇല്ലായിരുന്നു.
അടുത്ത മഠത്തിലെ മച്ചിന്റ്റെ ജനാലയിലെ സ്ത്രീ എന്നെ നോക്കി താഴേക്കിറങ്ങി വരുന്നതു കണ്ടു.
പെങ്ങളുടെ മകനാണു് ഓടി വന്നു പറഞ്ഞതു് ,“ മാമാ കല്ലെടുത്തെറിയും. പോരു്.”
ഞാന്‍ നടന്നു.
വട്ടയുടെ അടുത്തു നിന്ന വരിക്ക പ്ലാവിനടുത്തൊരു കൊച്ചു ഗൌളി ഗാത്ര തെങ്ങു നില്പുണ്ടു്.
“നീ എന്നാ വന്നതു്.?” ചുട്ടി തോര്‍ത്തു മറച്ചു് കണ്ണുനീരൊളിപ്പിച്ചു നിന്ന രൂപത്തെ ഞാന്‍ നോക്കി. ഞാനെങ്ങും പോയിരുന്നില്ലാ എന്നും ഞാനിവിടെ തന്നെ ഉണ്ടെന്നും പറഞ്ഞാല്‍ കൊള്ളാമെന്നെനിക്കുണ്ടായിരുന്നു,


അടുത്തു വന്നു വീണ കല്ലു കണ്ടു് ഞാനെന്‍റെ ഉമ്മറ മുറ്റത്തേയ്ക്കോടി.
പെങ്ങളാണു പറഞ്ഞതു്. ഭര്‍ത്താവു മരിച്ച ഇന്ദിര ചേച്ചി ഒറ്റയ്ക്കിവിടെ കഴിയുന്നു.
ചിലപ്പോഴൊക്കെ പ്രശ്നമാണു`. ഒന്നുമില്ലെങ്കില്‍ കണ്ണുനീര്‍ ഒഴുക്കി അങ്ങനെ ഒക്കെ കയ്യാലയ്ക്കെ വന്നു നില്‍ക്കാറുണ്ടു്.


പപ്പാ നമുക്കു പോകാം.മോനു് മതിയായി തുടങ്ങിയിരുന്നു.
നാക്കുണ്ടൊ എന്നു സംശയിച്ചിരുന്ന പെങ്ങളൊത്തിരി പാടാ ദുരിതം പറഞ്ഞമ്മ കണ്ണീരൊഴുക്കി.
എന്തോ നല്‍കി പെങ്ങളുടെ തലയില്‍ കൈ വച്ചു നില്‍ക്കുമ്പോഴും മഠത്തിലെ മുറ്റത്തു് കല്ലുമായി നില്‍ക്കുന്ന ഇന്ദിര ചേച്ചിയുടെ തളര്‍ന്ന മുഖം.
പിന്നാമ്പുറങ്ങള്‍ കാണാന്‍ വന്ന മോന്‍ പറയുന്നുണ്ടായിരുന്നു. പപ്പാ നമുക്കു പോകാം.


************** ******* **************

Monday, December 31, 2007

ഇടവപ്പാതിക്ക് ശേഷം.

Buzz It

ഇടവപ്പാതി ഇരമ്പുകയാണ്. വൈകുന്നേരമാകുന്നതേയുള്ളു. ഒരു സന്ധ്യയുടെ പ്രതീതി ആയിരിക്കുന്നു. കാറ്റിലാടുന്ന വൃക്ഷങ്ങള്‍. ചെറിയ കാറ്റൊരു വലിയ കൊടുംകാറ്റായി. പടിഞ്ഞാറന്‍ കുന്നിനു മുകളില്‍ മേഘങ്ങള്‍ കുതിരകളായി. പ്രകൃതി അലറി ഉഴറി തലമുടി അഴിച്ചിട്ട ഭദ്രകാളിയായി.



ദീപയാണവന്‍റെ കൈയ്യില്‍ പിടിച്ചത്. നമുക്കോടാം. മഴ ഇപ്പോള്‍ പെയ്യും. വാടാ. അവള്‍ക്കൊപ്പം അവനും ഓടി. ചീതാനം വീശിയടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന അവളുടെ മുറിപ്പാവാട നനഞ്ഞു തുടങ്ങിയിരുന്നു. അമ്പലത്തിന്‍റെ വടക്കേ മതിലിലെ പൊളിഞ്ഞ ഭിത്തി കയറി ഇറങ്ങിയാല്‍ ഊട്ടു പുരയുടെ വടക്കേ മൂലയിലൊരു ഒഴിഞ്ഞ തിട്ടയുണ്ട്. ആ തിട്ടയുടെ അരുകിലൊരു വലിയ ആഞ്ഞിലി മരം ഉള്ളതു കൊണ്ട് തിട്ടയിലിരുന്നാല്‍ നനയില്ല. അവിടം എന്നും രഹസ്യങ്ങളുടെ ശ്മശാനമായിരുന്നു. അവിടെ ഇരിക്കാന്‍ എന്നും കൊതിച്ചിരുന്നു. അവനും ഓടുകയായിരുന്നു.



ദീപയുടെ ലക്ഷ്യം അവിടേയ്ക്കാണെന്ന് ഓടുമ്പോള്‍ അവന്‍ ഊഹിച്ചു. ആദ്യം മതിലു കയറിയതവനായിരുന്നു. “സൂക്ഷിച്ച്.“ അവള്‍ പറയുന്നുണ്ടായിരുന്നു. ദീപ രണ്ടു പ്രാവശ്യം കാലുയര്‍ത്തി മതിലിലെ ചെറിയ കൊത ചവിട്ടി കയറാന്‍ നോക്കി എങ്കിലും നടന്നില്ല. മൂന്നാമത് അവന്‍ കൈ കൊടുത്ത് ബലമുപയോഗിച്ച് , ദീപ നെഞ്ചൊരച്ച് കൈകള്‍ പോറി, പാവാട കീറി, താഴെ ഇറങ്ങി. കൂട്ട ചിരിയില്‍ ഇടവപ്പാതിയും പങ്കു ചേര്‍ന്നു.


മുഖം കറുപ്പിച്ചു നിന്ന ആകാശം മാത്രം അവരെ നോക്കുന്നുണ്ടായിരുന്നു.
ഇടവപ്പാതി ഉറഞ്ഞു തുള്ളുന്നു. അകലെ നിന്ന ഒറ്റയാന്‍ തെങ്ങൊരു കഥകളിക്കാരന്‍റെ മുദ്രകള്‍ ഓര്‍മ്മിപ്പിച്ചു. താഴെ ഒരു വട്ടയിലിരുന്ന കാക്ക ശിഖരത്തില്‍ നിന്ന് വീഴാതിരിക്കാന്‍ ആടി ആടി അനങ്ങി അനങ്ങിയിരിക്കുന്നു. കടലിരമ്പുന്ന ശബ്ദം .പ്രേതങ്ങളുടെ വായ്ത്താരി പോലെ. പെട്ടെന്നൊരു ഇടിയും മിന്നലും. പ്രകൃതി പ്രകമ്പനം കൊണ്ടു.. അതിനു ശേഷം തുള്ളിക്കൊരു കുടം കണക്കിനു് മഴ മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ ഇരുന്ന അവനോടവള്‍ പറഞ്ഞു.
തുള്ളി മുറിയുന്നു, മഴ തോര്‍ന്നാല്‍ നമുക്കീ താഴെ ഇറങ്ങി കുറുക്കു വഴിയിലൂടെ വീട്ടിലെത്താം.അവറ്‍‍‍ അടുത്തടുത്തിരുന്നു. കീറിയ പാവാട ഒളിപ്പിക്കാന്‍ അവള്‍ പാടു പെടുന്നുണ്ടായിരുന്നു.



തിട്ടയുടെ അരുകു ചേര്‍ന്ന് വരി വരിയായി പോകുന്ന ഉറുമ്പുകളെ അവന്‍ നോക്കിയിരുന്നു. കൈയ്യില്‍ കിട്ടിയ ഒരു കൊച്ചു കമ്പു കൊണ്ട് അതിന്‍റെ ദിശ തിരിച്ചു വിടാന്‍ ശ്രമിച്ചു. ഇല്ല.. വീണ്ടും അവരുടെ യാത്ര മുന്‍കൂട്ടി നിശ്ച്ചയിച്ച പോലെ തുടര്‍ന്നു കൊണ്ടിരുന്നു,
അവനെപ്പൊഴൊ ഒരു കുഞ്ഞുറുമ്പായി. ദീപയുടെ കീറിയ പാവാടയില്‍ കടിച്ചതും. ചിരിച്ചതും മതിലു ചാടി താഴേയുള്ള കുറുക്കു വഴിയിലൂടെ ഓടിയതും ഓര്‍ക്കുന്നു.


മരം പെയ്ത മഴവെള്ളം വീണു് നനഞ്ഞോടുകയായിരുന്നു. ചിരിച്ചു കൊണ്ടോടിയ ദീപാ. അതിനു പുറകേ അവനും.



ഓടി ഓടി എത്തിയതെവിടെ ഒക്കെ ആയിരുന്നു. അവനെവിടെ എത്തി. ദീപ എവിടെ എത്തി. നിര്‍ത്താതെ ഓടിയ അവനെപ്പോഴോ അയാളായതും ഇന്നലെ ആയിരുന്നൊ.?


കുറുക്കു വഴികളിലെവിടെ ഒക്കെയോ കാലിടറിയോ.

അയാള്‍ കഴിഞ്ഞ യാത്രയില്‍ മനപൂര്‍വ്വം ഊട്ടു പുരയുടെ പുറകില്‍ തിട്ടയുടെ പിന്നാമ്പുറങ്ങള്‍ തേടി പോയി. ഊട്ടു പുര മാറിയിരിക്കുന്നു. സദ്യാലയമായി മാറി. സദ്യാലയത്തിനു ചുറ്റും കൂറ്റന്‍ മതിലുകളുയര്‍ന്നിരിക്കുന്നു. പുറകിലായി വലിയ കല്യാണ മണ്ഡപം.. ആഞ്ഞിലി മരം മരിച്ചു പോയിരിക്കുന്നു.ഓര്‍മ്മകള്‍ നിഴലുകളായി ജീവിച്ചിരിക്കുന്നു. മതിലിനരുകില്‍ നിന്നയാള്‍ നോക്കി. ഉറുമ്പുകളെ. വഴിതിരിച്ചു വിടാനായി തെരഞ്ഞു.. ഇല്ല. ഒരുറുമ്പും ഇല്ലാ.


ഇടവപ്പാതി.ചീതാനം.
പഴയ ആ വട്ട.
വട്ടയുടെ ശിഖരത്തിലിരുന്നു നനഞ്ഞ ആ കാക്ക.
ആ ഇടിയും മിന്നലും.
സത്യത്തിന്‍റെ പടിവാതിലുകള്‍ വെളുക്കെ ചിരിക്കുന്നത് .
ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്യാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നിന്നു.
രാത്രിയുടെ സുഗന്ധം.ചീവീടുകളുടെ മെഴുകുതിരി.
മെഴുകുതിരിയുടെ സംഗീതം.
എരുക്കിന്‍ പൂക്കളൊളിപ്പിച്ച നാണം മുറ്റം നിറയെ കളമെഴുത്തു നടത്തുന്നു.
മാവിന്‍ തുഞ്ചത്തു നിന്നു് ചന്ദ്രിക അടര്‍ന്നു വീഴുന്നുണ്ടായിരുന്നു.



ഇന്നലെ ..

നടവരമ്പിലൂടെ തന്‍റെ ജീവിത നഷ്ടങ്ങളേ തിരിച്ചറിയുന്ന യാത്രയില്‍
വെറുതേ പെങ്ങളോടു അന്വേഷിച്ചു.


ദീപയിപ്പോള്‍ എവിടെ ആണു്.
പെങ്ങളൊരു മുത്തശ്ശിയായി മൂക്കത്ത് വിരല്‍ വച്ചു.
പെങ്ങള്‍ക്കൊരു ഭാവഗീതത്തിന്‍റെ പൊരുള്‍..
പിന്നെ തുളുമ്പുന്ന കണ്ണുനീരില്‍ പെങ്ങള്‍ പറഞ്ഞു.
ദീപ ച്ചേച്ചി മരിച്ചിട്ട് പത്തു വര്‍ഷമായിരിക്കുന്നു.
ആ വിവരം അണ്ണനെ അമ്മ അറിയിക്കാതിരുന്നതാണു്.
ഒരിക്കലും അണ്ണനറിയാതിരിക്കാന്‍ പറയാതിരുന്നതാണു്.



ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്ലിയാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നടന്നു.


കുറുക്കു വഴികളുടെ നീളം അയാള്‍ അറിയുകയായിരുന്നു.



***********************************

ചിലപ്പോള്‍ ഇങ്ങനെ ഒക്കെ ആണു്.
മുറിഞ്ഞു പോകുന്ന ഉറക്കം തിരികെ വരാന്‍‍ മടിച്ച് നില്‍ക്കുന്നു.
അയാള്‍ ബെഡ്ഡില്‍ നിന്നും എഴുനേറ്റു. അടുത്തു തന്നെ ഉറങ്ങുന്ന ശ്രീമതിയറിയാതെ അയാള്‍ നടന്നു.
രണ്ടു മക്കളും ഉറങ്ങുന്നതു കണ്ട് ശബ്ദമുണ്ടാക്കാതെ ..


നഗരത്തിന്‍റെ ഹൃദയഭാഗത്ത് താന്‍ വാങ്ങിയ , അഞ്ചാം നിലയിലെ തന്‍റെ ഫ്ലാറ്റിലെ, വെളിയിലേയ്ക്ക് വരദാനമായി ലഭിച്ച ബാല്‍ക്കണിയിലെ, ചാരു കസേരയിലയാള്‍ വന്നിരുന്നു. ഉറക്കം വരുന്നില്ല. വെളിയിലുറങ്ങുന്ന നഗരം. താഴെ ഗേറ്റിനടുത്തു് ഇരുന്നുറങ്ങുന്ന ഗാര്‍ഡുകള്‍. കത്തിയെരിയുന്ന നെരിപ്പൊടിന്‍റെ ചുവപ്പ്. തണുപ്പിന്‍റെ ആത്മാവ് ഭ്രാന്തമായാടുന്ന ഡിസംബറിന്‍റെ വിറങ്ങലിച്ച രാത്രികള്‍.


മുഖം മറയ്ക്കുന്ന വലിയ തൊപ്പിയും കമ്പിളി ഉടുപ്പുകളും ഒക്കെ ഇട്ടിരുന്നിട്ടും അയാള്‍ക്ക് ശരിക്കും തണുപ്പനുഭവപ്പെട്ടു. വെറുതേ അകത്തേയ്ക്ക് നോക്കി.
ഒന്നുമറിയാതുറങ്ങുന്ന അവളുടെ മുഖം ദൂരെ നിന്നു വീഴുന്ന നഗര വിളക്കിന്‍റെ ക്ഷീണിച്ച പ്രകാശത്തില്‍ അവ്യക്തമായി കാണാം.

ചെറിയ ഒരു ചുമ വന്നത് ചുമയ്ക്കാതെ അയാള്‍ നിയന്ത്രിച്ചു.
അവളുണരരുത്.

ഇതു കണ്ടാലുടനെ പറയും. വെളിയില്‍ വന്നിരുന്ന് മഞ്ഞു കൊള്ളുന്നതിന്‍ കുറ്റം പറയും. അല്ലേലും തനിക്ക് അല്പം വട്ട് ഈയിടെ ആയി കുറച്ചു കൂടി കൂടുന്നു എന്ന് അവ്ള്ക്കഭിപ്രായം ഉണ്ട്. മൂന്നു മാസത്തിനു മുന്നെ ആദ്യ മഴ പെയ്തപ്പോള്‍ , ബാല്‍ക്കണിയില്‍ നിന്ന് അയാള്‍ മഴയ്ത്തു കുളിച്ചതിനു് ഒത്തിരി പരാതി പറഞ്ഞിരുന്നു. പനി പിടിക്കുമെന്നും പ്രായം കൂടുന്ന് എന്നോര്‍ക്കുന്നത് നല്ലതാണെന്നും ഒക്കെ. അവള്‍ പറഞ്ഞതും ശരിയായിരുന്നു. ഒരാഴ്ച പനി പിടിച്ചിരുന്നത് അതിനു ശേഷം ആയിരുന്നു.



ബാല്‍ക്കണിയില്‍ ചക്രവാളങ്ങള്‍ക്കപ്പുറം ഉറങ്ങുന്ന ജന്മ നാടിനെ കാണാന്‍ നക്ഷത്രങ്ങള്‍ക്കുമപ്പുറം കണ്ണും നട്ട് അയാളിരുന്നു.


പെട്ടെന്നായിരുന്നു അയാള്‍ കണ്ടത്. പൂച്ചട്ടിയിലെ മണിപ്ലാന്‍റു പടരുന്ന ഭിത്തിയിലൂടെ ഉറുമ്പുകള്‍ വരിവരി ആയി പോകുന്നു.

വരി വരി ആയി പോകുന്ന ഉറുമ്പുകളില്‍ ചിലത് തല പൊക്കി തന്നെ നോക്കുന്നു. ദിശ തിരിച്ചു വിടാനായി ഒരില പറിച്ച് വരികള്‍ക്കിടയ്ക്ക് തട വച്ചയാള്‍ സ്വയം ചിരിച്ചു. മൌനം സത്യത്തിന്‍റ് പടിവാതിലുകളില്‍ മറഞ്ഞു നിന്നു ചിരിച്ചു.
അപ്പോഴും താഴെ നെരിപ്പോട് കത്തുന്നു ണ്ടായിരുന്നു...

Friday, December 21, 2007

വേലായുധന്‍റെ സ്വപ്നങ്ങള്‍‍

Buzz It
അഗ്രഗേറ്ററുകളില്‍‍ വരാഞ്ഞതിനാല്‍ വേലായുധന്‍റെ സ്വപ്നങ്ങള്‍‍ എന്ന പോസ്റ്റിന്‍റെ ലിങ്ക് ഒന്നു കൂടി പബ്ലിഷു ചെയ്യുന്നു. ഈ ലിങ്കിലൂടെ അവിടെ എത്താം.
സസ്നേഹം,
വേണു.
(ഇവിടെ)വേലായുധന്‍റെ സ്വപ്നങ്ങള്(കഥ)‍‍

വേലായുധന്‍റെ സ്വപ്നങ്ങള്‍‍

Buzz It

പഠിച്ചതൊന്നും പറയാതിരിക്കാം...
വഴികളൊക്കെ മറക്കാം.
പക്ഷേ മറന്നൊതൊന്നും ഓര്‍ക്കാതിരിക്കാന്‍ വേലായുധനു കഴിഞ്ഞില്ല.


ആ ഓര്‍മ്മകളാണു് വേലായുധനെ പിന്നെയും പലതും പഠിക്കാന്‍ പ്രേരിപ്പിച്ചതു്.

