ജാലകം

Monday, October 29, 2007

പൂജ്യം

Buzz It

പൂജ്യം.

രാജ ഗോപാലനെന്ന പൂജ്യം അമ്മയൂടെ ഞാന്നു തുടങ്ങിയ മുലകള്‍ വലിച്ചു കുടിച്ചു.
താഴെ നിര്‍ത്തി ചന്തിക്കൊരു പെട കൊടുത്തിട്ടു് അമ്മ പറഞ്ഞു “ഇതില്‍ ഞാന്‍ ചന്യായം അരച്ചു തേക്കുന്നുണ്ടു്.
അഞ്ചു വയസ്സായിരിക്കുന്നു.”


കൽപ്പണിക്കു പോയ അമ്മ തിരിച്ചു വരുന്നവരെ, രാജഗോപാലന്‍ പൂജ്യമായൊളിച്ചിരുന്നു.
അമ്മ വന്ന പാടെ അയാളാ മുലകള്‍ തേടി ഓടി എത്തി. ചന്യായത്തിന്‍റെ കയര്‍പ്പില്‍ ചില പൂജ്യങ്ങളെ അറിഞ്ഞു.


വൈകുന്നേരമായി. പാരിജാതങ്ങളുടെ മൊട്ടുകളിലെ പൂജ്യങ്ങള്‍ കവിതകളായില്ല.
സുമ വന്നതു് ഉടഞ്ഞ സ്ലേറ്റിലെഴുതിയ ഒരു പൂജ്യം കാണിക്കാനായിരുന്നു.
മുറിപ്പാവാടയുടെ മുകളിലെ കറുത്ത മറവിലെ പൂജ്യം കണ്ടു് രാജഗോപലന്‍‍ വീണ്ടും ഒരു പൂജ്യമായി.


ഏലിയാമ്മ സാറായിരുന്നു പൂജ്യത്തിനു് വിലയുണ്ടെന്നും അതു കണ്ടു പിടിച്ചതു് ഭാരതീയരാണെന്നും രാജഗോപാലനെ പഠിപ്പിച്ചു കൊടുത്തതു്. ഏലിയാമ്മ സാറൊരു പൂജ്യമാകുന്നതറിഞ്ഞു് അയാള്‍ പൂജ്യങ്ങളെ നോക്കി ചിരിക്കാന്‍ തുടങ്ങി.


ഒളിച്ചോടിപ്പോയ പെങ്ങളെ ഓര്‍ത്തു് മറ്റൊരു പൂജ്യമായ അച്ഛനെ ഓര്‍ത്തും അയാള്‍‍ പൂജ്യമായി.
പൂജ്യങ്ങളുടെ വില പേശലില്‍ തന്നെ, തിരിച്ചു നിന്നു തുപ്പി പോയ ഭാര്യയും ഒരു പൂജ്യമായിരുന്നു എന്നയാള്‍ക്കു തോന്നി.


ആരുമില്ലാത്ത ലോകത്തൊരു വട്ട പൂജ്യമായി നിന്നു് രാജ ഗോപാലന്‍ ചോദിച്ചു പോയി. പൂജ്യത്തിന്‍റെ വിലയെന്തു്.?

28 comments:

വേണു venu said...

പൂജ്യത്തിലെ പൂജ്യം...

സാജന്‍| SAJAN said...

ചില പൂജ്യങ്ങള്‍ക്ക് വിലയുണ്ട് വേണുച്ചേട്ടാ:)

അനംഗാരി said...

പൂജ്യത്തിന് വിലയില്ലെന്ന് മാത്രം പറയരുത്.ഞാനെന്ന പൂജ്യത്തിന് ഞാനോളം വിലയുണ്ട്.

കുറുമാന്‍ said...

ഇത് വെറും പൂജ്യമല്ലല്ലോ വേണുവേട്ടാ, ഒന്നൊന്നര പൂജ്യമല്ലെ :)

പൂജ്യത്തിന് വിലയുണ്ട്....എല്ലാത്തിന്റേയും ആരംഭം പൂജ്യത്തില്‍ നിന്ന്........വലിയ വലിയ അക്കങ്ങള്‍ അവസാനിക്കുന്നതും പൂജ്യത്തില്‍ തന്നെ :)

asdfasdf asfdasdf said...

പൂജ്യത്തിനു നല്ല വിലയുണ്ട് വേണുജി. സമ്പുഷ്ടമെന്നപോലെ സമ്പൂജ്യവും !

ഉപാസന || Upasana said...

വിഷമിപൊപിക്കുന്ന ചോദ്യണ്‍ഗള്‍ ഒഴിവാക്കൂ മാഷേ..?
:))
ഉപാസന

G.MANU said...

