ജാലകം

Wednesday, May 14, 2008

ഏര്‍മ്മാടം

Buzz It

ഒരു സിഗററ്റു വേണമായിരുന്നു.
ഞാനാ ഏര്‍മ്മാടത്തിലേയ്ക്കു് നടന്നു..


മീന വെയിലിന്‍റെ ചൂടു് എന്‍റെ നട്ടെല്ലു വളച്ചു.


ഒരു കുട ചാരി വെളിയില്‍ വച്ചിരുന്നു. കാലുള്ളതു്.
മറ്റൊരു കുട നാണു നായരായി കടയിലിരുപ്പുണ്ട്‌. കാലുള്ളതു്.


ഏതോ നോട്ടീസിലെ അക്ഷരങ്ങള്‍ തിരക്കുന്ന കണ്ണടയില്ലാത്ത നാണു നായരെന്നെ കണ്ണട ഇല്ലാതെ മനസ്സിലാക്കി.
രാജനല്ലെ നീ.? എന്നാ ഇനി പോകുന്നതു് എന്നു ചോദിച്ചപ്പോള്‍‍, ഞാന്‍ വന്നതറിഞ്ഞതു് എന്നു് ?. എന്നു ചോദിക്കാന്‍ എന്‍റെ നാവു പൊങ്ങിയില്ല.


നാണു നായരുടെ ചുണ്ടില്‍ ഒരു ബീഡി കത്തുന്നുണ്ടായിരുന്നു.
ബീഡിയുടെ അറ്റത്തു് വിപ്ലവം ചാരമായി മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു.


കുഞ്ഞന്‍‍ മാഷെന്ന പഴയ കമ്യൂണിസ്റ്റു കാരന്‍റെ ശബ്ദം രാജന്‍റെ മനസ്സിലെ ഈങ്കിലാബു് ഉണര്‍ത്തി.
ഒരു കാലില്‍‍ ചെരുപ്പും മറ്റെ കാല്‍ നഗ്നവുമായിരുന്നു. കുഞ്ഞന്‍ മാഷിന്‍റേതു്.


അടി വാങ്ങിയ വിപ്ലവപ്പാടുകള്‍‍ രക്തയോട്ടം നിര്‍ത്തിയ, മറ്റെ കാലിലും ചെരിപ്പിട്ടിട്ടുണ്ടെന്നു ധരിച്ചു നടന്നു വരുന്നു കുഞ്ഞന്‍ മാഷു്.


എന്തൊരു ചൂടാടോ.? നാണു നായര്‍ തലകുലുക്കി. മുറത്തിലേയ്ക്കു് വീഴുന്ന ബീഡികളില്‍ വിപ്ലവം നിറയുന്നുണ്ടായിരുന്നു.


കുഞ്ഞന്‍ മാഷിനു് ഒരു കെട്ടു ബീഡി കൊടുക്കുമ്പോള്‍‍ ഒറ്റ ചെരുപ്പിട്ട ആ പഴയ കമ്യൂണിസ്റ്റുകാരനെ, നാണു നായര്‍ അഭിവാദനം ചെയ്യുന്നതു് ഞാന്‍ കണ്ടു.


ലാല്‍ സലാം സഖാവേ.


മാഷപ്പോള്‍‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ഞാലി പൂവന്‍ കുലയിലെ അവസാനത്തെ പടലയിലേയ്ക്കു നോക്കി. ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍‍ നാണു നായരെ പോലെ ഒരു ഈച്ച കടിച്ചു പിടിച്ചിരുപ്പുണ്ടായിരുന്നു.


സിഗററ്റു വാങ്ങാതെ ഞാനിറങ്ങി. ഒരു ജാഥ വരുന്നു. ചുമന്ന കൊടിയും ചുമന്നു വന്നവറ്‍ ‍ എന്‍റെ മുന്നില്‍ നിന്നു. സംഭാവന.
ഞാനപ്പോഴും ആ പഴതൊലിയിലെ നാണു നായരെ കാണുകയായിരുന്നു.

*************************************

ഈ കഥയുടെ ശബ്ദ രേഖ ഇവിടെയുണ്ട്.ഏര്‍മ്മാടം(ശബ്ദ രേഖ) tepuktangan

===========================================

22 comments:

വേണു venu said...

ഒരു മിനി കഥ പോലെ ഒരു കുഞ്ഞു കഥ.:)

ഹരിത് said...