അവിടെ വേലായുധന്‍റെ ദുരന്തങ്ങള്‍ ആരംഭിക്കുന്നു,
ഇന്നലെപോലെ തോന്നി വേലായുധനു്.
അച്ഛന്‍ മരിച്ചു കിടന്ന കട്ടിലിനു് മുന്നെ നില്‍ക്കുന്ന നിക്കറിട്ട ചെറുക്കന്‍റെ രൂപം.



വിറകു കൂമ്പാരത്തിനു് തീ കൊളുത്തി നിന്ന വേലായുധന്‍ മുകളിലേയ്ക്കൊന്നു നോക്കി.
എരിഞ്ഞു കത്തുന്ന വിറകിലെ കട്ടി പുകയില്‍ മേലേയ്ക്കു പോകുന്ന അച്ഛന്‍.
മുകളിലാകാശവും താഴെ ഭൂമിയും ആയി വേലായുധന്‍.


അമ്മ ചുമച്ചതോ, അമ്മൂമ്മ കരഞ്ഞതോ, ഇളയ പെങ്ങള്‍ ജനലീലൂടെ കത്തെഴുതി റോഡിലൂടെ പോയ ചെക്കനു് കൊടുത്തതോ ഒന്നും വേലായുധനറിഞ്ഞില്ല.
വേലായുധന്‍ വിജയിക്കാന്‍ തീരുമാനിച്ചു.


പണം ഇല്ലെങ്കില്‍ ആരും പട്ടിയാണെന്നൊരു ബാല പാഠം പഠിച്ച വേലായുധന്‍ ജീവിക്കാന്‍ പഠിച്ചു.


ഓരോ ഏണികളിലും കയറുമ്പോള്‍‍ വേലായുധന്‍ മുകളിലേയ്ക്കു മാത്രം നോക്കി.
മുകളിലെത്തിയാല്‍ വേലായുധന്‍- ഒരിക്കലും മറന്നില്ല ഏണി തട്ടി താഴെ മറിച്ചിടാന്‍‍. ഓരോഏണിയിlലൂടെയും വേലായുധന്‍ ഓരോരോ ഹിമാലയങ്ങള്‍‍ കീഴടക്കി കോണ്ടേ ഇരുന്നു.


നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതിനു മുന്നേ പെങ്ങളെ ഒരുത്തന്‍റെ കൂടെ കെട്ടി പറഞ്ഞയക്കാന്‍ വേലായുധന്‍ മറന്നില്ല.



അമ്മയുടെ അസ്ഥി ഗംഗയിലൊഴുക്കി നിവരുമ്പോഴും വേലായുധന്‍ വിജയിക്കാന്‍ പഠിക്കുകയായിരുന്നു.


ഭാര്യക്കു വാങ്ങിയ സ്വര്‍ണങ്ങളിലൊന്നും മതിയാവാതെ പിന്നെയും ഫ്ലാറ്റുകളൊക്കെ വാങ്ങി വേലായുധന്‍..
മക്കളില്ലാത്ത വേലായുധന്‍റെ ഭാര്യ, സ്വപ്നങ്ങളില്ലാതെ ഉറങ്ങി ഉണര്‍ന്നു.


വേലായുധന്‍റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു കൊണ്ടേ ഇരുന്നു.
നാട്ടിലെ പെങ്ങളൊരു മരമായി . ആ മരത്തിലൊത്തിരി ശിഖരങ്ങളും ആയി സന്തോഷിച്ചു ചിരിച്ചു മരിച്ചപ്പോഴും, അണ്ണനു പോകാന്‍ സമയമില്ലാതെ വേലായുധന്‍ എന്തൊക്കെയോ പഠിക്കുകയായിരുന്നു.


പഠിത്തമൊരു പരിധി കഴിഞ്ഞപ്പോഴായിരുന്നു വേലായുധന്‍‍ കണ്ണാടിയില്‍ നോക്കിയതു്. കണ്ണാടിയില്‍ തെളിഞ്ഞ മെലിഞുണങിങിയ നരച്ച മനുഷ്യനും അതിനു പുറകിലെ മെലിന്ഞ കൂനിയ സ്ത്രീ രൂപവും, വേലായുധനും ഭാര്യയും ആണെന്നു് മനസ്സിലാക്കിയപ്പോഴേയ്ക്കും അയാള്ക്കെല്ലാം പഠിച്ചതായി തോന്നി.


വേലായുധനും ഒടുവില്‍ പഠിച്ചു.
പണം ഏതു പട്ടിക്കും ഉണ്ടാക്കാം എന്നു്..
വേലായുധനും ഒരു പട്ടിയായി മരിച്ചു.


ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു.

Tuesday, November 27, 2007

ഭാസ്ക്കരന്‍‍ സാറിന്‍റെ ചിരി.

Buzz It

ഭാസ്ക്കരന്‍ സാറു് അന്നും ചിരിക്കാന്‍‍ ശ്രമിച്ചു.

ആ ദിവസവും സാറിനു് ഒരു പ്രത്യേകതകളും ഇല്ലായിരുന്നു.

സാറിന്‍റെ ഒരേ ഒരു മകന്‍‍ വിദേശത്തു നിന്നും ഒരു പെണ്ണുമായി വരുന്നു.
ഒരു മാസത്തിനു മുന്നേ അവന്‍റെ ഫോണുണ്ടായിരുന്നു.

ആ വിവരം അറിഞ്ഞു് അവന്‍റെ അമ്മ സാവിത്രി രണ്ടു ദിവസം കട്ടിലില്‍‍‍ നിന്നും എഴുനേല്‍ക്കാതെ കിടന്നു.ഭാസ്ക്കരന്‍ സാര്‍........പിന്നെയും ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

ഭാസ്കരന്‍‍ സാര്‍ റിട്ടയേര്‍ഡായിട്ടു് രണ്ടു വര്‍ഷമായിരിക്കുന്നു.വീടു മുറ്റത്തെ സ്കൂളിലായിരുന്നു ജോലി.. നാട്ടിലെല്ലാവരുടേയും സാറു്. പെങ്ങന്മാര്‍‍ക്കു് കുടുംബ വീടും സ്വത്തൂം കൊടുത്തു് പുണ്യങ്ങളുടെ ഗംഗ സ്വന്തമാക്കിയ കുടുംബ സ്നേഹി. ഒടുവിലെന്നോ അമ്മയുള്‍പ്പെടെ പറഞ്ഞ , കുറ്റപ്പെടുത്തലുകളുടെ പാഴാങ്ങം കേള്ക്കേണ്ടി വന്ന ഹതഭാഗ്യന്‍‍. ഭാസ്ക്കരന്‍ സാറ്‍ എന്നും ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.

സാവിത്രിയെ സാറു പ്രേമിച്ചു വിവാഹം കഴിച്ചതോ, അതോ സാറിനെ സാവിത്രി പ്രേമിച്ചു വിവാഹം കഴിച്ചതോ. രണ്ടു പേരും പരസ്പരം പ്രേമിച്ചിരുന്നു എന്നതിനു തെളിവുകള് ഏറെ ‍‍.

ഭാസ്ക്കരന്‍ സാറു്, സുന്ദരനായിരുന്നു. സുന്ദരമായ ഒരു മനസ്സും ഉണ്ടായതു് തന്നെ സാറിന്‍റെ ഗതികേടും.സാവിത്രി,
സാറു കാണുമ്പോള്‍ കറുത്തു് എണ്ണ ഇറ്റു വീഴുന്ന മുടി ഒതുക്കിയ ഒരു ഇരു നിറക്കാരിയായിരുന്നു. പെങ്ങന്മാരുടെ മുന്നിലെ ആ കരിക്കട്ടയെ സാറെങ്ങനെ ഇഷ്ടപ്പെട്ടു.

അതിന്നും സാവിത്രിയ്ക്കു പോലും അറിഞ്ഞു കൂടാ.
പക്ഷേ കല്യാണ ദിവസവും സാറു് ചിരിച്ചിരുന്നു.സാവിത്രിയെ ചിരിപ്പിക്കാനും സാറെന്നും ശ്രമിച്ചിരുന്നു.


ജീവിതത്തിലെ പലതും വേണ്ടെന്നു വച്ചതു് സാറിന്‍റെ നല്ല മനസ്സായിരുന്നു.

കുരുത്തോലയുടെ മണമുള്ള ശ്രീദേവിയോടു്, ഇനി എന്നേ മറന്നേക്കൂ എന്നു് സാറിനു് പറയാന്‍ കഴിഞ്ഞതും ആ നല്ല മനസ്സു കാരണം.തിരിഞ്ഞു നിന്നു് പിന്നൊരിക്കലണ്ണനെ കുറ്റം പറഞ്ഞ പെങ്ങന്മാരെ ഒക്കെ കല്യാണം കഴിച്ചയയ്ക്കാന്‍, താനെല്ലാം മറന്ന കൂട്ടത്തില്‍ തന്‍റെ ജീവിതവും മറന്നു വച്ച സാറു്.

പിന്നെയും സാറൊരു ജീവിതവും കാത്തിരിക്കുമ്പോഴായിരുന്നു, ആ അത്യാഹിതം. കിണറ്റില്‍ എറിഞ്ഞാലും എന്‍റെ മോളെ അവിടെയ്ക്കയക്കില്ലെന്നു പറഞ്ഞ വാര്‍ത്തയുമായി വന്ന ചെല്ലപ്പന്‍ പിള്ള എന്ന രണ്ടാമനോടു ഭാസ്കരന്‍ സാറു ചോദിച്ചു പോയി. എന്താ ചേട്ടാ...കുഴപ്പം.കുഴ്പ്പം . നിന്റ്റെ ബാധ്യതകള്‍‍ തന്നെ.

ബാധ്യതകളൊഴിക്കാന്‍ സാറിനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.
ആ ഒഴിക്കലില്‍ സാറിന്‍റെ വയസ്സും, അമ്മ ഉള്‍പ്പെടെ ഉള്ളവരുടെ സ്നേഹവും ക്ഷീണിച്ചു.
അപ്പോഴും ഭാസ്കരന്‍ സാര്‍ ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.


‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------------------------------------

രാത്രി.

സാവിത്രി പതിയെ എഴുന്നെറ്റു.

സാറൊറങ്ങിയിട്ടില്ല.
അടുത്ത മുറിയിലെ വെളിച്ചം അവര്‍ ശ്രദ്ധിച്ചു.
പതിയെ നടന്നു.

വയ്യ...കാലുകള്‍ക്കു് പഴയ ബലമില്ല. കസേരയിലല്പം ഇരുന്നു പോയി.
ഓര്‍ക്കുകയായിരുന്നു.
സാറിനെ.
വായന ഒരു ഹരവും, ഇനിയും എന്തൊക്കെയോ ആകുമെന്നും കരുതി പ്രകാശമുള്ള മനസ്സുമായി നടക്കുന്ന പാവം ചേട്ടന്‍.
ഒരേ ഒരു മകന്‍‍. നല്ല മാര്‍ക്കു വാങ്ങി ഉയര്‍ച്ചകളിലേയ്ക്കു പോകുന്ന മകനു്, പി.എഫു് ഫണ്ടുകളില്‍ നിന്നു ലോണെടുത്തു് ചെലവുകള്‍ നേരിട്ട സാറു്.
ഭാസ്കാരന്‍ സാറു് എപ്പോഴും ചിരിക്കുമായിരുന്നു.


ജോലി കിട്ടി മറുനാടിലേയ്ക്കു യാത്ര അയച്ചപ്പോഴും സാറിനു ചിരി ഉണ്ടായിരുന്നു.
വര്‍ഷങ്ങളില്‍ വല്ലപ്പോഴും വരുന്ന ഫോണ്‍ സംസാരങ്ങളീല്‍ സാറു സന്തോഷവാനാകുന്നതു് അവര്‍ കാണുമായിരുന്നു.
അവന്‍റെ കഴിഞ്ഞ മാസം വന്ന ഫോണിനു ശേഷം, സാറിന്‍റെ ചിരിയിലെ കൃത്രിമത്വം അവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.


പതിയെ നടന്നു.
ഭാസ്കരന്‍ സാറു് ചാരു കസേരയില്‍ കിടക്കുകയായിരുന്നു.
തുറന്നു വച്ച പുസ്തകം.

മറിക്കുന്ന പേജുകള്‍ക്കിടയില്‍ വയ്ക്കുന്ന തുണ്ടു കടലാസ്സു് , സാറിന്‍റെ അച്ചടക്കമുള്ള മനസ്സുപോലെ അടങ്ങിയിരിക്കുന്നു. തുറന്ന് പേജുകളില്‍
കവിളിലൂടെ ഇറ്റു വീണ കണ്ണു നീറ് തുള്ളികള്‍ .


പതിയെ വിളിച്ചു. ചേട്ടാ.... പ്രകാശം കാരണം തന്‍റെ ഉറക്കത്തിനു് ഭംഗം ഉണ്ടാകാതിരിക്കാനാണു് , ചേട്ടന്‍ അടുത്ത മുറിയിലിരുന്നു വായിക്കുന്നതു്. സാധാരണ വായന കഴിഞ്ഞു് പാതിരായില്‍ അടുത്തു വന്നു കിടക്കാറുള്ളതാണു് പതിവു്.

.

വീണ്ടും വിളിച്ചു. ഭാസ്കരന്‍ സാര്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവരുടെ പുറകേ നടന്നു.

ബെഡ്ഡില്‍ കിടക്കുമ്പോഴും സാവിത്രിയ്ക്കു് ആ ഇരുട്ടിലും കാണാമായിരുന്നു.

ഭാസ്കരന്‍ സാറു് ചിരിക്കുന്നതു്.


-------------------------------------------------------

Monday, October 29, 2007

പൂജ്യം

Buzz It

പൂജ്യം.

രാജ ഗോപാലനെന്ന പൂജ്യം അമ്മയൂടെ ഞാന്നു തുടങ്ങിയ മുലകള്‍ വലിച്ചു കുടിച്ചു.
താഴെ നിര്‍ത്തി ചന്തിക്കൊരു പെട കൊടുത്തിട്ടു് അമ്മ പറഞ്ഞു “ഇതില്‍ ഞാന്‍ ചന്യായം അരച്ചു തേക്കുന്നുണ്ടു്.
അഞ്ചു വയസ്സായിരിക്കുന്നു.”


കൽപ്പണിക്കു പോയ അമ്മ തിരിച്ചു വരുന്നവരെ, രാജഗോപാലന്‍ പൂജ്യമായൊളിച്ചിരുന്നു.
അമ്മ വന്ന പാടെ അയാളാ മുലകള്‍ തേടി ഓടി എത്തി. ചന്യായത്തിന്‍റെ കയര്‍പ്പില്‍ ചില പൂജ്യങ്ങളെ അറിഞ്ഞു.


വൈകുന്നേരമായി. പാരിജാതങ്ങളുടെ മൊട്ടുകളിലെ പൂജ്യങ്ങള്‍ കവിതകളായില്ല.
സുമ വന്നതു് ഉടഞ്ഞ സ്ലേറ്റിലെഴുതിയ ഒരു പൂജ്യം കാണിക്കാനായിരുന്നു.
മുറിപ്പാവാടയുടെ മുകളിലെ കറുത്ത മറവിലെ പൂജ്യം കണ്ടു് രാജഗോപലന്‍‍ വീണ്ടും ഒരു പൂജ്യമായി.


ഏലിയാമ്മ സാറായിരുന്നു പൂജ്യത്തിനു് വിലയുണ്ടെന്നും അതു കണ്ടു പിടിച്ചതു് ഭാരതീയരാണെന്നും രാജഗോപാലനെ പഠിപ്പിച്ചു കൊടുത്തതു്. ഏലിയാമ്മ സാറൊരു പൂജ്യമാകുന്നതറിഞ്ഞു് അയാള്‍ പൂജ്യങ്ങളെ നോക്കി ചിരിക്കാന്‍ തുടങ്ങി.


ഒളിച്ചോടിപ്പോയ പെങ്ങളെ ഓര്‍ത്തു് മറ്റൊരു പൂജ്യമായ അച്ഛനെ ഓര്‍ത്തും അയാള്‍‍ പൂജ്യമായി.
പൂജ്യങ്ങളുടെ വില പേശലില്‍ തന്നെ, തിരിച്ചു നിന്നു തുപ്പി പോയ ഭാര്യയും ഒരു പൂജ്യമായിരുന്നു എന്നയാള്‍ക്കു തോന്നി.


ആരുമില്ലാത്ത ലോകത്തൊരു വട്ട പൂജ്യമായി നിന്നു് രാജ ഗോപാലന്‍ ചോദിച്ചു പോയി. പൂജ്യത്തിന്‍റെ വിലയെന്തു്.?

Monday, July 23, 2007

പാദസരങ്ങള്‍‍

Buzz It

ഉഷ.
ഉഷയെ ഓര്‍ക്കാതിരുന്നതല്ല.
ഇത്രനാളും.
വിവാഹത്തിനു് തലേ ദിവസവും ഉഷയെ ഓര്‍ത്തിരുന്നു.



അമ്മയായിരുന്നു പറഞ്ഞതു്.
നിനക്കോര്‍മ്മയില്ലെ, നിന്നോടൊപ്പം ആറിലും ഏഴിലുമൊക്കെ പഠിച്ച ഉഷയെ. ഇപ്പോള്‍‍ ഇവിടെ കഴിയുന്നു.. ഭര്ത്താവു മരിച്ചു് ജോലിയുപേക്ഷിച്ചു് വീണ്ടും ഇവിടെ കഴിയാന്‍‍ വിധിക്കപ്പെട്ടിരിക്കുന്നു.
ഒക്കെ ഓരോ തലയിലെഴുത്തു്.
അയാളെന്നും ചോദിക്കുമായിരുന്നു. ഓരോ ലീവിനും വരുമ്പോഴും. വെറുതെ.
ഉഷയുടെ വല്യമ്മൂമ്മ മരിച്ചപ്പോള്‍ എല്ലാവരും വന്നിരുന്നു എന്നു് പറഞ്ഞതു് ജ്യോതി ആയിരുന്നു.
ആ ചേച്ചി പോകുന്നതിനു മുന്‍പു് വീട്ടില്‍ വന്നെന്നും അമ്മയോടു് അണ്ണന്‍റെ കാര്യങ്ങളൊക്കെ തെരക്കിയെന്നും പറഞ്ഞതും അയാളോര്‍ത്തു വച്ചിരിക്കുന്നു.