പൂജ്യത്തിനു് വിലയുണ്ടെന്നും അതു കണ്ടു പിടിച്ചതു് ഭാരതീയരാണെന്നും രാജഗോപാലനെ പഠിപ്പിച്ചു കൊടുത്തതു്

mashe

Murali K Menon said...

പൂജ്യത്തിന്റെ വില ഒരിക്കലും നഷ്ടപ്പെടുന്നില്ല, പുതിയ പൂജ്യങ്ങള്‍ പഴയ പൂജ്യങ്ങളെ പുറകിലോട്ടു തള്ളിവിടുന്നതൊഴിച്ചാല്‍... മുലയില്‍ ചെന്നിനായകം പുരട്ടി വിടര്‍ത്തിയത് മറ്റൊരാരു പൂജ്യത്തിനെ അവിടെ പ്രതിഷ്ഠിക്കാനാവും.

ബാലചന്ദ്രന്‍ ചുള്ളിക്കാട് ഓണത്തിനെ കുറിച്ചുള്ള ഒരു കവിതയില്‍ അനുജന്‍ കാരണം അമ്മയുടെ മുലയില്‍ നിന്നും ചെന്നിനായകം തേച്ച് തന്റെ ചുണ്ടുകളെ വേര്‍പ്പെടുത്തിയതിന്റെ വേദന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്തായാലും പൂജ്യം ആഘോഷിക്കാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്,

വേണു venu said...

കഥ വായിച്ചഭിപ്രായം എഴുതിയ സാജന്‍‍, അനംഗാരി, കുറുമാന്‍‍, കുട്ടന്‍‍മേനോന്‍‍, എന്‍റെ ഉപാസന, ജി.മനു, മുരളി മേനോന്‍‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.:)

തെന്നാലിരാമന്‍‍ said...

ഒറ്റക്കു നില്‍ക്കുമ്പോള്‍ അഥവാ വിലയില്ലെങ്കിലും കൂട്ടത്തില്‍ കൂടുമ്പോള്‍ മറ്റുള്ളവരുടെ വില കൂട്ടാന്‍ പൂജ്യത്തിനല്ലേ കഴിയൂ. വേണുച്ചേട്ടാ, കൊള്ളാംട്ടോ

വേണു venu said...

തെന്നാലിയുടെ കമന്‍റില്‍‍ പൂജ്യം പൂര്‍ണ്ണമാകുന്നതു പോലെ. വളരെ ശരിയാണു് തെന്നാലി. വളരെ.
In maths and life.:)

പ്രയാസി said...

പൂജ്യം ഇല്ലായിരുന്നേല്‍ ബൂലോകവും പൂജ്യം..!

വേണു venu said...

പ്രയാസി,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)

ചീര I Cheera said...

പൂജ്യത്തിന്റെ അകം മുഴുവനും ചിലപ്പോള്‍ സ്നേഹം നിറച്ചിട്ടുണ്ടെങ്കിലോ.., വിലമതിയ്ക്കാനാവാത്തതാവും അപ്പോള്‍ പൂജ്യങ്ങളുടെ വില!

ഹരിശ്രീ said...

പൂജ്യത്തിന്‍റെ വിലയെന്തു്.?

വേണുവേട്ടാ,

കൊള്ളാം...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ശ്ശൊ ഈ പൂജ്യത്തിന്റെ ഒരു കാര്യമേ........നല്ല രസം ഉണ്ടായിരുന്നു വായിക്കാന്‍.

വേണു venu said...

Pr, ശരിയാണു്.:)
ഹരിശ്രീ, സന്തോഷം.:)
കിലുക്കാമ്പെട്ടി, വല്ലാത്തൊരു പൂജ്യം. അല്ലേ.:)
അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും എന്‍റെ നന്ദി.
എല്ലാ ബ്ലോഗു രചയിതാക്കള്‍‍ക്കും വായനക്കാര്‍ക്കും ഐശ്വര്യ പൂര്‍ണ്ണമായ ദീപാവലി ആശംസിക്കുന്നു.:)

Mahesh Cheruthana/മഹി said...

എല്ലാവരും പൂജ്യങ്ങളല്ലെ വേണുവേട്ടാ!

ഗിരീഷ്‌ എ എസ്‌ said...

വേണുവേട്ടാ...
ശൂന്യതയുടെ
അഹങ്കാരമാണ്‌ പൂജ്യത്തിന്‌
ഞാനില്ലെങ്കില്‍
ശക്തി ചോര്‍ന്നുപോകുമെന്ന്‌ വാശിപിടിച്ചിരിക്കുന്ന
കുസൃതിയായ
ഒരു കുട്ടിയെ പോലെയാണ്‌
അക്കങ്ങള്‍ക്ക്‌
വലതുവശത്തെ പൂജ്യങ്ങള്‍...

