നാരായണന്‍ കുട്ടി അന്നും രാവിലെ എഴുന്നേറ്റു. തട്ടു കടയില്‍ നിന്നും ബ്രെഡും ചായയും കഴിക്കുമ്പോള്‍(വെറുതെ നാട്ടിലെ മുരിയങ്കുന്നു രാഘവന്‍ പിള്ള ചേട്ടന്‍റെ കടയിലെ ദോശ ഓര്‍മ്മിച്ചു) നേരേ ഓഫീസ്സിലേയ്ക്കു് നടന്നു. ഒന്നര കിലോമീറ്റര്‍ ദൂരമേയുള്ളു. രണ്ടു രൂപാ കൊടുത്താല്‍ റിക്ഷയില്‍ പോകാവുന്നതേയുള്ളു. നടന്നു പോകാനാണു് നാരായണന്‍ കുട്ടിയ്ക്കിഷ്ടം. വഴിയോര കാഴ്ചകള്‍ കണ്ടു് ഒരു സ്വപ്നജീവിയായി നടന്നു പോകുന്നതിലെ സുഖം ഒന്നു വേറെയാണു്. നടക്കുമ്പോള്‍
നാരായണന്‍ കുട്ടിയുടെ മനസ്സില്‍, മൂന്നാമത്തെ പെങ്ങള്‍ക്കു് കൊടുക്കാനുള്ള ബാക്കി തുകയുടെ കാര്യമെഴുതിയ അമ്മയുടെ ഏഴാമത്തെ
കത്തു് നിവര്‍ന്നിരുന്നു. ഓരോരോ വരി കൂട്ടി വായിച്ചു നടന്ന നാരായണന്‍ കുട്ടിയുടെ ചുറ്റും കാറും ബസ്സും ഹിന്ദി സംസാരിക്കുന്ന
ആളുകളും ഒഴുകിക്കൊണ്ടിരുന്നു.
--------------
ഇനി നാരായണന്‍ കുട്ടിയെ ഒന്നു പരിചയപ്പെടാം. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിലെ ഒരു ഗ്രാമം.ഒന്നോ രണ്ടോ ട്രാന്‍സ്പോര്‍ട്ടു ബസ്സു് ആ ഗ്രാമത്തിലൂടെ പോകും. ഒരു ചെറുകഥ നെറ്റിയിലൊട്ടിച്ചു വച്ചിട്ടുള്ള ആ ബസ്സുകളുടെ ബോര്‍ഡു വായിക്കാന്‍ തന്നെ സമയമെടുക്കും. ഒരു പോസ്റ്റാഫീസ്സും ഒരു ബ്ലോക്കാഫീസ്സും ഒരു സ്ക്കൂളുമുള്ള ഒരു ഗ്രാമം. അമ്പലവും ചിറയും ചിറക്കരയിലായി വലിയൊരു കുട നിവര്‍ത്തി നില്‍ക്കുന്ന ഒരു നാട്ടു മാവു്. ആ നാട്ടുമാവിന്‍ ചുവട്ടിലെ നിഴലായിരുന്നു ബസ് സ്റ്റാന്‍റു്.
നാരായണന്‍ കുട്ടി ഈ ഗ്രാമത്തിലെ ഒരു യുവാവാണു്. നാരായണന്‍ കുട്ടിയ്ക്കു് സ്വന്തമായി മൂന്നമ്മമാരും മൂന്നു പെങ്ങന്‍മാരും
കല്യാണം മരണം തുടങ്ങിയ സമയങ്ങളില്‍ മാത്രം അച്ഛന്‍റെ ഭാഗം അഭിനയിക്കാനായി എത്തുന്ന വകയില്‍ രണ്ടച്ഛന്മാരും , അടുത്ത
ഇടവപ്പാതിയ്ക്കുരുണ്ടു വീഴാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു വീടും ഉണ്ടായിരുന്നു.
എല്ലാം കൊണ്ടും സമ്പന്നമായ കുടുംബത്തില്‍ പിറന്നതുകൊണ്ടു്, നിര്‍മ്മാല്യം തൊഴാന്‍ പോകാറുള്ള നാരായണന്‍ കുട്ടി, ആളൊഴിഞ്ഞ നേരം നോക്കി നടയ്ക്കു മുന്നില്‍ നിന്നു് ശങ്കര നാരായണനുമായി തര്‍ക്കിക്കുകയും പലപ്പോഴും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുമായിരുന്നു.