മോന്‍റെ ചോറൂണിനു് അച്ഛന്‍റെ മടിയിലിരുന്നവന്‍ ചിരിച്ചപ്പോഴും മനസ്സിലൂറി. ഉഷ.
അച്ഛന്‍ മരിച്ചതറിഞ്ഞെത്തിയ ദിവസവും ആള്‍ക്കൂട്ടത്തില്‍‍ തെരയുന്നുണ്ടായിരുന്നു.....ഉഷയെ....
എന്തിനു്.? ആ, അറിഞ്ഞു കൂടാ.......
പിന്നീടു് മറവിയുടെ കുത്തൊഴുക്കില്‍‍ മൂടപ്പെടാതിരിക്കാനായി, വല്ലപ്പോഴും ഭാര്യയെ പ്രകോപിപ്പിക്കാനായി അയാള്‍‍ പറഞ്ഞിരുന്നു.
ഉഷ. ഉഷ.



ഉഷ...ഉഷ..എന്ന പറച്ചില്‍‍ തുടങ്ങിയതും യാദൃശ്ച്ചികമായി ഒരു ദിവസമായിരുന്നു.
ഒരു ഞായറാഴ്ച. ടെറസ്സിലിരിക്കയായിരുന്നു.
മോനവന്‍റെ പുതിയ മൂന്നു വീല്‍ സൈക്കിള്‍‍ ചവിട്ടുന്നു.
ഒഴിവു ദിവസത്തിന്‍റെ അലസതയുമായി അടുത്ത ചായ പ്രതീക്ഷിച്ചു് പേപ്പര്‍‍ വായിക്കുകയായിരുന്നു അയാള്‍..
അപ്പോഴാണവള്‍‍ ചോദിച്ചതു്. ഡെയ്സി ജോസഫിനെ മനസ്സിലായി.
ആരാണീ ഉഷ.???....
ചിരിച്ചു കൊണ്ടു ചായ തിളപ്പിക്കാന്‍ പോയ ഭാര്യയെ അയാള്‍ ഒളിച്ചു നോക്കി.


തന്‍റേതായി ഒരു രഹസ്യമെങ്കിലും മനസ്സില്‍‍ താലോലിക്കാന്‍ സുക്ഷിച്ചു വച്ചിരുന്നതായിരുന്നു.
അതെങ്ങനെ....ഇവള്‍ കണ്ടുപിടിച്ചു.


അയാള്‍ മുറിയിലെ തന്‍റെ പുസ്തക അലമാരയെ നിര്‍ന്നിമേഷനായി നോക്കി നിന്നു.
അവള്‍ പുറകില്‍ നിന്നു വന്നൊരു ഡയറി തുറന്നു ചോദിച്ചു. ഈ ഉഷ......
അയാള്‍ വായിച്ചു..................
ഡായറിയിലെഴുതിയിരുന്നതിങ്ങനെ.........


24.11...........,

ഇന്നു് നാട്ടില്‍ നിന്നു വരികയായിരുന്നു.
എറണാകുളത്തു നിന്നും ഒരു ചെറിയ ഫാമിലി എന്‍റെ സഹയാത്രികരായി.
ഒരു ചേച്ചിയും 4 വയസ്സു തോന്നുന്ന ഒരു മിടുക്കന്‍ മോനും. ചേച്ചിയുടെ അനിയത്തിയും. പരിചയപ്പെട്ടു.
മോനെന്‍റെ സൈഡു സീറ്റിലിരുന്നു കാഴ്ചകള്‍ കണ്ടു. ചേച്ചി അമേരിക്കയ്ക്കു പോകുകയാണെന്നും അനിയത്തി ഡല്‍ഹിയില്‍ പഠിക്കുകയാണെന്നും മനസ്സിലാക്കി.
എപ്പോഴും ഉറങ്ങുന്ന ചേച്ചിയും ഉണര്‍ന്നിരിക്കുന്ന അനിയത്തിയും സംശയ കുടുക്കയായ കുസൃതിക്കുട്ടനും.
യാത്ര മനോഹരമായിരുന്നു. പുസ്തകങ്ങള്‍ കൈമാറിയ ഞങ്ങള്‍,(അതെ എപ്പോഴും ഉണര്‍ന്നിരിക്കുന്ന അനിയത്തി തന്നെ.)


വായനയുടെ ലോകത്തൂടെ, ഭാവനകളുടെ മുല്ല വള്ളികളിലൂടെ പലപ്പോഴും ഒരേ വൃക്ഷത്തിന്‍റെ ഉച്ചാം കോണിലിരുന്നു.
പറഞ്ഞതും കേട്ടതുമെല്ലാം ഞങ്ങള്‍ക്കറിയാവുന്നതായിരുന്നു എന്നതു് ഞങ്ങളെ അമ്പരപ്പിച്ചു.
യുഗ യുഗങ്ങളായി പരിചയമുള്ള രണ്ടു പേരുടെ ചിരികള്‍ ആരും കേള്‍ക്കാതെ ഞങ്ങള്‍ ചിരിച്ചു.
മുകള്‍ ബര്‍ത്തില്‍ ഉറങ്ങാതിരുന്നു ഞങ്ങള്‍ അടക്കം പറഞ്ഞു.
ഞങ്ങളുടെ ചിരി, വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ ട്രയിനിന്‍റെ സംഗീതം പുതിയ രാഗങ്ങള്‍ ആലപിച്ചു.
ഡെയ്സി ജോസഫെന്നാണു് പേരു് എന്നതു് ഒത്തിരി പ്രാവശ്യം പറഞ്ഞപ്പോഴാണു് കേള്‍ക്കാന്‍ പറ്റിയതു്.
പേരു പറയുമ്പോഴെല്ലാം ട്രയിന്‍റെ കൂവല്‍ അതിനെ മായ്ച്ചു കളഞ്ഞു. ഞങ്ങള്‍ പൊട്ടി പൊട്ടി ചിരിച്ചു.
ഓരോ സ്റ്റേഷനെത്തുമ്പോഴും രാത്രിയുടെ നിശ്ശബ്ദതയില്‍ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു ഞങ്ങള്‍ മാത്രം ഉറങ്ങിയിട്ടില്ലാ എന്നു്.
ഓരോ പാലങ്ങളുടേയും സംഗീതം, രാത്രിയുടെ നിശബ്ദതയുടെ ആത്മാവുകള്‍ കേള്‍പ്പിച്ചു. എതിരേ കൂകി വരുന്ന വണ്ടികളുടെ മിന്നല്‍ പിണരുകളിലൂടെ ഞങ്ങള്‍ക്കു് മുഖം കാണാമായിരുന്നു. ശബ്ദവിചികളിലെ സംഗീതം നുകര്‍ന്നു് ഞങ്ങള്‍ എന്തൊക്കെയോ പറയാന്‍‍ ശ്രമിക്കുന്നുണ്ടായിരുന്നു. അറിയാതടഞ്ഞു പോകുന്ന കണ്‍പോളകളേ തട്ടിയുണര്‍ത്തുന്ന ചൂളം വിളികള്‍. പരസ്പരം നോക്കിയിരിക്കുന്നതു കണ്ടു പിടിക്കുന്ന വെളിയിലെ ഒളിച്ചു കളിക്കാരന്‍‍ ലൈറ്റുകള്‍. ഉറങ്ങിയതെപ്പോഴെന്നു പോലും അറിഞ്ഞില്ല.
നേരത്തേ എത്തിയ സ്റ്റേഷനിലെ കൊച്ചു ചട്ടിയില്‍ കിട്ടിയ ചായ കുടിച്ചു് ഞങ്ങള്‍ വിണ്ടും ചിരിച്ചു.



മറ്റൊരു പകലു കൂടി വളരെ വേഗം കടന്നു പോകുന്നു. കൊച്ചു മോനു് സിംഹത്തിന്‍റെ കള്ള കഥ പറഞ്ഞു കേള്‍പ്പിച്ചു. ചേച്ചിയും ഡെയ്സിയും കേട്ടിരുന്നു. അവനുറങ്ങിയപ്പോള്‍ ചേച്ചിയെന്നോടു പറഞ്ഞു. അമേരിക്കയിലെ ഭര്‍ത്താവിന്‍റെ ജോലിയെ പറ്റിയും അവിടുത്തെ ജീവിതത്തെ പറ്റിയും ഒക്കെ. എന്നെ പുകഴ്ത്തിയതും എന്നെ പോലെ ഒരു സഹോദരന്‍ നാട്ടിലുണ്ടെന്നും, എന്നെ പോലെ ചിരിപ്പിക്കുന്ന വര്‍ത്തമാനം പറയുന്ന ദുഃഖം തൂങ്ങുന്ന കണ്ണുകളാണു് അമേരിക്കയിലെ ഭര്ത്താവിനും എന്നുമൊക്കെ പറഞ്ഞു.
എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ വെളുപ്പിനെ 4മണിയ്ക്കെത്തുന്ന ഝാന്‍സിയാണു്. പിന്നെയും ഇവര്‍ക്കു് യാത്ര ചെയ്യണമല്ലോ. ചേച്ചി പലതും സംസാരിച്ചു.
അന്നു് ഡേയ്സിയും പലതും സംസാരിച്ചു.
രാത്രിയില്‍ അടക്കം പറയാന്‍‍ ഡേയ്സിയും ഞാനും പലതും മാറ്റിവച്ചു.


പുറത്തു് നാട്ടു വെളിച്ചം നോക്കി കിടന്ന എനിക്കൊരു തുണ്ടു കടലാസ്സു തന്നു് ഡേയ്സി പൊട്ടിചിരിച്ചു.
ഡല്‍ഹിയിലെ അഡ്രെസ്സാണെന്നു് പത്തു പ്രാവശ്യം പറഞ്ഞു പൊട്ടിചിരിച്ചു.
പത്താമതു പറഞ്ഞതു കേട്ടു് ,ഒന്നും പറയാനില്ലാതെ മുഖത്തോടു മുഖം നോക്കി ഞങ്ങള്‍ കിടന്നു.
ഭോപ്പാല്‍ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. അടുത്തു വരുന്നു എനിക്കിറങ്ങേണ്ട സ്റ്റേഷന്‍. കാണാം. എഴുതാം.
ചെറിയ ജന്നലിലൂടെ കൂടെ കൂടെ വരുന്ന ചെറിയ വെളിച്ചത്തില്‍ ഡെയ്സിയുടെ ചിരിക്കാതിരിക്കുന്ന മുഖം എനിക്കു കാണാമായിരുന്നു.


ഇറങ്ങേണ്ട സ്റ്റേഷനില്‍ തന്നോടൊപ്പം വാതില്‍ വരെ വന്ന ഡെയ്സിയോടു ഞാന്‍ പറ്ഞ്ഞു.
ഈ യാത്ര ഒരിക്കലും ഞാന്‍ മറക്കില്ല. ചേച്ചിയോടും മോനോടും പറയുക. ഞാനെഴുതാം.
വാതുക്കലൊരു പ്രതിമ പോലെ നിന്ന ഡെയ്സിയോടു പറഞ്ഞു. നമുക്കൊന്നു ചിരിക്കാം.


ട്രയിന്‍ അനങ്ങി തുടങ്ങി കഴിഞ്ഞിരുന്നു. വാതുക്കല്‍ നിന്നു കൈ വീശിയ ഡയിസുടെ കണ്ണുകളില്‍ നിന്നു്, പ്ലാറ്റു് ഫാമിലെ ചെറിയ ലൈറ്റുകളുടെ പ്രകാശം മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.


ഈ ഡയറിയില്‍ ഇതെഴുതി വയ്ക്കുമ്പോള്‍ ഞാനറിയുന്നു ഇനി ഒരു പക്ഷേ ഡെയ്സിജോസഫും ആചേച്ചിയും ആ കൊച്ചു മോനും എന്‍റെ ഓര്‍മ്മകളില്‍ മാത്രം.
പ്രിയപ്പെട്ട ഡെയിസി, നിന്‍റെ മനസ്സില്‍ എന്‍റെ ചിത്രം എനിക്കു സങ്കല്പിക്കാനാകുന്നു.
ഈ വരികള്‍ നിങ്ങള്‍ക്കു് വായിക്കാനൊരിക്കലും ഒക്കില്ലാ എന്നറിയാം.
എങ്കിലും ഞാനിതു കൂട്ടി ചേര്ക്കുന്നു.


ഝാന്‍സിയില്‍ നിന്നുള്ള എന്‍റെ അടുത്ത 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ഡെയ്സി തന്ന അഡ്രെസ്സ് എന്നന്നേത്തേയ്ക്കു മായി നഷ്ടപ്പെട്ടു.

ഒരിക്കലും കാണാന്‍ കഴിയാനിടയില്ലാത്ത എന്‍റെ ഡെയ്സി ജോസഫു് ഞനീ വരികള്‍ ഇവിടെ നിര്‍ത്തുന്നു.
എന്‍റെ ഈ ഓര്‍മ്മയുടെ മര്‍മ്മരം ഈ ഡയറിയില്‍ ആലേഖനം ചെയ്തു് ഞാനൊന്നാശ്വസിക്കട്ടെ.
NB.
( ഡെയ്സി ജോസഫു് സുന്ദരി ആയിരുന്നു എങ്കിലും ഉഷയുമായി താരതമ്യം ചെയ്യാനൊക്കില്ല.)
-------------------------------
ഈ പേജാണു് ശ്രീമതി വായിച്ചതു്.
-------------------------------------------------------------------------------------

ഞാനെന്‍റെ സ്വത്വം വീണ്ടെടുത്തു് അവളോടു പറഞ്ഞു.
നിനക്കു് ഉഷ ആരായിരുന്നു എന്നു് ഡെയ്സി ജോസഫിനെ മനസ്സിലാക്കിയതിനാല്‍‍ മനസ്സിലായിക്കാണും.
സാരമില്ല മാഷെ. ആരോ ആയിക്കോട്ടെ. ഉഷയും, ഡെയ്സിയും എല്ലാം ഇന്നു ഞാന്‍ തന്നെ അല്ലെ.
എന്നിട്ടവള്‍ പൊട്ടി ചിരിച്ചു.
എന്തോ എനിക്കാ ചിരിയില്‍ ഡെയ്സിയെയോ ഉഷയെയോ കാണാന്‍‍ സാധിച്ചില്ല.
പത്രതാളുകളിലെ ഓരോ വിശേഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍‍ ഓര്‍ക്കുകയായിരുന്നു. ഈയിടെ ആയി താനിഷ്ടപ്പെടുന്നതെല്ലാം അവളില്‍‍ കാണാന്‍‍ ശ്രമിക്കുന്നില്ലേ. ഒരു ചിത്രകാരന്‍‍ വരച്ച ചിത്രം മനോഹരമാക്കാന്‍‍ ശ്രമിക്കുന്നതു പോലെ. കോടിയ മൂക്കിനെ നേരെ ആക്കുന്നു. ചിരിച്ച മുഖം മനോഹരമാക്കുന്നു. അതെ തനിക്കു വേണ്ടുന്നതു് ഇല്ലാത്തയിടത്തു നിന്നു കണ്ടെത്തുന്ന തന്‍റെ മനസ്സിനു് ആയിരം പ്രണാമം നല്‍കി. അവള്‍‍ കൊണ്ടു വന്ന ചായ കുടിച്ചിട്ടു് വെറുതേ പറഞ്ഞു.. ഉഷയെ മനസ്സിലായോ.?
ഉഷ. ഉഷ......
അങ്ങനെ ഉഷ വല്ലപ്പോഴും ഉള്ള ഞങ്ങളുടെ അലോസരത്തിലൂടെ ജീവിക്കുകയായിരുന്നു.
ഓര്‍മ്മകളുടെ കുഞ്ഞോളങ്ങളില്‍‍ ഞാനൊരു വള്ളം തുഴയുകയായിരുന്നു. എന്‍റെ ഭാര്യയെ ഞാന്‍‍ അനസൂയയായി സങ്കല്പിച്ചു. ഉഷയുടെ ഓര്‍മ്മകള്‍‍ മറന്നു പോയ പുസ്തക താളുകളിലെ മയില്‍ പീലി മാറ്റി ഞാന്‍ വായിക്കാന്‍ ശ്രമിച്ചു.........



ആറാം ക്ലാസ്സില്‍ പുത്തനുടുപ്പും ബാഗുമായി ചെല്ലുമ്പോള്‍ മുന്‍‍ ബഞ്ചിലെ പുതിയ കൂട്ടുകാരി പറഞ്ഞു.
ഞാന്‍‍ ഉഷ. അച്ഛനു് സ്ഥലം മാറി വന്നു. നിന്‍റെ പേരെന്താ.?
നല്ല പൂക്കളുള്ള പാവാട. റിബണ്‍ കെട്ടി രണ്ടുവശത്തേയ്ക്കും പിന്നിയിട്ടിരീക്കുന്ന മുടി.
പുസ്തകങ്ങള്‍ വച്ചിരിക്കുന്ന ബാഗിനും എന്തൊരു ചന്തം. ചന്തനത്തിന്‍റെ സുഗന്ധം.
മുഖത്തു് ചോര മായുന്നതറിഞ്ഞ രാജനെന്ന അയാള്‍ വിളറി വെളുത്ത മുഖത്തോടെ വിക്കി പറഞ്ഞു രാജന്‍.
അപ്പുറത്തും ഇപ്പുറത്തും ഇരുന്ന ശാന്ത, വിജയ കുമാരി, സരള, വര്‍ഗ്ഗീസു് , ഐഷാബീവി ഒക്കെ ചിരിക്കുന്നതു കണ്ടു.
കടന്നു പോയ വര്‍ഷങ്ങളില്‍ ക്ലാസ്സു പരീക്ഷകളില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പട്ടണക്കാരിയുടെ പുറകില്‍‍ രണ്ടാം സ്ഥാനത്തു വരുമ്പോള്‍, തന്നെ നോക്കുന്ന ഉഷയുടെ കണ്ണുകളില്‍ സഹതാപമായിരുന്നോ. അനുമോദനങ്ങളായിരുന്നോ.‍‍.?


എന്നോ ഒരിക്കല്‍‍ ദീപാരാധനയുടെ മഞ്ഞ പ്രകാശത്തില്‍ തന്നെ ശ്രദ്ധിക്കുന്ന കണ്ണുകള്‍ ഉഷയുടെ ആയിരുന്നു എന്നറിയുമ്പോള്‍, ഉഷ അടുത്തു നില്പുണ്ടായിരുന്നു. ഉഷ സംസാരിച്ചു. കൂടെ നിന്ന അവളുടെ അമ്മ സംസാരിച്ചു..
ഉഷയുടെ അച്ഛന്‍‍ രാജന്‍റെ സ്ഥലത്തു് ജനിച്ചു വളര്‍ന്നു് ഉയര്‍ന്ന പരീക്ഷ പാസ്സായി വലിയ ഉദ്യോഗം കിട്ടിയ ആദ്യ കേമന്മാരിലൊരാളായിരുന്നു. തിരുവനന്ത പുരത്തു് വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ സ്ഥലം മാറ്റമാണു്, സ്വന്തം നാട്ടിലേയ്ക്കു് താല്‍ക്കാലികമായി കുടുംബത്തെ മാറ്റി താമസിക്കാന്‍‍ ഇടയാക്കിയതു്.


