
പൂജ്യം.
രാജ ഗോപാലനെന്ന പൂജ്യം അമ്മയൂടെ ഞാന്നു തുടങ്ങിയ മുലകള്‍ വലിച്ചു കുടിച്ചു.
താഴെ നിര്‍ത്തി ചന്തിക്കൊരു പെട കൊടുത്തിട്ടു് അമ്മ പറഞ്ഞു “ഇതില്‍ ഞാന്‍ ചന്യായം അരച്ചു തേക്കുന്നുണ്ടു്.
അഞ്ചു വയസ്സായിരിക്കുന്നു.”
കൽപ്പണിക്കു പോയ അമ്മ തിരിച്ചു വരുന്നവരെ, രാജഗോപാലന്‍ പൂജ്യമായൊളിച്ചിരുന്നു.
അമ്മ വന്ന പാടെ അയാളാ മുലകള്‍ തേടി ഓടി എത്തി. ചന്യായത്തിന്റെ കയര്‍പ്പില്‍ ചില പൂജ്യങ്ങളെ അറിഞ്ഞു.
വൈകുന്നേരമായി. പാരിജാതങ്ങളുടെ മൊട്ടുകളിലെ പൂജ്യങ്ങള്‍ കവിതകളായില്ല.
സുമ വന്നതു് ഉടഞ്ഞ സ്ലേറ്റിലെഴുതിയ ഒരു പൂജ്യം കാണിക്കാനായിരുന്നു.
മുറിപ്പാവാടയുടെ മുകളിലെ കറുത്ത മറവിലെ പൂജ്യം കണ്ടു് രാജഗോപലന് വീണ്ടും ഒരു പൂജ്യമായി.
ഏലിയാമ്മ സാറായിരുന്നു പൂജ്യത്തിനു് വിലയുണ്ടെന്നും അതു കണ്ടു പിടിച്ചതു് ഭാരതീയരാണെന്നും രാജഗോപാലനെ പഠിപ്പിച്ചു കൊടുത്തതു്. ഏലിയാമ്മ സാറൊരു പൂജ്യമാകുന്നതറിഞ്ഞു് അയാള്‍ പൂജ്യങ്ങളെ നോക്കി ചിരിക്കാന്‍ തുടങ്ങി.
ഒളിച്ചോടിപ്പോയ പെങ്ങളെ ഓര്ത്തു് മറ്റൊരു പൂജ്യമായ അച്ഛനെ ഓര്‍ത്തും അയാള്‍ പൂജ്യമായി.
പൂജ്യങ്ങളുടെ വില പേശലില്‍ തന്നെ, തിരിച്ചു നിന്നു തുപ്പി പോയ ഭാര്യയും ഒരു പൂജ്യമായിരുന്നു എന്നയാള്‍ക്കു തോന്നി.
ആരുമില്ലാത്ത ലോകത്തൊരു വട്ട പൂജ്യമായി നിന്നു് രാജ ഗോപാലന് ചോദിച്ചു പോയി. പൂജ്യത്തിന്റെ വിലയെന്തു്.?