ജാലകം

Friday, December 21, 2007

വേലായുധന്‍റെ സ്വപ്നങ്ങള്‍‍

Buzz It

പഠിച്ചതൊന്നും പറയാതിരിക്കാം...
വഴികളൊക്കെ മറക്കാം.
പക്ഷേ മറന്നൊതൊന്നും ഓര്‍ക്കാതിരിക്കാന്‍ വേലായുധനു കഴിഞ്ഞില്ല.


ആ ഓര്‍മ്മകളാണു് വേലായുധനെ പിന്നെയും പലതും പഠിക്കാന്‍ പ്രേരിപ്പിച്ചതു്.

അവിടെ വേലായുധന്‍റെ ദുരന്തങ്ങള്‍ ആരംഭിക്കുന്നു,
ഇന്നലെപോലെ തോന്നി വേലായുധനു്.
അച്ഛന്‍ മരിച്ചു കിടന്ന കട്ടിലിനു് മുന്നെ നില്‍ക്കുന്ന നിക്കറിട്ട ചെറുക്കന്‍റെ രൂപം.



വിറകു കൂമ്പാരത്തിനു് തീ കൊളുത്തി നിന്ന വേലായുധന്‍ മുകളിലേയ്ക്കൊന്നു നോക്കി.
എരിഞ്ഞു കത്തുന്ന വിറകിലെ കട്ടി പുകയില്‍ മേലേയ്ക്കു പോകുന്ന അച്ഛന്‍.
മുകളിലാകാശവും താഴെ ഭൂമിയും ആയി വേലായുധന്‍.


അമ്മ ചുമച്ചതോ, അമ്മൂമ്മ കരഞ്ഞതോ, ഇളയ പെങ്ങള്‍ ജനലീലൂടെ കത്തെഴുതി റോഡിലൂടെ പോയ ചെക്കനു് കൊടുത്തതോ ഒന്നും വേലായുധനറിഞ്ഞില്ല.
വേലായുധന്‍ വിജയിക്കാന്‍ തീരുമാനിച്ചു.


പണം ഇല്ലെങ്കില്‍ ആരും പട്ടിയാണെന്നൊരു ബാല പാഠം പഠിച്ച വേലായുധന്‍ ജീവിക്കാന്‍ പഠിച്ചു.


ഓരോ ഏണികളിലും കയറുമ്പോള്‍‍ വേലായുധന്‍ മുകളിലേയ്ക്കു മാത്രം നോക്കി.
മുകളിലെത്തിയാല്‍ വേലായുധന്‍- ഒരിക്കലും മറന്നില്ല ഏണി തട്ടി താഴെ മറിച്ചിടാന്‍‍. ഓരോഏണിയിlലൂടെയും വേലായുധന്‍ ഓരോരോ ഹിമാലയങ്ങള്‍‍ കീഴടക്കി കോണ്ടേ ഇരുന്നു.


നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതിനു മുന്നേ പെങ്ങളെ ഒരുത്തന്‍റെ കൂടെ കെട്ടി പറഞ്ഞയക്കാന്‍ വേലായുധന്‍ മറന്നില്ല.



അമ്മയുടെ അസ്ഥി ഗംഗയിലൊഴുക്കി നിവരുമ്പോഴും വേലായുധന്‍ വിജയിക്കാന്‍ പഠിക്കുകയായിരുന്നു.


ഭാര്യക്കു വാങ്ങിയ സ്വര്‍ണങ്ങളിലൊന്നും മതിയാവാതെ പിന്നെയും ഫ്ലാറ്റുകളൊക്കെ വാങ്ങി വേലായുധന്‍..
മക്കളില്ലാത്ത വേലായുധന്‍റെ ഭാര്യ, സ്വപ്നങ്ങളില്ലാതെ ഉറങ്ങി ഉണര്‍ന്നു.


വേലായുധന്‍റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു കൊണ്ടേ ഇരുന്നു.
നാട്ടിലെ പെങ്ങളൊരു മരമായി . ആ മരത്തിലൊത്തിരി ശിഖരങ്ങളും ആയി സന്തോഷിച്ചു ചിരിച്ചു മരിച്ചപ്പോഴും, അണ്ണനു പോകാന്‍ സമയമില്ലാതെ വേലായുധന്‍ എന്തൊക്കെയോ പഠിക്കുകയായിരുന്നു.