വീടിനടുത്തു് താമസിച്ചിരുന്ന ഉഷ സ്കൂള്‍ വിട്ടാല്‍‍ കളിക്കാന്‍‍ തങ്ങളോടൊപ്പം കൂടിയിരുന്നു.
സാറ്റു കളി. ഒളിച്ചിരിക്കാന്‍ പുതിയ സങ്കേതം കണ്ടെത്താന്‍ പ്രഗത്ഭനായിരുന്നു രാജന്. കളിയില്‍‍ ജയിക്കുന്ന രാജനോടൊപ്പം എന്നും ഒളിച്ചിരിക്കാന്‍‍ ഉഷയും ഉണ്ടായിരുന്നു. കണ്ടുപിടിക്കാനൊക്കാത്ത സ്ഥലങ്ങളില്‍ ചേര്‍ന്നിരുന്നു് അവര്‍ കാര്യം പറഞ്ഞു.
അവളുടെ ശബ്ദത്തിനു് മാധുര്യമുണ്ടെന്നും അവളുടെ സംഭാഷണങ്ങളിലും സൌന്ദര്യമുണ്ടെന്നും രാജനറിയാന്‍ തുടങ്ങി.
ഒരിക്കലൊളിച്ചിരുന്നു .കൂട്ടുകാരന്‍‍ ശശി, തൂണില്‍ മുഖം മറച്ചു് എണ്ണാന്‍ തുടങ്ങി. ഒന്നു്..രണ്ടു്...മൂന്നു്...സാറ്റു കളിയാണു്...
പൊളിഞ്ഞു കിടന്ന നടപ്പന്തലിനും താഴെയുള്ള നന്ത്യാര്‍ വനത്തിലെ കൊച്ചുകൊട്ടിലില്‍ എത്തി രാജന്‍ ‍ ഒളിച്ചിരുന്നു.
അതേ കയ്യാല ചാടി എഴുപതെണ്ണുന്നതിനു മുന്‍പു് എത്തിയ ഉഷയുടെ കാല്‍ വണ്ണയില്‍ തൊട്ടാവാടി കൊണ്ടു മുറിഞ്ഞിരുന്നു.
വെളുത്ത കൈയില്ലാത്ത പെറ്റിക്കോട്ടിട്ട ഉഷ . കമ്മ്യൂണിസ്റ്റു പച്ചില പിഴിഞ്ഞൊഴിക്കുമ്പോള്‍ ആദ്യമായി ഉഷയുടെ ചന്ദന നിറമുള്ള തുട കണ്ടു.
എന്തൊക്കെയൊ പറഞ്ഞിരുന്നപ്പോഴായിരുന്നു ഇടവപ്പാതി അലറി വിളിച്ചതു്.
ഇടിയും മിന്നലും .വടക്കു ഭാഗത്താകാശത്തു് കല്ലിപ്പനങ്ങാട്ടെ ആഞ്ഞിലി മരം ഉറഞ്ഞു തുള്ളുന്നതു കാണാം.
സാറ്റു കളി നിര്‍ത്തി ഓടുന്ന കൂട്ടുകാരുടെ പാദ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.
മഴ തോരരുതേ എന്നാശിച്ചു. എന്തൊക്കെയോ പറഞ്ഞു ചിരിച്ചിരുന്നു.
മഴ തോര്‍ന്നതിനു ശേഷം കയ്യാലയ്ക്കു മുകളില്‍ വലിഞ്ഞു കയറി ഉഷയെ പിടിച്ചു കേറ്റി. കുതിര്‍ന്ന കൈയാല ഇടിഞ്ഞു വീണു് വീണ്ടും ചിരിച്ചതും ഇന്നലെ ആയിരുന്നോ.... ഉടഞ്ഞു വീണ ചുമന്ന കുപ്പി വളകള്‍ ചിതറിയ കുഴഞ്ഞ മണ്ണു ചവുട്ടി നടന്നതും.....ഇന്നലെ തന്നെ.


പിന്നീടുഷയെ കണ്ടിരുന്നില്ല.
ഉഷയില്ലാത്ത സാറ്റുകളിയില്‍ എന്നും രാജന്‍ ആദ്യം തന്നെ കണ്ടുപിടിക്കപ്പെട്ടു.
അമ്പലത്തില്‍ വച്ചൊരു ദിവസം അമ്മയോടൊപ്പം വന്ന വലിയ പാവാടയുടുത്തു് ധാവണി ചുറ്റിയ ഉഷയെ അയാള്‍ കണ്ടു.
മുഖത്തു് നാണം കൂടുതലായിരുന്നു എന്നും ഒരു കള്ള ചിരി കണ്ണിലൊളിപ്പിച്ചിരുന്നു എന്നുമൊക്കെ മനസ്സിലാക്കാന്‍ രാജനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.


പത്താം ക്ലാസ്സില്‍‍ പഠിക്കുമ്പോഴായിരുന്നു.വൈകുന്നെരം അമ്പലത്തില്‍ വച്ചു് ഉഷ പറഞ്ഞു. നാളെ റ്റി.സി. വാങ്ങി ഞങ്ങള്‍ പോകുകയാണു്. അച്ഛനു് വീണ്ടും തിരുവനന്തപുരത്തേയ്ക്കു് സ്ഥലം മാറ്റം. പ്രൊമോഷനോടുകൂടി.
മനസ്സില്‍ കൊള്ളിയാന്‍ മിന്നി. രാജനു് അഡ്രെസ്സു തരാം. എഴുതാമല്ലൊ. അവള്‍ ചിരിച്ചു. രാജന്‍ ചിരിക്കാന്‍‍ ശ്രമിച്ചു.
നന്ത്യാര്‍ വട്ടം പൂക്കള്‍ വിതറുന്ന വെട്ടു പാതയിലൂടെ അവള്‍ നീങ്ങി.


അന്നു് രാജനുറങ്ങിയില്ല. പിറ്റേ ദിവസം അവരുടെ വീട്ടിലേയ്ക്കോടിച്ചു പോയ ടാക്സിക്കു പുറകേ രാജനും നടന്നു. വഴിയരുകിലേ അയണി മരത്തിനടുത്തായൊളിഞ്ഞു നിന്നു.
വലിയ വലിയ പെട്ടികളും ബാഗുകളും ഒക്കെ കാറിനു മുകളില്‍ കെട്ടി വച്ചു.
മറ്റു സാധനങ്ങളൊക്കെ ഒരു ലോറിയില്‍ പൊയ്ക്കഴിഞ്ഞു.
ഉഷയുടെ അച്ഛന്‍ അമ്മ ഇളയ അനിയന്‍ ഒക്കെ വണ്ടിയില്‍ കയറുന്നു. ഉഷ സൈഡിലാണിരിക്കുന്നതു്. തന്നെ കാണാനായി കൈയാലയുടെ സൈഡിലേയ്ക്കു് മാറി നിന്നു.
ഒന്നു കൈയെങ്കിലും വീശാമല്ലോ. ഓടി വരുന്ന വണ്ടിയുടെ സൈഡു സീറ്റില്‍ കണ്ണും നട്ടു് അയാള്‍ നിന്നു.
കാറ്റത്തു് പറന്നു പാറുന്ന ഉഷയുടെ തലമുടിയുടെ നിഴലില്‍ ഒരു ജന്മ സായൂജ്യം നഷ്ടപ്പെടുന്നതറിഞ്ഞു് രാജന്‍ തിരിച്ചു പോയി.



വര്‍ഷങ്ങളുടെ മറവില്‍ നീരാഴിയിലെ മാവു് പല പ്രാവശ്യം പൂക്കുടകള്‍ നിവര്‍ത്തി.
രാജന്‍റെ ജീവിതവും ....
ശ്രീമതിയെ അലോസരപ്പെടുത്താന്‍ മാത്രം ഉഷ..ഉഷ...എന്ന ശബ്ദം വല്ലപ്പോഴും ഉരുവിട്ടിരുന്നു.
ഒരു പക്ഷേ മറക്കാന്‍‍ മടികാണിക്കുന്ന മനസ്സിന്‍റെ വിഹ്വലതകളായിരുന്നോ അതു്.


..............

വേരുകള്‍ തേടി എത്തുന്ന വര്‍ഷാവര്‍ഷ സന്ദര്‍ശനം തന്നെ ആയിരുന്നല്ലോ അതും.
ഓര്‍മ്മകളുടെ അപ്പൂപ്പന്‍‍ താടികളില്‍, മനസ്സിന്‍റെ വിങ്ങലുകള്‍ക്കു് , ശബ്ദമുണ്ടാകുന്ന ദിവസങ്ങള്‍.
മക്കള്‍ ഓടി നടന്നു. കാണാത്ത കാഴ്ച്ചകള്‍ കണ്ടു് , ഒരു കെട്ടു സംശയങ്ങളുമായി അമ്മൂമ്മയുടെ പിന്നാലെ..
നാളെ ഞങ്ങള്‍ തിരിച്ചു പോകുകയാണു്. അന്നു് അമ്പലത്തില്‍ ദിപാരാധന കണ്ടു തൊഴുതു.
ജനിച്ചു വളരുന്നതു കണ്ട ശിലാവിഗ്രഹങ്ങളോടയാള്‍ എന്നത്തേയ്മ് പോലെ യാത്ര ചോദിച്ചു.
പുറത്തു് പൂത്തു നിന്ന അരളിമരത്തിനടുത്തു് ,മോനെയും മോളെയും കെട്ടി പിടിച്ചു നില്‍ക്കുന്ന സ്ത്രീരൂപത്തിനടുത്തു അയാളെത്തി. അതേ...ഉഷ....വര്‍ഷങ്ങളിലൂടെ ...മാറ്റങ്ങളുടെ പേമാരിയില്‍, മെലിഞ്ഞൊരു നിഴല്‍ രൂപമായിമാറിയ ഉഷ അയാളെത്തിയപ്പോഴേയ്ക്കും ഇരുട്ടിലേയ്ക്കു മാഞ്ഞു കഴിഞ്ഞിരുന്നു. ആരാണതു് എന്ന ഭാര്യയുടെ ചോദ്യത്തിനു് ഒരു ത്തരം നല്‍കാതെ അയാള്‍ മിണ്ടാതെ നിന്നു.


ഭാര്യയെ അലോസരപ്പെടുത്താനായി അയാള്‍ പിന്നീടു് ഉഷ എന്നൊരിക്കലും പറഞ്ഞിട്ടില്ല...
__________________________________________________________________________________

ചിത്രം വരച്ചതു്.- വേണു

Monday, January 29, 2007

നാരായണന്‍ കുട്ടി

Buzz It
നാരായണന്‍ കുട്ടി അന്നും രാവിലെ എഴുന്നേറ്റു. തട്ടു കടയില്‍ നിന്നും ബ്രെഡും ചായയും കഴിക്കുമ്പോള്‍(വെറുതെ നാട്ടിലെ മുരിയങ്കുന്നു രാഘവന്‍ പിള്ള ചേട്ടന്‍റെ കടയിലെ ദോശ ഓര്‍മ്മിച്ചു) നേരേ ഓഫീസ്സിലേയ്ക്കു് നടന്നു. ഒന്നര കിലോമീറ്റര്‍‍ ദൂരമേയുള്ളു. രണ്ടു രൂപാ കൊടുത്താല്‍ റിക്ഷയില്‍ പോകാവുന്നതേയുള്ളു. നടന്നു പോകാനാണു് നാരായണന്‍ കുട്ടിയ്ക്കിഷ്ടം. വഴിയോര കാഴ്ചകള്‍ കണ്ടു് ഒരു സ്വപ്നജീവിയായി നടന്നു പോകുന്നതിലെ സുഖം ഒന്നു വേറെയാണു്. നടക്കുമ്പോള്‍

നാരായണന്‍ കുട്ടിയുടെ മനസ്സില്‍, മൂന്നാമത്തെ പെങ്ങള്‍ക്കു് കൊടുക്കാനുള്ള ബാക്കി തുകയുടെ കാര്യമെഴുതിയ അമ്മയുടെ ഏഴാമത്തെ

കത്തു് നിവര്‍ന്നിരുന്നു. ഓരോരോ വരി കൂട്ടി വായിച്ചു നടന്ന നാരായണന്‍ കുട്ടിയുടെ ചുറ്റും കാറും ബസ്സും ഹിന്ദി സംസാരിക്കുന്ന

ആളുകളും ഒഴുകിക്കൊണ്ടിരുന്നു.

‍--------------


ഇനി നാരായണന്‍ കുട്ടിയെ ഒന്നു പരിചയപ്പെടാം. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിലെ ഒരു ഗ്രാമം.ഒന്നോ രണ്ടോ ട്രാന്‍‍സ്പോര്‍ട്ടു ബസ്സു് ആ ഗ്രാമത്തിലൂടെ പോകും. ഒരു ചെറുകഥ നെറ്റിയിലൊട്ടിച്ചു വച്ചിട്ടുള്ള ആ ബസ്സുകളുടെ ബോര്‍ഡു വായിക്കാന്‍ തന്നെ സമയമെടുക്കും. ഒരു പോസ്റ്റാഫീസ്സും ഒരു ബ്ലോക്കാഫീസ്സും ഒരു സ്ക്കൂളുമുള്ള ഒരു ഗ്രാമം. അമ്പലവും ചിറയും ചിറക്കരയിലായി വലിയൊരു കുട നിവര്‍ത്തി നില്‍ക്കുന്ന ഒരു നാട്ടു മാവു്. ആ നാട്ടുമാവിന്‍ ചുവട്ടിലെ നിഴലായിരുന്നു ബസ് സ്റ്റാന്‍റു്.

നാരായണന്‍ കുട്ടി ഈ ഗ്രാമത്തിലെ ഒരു യുവാവാണു്. നാരായണന്‍ കുട്ടിയ്ക്കു് സ്വന്തമായി മൂന്നമ്മമാരും മൂന്നു പെങ്ങന്‍‍മാരും

കല്യാണം മരണം തുടങ്ങിയ സമയങ്ങളില്‍ മാത്രം അച്ഛന്‍റെ ഭാഗം അഭിനയിക്കാനായി എത്തുന്ന വകയില്‍ രണ്ടച്ഛന്മാരും , അടുത്ത
ഇടവപ്പാതിയ്ക്കുരുണ്ടു വീഴാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു വീടും ഉണ്ടായിരുന്നു.

എല്ലാം കൊണ്ടും സമ്പന്നമായ കുടുംബത്തില്‍ പിറന്നതുകൊണ്ടു്, നിര്‍മ്മാല്യം തൊഴാന്‍ പോകാറുള്ള നാരായണന്‍ കുട്ടി, ആളൊഴിഞ്ഞ നേരം നോക്കി നടയ്ക്കു മുന്നില്‍ നിന്നു് ശങ്കര നാരായണനുമായി തര്‍ക്കിക്കുകയും പലപ്പോഴും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുമായിരുന്നു.

പക്ഷേ നാരായണന്‍ കുട്ടി എവിടെയും ആ ഗ്രാമത്തിലെ ഒരു സാന്നിധ്യമായിരുന്നു. ജാനുവമ്മയുടെ പുര മേയുന്നതു കണ്ടാല്‍ അവിടെ
ചെന്നും നാലോല പറക്കിയിട്ടു കൊടുക്കും. ഏതു മരണം നടന്നാലും ആരു സുഖമില്ലാതെ കിടന്നാലും ഏതു കല്യാണങ്ങള്‍ നടന്നാലും
നാരായണങ്കുട്ടി അവിടെയുണ്ടു്. വായനശലയിലായാലും യുവജനമേളകള്‍ക്കായാലും ഉത്സവകമ്മിറ്റിയിലായാലും നാരായണന്‍ കുട്ടിയുടെ സാന്നിധ്യം ഉണ്ടു്.

അവസാന ദിവസങ്ങളില്‍ ഉത്സവകമ്മറ്റിയാഫീസ്സു് വീടാക്കി മാറ്റിയ,ആരോരുമില്ലാതിരുന്ന കുഞ്ഞന്‍ പിള്ള ചേട്ടനെ
ആശുപത്രിയിലാക്കിയപ്പോഴും കൂടെ നിന്നു് രണ്ടു മൂന്നു ദിവസം ശുശ്രൂഷിക്കാനും നാരായണന്‍ കുട്ടിയുണ്ടായിരുന്നു.ഇവിടെ
ആ ചുറ്റുവട്ടമുള്ള അമ്മമാര്‍ പറ്ഞ്ഞു. സരോജിനിയുടെ ഭാഗ്യം.

പ്രീഡിഗ്രി കഴിഞ്ഞ നാരായണന്‍ കുട്ടി പിന്നെ പഠിക്കാനൊക്കാതെ വന്നപ്പോള്‍, ഒരച്ഛനില്ലാത്ത ദഃഖം ശരിക്കറിഞ്ഞു്, നട്ടുച്ച
സമയങ്ങളില്‍ അമ്പലമുറ്റത്തു് ശങ്കരനാരായണനുമായി വിഷമങ്ങള്‍ പങ്കുവച്ചു് കഴിഞ്ഞു കൂടി.

ഇനി നാരായണന്‍ കുട്ടിയ്ക്കെങ്ങനെ മൂന്നമ്മമാര്‍.?

അമ്മ നമ്പര്‍ 1

അതു് അമ്മൂമ്മയാണു്. അയാളെ കണ്‍ വെട്ടത്തു കാണുമ്പോഴൊക്കെ ഓര്‍മ്മിപ്പിക്കും. നിനക്കറിയാമോ നാരായണാ..പള്ളിവേട്ട ,

തെക്കു നിന്നെഴുന്നള്ളിച്ചു വരുന്നു. നിശബ്ദ്മായി ആനപ്പുറത്തിരുന്നു നടവാതിലില്‍ വന്ന ശങ്കരനാരായണനെ, നിറവയറുമായിട്ടു
ഉമ്മറപ്പടിയില്‍ നിന്ന നിന്‍റെ അമ്മയെ കാണിച്ചു് , ഞാന്‍ വാവിട്ടപേക്ഷിച്ചു. ഇതൊരാണായിരിക്കേണമേ. അങ്ങനാടാ നാരായണന്‍ കുട്ടീ
ആണ്‍ വേരറ്റ ഈ വീട്ടില്‍ ഒരാണൊണ്ടായതു്. ഓര്‍മ്മയുണ്ടോ,?