പക്ഷേ നാരായണന്‍ കുട്ടി എവിടെയും ആ ഗ്രാമത്തിലെ ഒരു സാന്നിധ്യമായിരുന്നു. ജാനുവമ്മയുടെ പുര മേയുന്നതു കണ്ടാല്‍ അവിടെ
ചെന്നും നാലോല പറക്കിയിട്ടു കൊടുക്കും. ഏതു മരണം നടന്നാലും ആരു സുഖമില്ലാതെ കിടന്നാലും ഏതു കല്യാണങ്ങള്‍ നടന്നാലും
നാരായണങ്കുട്ടി അവിടെയുണ്ടു്. വായനശലയിലായാലും യുവജനമേളകള്‍ക്കായാലും ഉത്സവകമ്മിറ്റിയിലായാലും നാരായണന്‍ കുട്ടിയുടെ സാന്നിധ്യം ഉണ്ടു്.
അവസാന ദിവസങ്ങളില്‍ ഉത്സവകമ്മറ്റിയാഫീസ്സു് വീടാക്കി മാറ്റിയ,ആരോരുമില്ലാതിരുന്ന കുഞ്ഞന്‍ പിള്ള ചേട്ടനെ
ആശുപത്രിയിലാക്കിയപ്പോഴും കൂടെ നിന്നു് രണ്ടു മൂന്നു ദിവസം ശുശ്രൂഷിക്കാനും നാരായണന്‍ കുട്ടിയുണ്ടായിരുന്നു.ഇവിടെ
ആ ചുറ്റുവട്ടമുള്ള അമ്മമാര്‍ പറ്ഞ്ഞു. സരോജിനിയുടെ ഭാഗ്യം.
പ്രീഡിഗ്രി കഴിഞ്ഞ നാരായണന്‍ കുട്ടി പിന്നെ പഠിക്കാനൊക്കാതെ വന്നപ്പോള്‍, ഒരച്ഛനില്ലാത്ത ദഃഖം ശരിക്കറിഞ്ഞു്, നട്ടുച്ച
സമയങ്ങളില്‍ അമ്പലമുറ്റത്തു് ശങ്കരനാരായണനുമായി വിഷമങ്ങള്‍ പങ്കുവച്ചു് കഴിഞ്ഞു കൂടി.
ഇനി നാരായണന്‍ കുട്ടിയ്ക്കെങ്ങനെ മൂന്നമ്മമാര്‍.?
അമ്മ നമ്പര്‍ 1
അതു് അമ്മൂമ്മയാണു്. അയാളെ കണ്‍ വെട്ടത്തു കാണുമ്പോഴൊക്കെ ഓര്‍മ്മിപ്പിക്കും. നിനക്കറിയാമോ നാരായണാ..പള്ളിവേട്ട ,
തെക്കു നിന്നെഴുന്നള്ളിച്ചു വരുന്നു. നിശബ്ദ്മായി ആനപ്പുറത്തിരുന്നു നടവാതിലില്‍ വന്ന ശങ്കരനാരായണനെ, നിറവയറുമായിട്ടു
ഉമ്മറപ്പടിയില്‍ നിന്ന നിന്‍റെ അമ്മയെ കാണിച്ചു് , ഞാന്‍ വാവിട്ടപേക്ഷിച്ചു. ഇതൊരാണായിരിക്കേണമേ. അങ്ങനാടാ നാരായണന്‍ കുട്ടീ
ആണ്‍ വേരറ്റ ഈ വീട്ടില്‍ ഒരാണൊണ്ടായതു്. ഓര്‍മ്മയുണ്ടോ,?
ഒത്തിരി തവണ കേട്ടതാണെങ്കിലും നാരായണന്‍ കുട്ടി അമ്മൂമ്മയോടു പറയും. അതിനെന്താ, ഈ വയസ്സുകാലതു് ഒന്നാംതരം ഒരു വീട്ടില്‍ അല്ലലൊന്നും ഇല്ലാതെ വല്യമ്മയ്ക്കു് കണ്ണടയ്ക്കാന്‍ വല്യ ഒരു വീടു വക്കുമല്ലോ. ഈ നാരായണന്‍ കുട്ടി വല്യ കാശുകാരനാവില്യോ. വെറ്റിലക്കറ പുരണ്ട പല്ലുകള്‍ കാട്ടി അമ്മൂമ്മ ചിരിക്കുമ്പോള്‍ നാരായണന്‍ കുട്ടി സന്തോഷിക്കും.
അമ്മ നമ്പര്‍ 2
അടുത്തതു് കുഞ്ഞമ്മയാണു്.കല്യാണം കഴിക്കാന്‍ മറന്നു പോയതാണോ.? ഓര്‍ത്തു വന്നപ്പോഴേയ്ക്കും കാലം മറന്നു കടന്നു കളഞ്ഞതാണോ. എന്തോ. അവിവാഹിതയായ, സകല സമയവും അമ്പലവും പൂക്കളും രാമായണം വായനയും ഒക്കെയായി കഴിയുന്ന അവര്‍ പറയും. നാരായണന്‍ കുട്ടീ, നിനക്കും നിന്‍റെ ഇളയതുങ്ങള്‍ക്കും വേണ്ടി തന്നെ ഞാന്‍ ജീവിച്ചു. ഒക്കെ അറിയാം കുഞ്ഞേ മുകളിലിരിക്കുന്ന ഒരാളിനു്. ഹാ.. ഏച്ചു കെട്ടിയാല്‍ മുഴച്ചല്ലാഇരിക്കൂ. ഇനി ഞാന്‍ ഈ വയസ്സുകാലത്തെങ്ങോട്ടു പോകാനാ.? അതിനു് കുഞ്ഞമ്മ എവിടേം പോകണ്ടാ. ഞാനില്ലെ കുഞ്ഞമ്മയ്ക്കു്, നാരായണന്‍ കുട്ടി പറയും.