പഠിത്തമൊരു പരിധി കഴിഞ്ഞപ്പോഴായിരുന്നു വേലായുധന്‍‍ കണ്ണാടിയില്‍ നോക്കിയതു്. കണ്ണാടിയില്‍ തെളിഞ്ഞ മെലിഞുണങിങിയ നരച്ച മനുഷ്യനും അതിനു പുറകിലെ മെലിന്ഞ കൂനിയ സ്ത്രീ രൂപവും, വേലായുധനും ഭാര്യയും ആണെന്നു് മനസ്സിലാക്കിയപ്പോഴേയ്ക്കും അയാള്ക്കെല്ലാം പഠിച്ചതായി തോന്നി.


വേലായുധനും ഒടുവില്‍ പഠിച്ചു.
പണം ഏതു പട്ടിക്കും ഉണ്ടാക്കാം എന്നു്..
വേലായുധനും ഒരു പട്ടിയായി മരിച്ചു.


ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു.

26 comments:

വേണു venu said...

ദുരന്തങ്ങളുടെ ആവര്‍ത്തനം തന്നെയാണോ ജീവിതം.?

krish | കൃഷ് said...

ഇത് ജീവിത് യാഥാര്‍ത്ഥ്യം. ഇത് ആവര്‍ത്തിക്കുന്നു. കൊള്ളാം.

(വേലകള്‍ ആയുധമാക്കി വേലായുധന്‍ പണം കൊയ്തെടുത്തു. പക്ഷേ ആ പണം വേലായുധന്‍റെ ജീവിതമരത്തില്‍ പൂവും കായും തന്നില്ല. അങ്ങനെ പാഠം പഠിച്ച മി.വേല്‍ ഒരു മി.പട്ടി വേല്‍ ആയിയല്ലേ.)

മയൂര said...

ദുരന്തങ്ങളുടെ ആവര്‍ത്തനത്തിനിടയ്ക്ക് ജീവിയ്ക്കാന്‍ മറന്നു പോകുന്നതല്ലേ ജീവിതം...

K M F said...

നന്നായിട്ടുണ്ട്.

chithrakaran ചിത്രകാരന്‍ said...

പണം ഏതു പട്ടിക്കും ഉണ്ടാക്കാമെന്നത് പരമാര്‍ത്ഥം. പക്ഷേ ,പണമുണ്ടക്കാനറിയാത്തവന് അതു പറയാന്‍ ധാര്‍മ്മിക അവകാശമില്ലെന്നത് മറ്റൊരു പരമാര്‍ത്ഥം.
പണവും, ജീവിതവും സ്നേഹം നിറഞ്ഞ ഒരു താഴ്വരയും ഉണ്ടാക്കുന്നതുതന്നെ ധന്യം.

വേണു, നന്നായിരിക്കുന്നു ജീവിത ദര്‍ശനം.

പ്രയാസി said...

"വേലായുധനും ഒടുവില്‍ പഠിച്ചു.
പണം ഏതു പട്ടിക്കും ഉണ്ടാക്കാം എന്നു്..
വേലായുധനും ഒരു പട്ടിയായി മരിച്ചു.

ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു.“


നന്നായി വേണുച്ചേട്ടാ..
വരകള്‍ മാത്രമാക്കാതെ ഇടക്കിടക്കു ഇതു പോലുള്ളതും പോരട്ടെ..

Murali K Menon said...

“രാജാവിനെപോലെ ജീവിച്ച് യാചകനെപ്പോലെ മരിക്കുന്നവരെ” ഒരുപാടു കാണാന്‍ കഴിഞ്ഞീട്ടുണ്ട്. ജീവിതം ഒന്നു ജീ‍വിച്ചു തീര്‍ക്കാനുള്ള പങ്കപ്പാട്.....
നന്നായിട്ടുണ്ട് വേണുജി...അഭിനന്ദനങ്ങള്‍!

G.MANU said...

ethra sathyam venuvetta...
paNam Vs Life ?

ഉപാസന || Upasana said...

മാഷേ,

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു.

ഇത് രണ്ടും ഉണ്ടാക്കുന്നത് പലപ്പൊഴും പണമാകം... അല്ലാതിരിക്കാം
നല കഥ
:)
ഉപാസന

Unknown said...

..പണം ഇല്ലാത്തവന്‍ പട്ടിയാണ്..പണം ഏതു പട്ടിക്കും ഉണ്ടാക്കാം...കൊള്ളാം...:-)

Sathees Makkoth said...

ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്ന യാഥാര്‍ത്ഥ്യം. നന്നായിട്ടുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജീവിത യാഥാര്‍ത്ഥ്യം ഇതൊക്കെത്തന്നെ.

എങ്ങോട്ടൊ ഉള്ള ഓട്ടം, പിന്നെ ഒരിടത്തെത്തുമ്പോള്‍ വേണ്ടതെന്തോ കിട്ടാതെ പോകുന്നു...