ഒത്തിരി തവണ കേട്ടതാണെങ്കിലും നാരായണന്‍ കുട്ടി അമ്മൂമ്മയോടു പറയും. അതിനെന്താ, ഈ വയസ്സുകാലതു് ഒന്നാംതരം ഒരു വീട്ടില്‍ അല്ലലൊന്നും ഇല്ലാതെ വല്യമ്മയ്ക്കു് കണ്ണടയ്ക്കാന്‍ വല്യ ഒരു വീടു വക്കുമല്ലോ. ഈ നാരായണന്‍ കുട്ടി വല്യ കാശുകാരനാവില്യോ. വെറ്റിലക്കറ പുരണ്ട പല്ലുകള്‍ കാട്ടി അമ്മൂമ്മ ചിരിക്കുമ്പോള്‍ നാരായണന്‍ കുട്ടി സന്തോഷിക്കും.
അമ്മ നമ്പര്‍ 2
അടുത്തതു് കുഞ്ഞമ്മയാണു്.കല്യാണം കഴിക്കാന്‍ മറന്നു പോയതാണോ.? ഓര്‍ത്തു വന്നപ്പോഴേയ്ക്കും കാലം മറന്നു കടന്നു കളഞ്ഞതാണോ. എന്തോ. അവിവാഹിതയായ, സകല സമയവും അമ്പലവും പൂക്കളും രാമായണം വായനയും ഒക്കെയായി കഴിയുന്ന അവര്‍ പറയും. നാരായണന്‍ കുട്ടീ, നിനക്കും നിന്‍റെ ഇളയതുങ്ങള്‍ക്കും വേണ്ടി തന്നെ ഞാന്‍ ജീവിച്ചു. ഒക്കെ അറിയാം കുഞ്ഞേ മുകളിലിരിക്കുന്ന ഒരാളിനു്. ഹാ.. ഏച്ചു കെട്ടിയാല്‍ മുഴച്ചല്ലാഇരിക്കൂ. ഇനി ഞാന്‍ ഈ വയസ്സുകാലത്തെങ്ങോട്ടു പോകാനാ.? അതിനു് കുഞ്ഞമ്മ എവിടേം പോകണ്ടാ. ഞാനില്ലെ കുഞ്ഞമ്മയ്ക്കു്, നാരായണന്‍ കുട്ടി പറയും.
അമ്മ നമ്പര്‍ 3

അതാണു് അമ്മ. സുന്ദരി ആയിരുന്നു എന്നു് ഇന്നും ആ കണ്ണുകളില്‍ നോക്കിയാല്‍ അറിയാം. ചെയ്ത തെറ്റുകളോര്‍ത്തു് ഒരു ജീവശ്ശവമായി കഴിയുന്നു. വളര്‍ന്നു വരുന്ന മൂന്നു പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടാനും മറക്കില്ല.

നാരായണന്‍ കുട്ടി ആ ഗ്രാമത്തിന്‍റെ നിഴലും ഗാനവും നിറവും പ്രതിഭയും ആത്മാവും ഒക്കെ ആയി കഴിയുകയായിരുന്നു.അങ്ങനെ,

അപ്രതീക്ഷിതമായി ഒരു ദിവസം പാരലല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സദാശിവന്‍ പിള്ള ,വീട്ടില്‍ വന്നു വിളിക്കുകയും, അങ്ങനെ നാരായണന്‍ കുട്ടി അവിടെ അദ്ധ്യാപകനാകുകയും ചെയ്തു.

നാരായണന്‍ കുട്ടിയുടെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കുട്ടികള്‍ക്കിഷ്ടമാവുകയും നാരായണന്‍ കുട്ടി പ്രൈവറ്റായി BA പാസ്സാവുകയും ചെയ്തു. കൂടെ പഠിച്ചവര്‍ക്കൊക്കെ നല്ല നല്ല ജോലിയായപ്പൊഴും ഇംഗ്ലീഷില്‍ ബിരുദമുള്ള നാരായണന്‍ കുട്ടി ടെസ്റ്റുകള്‍ എഴുതിക്കൊണ്ടേയിരുന്നു.

കാലമാരെയും കാത്തു നില്‍ക്കുന്നില്ലല്ലോ. അഭിഷേക തീര്‍ഥ ശിലയിലരുകില്‍ ശ്രീദേവിയെ കാണുന്നതും , കാണുമ്പോഴുള്ള നക്ഷത്ര തിളക്കത്തിനു് പ്രേമമെന്നു പേരു കൊടുക്കാനൊക്കാതെ വിഷമിച്ചതും നാരായണന്‍ കുട്ടി ഓര്‍ക്കുന്നു. ശ്രീദേവിയുടെ കല്യാണ എഴുത്തച്ചടിച്ചു് നാരായണന്‍ കുട്ടിയും വീടു വീടാന്തരം കൊടുത്തതും ...പിന്നെ....ശ്രീദേവിയുടെ കല്യാണത്തിനു് തലേ ദിവസം ഊട്ടു പുരയില്‍ ദേഹണ്ണക്കാരോടൊപ്പം ഉറക്കമൊഴിക്കാന്‍ നാരായണങ്കുട്ടിയുമുണ്ടായിരുന്നു.

നാരയണന്‍ കുട്ടി മിന്നാമിനുങ്ങുകളുടെ നിഴലിനു പിന്നിലെ സ്വപ്നങ്ങളില്‍ കാണാന്‍ ശ്രമിച്ചിരുന്ന ശ്രീദേവി,കല്യാണ ശേഷം കാറില്‍

കേറി പോകുന്നതു് ശ്രീ ദേവി കാണാതെ നീരാഴി മാവിന്‍റെ അപ്പുറത്തുള്ള വളവില്‍ നിന്നു് കണ്ടു നാരായണന്‍ കുട്ടി തിരിച്ചു പോന്നു.

വീട്ടില്‍ വന്നു് രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന നാരായണന്‍ കുട്ടി, അടുത്ത മുറിയില്‍ ഉറങ്ങുന്ന മൂന്നു പെങ്ങന്മാരെ ഓര്‍ത്തു് ,

ശ്രീദേവിയെ മറക്കാന്‍ ശ്രമിച്ചുറങ്ങാന്‍ കിടന്ന തലയിണ നനഞ്ഞു കുതിര്‍ന്നതു് വടക്കെകരയിലെ കൊന്നതെങ്ങിന്‍റെ തുഞ്ചത്തു നിന്ന നക്ഷത്രങ്ങള്‍ കാണുന്നുണ്ടായിരുന്നു.

ആദ്യ പെങ്ങള്‍ക്കൊരാലോചന വന്നപ്പോള്‍ അമ്മ പറഞ്ഞു. വീടിനടുത്ത ഒരേക്കറില്‍ പകുതി എഴുതാം. നാരായണന്‍ കുട്ടി എന്ന ആങ്ങള ഒരച്ഛനായി നിന്നു ആ കല്യാണം കെങ്കേമമായി നടന്നു.കല്യാണം കഴിച്ചു് കുട്ടികളുമായ സുഹൃത്തുക്കള്‍ ചോദിച്ചു.?

ഇനി എന്നാടോ തന്‍റെ സദ്യക്കു വരേണ്ടതു്.? ഭങ്ങിയായി ചിരിച്ച നാരായണന്‍ കുട്ടി, അടുത്ത വര്‍ഷം അമ്മ പറഞ്ഞതനുസരിച്ചു് ബാക്കി അമ്പതു സെന്‍റു് എഴുതി രണ്ടാമത്തെ പെങ്ങളെ ഒരു ഗള്‍ഫുകാരന്‍റെ ഭാര്യ ആക്കി.

പിന്നെയും നീരാഴിക്കരയിലെ നാട്ടു മാവു പൂത്തു.ആകാശത്തൊരു വലിയ പൂക്കുടയുമായി നിന്നു.

അമ്പലത്തിലെ തളക്കല്ലുകള്‍ പഴുത്തു കിടക്കുന്ന ഉച്ച സമയങ്ങളില്‍ ,നാരായണന്‍ കുട്ടി അവിടെ ഒക്കെ ശങ്കര നാരായണനെ

തെരയുകയും സങ്കല്പങ്ങളില്‍ നിന്നു് ചെല വാഗ്വാദങ്ങള്‍ നടത്തി കരഞ്ഞു തിരിച്ചു വീട്ടില്‍ പോരുകയും ചെയ്തു.

ആയിടയ്ക്കൊരു ദിവസമായിരുന്നു, വടക്കെ ഇന്‍ഡ്യയിലൊരു പട്ടണത്തില്‍ ജോലി ചെയ്യുന്ന സുഹൃത്തു് അങ്ങോട്ടു വിളിച്ചതു്. ഒരു നല്ല ജോലി കിട്ടിയ നാരായണന്‍ കുട്ടി പോകുമ്പോള്‍ ജാനുവമ്മ പറഞ്ഞു. സരോജിനിയുടെ ഭാഗ്യം.

താറുടുത്തു നിന്ന് കിഴക്കോട്ടു നിന്നമ്മൂമ്മ പറഞ്ഞു നാരായാണാ...പള്ളിവേട്ട എഴുന്നള്ളിച്ചു വരുന്നു. തെക്കു നിന്നു് ആനപ്പുറത്തു് ശങ്കര നാരായണന്‍ എഴുന്നെള്ളുന്നു. നിന്‍റമ്മ സരോജിനി പൂര്‍ണ ഗര്‍ഭിണീ. തൊഴു കൈയോടെ നിന്നു ഞാന്‍ കേണടാ. ആണ്‍ തരി തീര്‍ന്ന ഈ വീട്ടില്‍.
മോനെ നീ പോയി വാ.

മാല കെട്ടി ക്കൊണ്ടിരുന്ന കുഞ്ഞമ്മയെ നോക്കി, അമ്മയുടെ കണ്ണുകളിലെ നിസ്സാഹയതയെ നോക്കി വളരുന്ന കുഞ്ഞു പെങ്ങന്മാരെ നോക്കി, അടുത്ത ഇടവപ്പാതിയ്ക്കു് നിലം പതിച്ചേക്കാവുന്ന തന്‍റെ വീടിനെ നോക്കി നാരായണന്‍ കുട്ടി പടി ഇറങ്ങി.

-----------------

നാരായണന്‍ കുട്ടി നടന്നു നടന്നു പോകുകയായിരുന്നു. വഴി വക്കത്തു പാമ്പുകളെ ക്കാണിച്ചു മാജിക്കിലൂടെ ഉപജീവനം നടത്തുന്ന പ്രഗത്ഭന്‍റെ മുന്നില്‍ നിന്നു അല്പസമയം ആ വാചക കസര്‍ത്തില്‍ ലയിച്ചു നിന്നു. “അമ്മ പെങന്മാരേ അച്ഛന്മാരേ... ഇതു പെരും വിഷമുള്ള ഹിമാലയന്‍ കരിം പാമ്പു്.ഇതിനപ്പുറ്മുള്ള..ഈ.. അങ്ങനെ ഓരോരൊ പാമ്പുകളെ കാണിച്ചു് സമയം പോക്കി ...അവസാനം ഒരു പ്ലാസ്റ്റിക്‍ ബക്കറ്റു കാണിച്ചു പറഞ്ഞു. ഇതിലാണു് വിഷം ചീറ്റും പെരു നാഗം. പിന്നെയും കാത്തു നിന്നു നാരായണന്‍‍ കുട്ടി. ഈ നാഗം ചീറ്റുന്ന കാറ്റില്‍ മുന്നില്‍ നില്‍ക്കുന്ന ചെടികള്‍ കരിഞ്ഞു വീഴും. പക്ഷേ പേടിക്കേണ്ട. ഇതിന്‍റെ പല്ലുകള്‍ പോയതിനാല്‍ ഒരു കാറ്റു മാത്രമേ വീശൂ. ഈ ബക്കെറ്റ് അതിനാല്‍ തുറക്കുന്നതു അവസാനമായിരിക്കും.
നാരായണന്‍ കുട്ടിയുടെ തല വിയര്‍ക്കാന്‍ തുടങ്ങി. നെറ്റിയ്ക്കു മുകളില്‍ തന്‍റെ കൈകള്‍ പോയപ്പോള് കഷണ്ടി ബാധിക്കുന്ന തല തടവി ഓര്‍ത്തു പോയി.
ആദ്യമായി നാരായണന്‍ കുട്ടിയെ കാണാന്‍ മോഹന്‍ലാലിനെ പോലെയാണെന്നു് പറഞ്ഞതു് ശ്രീദേവിയായിരുന്നു.ആ വിവരം ആരോ
പറഞ്ഞറിഞ്ഞ ആമ്മൂമ്മ ചന്തയ്ക്കു മുമ്പിലുള്ള സിനിമാ പരസ്യം ഒട്ടിച്ച ബോറ്ഡു പോയി നോക്കി വന്നു പറഞ്ഞു പോല്‍.

നാരായണന്‍ കുട്ടീടെ വാലേല്‍ കെട്ടാന്‍ കൊള്ളാമോ ഇവനെ.

രണ്ടു വര്‍ഷം മുന്‍പു് നാട്ടില്‍ ചെന്നതു്, അമ്മൂമ്മയുടെ മരണ വിവരമറിഞ്ഞു് പത്താം ദിവസമായിരുന്നു.

അടുത്ത ഇടവപ്പാതിയില്‍ ഉരുണ്ടു വീഴാന്‍ നിന്ന ആ വീട്ടില്‍ തന്നെ അമ്മൂമ്മ, അന്ത്യശ്വാസം വലിച്ചതും ഒരുനോക്കു കാണാനൊക്കാതെ ദൂരെ മഹാനഗരത്തിലെ കാനേഷുമാരിയിലെ അറിയെപ്പെടാത്ത ഒരക്കമായി മാറിയതും നാരായണന്‍ കുട്ടി അന്നു് ദുഃഖത്തോടെ ഓര്‍ത്തിരുന്നു.

ഗള്‍ഫില്‍ നിന്നു വന്ന രണ്ടാമത്തെ പെങ്ങള്‍ അഭിമാനത്തോടെ പറയുന്നതു കേട്ടു. നരേന്ദ്രപ്രസാദിനെ സിനിമയിലൊക്കെ കാണുമ്പോള്‍

ചേട്ടന്‍ പറയുമെന്നു്, അളിയന്‍റെ കട്ടാണു് എന്നു്. ഒന്നും മിണ്ടാതെ നടന്നു പോകുന്ന അമ്മയെ നോക്കാതെ ,നാരായണന്‍ കുട്ടി
അമ്പലത്തിലെ പോച്ചപ്പുറത്തിനുമപ്പുറം താന്‍ പണ്ടൂ സാറ്റു കളിക്കുമ്പോള്‍ ഒളിച്ചിരിക്കാറുള്ള (ശ്രീദേവിയുമായി) ഭിത്തിക്കുമിപ്പിറം ജനിമൃതികളുടെ നിഴലുകളെ നോക്കിയിരുന്നു.
----------------------

ഓഫീസ്സിലെത്തിയ നാരായണന്‍ കുട്ടി , മാനേജര്‍ എന്നെഴുതിയ ചെറിയ ബോര്‍ഡുള്ള, മേശയ്ക്കു പുറകിലെ കസേരയിലിരുന്നു. എക്സ്പോര്ട് ഇമ്പോര്ട് കണക്കുകളിലും മറ്റു ഫയലുകളിലും വ്യാപൃതനായി. അല്പ സമയത്തിനു ശേഷം വന്ന ബോസ്സു് നാരായണന്‍ കുട്ടിയെ അകത്തേയ്ക്കു വിളിച്ചു.

മാനേജര്‍ പദവിയൊക്കെ ഉണ്ടെങ്കിലും പ്യൂണിന്‍റെ ജോലി വരെ ചെയ്യെണ്ടി വരുന്ന ഈ ഓഫീസ്സില്‍ പലപ്പോഴും, പല ഓഫീസ്സുകളിലും പല കത്തിടപാടുകളും പ്രധാന കടലാസ്സുകളും മോട്ടര്‍ ബൈക്കില്‍ കൊണ്ടെത്തിക്കെണ്ടതും നാരായണന്‍ കുട്ടിയുടെ ജോലിയായി ഭവിക്കാറുണ്ടു്.

അന്നും അങ്ങനെ ഒന്നു വന്നു ഭവിച്ചു. മിസ്റ്റര്‍.കുട്ടി ഈ പേപ്പര്‍ വളരെ അത്യാവശ്യമായി സബ്മിട്ടു ചെയ്യണം. ബിഫോര്‍ 2 pm.

നിങ്ങള്‍ ഒരു മണിക്കു മുന്‍പു് പൊയ്യ്ക്കൊള്ളൂ. ശരി സര്‍. നാരായണന്‍ കുട്ടി ഒരു മണിക്കു തന്നെ പേപ്പറുമായി മോട്ടര്‍ ബൈക്കില്‍ എക്സുപോര്ട്ടു് ഇന്‍സ്പെക്ഷന്‍ ഓഫീസ്സിലേയ്ക്കു് പോയി.

പേപ്പറുകള്‍ വാങ്ങി ബാഗില്‍ വച്ചു്, മോട്ടോര്‍ ബൈക്കിന്‍റെ ചാവിയുമായി നാരായണന്‍ കുട്ടി താഴേയ്ക്കു് നടന്നു.

മനസ്സിലോര്‍ത്തു. ഇന്നുച്ചയ്ക്കു് ഭക്ഷണം എക്സ്പോര്‍ടു് ഓഫീസ്സിനടുത്തുള്ള മലയാളിയുടെ ഹോട്ടലില്‍ നിന്നാകാം.
--------------------------------------
നാരായണന്‍ കുട്ടി ബൈക്കില്‍ ,ആള്‍ ബഹളത്തിനുള്ളിലൂടെ ഒരു പൊട്ടായി ഓഫീസ്സിലേയ്ക്കു തിരിച്ചു.

ആള്‍ക്കൂട്ടം, ബസ്സുകള്‍, കാറുകള്‍, റിക്ഷകള്‍, ഭ്രാന്തമായ നഗരത്തിന്‍റെ മരണ പാച്ചിലില്‍ നാരായണന്‍ കുട്ടി ഒരു ബിന്ദുവായി.

ഉച്ചയ്ക്കു് ബോസ്സിനോടു ചോദിക്കേണ്ട അഡ്വാന്‍സു് തുകയ്ക്കായുള്ള റിക്വസ്റ്റ് എഴുതുന്നതും, അതു കിട്ടിയാല്‍ നാളെ ഡ്രാഫ്റ്റാക്കി അമ്മയുടെ ഏഴാമത്തെ കത്തിനുള്ള പരിഹാരമായി അയയ്ക്കുന്നതും സങ്കല്പിച്ചു് പോകുകയായിരുന്നു.

പെട്ടെന്നാണതു കണ്ടതു്. തന്‍റെ മുന്‍പിലൂടെ പോയിരുന്ന ഒരു റിക്ഷയെ ഇടിച്ചു തെറുപ്പിച്ചൊരു കാര്‍ വലിയ വേഗതയില്‍ പാഞ്ഞു പോയി.
റിക്ഷയില്‍ നിന്നു തെറിച്ചു വീണ ഒരു കൊച്ചു പയ്യന്‍ റോഡു സൈഡില്‍ കിടന്നു പിടയ്ക്കുന്നു. വലിയ കുഴപ്പമില്ലാത്ത റിക്ഷാക്കാരന്‍
എഴുന്നേല്‍ക്കുന്നു. ചുറ്റും നഗരം ഇതൊന്നും ശ്രദ്ധിക്കാതെ ഓടുന്നു. നാരായണന്‍ കുട്ടി വണ്ടി നിര്‍ത്തി ഒന്നു നോക്കി. ആരും ശ്രദ്ധിക്കാതെ കടന്നു പോകുന്നതു കണ്ടു് നാരായണന്‍ കുട്ടിയും വണ്ടി സ്റ്റാര്‍ടാക്കി.