കഥയായാലും കാര്യമായാലും അവരറിഞ്ഞാല്‍ സംഭാവന മാത്രമല്ല നോക്കു കൂലി കൂടെ ചോദിച്ചു മേടിയ്ക്കും; അവസാനത്തെ പടലയിലേയ്ക്കു നോക്കിയതിനും അവിടെ നാണുനായറെ കണ്ടതിനും!!!!!

കഥ ഇഷ്ടമായി.

Unknown said...

പണ്ടത്തെ സഖാക്കളുടെ സേനഹവും അത്മാര്‍ഥതയും ഇന്നത്തെ സഖാക്കളില്‍
ചൂണ്ടിക്കാട്ടാന്‍ സാധിക്കുവോ വേണുവേട്ടാ.സഖാവ് എന്നാല്‍ ഇന്ന് പറയാന്‍
ഉളുപ്പുള്ള ഒരു പദമായി മാറിയിരിക്കുന്നു

ഉഷശ്രീ (കിലുക്കാംപെട്ടി) said...

‘ലാല്‍ സലാം സഖാവേ‘കഥ കുഞ്ഞാണങ്കിലും മീനവെയിലിന്റെ ചൂട് അനുഭവപ്പെട്ടു.

പാമരന്‍ said...

കുട, ഒരു കാലിലെ ചെരിപ്പ്‌, പഴത്തൊലിയിലെ ഈച്ച, ഒക്കെ കിടിലന്‍ വേണുജി.

ഹരിയണ്ണന്‍@Hariyannan said...

പഴയ സഖാക്കന്മാര്‍ ബീഡിയിലും വിപ്ലവം കണ്ടു;അവരുടെ രക്തയോട്ടം നിലച്ചകാലുകളെ ചില്ലിട്ട ചിത്രമാക്കി പുതിയവര്‍ സംഭാവനപിരിക്കുന്നു!

കുറച്ചുവാക്കുകള്‍;കൂടുതല്‍ കാര്യം!
അതിലാണല്ലോ കാര്യം!!

നവരുചിയന്‍ said...

"ആ ഒറ്റ കാലിലെ ചെരുപ്പും ആയി നടന്നു വരുന്ന കുഞ്ഞന്‍ മാഷ്" .... മനോഹരം ആയ വിഷ്വല്‍

ചീര I Cheera said...

എഴുത്തിഷ്ടായി വേണൂ ജീ..
പഴത്തൊലിയിലെ നാണു നായരേയും!
‘നെയ്ത്തുകാരന്‍’ എന്നൊരു സിനിമ ഈയിടെയാണ് കണ്ടത്.

ഏറനാടന്‍ said...

ബീഡി+ചായ+പരിപ്പുവട+ചെങ്കൊടി+ജാഥ പിന്നെ... രക്തസാക്ഷികള്‍ സിന്ദാബാദ് എന്നാണല്ലോ വേണുജീ..

വേണു venu said...

കുഞ്ഞു കഥ വായിച്ചവരേയും, അഭിപ്രായം അറിയിച്ചവരേയും, എന്‍റെ സന്തോഷം അറിയിക്കുന്നു.
ആദ്യ കമന്‍റെഴുതിയ ഹരിതു്,
നല്ല വായനയ്ക്കെന്‍റെ കൂപ്പു കൈ.അവസാനത്തെ പടല.:)
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍, അനൂപേ സഖാക്കളേ മുന്നോട്ടു്...:)
കിലുക്കാന്‍ പെട്ടി, വായനയ്ക്കു് സന്തോഷം. മീനവെയില്‍ ചൂടനുഭവിച്ചതിനും.:)
പാമരന്‍, ഒരു കാലിലെ ചെരുപ്പ്, അതൊരു മരിച്ചു ജീവിച്ച എനിക്കറിയാവുന്ന ഒരു ശരിയായ സഖാവിന്‍റെ അവസാനത്തെ നടത്തയായിരുന്നു.
ഹരിയണ്ണാ, കാലം മാറുന്നതൊന്നും അറിയാതെ പോയ സഖാക്കളും ഉണ്ടായിരുന്നു. അവസാനത്തെ പടലയിലെ കടിച്ചു പിടിച്ചിരിക്കുന്ന ഈച്ചയ പോലെ.:)
നവരുചിയന്‍, ആ കുഞ്ഞന്‍ മാഷു് എന്‍റെ മുന്നില്‍ ജീവിച്ചിരുന്നു.:)
പി.ആറേ, ശ്രദ്ധാപൂര്‍വ്വമുള്ള നിരീക്ഷണം ഇഷ്ടമായി. പഴത്തൊലിയിലെ നാണു നായര്‍.:)
ഏറനാടന്‍, രക്ത സാക്ഷികളില്ലെങ്കില്‍ വിപ്ലവം ഉണ്ടോ.?.:)
എല്ലാവര്‍ക്കും എന്‍റെ നന്ദിയുടെ പൂചെണ്ടുകള്‍.:)

Adv.P.Vinodji said...

nalla oru kunju kadha..
kunju oru nalla kadha...