വളരെ നന്നായിരിക്കുന്നു ഈ വീക്ഷണം.

ദിലീപ് വിശ്വനാഥ് said...

പണം ഇല്ലെങ്കില്‍ ആരും പട്ടിയാണെന്നൊരു ബാല പാഠം പഠിച്ച വേലായുധന്‍ ജീവിക്കാന്‍ പഠിച്ചു.

അതു ആദ്യപാഠം. ഇത്തരം പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് സമൂഹമാണ്. കാരണം ജീവിക്കാനുള്ള മിനിമം യോഗ്യത ഇതാണ്.

Seena said...

മരിക്കുന്നതിനു മുന്പെ ജീവിക്കാന്‍ മറന്നു പോകുന്നു , പലരും.

asdfasdf asfdasdf said...

പണം ഇല്ലെങ്കില്‍ ആരും പട്ടിയാണെന്നൊരു ബാല പാഠം പഠിച്ച വേലായുധന്‍ ജീവിക്കാന്‍ പഠിച്ചു.
അതെ അതുതന്നെ..

ഹരിത് said...

പണം ഏതു പട്ടിക്കും ഉണ്ടാക്കാം. പക്ഷേ എല്ലാ പട്ടികള്‍ക്കും സാധിക്കുകയും ഇല്ല. നല്ല കഥ.

വേണു venu said...

വേലായുധന്‍റെ സ്വപ്നങ്ങള്‍ വായിച്ചഭിപ്രായം എഴുതിയ എല്ലാവര്‍ക്കും എന്‍റെ കൃത്ജ്ഞത.:)
കൃഷ്, ആദ്യ കമന്‍റിന് സന്തോഷം:)
മയൂരാ, ജീവിതമേ ആവര്‍ത്തനം തന്നെയോ.?:)
KMF, സന്തോഷം.:)
ചിത്രകാരന്‍, പണവും, ജീവിതവും സ്നേഹം നിറഞ്ഞ ഒരു താഴ്വരയും. തീര്‍ച്ചയായും. പണം മാത്രമായാലും പണം ഇല്ലാതായാലും. ജീവിതം ധന്യമല്ലെന്നു തോന്നും. അഭിപ്രായത്തിനും വായനയ്ക്കും നന്ദി.:)
പ്രയാസി, അഭിപ്രായത്തിനു് നന്ദി. രണ്ടും തുടരുന്നു.:)
മുരളി മേനോന്‍, വളരെ ശരിയാണ്. പറഞ്ഞു കേട്ടിട്ടുണ്ട് എനിക്ക് നേരില്‍ കാണേണ്ടി വന്ന ഒരു ഹിന്ദിക്കാരനുണ്ട്. രാജാവിനെ പോലെ ജീവിച്ച്. :)
ജി.മനു, പണ്ടും ഇന്നും അതൊരു സത്യം തന്നെ.:)
ഉപാസന, ഇതു രണ്ടും അതു കൂടാതെയും പലതും.:)
ആഗ്നേയ, വായനയ്ക്ക് നന്ദി.:)
സതീശേ, ആവര്‍ത്തിക്കുന്ന സത്യം തന്നെ.:)
പ്രിയാ, അഭിപ്രായത്തിനു നന്ദി.:)
വാത്മീകി, സമൂഹമാണല്ലോ നമ്മെ പലതും പഠിപ്പിക്കുന്നത്.:)
സീന, അഭിപ്രായത്തിനു നന്ദി.:)
കുട്ടന്‍ മേനോന്‍, അങ്ങ്നെ ഒക്കെയും ജീവിക്കാന്‍ പഠിക്കുന്നു.:)
ഹരിത്, വേലായുധനു് സാധിച്ചു. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)

എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ക്രിസ്തുമസ്സ് നവവ്ത്സാരാശംസകള്‍:)

ചീര I Cheera said...

തിരക്കിലായിരുന്നു വേണൂ ജീ...
ഇപ്പോഴാണ് കണ്ടത്..
വേലായുധന്‍ പഠിച്ചു ഒരു വലിയ പാഠം അവസാനം, അല്ലേ..
ചിലപ്പോ‍ള്‍, കഥ പറഞ്ഞുകൊടുക്കാന്‍ അച്ഛനില്ലാതിര്രുന്നതു കൊണ്ടാവും, കുട്ടിക്കാലത്ത്..
അമ്മയോട് സംസാരിയ്ക്കാന്‍ സാധിയ്ക്കാതിരുന്നതു കൊണ്ടാവും, മുത്തശ്ശിയുടെ കൂടെ കിടന്നുറങ്ങാന്‍ പറ്റാതിരുന്നതു കൊണ്ടാവും.. അങ്ങനെ സ്വയമങ്ങ് പലതും പഠിച്ചു തുടങ്ങിയതൂ കൂണ്ടാവും..