അല്പ ദൂരം പോകുന്നതിനു മുന്‍പു് നാരായണന്‍ കുട്ടി തിരിഞ്ഞു നോക്കി. മനസ്സിലൊരു ശബ്ദം.....തെക്കു നിന്നു് ആനപ്പുറത്തു് ശങ്കര നാരായണന്‍ എഴുന്നെള്ളുന്നു. നിന്‍റമ്മ സരോജിനി പൂര്‍ണ ഗര്‍ഭിണീ. തൊഴു കൈയോടെ നിന്നു ഞാന്‍ കേണടാ. ....

ബൈക്കു് തിരിച്ചു വിട്ടു. നിരത്തില്‍ കിടന്ന ചെക്കനെ സ്കൂള്‍ ബാഗോടെ തോളിലെടുത്തിട്ടു. ആ റിക്ഷയില്‍ അടുത്ത ആശുപത്രിയിലെത്തി അവരെ വിവരം ധരിപ്പിച്ചു. റിക്ഷയില്‍ നിന്നു വീണതാണു്. കേസ്സില്ലാതെ ചികിത്സ കിട്ടട്ടെ.

രക്തം വേണമെന്നു പറഞ്ഞ നഴ്സ്സിനോടൊപ്പം നടന്നു. ശരീരത്തില്‍ നിന്നും വാര്‍ന്നു പോകുന്ന രക്തം കണ്ടു കിടന്ന നാരായണന്‍ കുട്ടി ഓര്‍മ്മയിലെ ശങ്കര നാരായണനുമായി വീണ്ടും സംസാരിച്ചു. വാദ പ്രദിവാദം കണ്ണീരിലെത്തിയപ്പൊള്‍ സിസ്റ്റര്‍ ഊരിയ സൂചിയുടെ വേദന അറിയാതെ,തന്‍റെ സ്വപ്നങ്ങള്‍ കാണാനുള്ള കഴിവുകളൊന്നും നഷ്ടപ്പെടാത്തതില്‍ നാരായണന്‍ കുട്ടി സന്തോഷിച്ചു.

പെട്ടെന്നാണു് നാരായണന്‍ കുട്ടിയ്ക്കു് സ്ഥല കാല ബോധം ഉണ്ടാകുന്നതു്. ഉടനെ കൌണ്ടറില്‍ ചെന്നു് ബാഗൊക്കെ വാങ്ങി.

പയ്യനൊരു കുഴപ്പവുമില്ലെന്നും അവന്‍റെ അമ്മയും അച്ഛനുമൊക്കെ എത്തിയിട്ടുണ്ടെന്നും അവര്‍ക്കു തന്നെ കാണന്നമെന്നുമൊക്കെ റിസപ്ഷനിസ്റ്റു് പറയുന്നുണ്ടായിരുന്നു.

ചിരിച്ചു കൊണ്ടു് നാരായണന്‍ കുട്ടി തന്‍റെ ബാഗുമായി നേരെ എക്സു്പോര്‍ട്ടിന്‍സ്പക്ഷന്‍ ഓഫീസ്സ്സിലേയ്ക്കു് വീണ്ടും നഗരത്തിന്‍റെ വേഗതയുമായി പാഞ്ഞു.

അവിടെ എത്തിയ നാരായണന്‍ കുട്ടി അറിഞ്ഞു , സമയം നാലു കഴിഞ്ഞിരിക്കുന്നു. 2 മണിക്കു കൊടുക്കേണ്ടിയിരുന്ന പേപ്പറുമായി... നഗരത്തിലൂടെ ആള്‍ക്കൂട്ടത്തിലൂടെ വേഗതകളുടെ ഭ്രാന്തിലൂടെ, ഒരു പേ പിടിച്ച പട്ടിയെ പോലെ, തന്‍റെ ഓഫീസ്സില്‍ നാരായണന്‍ കുട്ടി തിരിച്ചു ചെന്നു......ഓഫീസ്സിലെത്തിയ നാരായണന്‍ കുട്ടി, അസിസ്റ്റന്‍റു മാനേജര്‍ ശര്‍മ്മ നല്‍കിയ ബോസ്സിന്‍റെ കത്തു വായിച്ചു. തനിക്കിനി ജോലിയില്ലെന്നെഴുതിയിരിക്കുന്ന ബോസ്സിന്‍റെ കത്തു്.

-------------------

നാരായണന്‍ കുട്ടി...നേരേ... മുറിയിലേയ്ക്കു പോയി.വഴിയിലെ മാജിക്കുകാരന്‍ ഹിമാലയത്തിലെ പാമ്പിനെ ഇനിയും കാണിച്ചിട്ടീല്ല. ..വീട്ടിലെത്തിയ നാരായണന്‍ കുട്ടി ,അല്പ സമയത്തിനു ശേഷം റയില്‍വേ സ്റ്റേഷനിലേയ്ക്കു നടന്നു.... കയ്യില്‍ തൂക്കിയ ഒരു സൂടു് കേയ്സുമായി റയില്‍വേസ്റ്റേഷനിലെ ആള്‍ക്കൂട്ടത്തില്‍ നാരായണന്‍ കുട്ടി , ശങ്കര നാരായണനുമായി
വാക്കു തര്‍‍ക്കങ്ങളില്‍ മുഴുകി...മുഴുകി...........ആള്‍ക്കൂട്ടത്തില്‍ ആരുമറിയാതൊരു ബിന്ദുവായി...............

-------------------

Sunday, October 08, 2006

ഓര്‍മ്മയ്ക്കായി‍‍‍---------(വലതുകാല്‍ വച്ചൂ് )

Buzz It
ഇതു വായിക്കുന്നതിനു മുന്‍പു് ഇതു് ഒന്നു കൂടി വായിച്ചിരുന്നെങ്കില്‍

വിശാലമായ റോഡില്‍ നിന്നും,വെട്ടു റോഡുകളും ഇടവഴികളൂം ഉള്ള ചെറിയ വഴിയിലൂടെ വണ്ടി ഓടുകയായിരുന്നു.

പുതു പ്പെണ്ണിനെ ചിരിപ്പിക്കാനായി പുതിയ പുതിയ തമാശകള്‍ പറഞ്ഞു കഥകളി അമ്മാവി അരങ്ങു തകര്‍ക്കുന്നു. വാലിട്ടു
കണ്ണെഴുതി പൗഡറിട്ട സുന്ദരി അമ്മാവിയെ ഈ പ്രായത്തിലും കണ്ടാല്‍ ഏതോ കഥകളി നടിയാണെന്നു തോന്നും.



വണ്ടി ഓടിക്കൊണ്ടിരുന്നു. ഇരുവശവുമുള്ള വയലുകളില്‍ നിന്നു വൃശ്ഛിക കാറ്റു വീശുന്നുണ്ടായിരുന്നു. മുന്നിലെ
കണ്ണാടിയിലൂടെ ഡ്രൈവര്‍ കൃഷ്ണന്‍ കുട്ടി തങ്ങളെ ശ്രദ്ധിക്കുന്നതു കാണാമായിരുന്നു.

തലമുടി കുറഞ്ഞ മെലിഞ്ഞമ്പരന്നിരിക്കുന്ന പെണ്‍കുട്ടി തന്റെ കളഗാത്രമാണെന്നും അയാള്‍ക്കു് അറിയാമായിരുന്നു. ഇരു വശവും
തിളച്ച വെയില്‍ തീ നാളങ്ങളായി പറന്നു.



വടക്കേ ഇന്‍ഡ്യയില്‍ ഗംഗയുടെ തീരത്തുള്ള നഗരത്തില്‍ ജോലി കിട്ടുമ്പോള്‍ ആശ്വസിച്ചു.
തനിക്കും പാപ മോക്ഷത്തിനായി ഒരു ഗംഗ ലഭിച്ചിരിക്കുന്നു.


മനസ്സില്‍ വിരിയുന്ന മാതള പ്പൂക്കളില്‍ നിറമുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു.ഓരോ ചിത്രങ്ങളിലും വിധിയുടെ മുത്താരം കല്ലുകളുണ്ടായിരുന്നു. മഞ്ചാടിക്കുരുവും കുപ്പിവളകളും ചിത്ര ശലഭങ്ങളും ഉണ്ടായിരുന്നു..
പഠിത്തം പുര്‍ത്തിയാകുന്നതിനു മുമ്പു് കിട്ടിയ ജോലിയില്‍ ഉള്ളുകൊണ്ടു് സന്തോഷിക്കുമ്പോഴും ,വഴിയില്‍ ചിറകറ്റു വീണു കിടക്കുന്ന സ്വപ്നങ്ങളെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.




വെറുതേ ഓര്‍ത്തുനോക്കി.
എന്നായിരുന്നു തന്റെ ആദ്യത്തെ സ്വപ്നം ഉടഞ്ഞു തകര്‍ന്നതു്.പത്താം ക്ലാസ്സിലെ പ്രശസ്ത വിജയം. അമ്മയുടെ നീറുന്ന ചിന്തകളുടേയും ആള്‍ക്കാരുടെ ചോദ്യ വര്‍ഷങ്ങള്‍ക്കും നടുവില്‍ ഉറക്കമില്ലാതെ കഴിഞ്ഞു.

നെടുവീര്‍പ്പുകളുമായി ആകാശത്തേയ്ക്കു നോക്കിയിരിക്കുമ്പോള്‍, പ്ലാവിന്‍ ചുവട്ടില്‍ കളിക്കുന്ന കുഞ്ഞു പെങ്ങ്ന്മാര്‍ വളന്നു സുന്ദരികളാവുന്നതും അയാള്‍ അറിഞ്ഞു.

ആളയച്ചു വരുത്തപ്പെട്ട അമ്മാവന്‍ വന്നു."ഭാനുമതീ".തോര്‍ത്തു കൊണ്ടു് മാറു മറച്ചു് അമ്മ ഉമ്മറ പ്പടി വാതുക്കല്‍ നിന്നു.രണ്ടു
പ്രാവശ്യം മുറുക്കി തുപ്പിയതിനു ശേഷം അമ്മാവന്‍ പറഞ്ഞു.അവന്‍ കോമ്മേര്‍സെടുത്തു പഠിക്കട്ടെ.സയന്‍സൊക്കെ ആകുമ്പോള്‍
ഒത്തിരി പണ ചിലവു വരും.ഇതിനാവുമ്പൊള്‍ ആദ്യം കുറച്ചു പണം വേണം.അതിനിപോഴു്.അമ്മാവന്‍ ഒന്നു നിര്‍ത്തി.പിന്നെ
പുരയ്ക്കു ചുറ്റും ഒന്നു കണ്ണോടിച്ചു.എന്നിട്ടു പറഞ്ഞു.ആ കിഴക്കു വശത്തു നില്‍ക്കുന്ന രണ്ടു് ആഞ്ഞിലിയും അങ്ങു
വില്‍ക്കാം.ഒരോ കാര്യങ്ങള്‍ നടക്കട്ടെ.

അയാള്‍ ഒരിക്കല്‍ വലിയ ആളാകുമ്പോള്‍ വലിയ വീടു് വയ്ക്കാന്‍ അമ്മൂമ്മ നിര്‍ത്തിയിരിക്കുന്ന ആഞ്ഞിലി കട പുഴുകി മറിഞ്ഞു
വീഴുന്നതു ദ്‌:ഖത്തോടെ നോക്കിയിരുന്നു.ഒപ്പം തന്റെ മനസ്സിലെ ആല്‍ബര്‍ടയിന്‍സ്റ്റയിനും മരിച്ചു വീഴുന്നതയാള്‍ അറിഞ്ഞു.



മാര്‍ക്കു കുറവായതിനാല്‍ മറ്റൊരു ഗ്രൂപും കിട്ടാത്തവരുടെ ആലയമായിരുന്നു അന്നു്.കോമ്മെര്‍സ്‌ ഗ്രൂപ്‌.

ആ കോളേജിലെ ഒരു അല്‍ഭുതമായിരുന്നു തന്റെ അഡ്മിഷന്‍.ആദ്യത്തെ ക്ലാസ്സില്‍ തന്നെ പ്രൊഫ്ഫെസ്സര്‍ വര്‍ക്കി സാര്‍ വാചാലനായി.കോമ്മേര്‍സിന്റെ ഭാവി.മിടുക്കന്മാര്‍ കടന്നു വരുന്ന വളരെ അധികം ഭാവിയുള്ള കോമ്മ്മ്മെര്‍സ്‌.തന്റെ തോളില്‍ തട്ടി അനുമോദനങ്ങള്‍ പറയുമ്പോള്‍ നന്നേ പണിപ്പെട്ടു.അടര്‍ന്നു വീഴുന്ന കണ്ണീര്‍ ആരും കാണാതിരിക്കാന്‍.
ഡെബിറ്റ്‌ വാട്‌ കംസ്‌ ഇന്‍ ആന്‍ഡ്‌ ക്രെടിറ്റ്‌ വാട്‌ ഗോസ്‌ ഔട്‌ . ഒരു സ്വപ്നം കരിഞ്ഞു ചാമ്പലാവുന്നതയാള്‍ അറിഞ്ഞു.


ജീവിതം ഒരു ചെസ്സുകളി പോലെയാണെന്നു അയാള്‍ക്കു് തോന്നി ത്തുടങ്ങി.എതിരാളിയുടെ ഓരോചലനങ്ങളിലും തന്റെ ജീവിതം എഴുതപ്പെട്ടിരിക്കുന്നു.മറു നീക്കങ്ങളില്ലാതെ ഓരോരോ തീരുമാനമെടുക്കുമ്പോഴും അയാളറിഞ്ഞു.ഇവിടെ താന്‍ കരു മാത്രമാണല്ലോ.എതിരാളി വിധിയാണല്ലോ.


****************************************************************************************

അമ്മയുടെ കത്തു വരുമ്പോള്‍ ബാങ്കില്‍ നല്ല തിരക്കായിരുന്നു.ലന്‍ജ്ജു കഴിഞ്ഞു് എഴുത്തു വായിച്ചു.ഒറ്റയെഴുത്തു
മതി അപ്ഡേറ്റ്‌ ആകാന്‍. വാസുക്കുട്ടന്‍ തെങ്ങില്‍ നിന്നു വീണതു്, മഠത്തിലെ ശ്രീദേവി പ്രായമായതു്. പറമ്പില്‍ രാമന്‍ പിള്ളയുടെ ചിട്ടി കമ്പനി പൊട്ടിപ്പോയതു്,വാര്യത്തെ ശാന്ത പട്ടാളക്കാരനോടൊപ്പം ഒളിച്ചോടിയതു്.



പക്ഷെ ഈ കത്തു് വളരെ ചെറുതായിരുന്നു....... നീ ഓര്‍ക്കുന്നില്ലേ കടമ്പാട്ടെ വേലായുധന്‍ പിള്ള ച്ചേട്ടനെ. അങ്ങേരു്

നിനക്കരാലോചന കൊണ്ടു വന്നിരിക്കുന്നു.പറഞ്ഞു കേട്ടിടത്തോളം നല്ല ആള്‍ക്കാര്‍. ഒരേ ഒരു മോളു്. ആവശ്യത്തിനു്
വിദ്യാഭ്യാസമുണ്ടു്.കാഴ്ച്ചയിലും വലിയ തെറ്റില്ല.ഞങ്ങള്‍ കണ്ടിരുന്നു.

ഞാന്‍ പ‍റഞ്ഞു വന്നതു്,നിന്റെ കല്യാണം നടന്നാല്‍ പിന്നെ സുധയുടെ കല്യാണത്തിനു് പ്രശ്നമില്ല. വീടും പറമ്പും സുധക്കെഴുതി

വയ്ക്കാം. നിന്റെ കല്യാണത്തിനു ശേഷം വിടും പറമ്പും നിങ്ങളുടെ പേരിലെഴുതി സുധയുടെ ഇടപാടു തീര്‍ക്കാം.

പിന്നെ ഇവിടെ വിശേഷങ്ങളൊന്നുമില്ല.നിന്റെ പക്ക നാളിനു് ഭഗവതി ഹോമം നടത്തി. പാട്ടു പാടാന്‍ വരുന്ന പുള്ളുവന്‍ നിന്റെ
കാര്യം ചോദിച്ചു. പാവം നടക്കാന്‍ വയ്യാതായി,വയസ്സായില്ലേ?. നിന്റെ കുടെ പഠിച്ച ശ്യാമള, ഭര്‍ത്താവും കുഞ്ഞുങ്ങളുമായി ഇതു
വഴി പോയപ്പോള്‍ കാറു് നിര്‍ത്തി നിന്റെ കാര്യമൊക്കെ ചോദിച്ചു പോയി. ആ കുട്ടിയ്ക്കു് ഒരു തലക്കനവും ഇപ്പോഴും ഇല്ല.

*****************************************************************************************

അമ്പലത്തിനു മുമ്പില്‍ വണ്ടി നിന്നു.മറ്റൊരു വെപ്രാളം അമ്മാവനും ചുരുക്കം ബന്ധുക്കളും നില്‍പുണ്ടായിരുന്നു.വധൂവരന്മാര്‍
ഒരു പ്രദക്ഷിണം വച്ചു തൊഴുതിട്ടെ വീടു കയറാകൂ.വെപ്രാളം മാമന്‍ വീഡിയോക്കാരന്റെ പുറകേ വെറുതേ ഓടുന്നതു
കാണാമായിരിന്നു.


തളക്കല്ലിലൂടെ ഞങ്ങള്‍ നടന്നു.ഇടതു വശം ചേര്‍ന്നു നട്ക്കുന്ന പെണ്‍കുട്ടിയെ അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഒടുവില്‍
എപ്പോഴോ മനസ്സു പറഞ്ഞു.പാടാനുള്ള കഴിവു കാണുമോ? ഒരു പക്ഷേ കവിതകളൊക്കെ ഈഷ്ടപ്പെടുന്ന കുട്ടിയാകുമോ.ഒന്നും
സാരമാക്കരുതെന്നു പഠിപ്പിച്ച മനസ്സു് വെറുതേ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.

പ്രദക്ഷിണം കഴിഞ്ഞു് വീട്ടിലേയ്ക്കു നടന്നു.



തളക്കല്ലുക്കള്‍ക്കു ശേഷം ചരല്‍ക്കല്ലു വിതറിയ തിരുമുറ്റത്തൂടെ, ഗോപുരം കടന്നു്, വെട്ടു റോഡിലേയ്ക്കു്.