അര്‍ത്ഥങ്ങളുടെ
പുതിയ മേച്ചില്‍പുറങ്ങളിലേക്ക്‌ കഥ സഞ്ചരിക്കുന്നു...
അഭിനന്ദനങ്ങള്‍...

Unknown said...

അയ്യൂ..ഞാന്‍ വീണ്ടും വൈകി...
ഇപ്പൊഴാ കണ്ടേ... കൊള്ളാട്ടാ വേണുവേട്ടാ... തെന്നാലി പറഞ്ഞത് കറകറക്ട്...
:)

ഗീത said...

ഇരിക്കേണ്ടടത്ത് ഇരുന്നാല്‍ പൂജ്യത്തിന്‍് വലിയ വിലയുണ്ടാകും - 100000 - ഈ സംഖ്യയിലെപ്പോലെ
എന്നാല്‍ തെറ്റായ സ്ഥാനത്തിരുന്നാലോ ...
000001 -ഈസംഖ്യയിലെപ്പോലെ ...
പുതിയ കഥകള്‍ കാത്തിരിക്കുന്നു.

മഴത്തുള്ളി said...

പൂജ്യത്തിനേക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളിഷ്ടമായി വേണു മാഷേ. എനിക്ക് ഒരു രൂപ തരാമോ, വലതുവശത്തൊരു അഞ്ചാറ് പൂജ്യവും ഇടണം. ഇടതുവശത്ത് വേണ്ട. ;)

ഓ.ടോ. : തൊരപ്പന്‍ പൂജ്യത്തെ തൊരന്നല്ലേ ;)

വേണു venu said...

മഹേഷു് ചെറുതന, എല്ലാവരും അല്ലെന്നു തോന്നിപ്പിക്കുന്നു, ചില പൂജ്യങ്ങള്‍.:)

ദ്രൌപദീ, സന്ദര്‍ശനത്തിനു് സന്തോഷം. ശുന്യതയുടെ അഹങ്കാരം.!
കഥയുടെ അര്‍ഥതലങ്ങള്‍ വിശകലനം ചെയ്തതിനു് നന്ദി.:)

സഹയാത്രികന്‍, അഭിപ്രായത്തിനു് നന്ദി.:)

ഗീതാഗീതികള്‍‍, അതു ശരിയാണു്. എന്നാല്‍ ഇരിക്കേണ്ടിടത്തു് ഇരുത്താതിരുന്നാലോ. ? ഇരുത്തപ്പെടലാണെല്ലോ കൂടുതലും.
വിധിയുടെ പങ്കും വിസ്മരിക്കാനൊക്കില്ല.:)

മഴത്തുള്ളീ,
ഹഹാ..അഭിപ്രായത്തിനു നന്ദി. വലതു വശത്തോ ഇടതു വശത്തോ പൂജ്യം വന്നു വീഴുന്നതു്.
ഗീതാഗീതികള്‍ ‍ പറഞ്ഞതും അതു തന്നെ. മാത്യ്യൂസ്സേ ചെല പൂജ്യങ്ങള്‍ പൂജ്യങ്ങളായി തന്നെ നില്‍ക്കുന്നു എന്നു തോന്നാറുണ്ടു്. .:)

എല്ലാവര്‍ക്കും കൂപ്പു കൈ.:)

മനോജ് കെ.ഭാസ്കര്‍ said...

ഞാന്‍ സം പൂജ്യനായി....

വേണു venu said...

ത്രിഗുണന്‍‍, സന്ദര്‍ശനത്തിനു് നന്ദി.:)

നിരക്ഷരൻ said...

ഒരക്കത്തിന്റെ മുന്നിലോ, പുറകിലോ വീഴുന്നത് എന്നതനുസരിച്ച് വില മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം.
കൊള്ളാം.

വേണു venu said...

നിരക്ഷരാ അപ്പോള്‍ വില നിശ്ച്ചയിക്കപ്പെടണം.
അപ്പുറമോ ഇപ്പുറമോ. നല്ല വായനയ്ക്കെന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത,:)

തര്യൻ said...

PSC പരീക്ഷക്ക് തൊണ്ണൂറുവാങ്ങിയ പൊതു വിഭാഗക്കാരന് നിയമന ഉത്തരവ് ലഭിക്കാതിരിക്കുകയും പൂജ്യം വാങ്ങിയ സംവരണക്കാരന് അതു ലഭിക്കുകയും ചെയ്തപ്പോഴാണ് പൂജ്യത്തിന് വിലയുണ്ടെന്ന് മനസ്സിലായത്.