ജാലകം

Friday, June 12, 2009

അസ്സമയം.

Buzz It

അമ്മയായിരുന്നു അച്ഛനോടു് പറഞ്ഞതു്. ഇവന്‍റെ സമയം ഒന്നു നോക്കണം.!


അമ്മൂമ്മ പറഞ്ഞതും കേട്ടിരുന്നു. എരണം കെട്ടവന്‍. മുജ്ജന്മ സുകൃതം.


സമയം എന്നൊന്നില്ല എന്നു് തോന്നിയതു്, സമയത്തെ കുറിച്ചു് പഠിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോഴായിരുന്നു.
ഒരു വലിയ ബുക്കും ഒരു വലിയ പേനയും അതില്‍ നിറയ്ക്കാന്‍ ഒത്തിരി മഷിയും നല്‍കി അധ്യാപകനെങ്ങോ പോയി.


അപ്പോള്‍ അവനു് മീശ കിളിക്കുന്നുണ്ടായിരുന്നു. പോയ അധ്യാപകന്‍റെ വലിയ മീശയില്‍ ഒരു 35 വയസ്സൊട്ടിച്ചു വച്ചിരുന്നു.
സമയത്തെക്കുറിച്ചെഴുതി എഴുതി അയാള്‍ക്കു് സമയമായി തുടങ്ങി.


പുത്തന്‍ വീട്ടിലെ കാര്‍ത്യായനി ചേച്ചിയെ കെട്ടിക്കൊണ്ടു വന്ന വീരന്‍ പാക്കരന്‍ ചേട്ടനെ അറിയാമായിരുന്നു.
പാക്കരന്‍ ചേട്ടന്റ്റെ പിന്നിലെ ഒരു ഒരു പുതുമയുടെ മനോഹര ഗാനമായി നീങ്ങുന്ന കാര്‍ത്യായനി ചേച്ചിയെ അയാള്‍ക്കിഷ്ടമായിരുന്നു.


ഇന്നലെയായിരുന്നു ഒരു കൊച്ചു കൈലിയില്‍ ചുളുക്കു വീണ വയറുമായി, അതിരില്‍ വന്നു നീന്നു് മൂന്നാമത്തെ മോനെ അവര്‍ ചീത്ത പറഞ്ഞതു്.



അയാളെ കണ്ടിട്ടെന്നോണം അവര്‍ പറഞ്ഞു ഭയങ്കര നിഷേധിയാ സാ റേ. എന്നിട്ടു ചിരിച്ചു.
ആ ചിരിയില്‍ പാക്കരന്‍ ചേട്ടന്‍റെ പിന്നിലെ ആ ഗാനം അയാള്‍ക്കോര്‍മ്മ വന്നു. സമയം എന്ന പ്രബന്ധം വഴി മുട്ടി നില്‍ക്കുന്നു എന്നു് അയാള്‍ ദുഃഖത്തോടെ ഓര്‍ക്കാന്‍ തുടങ്ങി.



ഒരു കൂനും മൊത്തം നരയും ഒരു വിറയലും ഒക്കെ അയാളുടെ പ്രബന്ധത്തിനു് ആക്കം കൂട്ടി കൊണ്ടിരുന്നു.
ഒരിക്കലും തീരാത്ത സമയത്തിനു മുന്നില്‍ നിന്ന അയാള്‍ക്കൊരു കാര്യം മനസ്സിലായി. സമയമെന്നൊന്നില്ല.


ഒരു ജീവിതം കൊണ്ടെഴുതിയ പ്രബന്ധത്തിനു് ഇങ്ങനെ ഒരന്ത്യം വരുന്നതില്‍ അയാള്‍ക്കു് ദുഃഖം തോന്നി.
അവന്‍റെ നല്ല സമയമെന്നും, ഏതു പട്ടിക്കും ഒരു സമയം ഉണ്ടെന്നും ഒക്കെ ഉള്ള പറച്ചിലുകളിലെ സമയമില്ലായ്മ അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു.


സമയം ആര്‍ക്കും കാത്തു നില്‍കുന്നില്ല. സമയം പോലെ എല്ലാം ശരി ആകും. എല്ലാത്തിനും ഒരു സമയം ഉണ്ടു്. സമയമാം രഥത്തില്‍ യാത്രയുണ്ടു് എന്നൊക്കെ പറയുന്നതിലെ സമയമില്ലായ്മയെ ആയിരുന്നു അയാള്‍, അയാളുടെ അവസാന നാളുകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതു്.


എത്ര സമയ ബോധമുള്ള മനുഷ്യനായിരുന്നു. കാലിന്‍റെ രണ്ടു വിരലും കൂട്ടി കെട്ടി മൂക്കില്‍ പഞ്ഞിയും വച്ചു് തലയ്ക്കലും കാല്‍ക്കലും തേങ്ങാമുറിയില്‍ വിളക്കു കൊളുത്തി താഴെ കിടത്തുമ്പോഴും ചുറ്റും നിന്നവര്‍ പറയുന്നതു കേള്‍ക്കാമായിരുന്നു.
"അങ്ങെര്‍ക്കു് ഇത്രയേ സമയം ഒള്ളു."


ആള്‍ക്കൂട്ടത്തിലോടിക്കേറാനൊക്കാതെ അയാള്‍ വിഷമിച്ചു.
കൂനനാം വിറയനെ തട്ടി മറിഞ്ഞു വീഴാന്‍ തുടങ്ങിയവര്‍ തിരിഞ്ഞു നിന്നു പറയുന്നതു കേട്ടു. “ ഈ സമയത്തു തന്നെ വേണം ഒരു കൂനനും തള്ളാന്‍.”


മരണം കാത്ത് കിടന്ന വീട് വളപ്പിലെ മൂവാണ്ടന്‍ മാവിനെ നോക്കി, കണിശ്ശം പറഞ്ഞത് പപ്പു കണിയാനായിരുന്നു.
മാവിന്‍റെയും സമയം ഒത്തു വരുന്നു. കണ്ടില്ലേ ഈ വര്‍ഷത്തെ അതിലേ പൂവ്.


---------------------------------------------

6 comments:

വേണു venu said...

ചില നേരങ്ങളില്‍ ചില മനിതര്‍..:)

kichu / കിച്ചു said...

സമയം ഒരു വലിയ സമസ്യ തന്നെ..

siva // ശിവ said...

ചിന്തനീയം ഈ കഥയിലെ വിഷയം....നന്ദി...

ഹന്‍ല്ലലത്ത് Hanllalath said...

..ശൈലി വ്യത്യസ്ഥം..

വേണു venu said...

അഭിപ്രായങ്ങള്‍ പങ്ക് വച്ച, കിച്ചു, ശിവ, hAnLLaLaTh ,നിങ്ങള്‍ക്ക് നന്ദി.:)

C.P.Ayakkadu said...

nurungukal ........
www.ayakkadu.blogspot.com