സൈഡുകളിലുള്ള വീടുകളിലെ ജന്നാലകള്‍ തുറന്നിടുന്നതു കാണാമായിരുന്നു.പുള്ളവീട്ടു മഠ്ത്തിലെ പാട്ടിയമ്മ ഉരുണ്ടു വീഴാതെ കൈയാലയ്ക്കലേയ്ക്കു് ഓടുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നു.വേളികഴിഞ്ഞു പോകുന്ന വരനെക്കാള്‍ വധുവിനേ കാണാന്‍ വഴിയരുകില്‍ മൂക്കത്തുവിരല്‍ വയ്ക്കുന്ന വരുടെ കൂട്ടത്തില്‍ തന്റെ ശ്രീദേവി ഉണ്ടായിരിക്കരുതേ എന്നയാള്‍ പ്രാര്‍ഥിച്ചു.



മുറ്റത്തു നിന്ന ബന്ധുക്കളുടൊപ്പം രാഘവന്‍ പിള്ള ചേട്ടന്‍ ആരൊടൊക്കെയോ എന്തൊക്കെയോ പറയുന്നതു പോലെ തോന്നി.

സമൃദ്ധമായ കാര്‍കൂന്തല്‍ക്കാരായ സുന്ദരി പെങ്ങന്‍‍മാര്‍ വധുവിനെക്കാളും അണ്ണനെയാണു ശ്രദ്ധിക്കുന്നതു് എന്നു തോന്നി.



നിലവിളക്കുമായി അമ്മ അവളെ കൈക്കുപിടിച്ചു പടി വാതില്‍ കയറ്റുമ്പോള്‍,കൈയില്‍ പൂത്താലവുമായി നില്‍ക്കുന്ന
വിധിയുടെ മുന്നില്‍ നിന്നു കൊണ്ടയാള്‍ പറഞ്ഞുപോയി."വലതുകാല്‍ വച്ചു്".

-------------------"വലതുകാല്‍ വച്ചു്". .............



-------------------------------------------------------------------------------

Monday, September 18, 2006

എന്‍‍റ്റെ ഒരു പത്തായം

Buzz It

ജോണ്‍ സാമുവല്‍.എന്റെ സുഹ്രുത്ത്‌ പറഞ്ഞു പിള്ളേച്ചോ പേരു കൊടുത്തു. ഞാന്‍ അന്നപൂര്‍ണേശ്വരി ഹോട്ടലില്‍ എന്റെ അത്താഴം കഴിക്കുകയായിരുന്നു. ദോശയും ചമ്മന്തിയും..

ഞാന്‍ ചിരിച്ചു.പിന്നെ പറഞ്ഞു.എന്നെ കിട്ടില്ലാ.കഥ പോയിട്ടെനിക്കൊന്നു ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണു സാമുവല്‍.ഫാദര്‍ ഡൊമിനിക്‌ നോട്ടു ചെയ്തു എങ്കില്‍ നോട്ടു ചെയ്തോട്ടേ, എനിക്കൊന്നും അറിഞ്ഞൂടാ. സാമുവല്‍ പറഞ്ഞു.ശനിയാഴ്ചയാണു്, ചെറുകഥാ മല്‍സരം.ഞാന്‍ രാജന്റെ പേരു കൊടുത്തു പോയി.ഞാന്‍ പറഞ്ഞു,എനിക്കെഴുതാന്‍ അറിയില്ല.നല്ല രീതിയില്‍ പറയാന്‍ പോലും അറിയില്ല.പറയുന്നതു പരിപൂര്‍ണമാക്കാന്‍ പോലും പറ്റുന്നില്ല.

കരുനാഗപ്പള്ളി ബസ്സ്‌ വന്നപ്പോള്‍ സാമുവല്‍ പോയി.ചിന്നക്കട, ഓവര്‍ ബ്രിഡ്ജിനു മുകളില്‍ നിന്നു ചുറ്റ്‌പാടും നോക്കിയപ്പോള്‍ തോന്നി. എത്ര ഉയരത്തിലാണു താന്‍. താന്‍ അത്ര നിസ്സാരന്‍ ഒന്നുമല്ല.രാത്രി പത്തുമണി ആകുന്നു.നഗരം ഉറങ്ങാന്‍ തുടങ്ങുന്നു.

സാമുവല്‍ ഈവനിംഗ്‌ കോളേജില്‍ പഠിക്കുന്നതു് അഛനെ ബിസിനെസ്സില്‍ സഹായിക്കാനാണു്.അങ്ങനെ തന്നെ തന്‍റെ ഈവെനിംഗ്‌ ക്ലാസ്സിലെ എല്ലാവരും.

താനോ?. പന്ത്രണ്ടാം ക്ലാസ്സു കഴിഞ്ഞു വഴിയരുകില്‍ സ്ലേറ്റും പുസ്തകവും ഉപേക്ഷിക്കാന്‍ വിധിക്കപ്പെട്ട താന്‍, പകല്‍ ഒരു കമ്പനിയില്‍ പണിചെയ്തു് ആറു മണിക്കു് ഓടി കിതച്ചു് വിയര്‍ത്തു നാറി ക്ലാസ്സില്‍ എത്തുമ്പോള്‍ റാവു സാറു ചോദിക്കും,"പിള്ളേച്ചോ ഇന്നും താമസിച്ചുവല്ലോ?" പിള്ള. പേരിന്റെ പിന്നിലെ ഒരു ദു:ശകുനം. പുറകിലെ ബഞ്ചില്‍ ഒരു വാഴ പിണ്ടിയായിരിക്കുമ്പോള്‍ ഓര്‍ത്തു പോകുന്നു.പകല്‍ പഠിച്ചു് പോയ, കോള്ളേജ്‌ കാമ്പസ്സില്‍ ഉല്ലസിച്ചു പഠിച്ചാഹ്ലാദിച്ചു പോയ ഭാഗ്യവാന്മാരേ.നീണ്ടു പോകുന്ന ഇടനാഴികകള്‍ പറയുന്ന കഥകള്‍.മൗനം തളം കെട്ടികിടക്കുന്ന ലൈബ്രറി ഹാളുകള്‍, ഉല്ലാസമായ മറ്റൊരു പകലിനെ കാത്തു മയങ്ങുന്നു.അഭിമാനം തോന്നി, പകല്‍ പഠിക്കുന്ന മിടുക്കന്മാരേയും മിടുക്കികളേയും ഓര്‍ത്തു്.

ശനിയാഴ്ച തോറും വീട്ടില്‍ പോകും.വണ്ടി ക്കൂലി കഴിഞ്ഞ്‌ രണ്ടോ മൂന്നോ രൂപാ അമ്മയ്ക്കു കൊടുക്കുമ്പോള്‍ മൂത്ത പെങ്ങള്‍ അഭിമാനത്തോടെ നോക്കുന്നു. കാശുകാരനായ അണ്ണന്‍.

ഓവര്‍ ബ്രിഡ്ജ്‌ കഴിഞ്ഞു് റയില്‍വെ പാളത്തിലൂടെ,ഒന്നു് രണ്ടു പാളങ്ങള്‍ .എതിരേ വരുന്ന ട്രെയിന്‍ കണ്ടു.ഡെല്‍ഹിക്കു പോകുന്ന ട്രെയിന്‍ നോക്കി അമ്പരന്നു നിന്നു.ഒരു പെരുമഴക്കാലം കഴിഞ്ഞതു പോലെ തോന്നി.ട്രെയിന്‍ പോയി കഴി‍ഞ്ഞപ്പോള്‍.തന്‍റെ കോര്‍ടേഴ്സ്സിലേയ്ക്കു നടന്നു. ഭാഗ്യവാന്‍.നാട്ടിലെ ട്രെയിന്‍ ഡ്രൈവര്‍ ഭാസ്കരന്‍ പിള്ള ച്ചേട്ടന്‍റെ മഹാമനസ്സുകൊണ്ടു കിട്ടിയതാണു്.വല്ലപ്പോഴും ഒരു പാണ്ടി ഡ്രൈവര്‍ ഉറങ്ങാന്‍ കാണൂം. ഒരു ശല്യവുമില്ല.

നടന്നു.മുറിയില്‍ എത്തുമ്പോള്‍ പാണ്ടി ഉണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു വന്നതേയുള്ളു. തുറന്നു വച്ച ഒരു കുപ്പിയുമായി അത്താഴം കഴിക്കുന്ന അദ്ധേഹത്തിനു് ഒരു ചിരി സമ്മാനിച്ചു് തന്റെ ലാവണത്തില്‍ ഉറങ്ങാന്‍ കിടന്നു.ഊണു് കഴിഞ്ഞ പാണ്ടി ഏതൊക്കെയോ പഴയ തമിഴ്‌ ഭക്തി ഗാനങ്ങള്‍ ഉച്ചത്തില്‍ പാടാന്‍ തുടങ്ങി.ശീര്‍കാഴി ഗോവിന്ദരാജന്‍റെ കീര്‍ത്തനം മുഴുമിപ്പിക്കാതെ, മധുരയിലുള്ള ഭാര്യയെ രാത്രി മുഴുവന്‍ ചീത്ത വിളിക്കുന്നതും കേട്ടു് അയാള്‍ ഉറങ്ങാതെ കിടന്നു പോയി.

അതിരാവിലെ ഉണര്‍ന്നു.അടുത്ത ദേവി ക്ഷേത്രത്തില്‍ തൊഴുതു് അന്നപൂര്‍ണേശ്വരിയിലെ ദോശയും കഴിച്ചു് ഒരുമണിക്കൂര്‍ ഓവര്‍ടൈം ചെയ്തുള്ള ചില്ലറ വാങ്ങുമ്പോള്‍ മൂത്ത പെങ്ങളുടെ മുഖം മനപ്പൂര്‍വം കണ്ട്‌ ചിരിച്ചു.അന്നു് ശനിയാഴ്ച ആയിരുന്നു. വിയര്‍പ്പു നാറി,പിള്ളേച്ചോ എന്ന വിളിക്കു തയാറായി ഓടിയെത്തുമ്പോള്‍ ഡൊമിനിക്‌ അച്ചന്‍ പറഞ്ഞു.വേഗം ചെല്ലൂ.ചെറുകഥാമല്‍സരം തുട്ങ്ങി.

തനിക്കു കിട്ടിയ പേപ്പറുമായി വെളിയിലേക്കു നോക്കി ഇരിക്കുമ്പോള്‍ ചുറ്റുമിരുന്ന കഥാകൃത്തുക്കള്‍ കഥ എഴുതി തുടങ്ങിയിരുന്നു.അയാളെഴുതി.നാട്ടിലുള്ള തന്റെ പത്തായത്തെക്കുറിച്ചു്.കുറെ വരികള്‍.പിന്നെ മുഖത്തോട്ടു മാത്രം പുക പരത്തുന്ന ഒരു മണ്ണെണ്ണ വിളക്കു്..പിന്നെയും എഴുതി....ഒടുവില്‍ ഒരു തുള്ളി കണ്ണുനീരു വീണു് ആ മണ്ണെണ്ണ വിളക്കു് അണഞ്ഞു.താനെഴുതിയതു കൊടുത്തു മടങ്ങുമ്പോള്‍ സാമുവല്‍ ചോദിച്ചു."ഇത്ര പെട്ടെന്നു്" ചിരിക്കാന്‍ സാധിക്കാതെ നടന്നു. തന്റെ താവളത്തിലേക്കു്.

പിറ്റേന്നു് അമ്മയ്ക്കു് കൊടുത്ത ഒത്തിരി ചില്ലറ നാണയങ്ങള്‍ കണ്ടു് മൂന്നു പെങ്ങന്മാരും മൂഖത്തു വിരലുവയ്ക്കുന്നതു കണ്ടു സന്തോഷിച്ചു.ഞായറഴ്ചയായിരുന്നു.നാട്ടിലെ ലൈബ്രറിയില്‍ പോയി കുറേ നേരം ഇരുന്നു് പുതിയ പുസ്തകങ്ങളുടെ മണം ആസ്വദിച്ചു.തിരിച്ചു വരുന്ന വഴി തിരുവനന്തപുരത്തു പഠിക്കുന്ന വിജയനേയും കണ്ടു.കോളേജു ലൈഫിനേക്കുറിച്ചും ഹോസ്റ്റല്‍ ജീവിതത്തെ ക്കുറിച്ചുമൊക്കെ വാചാലനായി വിജയന്‍ യാത്ര പറഞ്ഞു.പോകാന്‍ നേരം വിജയന്‍ പറയാന്‍ മറന്നില്ല..രാജാ നീ ഭാഗ്യവാനാണു്.

ദീപാരാധന കഴിഞ്ഞു് അമ്മയുമായി മടങ്ങുന്ന ശ്രീദേവിയും കുശലം ചോദിക്കാന്‍ മറന്നില്ല.തന്നോടൊപ്പം മാര്‍ക്കു വങ്ങി ജയിച്ച സുരേഷും ശ്രീദെവിയുടെ കോളേജില്‍ ആണത്രേ.

പിറ്റേ ദിവസം ,ജോലി കഴിഞ്ഞു് വിയര്‍തു നാറി കോളേജിലെത്തിയപ്പോള്‍ സാമുവലിനോടൊപ്പം ഡൊമിനിക്‌ ഫാതറും നില്‍പ്പുണ്ടായിരുന്നു.തന്റെ ചെറുകഥയ്ക്കു് ഒന്നാം സമ്മാനം കിട്ടിയെന്നറിഞ്ഞു.

കൊളേജ്‌ കവാടത്തിനു നെറുകയില്‍ എഴുതി വച്ചിരുന്ന പ്രമാണം അയാള്‍ പുതിയ അര്‍ഥവ്യാപ്തിയോടെ ആദ്യമായി അന്നു വായിച്ചു. "പെര്‍ മാട്രം പ്രൊ പേട്രിയ".

കണ്ണുനീര്‍ വീണണഞ്ഞുപോയ തന്‍റെ മണ്ണെണ്ണ വിളക്കിനെ വെറുതേ അയാള്‍ പരതുകയായിരുന്നു.

Saturday, July 22, 2006

വീണ്ടും ഓര്‍മ്മയ്ക്കായി.

Buzz It
സദ്യവട്ടങ്ങള്‍ നടക്കുകയായിരുന്നു.
മൂന്നാമത്തെ പന്തിയ്ക്കു് ആളുകള്‍ കയറിക്ക്ഴിഞ്ഞു.
സുഹ്രുത്തുക്കളോടൊപ്പം ബന്ധുക്കളോടൊപ്പം ഫോട്ടോ
സെഷനും കഴിഞ്ഞു.എങ്ങോട്ടോ മാറിയപ്പോള്‍,ബന്ധുവായ രാഘവന്‍ പിള്ള
ച്ചേട്ടന്‍ ആരോടൊ പറയുന്നതു കേട്ടു. ദു:ഖത്തോടെ.“അവനു് ചേരുന്നില്ലെടോ.......ജീവിതകാലം മുഴുവന്‍...........” .അത് മുഴുവിപ്പിക്കുന്നതു് കേള്‍ക്കുന്നതിനു മുമ്പ് അമ്മാവന്‍ തന്നെ വിളിച്ചു പറഞ്ഞു.
കുടി വെപ്പു് നാലരയ്ക്കാണു്.ഇപ്പൊള്‍ പുറപ്പെട്ടാലേ സമയത്തു് ചെന്നെത്താന്‍ ഒക്കൂ. ഭാനുമതിയും(അമ്മ) കുറച്ചു പേരും ആദ്യം ഒരു കാറില്‍ പോകട്ടെ.ചെറുക്കനും പെണ്ണും മറ്റൊരു കാറില്‍.അതല്ലെ അതിന്റെ ശരി.? അമ്മാവന്‍ ആരോടെന്നില്ലതെ ചോദിച്ചു.
സുഹ്രുത്തുക്കളോടു വിട പറയുമ്പോള്‍ .......എല്ലാവരിലും ഒരു സന്തോഷം ഇല്ലായ്മ അയാള്‍ ശ്രദ്ധിച്ചിരിന്നു.
കാറില്‍ തന്റെ വലതു ഭാഗത്തിരിക്കുന്ന പെണ്‍കുട്ടി
തന്റെ ഭാര്യയാണു് എന്ന ബോധം . അയാള്‍ വെറുതേ നോക്കി.
ഇല്ല. വലിയ കുഴപ്പമൊന്നുമില്ല. മെലിഞ്ഞിട്ടു്... തന്റെ പെങ്ങന്മാരോടൊന്നും
താര്‍തമ്യം പറ്റില്ല. മുടി വളരെ കുറവാണ്.സാരമില്ല.അമ്മ എപ്പൊഴും പറയാറുള്ളതോര്ത്തു.”നിനക്കൊന്നും സാരമില്ലല്ലോ.
ഒന്നും സാരമാക്കണ്ടാ എന്നു് ‍ എന്‍റെ വിധിയെന്നെ പഠിപ്പിച്ചതു് മറക്കാനൊക്കാതെ ഞാന്‍ എന്‍റെ ഭാര്യയേയും വെളിയില്‍ നെല്ലോലകള്‍ വിളഞു കിടക്കുന്ന വയലുകളേയും ഒറ്റയടിപ്പാതകളേയും നോക്കിയിരുന്നു.
______________
തുടരും.

Tuesday, July 11, 2006

ഓര്മ്മയ്ക്കായി

Buzz It
വര്‍ഷങള്‍ക്കു ശേഷം താങ്കളുടെ ശബ്ദം കേട്ടപ്പോള്‍ , ഒരു നിമിഷത്തേയ്ക്കു് ഞാന്‍

നമ്മുടെ പഴയ വായനശാലയുടെ മുടന്തന്‍ കസേരയില്‍ ഇരിക്കുന്ന പ്രതീതി തോന്നി.മുന്നില്‍ മരിച്ചവരും മരിക്കാത്ത്വരുമായ

സുഹ്രുത്തുക്കള്‍.

20 വറ്ഷങ്ങള്‍ക്കു മുന്‍പു് താങ്കള്‍ എഴുതിയ ഒരു കത്തു് എന്റെയ് ഒരു കൊച്ചു ഫയലില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.അതിന്റെ ഒരു ഫോടോ കോപ്പി കൂടി അയയ്ക്കുന്നു.ആ എഴുത്തിലെ പല കഥാപത്രങ്ങളും ഇന്നു ജീവിച്ചിരിപ്പില്ല.ആ നല്ല സുഹ്രുത്തുക്കളുടെ ഓര്മ്മയ്ക്കു മുന്‍പില്‍ ഞാന്‍ ഈ നിലവിളക്കു കത്തിക്കട്ടെ.

ആ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും കൂടി ഒരു നാടകത്തിനു വേണ്ടി എഴുതിച്ച ഒരു സ്രുഷ്ടിയുടെ ഒരു കോപ്പി കൂടി വെറുതേ ഒരു നിറ്വ്രുതിക്കായി അയക്കുന്നു.