വേണു venu said...

തറവാടീ, അഡ്വ.വിനോദ്ജീ, സന്തോഷം.:)

ഗോപക്‌ യു ആര്‍ said...

താങ്കള്‍ ഒരു ജിനിയസ്‌ ആണോ എന്നൊരു സംശയം!

വേണു venu said...

അയ്യോ. ഞാനോ.

സന്ദര്‍ശനത്തിനു് നന്ദി.:)

Typist | എഴുത്തുകാരി said...

കുഞ്ഞു കഥ അസ്സലായിട്ടുണ്ട്‌.ഒറ്റ ചെരിപ്പിട്ടു വരുന്ന കുഞ്ഞന്‍ മാഷെ മനസ്സില്‍ കണ്ടു.

കുറേകാലം ഞാന്‍ ഈ ബൂലോഗത്ത് ഇല്ലായിരുന്നു, അതാ, ഇവിടെ എത്താന്‍ വൈകിപ്പോയതു്.

വേണു venu said...

എഴുത്തുകാരി, ആര്‍ജ്ജവമുള്ള വായന എത്ര താമസിച്ചായാലും അറിയിക്കുന്നതു് എത്രയോ ചാരിതാര്‍ഥ്യം നല്‍കുന്നു. ഒരെഴുത്തുകാരനു ലഭിക്കുന്ന ഏറ്റവും വലിയ പാരിതോഷികവും അതല്ലേ. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

മഷിത്തണ്ടില്‍ വന്നിട്ട് എന്തെ മാഷെ കിലുക്കാം പെട്ടിയില്‍ ഒന്നെത്തി നോക്കാഞ്ഞതു,ഹൂം വേണ്ട ഞാന്‍ പീണങ്ങിയാ,,,,,,,വരണ്ടാ...

yousufpa said...

ക്ഷയിച്ചുപോയ മീമാംസകള്‍ക്ക് ഒരു പുനരവതരണം.
കുഞ്ഞുകഥയാണെങ്കിലും അര്‍ത്ഥവ്യാപ്തിയുള്ളത്.

വേണു venu said...

കിലുക്കാംപെട്ടി ,തീര്‍ച്ചയായിട്ടും എത്താറുണ്ടു്. നോ പിണക്കം.:)
അത്ക്കന്‍ , അഭിപ്രായത്തിനു് നന്ദി.:)
Arun Kayamkulam , അരുണ്‍ ബ്ലോഗു കണ്ടു. തുടരുക.ഓ.ടോ. പരസ്യമെഴുതുന്നതിനു മുന്നെ ആ പോസ്റ്റു വായിച്ചു എന്നെങ്കിലും ഒന്നെഴുതിയേക്കു.അല്ലെങ്കില്‍ വെറും പരസ്യ പലകയുടെ അവ്സ്ഥ തോന്നില്ലേ.

മഴത്തുള്ളി said...

വേണുമാഷേ ഈ കഥ വായിക്കാന്‍ താമസിച്ചു. ശരിക്കും ഒരു പഴയകാല സഖാവിന്റെ ജീവിതത്തെ പകര്‍ത്തിയിരിക്കുന്നു. അവസാനപടലയും അതില്‍ കടിച്ചുപിടിച്ചിരിക്കുന്ന ഈച്ചയുമൊക്കെ ഇവിടെ വളരെ അര്‍ത്ഥവത്തായ ചിന്തകള്‍ തന്നെ. വളരെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍.

വേണു venu said...

akberbooks , ശ്രദ്ധിച്ചു.
മഴത്തുള്ളി, അഭിപ്രായത്തിനും അഭിനന്ദനത്തിനും നന്ദി.:)

അശോക് കർത്താ said...

നല്ല കഥ.
തെറുത്തെടുക്കുന്ന ബീഡി ഒരു ഗൃഹാതുരത്വം തന്നെ. പിന്നെ, ബീഡി, മാഷിലൊക്കെ പഴകിപ്പതിഞ്ഞ ചില ബിംബങ്ങള്‍ തന്നെ ഒളിഞ്ഞു കിടക്കുകയല്ലെ? ഒന്നുകൂടി ഊതി തെളിയിച്ചാല്‍.....
തുടരു, സഖാവെ....ലാല്‍ സലാം