അമ്മ നമ്പര്‍ 3
അതാണു് അമ്മ. സുന്ദരി ആയിരുന്നു എന്നു് ഇന്നും ആ കണ്ണുകളില്‍ നോക്കിയാല്‍ അറിയാം. ചെയ്ത തെറ്റുകളോര്‍ത്തു് ഒരു ജീവശ്ശവമായി കഴിയുന്നു. വളര്‍ന്നു വരുന്ന മൂന്നു പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടാനും മറക്കില്ല.
നാരായണന്‍ കുട്ടി ആ ഗ്രാമത്തിന്‍റെ നിഴലും ഗാനവും നിറവും പ്രതിഭയും ആത്മാവും ഒക്കെ ആയി കഴിയുകയായിരുന്നു.അങ്ങനെ,
അപ്രതീക്ഷിതമായി ഒരു ദിവസം പാരലല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സദാശിവന്‍ പിള്ള ,വീട്ടില്‍ വന്നു വിളിക്കുകയും, അങ്ങനെ നാരായണന്‍ കുട്ടി അവിടെ അദ്ധ്യാപകനാകുകയും ചെയ്തു.
നാരായണന്‍ കുട്ടിയുടെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കുട്ടികള്‍ക്കിഷ്ടമാവുകയും നാരായണന്‍ കുട്ടി പ്രൈവറ്റായി BA പാസ്സാവുകയും ചെയ്തു. കൂടെ പഠിച്ചവര്‍ക്കൊക്കെ നല്ല നല്ല ജോലിയായപ്പൊഴും ഇംഗ്ലീഷില്‍ ബിരുദമുള്ള നാരായണന്‍ കുട്ടി ടെസ്റ്റുകള്‍ എഴുതിക്കൊണ്ടേയിരുന്നു.
കാലമാരെയും കാത്തു നില്‍ക്കുന്നില്ലല്ലോ. അഭിഷേക തീര്‍ഥ ശിലയിലരുകില്‍ ശ്രീദേവിയെ കാണുന്നതും , കാണുമ്പോഴുള്ള നക്ഷത്ര തിളക്കത്തിനു് പ്രേമമെന്നു പേരു കൊടുക്കാനൊക്കാതെ വിഷമിച്ചതും നാരായണന്‍ കുട്ടി ഓര്‍ക്കുന്നു. ശ്രീദേവിയുടെ കല്യാണ എഴുത്തച്ചടിച്ചു് നാരായണന്‍ കുട്ടിയും വീടു വീടാന്തരം കൊടുത്തതും ...പിന്നെ....ശ്രീദേവിയുടെ കല്യാണത്തിനു് തലേ ദിവസം ഊട്ടു പുരയില്‍ ദേഹണ്ണക്കാരോടൊപ്പം ഉറക്കമൊഴിക്കാന്‍ നാരായണങ്കുട്ടിയുമുണ്ടായിരുന്നു.
നാരയണന്‍ കുട്ടി മിന്നാമിനുങ്ങുകളുടെ നിഴലിനു പിന്നിലെ സ്വപ്നങ്ങളില്‍ കാണാന്‍ ശ്രമിച്ചിരുന്ന ശ്രീദേവി,കല്യാണ ശേഷം കാറില്‍
കേറി പോകുന്നതു് ശ്രീ ദേവി കാണാതെ നീരാഴി മാവിന്‍റെ അപ്പുറത്തുള്ള വളവില്‍ നിന്നു് കണ്ടു നാരായണന്‍ കുട്ടി തിരിച്ചു പോന്നു.
വീട്ടില്‍ വന്നു് രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന നാരായണന്‍ കുട്ടി, അടുത്ത മുറിയില്‍ ഉറങ്ങുന്ന മൂന്നു പെങ്ങന്മാരെ ഓര്‍ത്തു് ,
ശ്രീദേവിയെ മറക്കാന്‍ ശ്രമിച്ചുറങ്ങാന്‍ കിടന്ന തലയിണ നനഞ്ഞു കുതിര്‍ന്നതു് വടക്കെകരയിലെ കൊന്നതെങ്ങിന്‍റെ തുഞ്ചത്തു നിന്ന നക്ഷത്രങ്ങള്‍ കാണുന്നുണ്ടായിരുന്നു.