“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ....
നിന്നെ ഞാന്‍ കാത്തു നിന്നു......
നിര്‍മ്മാല്യയാമത്തിന്‍ തുള‍സി പ്പൂക്കളുമായ്....
പാര്‍വണചന്ദ്രന്‍ ചിരിച്ചു നിന്നു.

ആതിരാക്കാറ്റൊരു പാട്ടു പാടി....
ആകാശത്താരകള്‍ കുണുങ്ങി നിന്നു..
ആരോരും കാണാതെ...
ആരോരും അറിയാതെ...
ആരോമലേ....നിന്നെ കാത്തു നിന്നു..

അങ്ങനെ ഒക്കെ ആയിരിന്നല്ലോ വരികള്‍..


പലപ്പോഴും ഞാന്‍ ഒരു ഗ്രഹാതുരതിനു് ആ വരികള്‍ ഓര്‍ക്കുമായിരുന്നു.

ഈ അടുത്ത കാലത്തു് ഞാന്‍ നാട്ടില്‍ വന്നിരുന്നു.അന്വേഷിച്ചിരുന്നു. കാണാന്‍ പറ്റിയില്ല.

നാട്ടില്‍ അന്ന്യന്‍ ആയി നടന്നു. അറിയാത്ത പുതിയ തലമുറ ശ്രദ്ധിക്കാതെ നടന്നു പോകുന്‍പോള്‍ വെറുതെ മനസ്സില്‍ പറഞ്ഞു.... ഈ മണ്ണും ഈ കാറ്റും....എന്നെ അറിയുന്നു....
ഈ അമ്പലവും ...ഈ തളക്കല്ലുകളും....ഈ വലിയ കൈപ്പടയും ....എന്നെ അറിയുന്നു...

സുഹ്രുത്തേ....

എപ്പോഴോ....ആ വരികള്‍...എന്റെ ഓര്‍മകലിലെക്കു് കടന്നു വന്നു.......
തീര്‍ഥശിലയ്ക്കും ...പാര്‍വണചന്ദ്രനും ....മാറ്റമില്ല...
.................................
“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ നിന്നെ ഞാന്‍ കാത്തു നിന്നു..
......
......
..........

ആരോരും കാണാതെ..
ആരോരും അറിയാതെ...
ആരെയോ ഇന്നും ഞാന്‍ കാത്തു നിന്നു.
...................................
തിരിഞ്ഞു നടന്ന ഞാന്‍ ഒരു തേങ്ങല്‍ കേട്ടുവൊ...
ശിലയായിരുന്നോ.
അതോ ഞാനോ.....
സുഹ്രുത്തേ..
ഈ കുറിമാനം ഇവിടെ നിര്‍ത്തുന്നു.
മറുപടി എഴുതണം.
വേണു.
‍‍‍

Saturday, July 08, 2006

കൊച്ചുകുട്ടന്‍ പിള്ള സ്വാമി

Buzz It



  1. കൊച്ചുകുട്ടന്‍ പിള്ള സ്വാമി.
    ___________________
    വര്‍ഷങ്ങള്‍ക്കു മുന്‍പ്‌

    ഞങ്ങളുടെ ഗ്രാമത്തില്‍ ഇദ്ദേഹം ജീവിച്ചിരുന്നു.ആറര അടി ഉയരം . രവീന്ദ്ര നാഥ ടാഗോറിന്റെ താടിയേക്കാള്‍

    മനോഹരമായ സമൃധമായ താടി.ഒറ്റയാനായി കഴിഞ്ഞ അദ്ദേഹം ആരെയും വകവച്ചിരുന്നില്ല. ഞങ്ങള്‍ ഭയത്തോടെ

    നോക്കിയിരുന്ന അദ്ദേഹം അംബല പരിസരത്തും ഉത്സവ കമ്മ്മിറ്റി ഓഫീസിന്റെ തിണ്ണയിലും ആയി

    കഴിഞ്ഞുകൂടിയിരുന്നു. നോക്കിലും വാക്കിലും പ്രൊഢഗംഭീരന്‍ ആയിരുന്നു.

    വാക്‌ ചാതുരി ആയിരുന്നു ഏറ്റവും വലിയ സമ്പത്ത്‌.


    ഒരുത്സവം

    രാത്രി ഒന്‍പതു മണി കഴിഞ്ഞിരിക്കുന്നു.അടുത്ത പരിപാടി ബാലെയാണു്‌.


    പല സംഘാടകരും അനൌണ്‍സെമെന്റിലൂടെ ഷയിന്‍ ചെയ്യുന്നു. അല്‍പം മൂടില്‍ നിന്ന സ്വാമി മൈക്കു വാങ്ങുന്നു. ഇങ്ങനെ തുടങ്ങുന്നു.



    കയറു കെട്ടിയിരിക്കുന്നതിന്റെ തെക്കു വശത്തിരിക്കുന്ന പുരുഷന്മാര്‍ .....

    കയറിനു വലതു ഭാഗത്തുള്ള പുരുഷന്മരുടെ ഭാഗത്തേയ്കു ദയവായി മാറുക.
    എടാ നിന്നോടാ പറഞ്ഞതു്‌.സ്ത്രീകളുടെ ഭാഗത്തു് ....അതായതു്.....കയറിന്റെ വലതുഭാഗത്തു്....നിന്റെ അമ്മച്ചീടെ.....

    മാറെടാ നായിന്റെ മോനേ.....(നിശ്ശബ്ദത)
    എടാ പട്ടി കഴു........മോനേ...മാറിനെടാ അവിടെ നിന്നു്‌.(ആ പച്ച്‌

    തെറികള്‍ എഴുതുന്നില്ല.)
    ഒടുവില്‍ ചീത്ത വിളിയുടെ ഘോഷ യാത്രയില്‍ എത്തുമ്പോള്‍ ഒരു സംഘാടകന്‍


    എത്തുന്നു... സ്വാമീ...ഡാന്‍സ്‌ തുടങ്ങറായി. ഭ പട്ടീ നീ എന്നെ പഠിപ്പിക്കാന്‍ വരുന്നോ...
    വല്ല വിധവും മൈയ്കു്‌


    വാങ്ങി ...ഉത്സവം തുടരുന്ന രംഗങ്ങള്‍.....
    സ്വാമിയും ആ ശെയിലികളും
    മണ്‍ മറഞ്ഞു കഴിഞ്ഞിരിക്കുന്നു.


    n.b
    ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പൊള്‍ ചോദിച്ചു പോയി അമ്മയോടു്...... അമ്മ പറഞ്ഞു....


    ഉത്സവകമ്മിറ്റി ഓഫീസ്സില്‍ ആരോരും തിരിഞു നോക്കാതെ അനാഥനായി.....

    അമ്മ മുഴുമിപ്പിച്ചില്ല........


    എനിക്കേറ്റവും ഇഷ്ടമായ മുരിങ്ങയിലത്തോരന്‍ പോലും കൂട്ടാതെ ഞാന്‍

    എണീറ്റു പോയി.അമ്മ പറയുന്നതു

    കേള്‍ക്കാമായിരുന്നു....എന്നും അവന്‍ ഇങ്ങിനെയായിരുന്നു.....

    ________________


Tuesday, May 30, 2006

.ഒരു കരീയര് കൌണ്സിലിംഗ്.

Buzz It
ഒരു കരീയര് കൌണ്സിലിംഗ്.
_____________________

അഞ്ഞൂറു രൂപാ വേണം.കൌണ്സിലിംഗ് ആണു്.
മകന് പറഞ്ഞു.

തന്റെ കഴിവും കഴിവു കേടും ലക്ഷ്യവും മാര്ഗ്ഗവും എല്ലാം അറിയാനായി അഞ്ഞൂറു രൂപയുമായി അവന് കൂട്ടുകാരനോടൊപ്പം
പോകുന്നതു് രാജഗോപാലന് നോക്കി ഇരുന്നു.


വര്ഷങ്ങള്ക്കു മുമ്പു് ...........

ഇടവപ്പാതിയാണു് ...ആകാശം മൂടി കെട്ടിയിരിക്കുന്നു.......പടിഞ്ഞാറന് കാറ്റില് മരങ്ങളുടെ സ്വകാര്യ ദു:ഖങ്ങള്

കേള്ക്കാമായിരുന്നു.


തുള്ളി മുറിഞ്ഞ നേരം, വെറുതെ വായനശാലയിലേക്കു നടന്നു.....

വെട്ടു റോഡിലൊന്നും ആളുകള് ഇല്ലായിരുന്നു.

കടകളൊക്കെ ആളൊഴിഞ്ഞു കിടക്കുന്നു...കുട പിടിച്ചു പോകുന്ന അത്യാവശ്യക്കാരല്ലാതെ ...


വായനശാലയില് വെറുതേ ചീട്ട് കളിച്ചുകൊണ്ടിരുന്നു. സമയം പോയതു് അറിഞ്ഞില്ല...

വെളിയില് മഴ അല്പം ശാന്തമായിട്ടുണ്ടു. അപ്പോഴാണു് ആരോ വന്നു പറഞ്ഞതു്..

രാജ ഗോപാലാ നീ ഫസ്റ്റു് ക്ലാസ്സില് പാസ്സായിരിക്കുന്നു.

നാട്ടില് പുതിയതായി തുടങ്ങിയ പാരലല് കോളേജുകാര് തന്റെ പേരും മയ്ക്കിലൂടെ വിളിച്ചു പറയുന്നതു് കേട്ടു.

ഓടുകയായിരുന്നു.

അമ്പല മുറ്റത്തൂടെ .... തളക്കല്ലിലൂടെ....മുറ്റത്ത് കെട്ടികിടന്ന വെള്ളം തട്ടി തെറിപ്പിച്ചുകൊണ്ടു് രാജഗോപാലന് ഓടുകയായിരുന്നു......

പടിക്കല്ലു് കയറുമ്പോള് കേള്ക്കാമായിരുന്നു അമ്മൂമ്മയുടെ പാഴാങ്ങം പറയല്..ഒരു നുള്ളു പൊകയില ഇല്ലല്ലൊ എന്റെയ്

ദെയ്വമേ....അമ്മൂമ്മെ ഞാന് ഫാസ്റ്റ് ക്ലാസ്സില് പാസ്സായിരിക്കുന്നു.
പുകയിലക്കറ പിടിച്ച പല്ലുകള് കാട്ടി,
മുഷിഞ്ഞ റവുക്കയിട്ട അമ്മൂമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു..
ജയിച്ചല്ലൊ...അതു മതി...
രാജഗോപാലന് അമ്മയെ നോക്കുകയായിരുന്നു.

പുകഞ്ഞു കത്തുന്ന അടുപ്പില് തീ ഊതുന്ന അമ്മ അയാളെ കണ്ടില്ല. പ്ലാവിന് ചുവട്ടില് കളിച്ചു കൊണ്ടിരുന്ന കുഞ്ഞു പെങ്ങന്മാര് ഒന്നും അറിഞ്ഞില്ല.
..............................ഒരു സന്ധ്യ...

അരയാല്തറയില് ഇരുന്ന രാജഗോപാലന്. ദീപാരാധന തൊഴുതിട്ടു് അമ്മയുടെ കൂടെ നടന്നുവരുന്ന ശ്യാമളയെ ദൂരെ നിന്നെ കണ്ടു.

അടുത്ത് വന്നപ്പോള് ശ്യാമള പറഞ്ഞു. ........ നാളെ തിരുവനന്തപുരത്തു് പോകയാണു്. അവിടെ കോളേജില് ചേരുന്നു. ഹോസ്റ്റലില് ..........

തന്നോടെന്നും ഒരു പ്രത്യേകതയുണ്ടായിരുന്ന ശ്യാമളയ്ക്കു് മനസ്സില് മംഗളങ്ങള് നേര്ന്നുകൊണ്ടു ചിരിച്ചു....

തന്റെ ഓരോരോ കൂട്ടുകാരും ഉപരി പഠനത്തിനായി ഓരോരോ സ്ഥലങ്ങളിലേയ്ക്കു് പോകുകയാണു്.

ഗോപകുമാര്, പുഷ്പരാജന്, ശശി,..............

ആരും ചോദിച്ചില്ല.... രാജഗോപാലാ നീ...........

വയസ്സന് ഉതി മരത്തിനു താഴെയുള്ള കല്ലില് ആരോ കൊളുത്തിയ വിളക്കു് കരിന്തിരി കത്താന് തുടങ്ങി. നമ്ന്ദ്യാര് വട്ടകളുടെ

പുറകില് ഒളിച്ചു നിന്ന സന്ധ്യ രാത്രിയ്ക്കു് വഴി മാറുന്നതു് അയാള് അറിഞ്ഞു.

.........എപ്പോഴോ അയാള് വീട്ടിലേയ്ക്കു നടന്നു. വെട്ടുറോഡിനിരുവശവും.....ചീവീടുകളുടെ...... നിലയ്ക്കാത്ത

ശ്ബ്ദം കേള്ക്കാം.... വളവു തിരിഞ്ഞപ്പോഴേ കാണാം.... പുകയറ പിടിച്ചു് കരുവാളിച്ച ഭിത്തികളുള്ള ... തന്റെ വീടു്.

വീട്ടില് എത്തിയപ്പോഴേയ്കും അമ്മൂമ്മ ഉറങ്ങി കഴിഞ്ഞു.പ്ലാവിന് ചുവട്ടില് കളിച്ച കുഞ്ഞു പെങ്ങന്മാര് മാണ്ടുവീണുറങ്ങുന്നു.

അമ്മ എടുത്തു വച്ച കഞ്ഞി മണ്ണെണ്ണ വിളക്കിനുമുന്പില് ഇരുന്നു് കുടിക്കുമ്പോള് അമ്മയുടെ മുഖം ശ്രധിച്ചില്ല.


പത്തായത്തിനു മുകളില് വിരിച്ച പായയില് കിടക്കുമ്പോള് .........വെളിയില് ഇടവപ്പാതി അലറുകയാണു്. രാത്രിയിലെ


മഴയുടെ ശബ്ദത്തിന്റെ മാറ്റം ശ്രദ്ധിച്ചു് അയാള് കിടന്നു.

രാജഗോപാലന്റെ മനസ്സ് ....ഫീസ്സൊന്നും വIങ്ങാതെ കൌണ്സിലിംഗ് നടത്തുകയായിരുന്നു........

ജന്നലിലൂടെ വീഴുന്ന കൊല്യാന് പ്രകാശത്തില് കാണാം......

പുകയില കിട്ടാതെ പല്ലരച്ചു നിലത്തു വിരിച്ച തഴപ്പായില് ഉറങ്ങുന്ന അമ്മൂമ്മയെ.........

പുകഞ്ഞെരിഞ്ഞു് ഒരു നെരിപ്പോടായി ......മറ്റൊരു ഭാഗത്തുറങ്ങുന്ന അമ്മയെ... ......




പ്ലാവിന് ചുവട്ടിലെ ലോകം മാത്രം അറിയവുന്ന കുഞ്ഞു പെങ്ങന്മാരെ.........


രാജഗോപാലന്റെ കണ്ണുനീര് കാണാതെ വെളിയില് ഇടവപ്പാതി ഉറഞ്ഞു തുള്ളുകയായിരുന്നു.
_______________________

Thursday, April 20, 2006

പരീക്ഷ

Buzz It

വെളിയില്‍ മഴ പെയ്യുകയാണു്.
ഞാന്‍ പഠിക്കുകയാണു്. നിലത്തു കിടന്നുറങ്ങുന്നതു് എന്‍റെ അമ്മൂമ്മ. മുഖത്തോട്ടു മാത്രം പുക പരത്തുന്ന മണ്ണെണ്ണ വിളക്കു്.
ഇടവപ്പാതിയാണു്. കോരി ചൊരിയുന്ന മഴ.അടുത്ത മുറിയില്‍ എന്‍റെ അമ്മയും മൂന്നു പെങ്ങന്മാരും. ഞാന്‍‍ പഠിക്കുകയാണു്. നാളെ
പരീക്ഷയാണു്.


കതകില്ലാത്ത ജന്നാലയിലൂടെ ചീതാനം വീശുകയാണു്. വടക്കേക്കര വീട്ടിലെ കൊന്ന തെങ്ങു് ഇപ്പൊള്‍ വീഴും എന്ന രീതിയില്‍ ചായുന്നതു കാണാം.
ഏതോ മരത്തില്‍ ഇരുന്നു് കള്ള കാക്ക കരഞ്ഞു.
ക്ലാസ്സില്‍ വാച്ചില്ലാത്ത ഏക വ്യക്തി താനാണെന്നു് ദു:ഖത്തോടെ ഓറ്‍ത്തുപോയി. ഇളയ പെങ്ങള്‍ എന്തോ സ്വപ്നം കണ്ടു് കരഞ്ഞു തിരിഞ്ഞു കിടന്നുറങ്ങി.


എവിടെയോ ഒരു പാതിരാ കോഴി കൂകി. നാളെ പരീക്ഷയാണു്. എക്കൊണൊമിക് ഡെവെലൊപ്മെന്‍റ് ഒഫ് ഇന്ഡ്യ.
അമ്മൂമ്മ ഉണര്‍ന്നു. നീ ഇതുവരെ ഉറങ്ങിയില്ലേ?. ജന്നാലയിലൂടെ നോക്കിയിട്ടു് അമ്മൂമ്മ പറഞ്ഞു. പെരുമന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു.
എന്താ ഇതു്.? ഞാന്‍ ചിരിച്ചു. ക്ലാസ്സിലെ വാച്ചില്ലാത്ത ഏക വ്യക്ത്തിയോടൊപ്പം ഇടവപ്പാതി ചിരിച്ചു, കാലന്‍ കോഴി ചിരിച്ചു,
കൊന്ന തെങ്ങു ചിരിച്ചു. നാളെ പരീക്ഷയാണു്.

Friday, March 31, 2006

കനകച്ചില‍ങ്ക കിലുങ്ങി കിലുങ്ങീ /kanaka chilanka kilungi kilungi

Buzz It





ബിന്ധുജിയുടെ കമന്‍റിനു ശേഷം എന്നും, ആ കവിത ഇവിടെ പൂര്‍ണമായി ഇടണം എന്നു് ആശിക്കുമായിരുന്നു.
സമയം അലസത, മറവി ഒക്കെ കാലതാമസം വരുത്തി.

ചങ്ങമ്പുഴയുടെ ആ മനോഹരമായ കവിത.

---------------------------------------------





ഈ കവിത ഇവിടെ യൂണിക്കോഡില്‍ പകര്‍ത്തി എഴുതാന്‍ തീര്‍ച്ചയായും ശ്രമിക്കും.
സന്ദര്‍ശകര്‍ക്കെല്ലാം എന്റ്റെ ഭാവുകങ്ങള്‍.:)

Sunday, March 26, 2006

VENU

Buzz It
THE WHOLE UNIVERSE IS BEAUTIFUL IF WE ARE BEAUTIFUL INWORDS DEEDS AND THOUGHTS.