വളരെ ഇഷ്ടമായി വെണൂ ജീ..

കുറുമാന്‍ said...

പണം ഇല്ലാത്തവന്‍ പിണം........പണമുണ്ടാക്കി, ഉണ്ടാക്കി ജീവിക്കാന്‍ മറക്കുന്നവര്‍ പിണത്തിനു തുല്യം...അവര്‍ പിണമാകുമ്പോഴോ, പണമൊട്ടുകൊണ്ട് പോകുന്നുമില്ല.

വേലായുധന്‍ ജീവിക്കാന്‍ പഠിക്കുകയല്ല ഇവിടെ ചെയ്തിരിക്കുന്നത്....ജീവിക്കാന്‍ അറിയാതെ ജീവിതം ജീവിച്ച് തീര്‍ക്കുകയാണുണ്ടായത്.

വേണു venu said...

അഭിപ്രായമെഴുതിയ പി.ആറ്,
ശരിയായിരിക്കാം പി.ആറേ, പല നഷ്ടങ്ങളുണ്ടാക്കിയ തീരാനഷ്ടം തന്നെ ആകാം, അറിവ് അവസാനം ലഭിക്കാന്‍‍ കാരണമായത്.
കുറുമാനേ,
ഒരു മറു വശം ഉള്ളത്,
പണമില്ലാത്തതിനാല്‍ ജീവിതം തന്നെ നിഷേധിക്കപ്പെടുന്നവരുടെ അവസ്ഥയില്‍‍, ജീവിതം തന്നെ ഇല്ലാതാവുന്ന അവസ്ഥയില്‍‍, പണം ഇല്ലെങ്കില്‍‍ പട്ടിയാണെന്നാലോചിച്ചു പോകും എന്ന് തോന്നുന്നു.
രാഗേഷെഴുതിയത് ശരിയാണു്. അയാള്‍ക്ക് ജീവിതം പഠിച്ചു വന്നപ്പോഴേയ്ക്കും ജീവിതം തന്നെ തീര്‍ന്നു. ‍
പി.ആരിനും കുറുമാനും നന്ദി.:)

ഗീത said...

മുകളിലെത്തിയാല്‍ ഏണി തട്ടി താഴെയിടാന്‍ മറന്നില്ല......
വളരെ ശരിയാണ്‍് വേണു മാഷേ ഇത്....

അല്ലെങ്കില്‍ ഇന്നത്തെ ലോകം ഇങ്ങനെയുള്ളവര്‍ക്കു മാത്രമായുള്ളതാണ്....

നന്ദിയും കടപ്പാടുമൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടുകളാണെന്നേ.........

വേണു venu said...

ഗീതാഗീതികള്‍‍ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)

സു | Su said...

പാവം വേലായുധന്മാര്‍. ജീവിക്കാന്‍ മറന്നുപോകുന്നു.

വേണു venu said...

സൂ ശരിയാണു്.വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)

നിരക്ഷരൻ said...

“പണം ഏതു പട്ടിക്കും ഉണ്ടാക്കാം “
പണം ഒരുപാട് ഉണ്ടായിക്കഴിയുമ്പോള്‍ ഉണ്ടാകുന്ന ഒരു ചിന്തയാണ് അത്. പണം ഇല്ലാത്തവന്‍ ആ ചിന്തയിലേക്കെത്താനുള്ള ഒരു നെട്ടോട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വേണു venu said...

നിരക്ഷരന്‍‍,
“പണം ഏതു പട്ടിക്കും ഉണ്ടാക്കാം “
പണം ഒരുപാട് ഉണ്ടായിക്കഴിയുമ്പോള്‍ ഉണ്ടാകുന്ന ഒരു ചിന്തയാണ് അത്.

പണമില്ലാത്ത അവസ്ഥയില്‍‍ തോന്നുന്നതും വേലായുദ്ധന്‍റ് അനുഭവമായി എഴുതിയിട്ടുണ്ട്.
പണമില്ലെങ്കില്‍‍ വെറും പട്ടിയാണെന്ന്ന സത്യം.

പണം ഇല്ലെങ്കില്‍ ആരും പട്ടിയാണെന്നൊരു ബാല പാഠം പഠിച്ച വേലായുധന്‍ ജീവിക്കാന്‍ പഠിച്ചു.

നല്ല വായനയ്ക്കും അഭിപ്രയം എഴുതിയതിനും എന്‍റെ നന്ദി.:)