ആദ്യ പെങ്ങള്‍ക്കൊരാലോചന വന്നപ്പോള്‍ അമ്മ പറഞ്ഞു. വീടിനടുത്ത ഒരേക്കറില്‍ പകുതി എഴുതാം. നാരായണന്‍ കുട്ടി എന്ന ആങ്ങള ഒരച്ഛനായി നിന്നു ആ കല്യാണം കെങ്കേമമായി നടന്നു.കല്യാണം കഴിച്ചു് കുട്ടികളുമായ സുഹൃത്തുക്കള്‍ ചോദിച്ചു.?
ഇനി എന്നാടോ തന്‍റെ സദ്യക്കു വരേണ്ടതു്.? ഭങ്ങിയായി ചിരിച്ച നാരായണന്‍ കുട്ടി, അടുത്ത വര്‍ഷം അമ്മ പറഞ്ഞതനുസരിച്ചു് ബാക്കി അമ്പതു സെന്‍റു് എഴുതി രണ്ടാമത്തെ പെങ്ങളെ ഒരു ഗള്‍ഫുകാരന്‍റെ ഭാര്യ ആക്കി.
പിന്നെയും നീരാഴിക്കരയിലെ നാട്ടു മാവു പൂത്തു.ആകാശത്തൊരു വലിയ പൂക്കുടയുമായി നിന്നു.
അമ്പലത്തിലെ തളക്കല്ലുകള്‍ പഴുത്തു കിടക്കുന്ന ഉച്ച സമയങ്ങളില്‍ ,നാരായണന്‍ കുട്ടി അവിടെ ഒക്കെ ശങ്കര നാരായണനെ
തെരയുകയും സങ്കല്പങ്ങളില്‍ നിന്നു് ചെല വാഗ്വാദങ്ങള്‍ നടത്തി കരഞ്ഞു തിരിച്ചു വീട്ടില്‍ പോരുകയും ചെയ്തു.
ആയിടയ്ക്കൊരു ദിവസമായിരുന്നു, വടക്കെ ഇന്‍ഡ്യയിലൊരു പട്ടണത്തില്‍ ജോലി ചെയ്യുന്ന സുഹൃത്തു് അങ്ങോട്ടു വിളിച്ചതു്. ഒരു നല്ല ജോലി കിട്ടിയ നാരായണന്‍ കുട്ടി പോകുമ്പോള്‍ ജാനുവമ്മ പറഞ്ഞു. സരോജിനിയുടെ ഭാഗ്യം.
താറുടുത്തു നിന്ന് കിഴക്കോട്ടു നിന്നമ്മൂമ്മ പറഞ്ഞു നാരായാണാ...പള്ളിവേട്ട എഴുന്നള്ളിച്ചു വരുന്നു. തെക്കു നിന്നു് ആനപ്പുറത്തു് ശങ്കര നാരായണന്‍ എഴുന്നെള്ളുന്നു. നിന്‍റമ്മ സരോജിനി പൂര്‍ണ ഗര്‍ഭിണീ. തൊഴു കൈയോടെ നിന്നു ഞാന്‍ കേണടാ. ആണ്‍ തരി തീര്‍ന്ന ഈ വീട്ടില്‍.
മോനെ നീ പോയി വാ.
മാല കെട്ടി ക്കൊണ്ടിരുന്ന കുഞ്ഞമ്മയെ നോക്കി, അമ്മയുടെ കണ്ണുകളിലെ നിസ്സാഹയതയെ നോക്കി വളരുന്ന കുഞ്ഞു പെങ്ങന്മാരെ നോക്കി, അടുത്ത ഇടവപ്പാതിയ്ക്കു് നിലം പതിച്ചേക്കാവുന്ന തന്‍റെ വീടിനെ നോക്കി നാരായണന്‍ കുട്ടി പടി ഇറങ്ങി.
-----------------
നാരായണന്‍ കുട്ടി നടന്നു നടന്നു പോകുകയായിരുന്നു. വഴി വക്കത്തു പാമ്പുകളെ ക്കാണിച്ചു മാജിക്കിലൂടെ ഉപജീവനം നടത്തുന്ന പ്രഗത്ഭന്‍റെ മുന്നില്‍ നിന്നു അല്പസമയം ആ വാചക കസര്‍ത്തില്‍ ലയിച്ചു നിന്നു. “അമ്മ പെങന്മാരേ അച്ഛന്മാരേ... ഇതു പെരും വിഷമുള്ള ഹിമാലയന്‍ കരിം പാമ്പു്.ഇതിനപ്പുറ്മുള്ള..ഈ.. അങ്ങനെ ഓരോരൊ പാമ്പുകളെ കാണിച്ചു് സമയം പോക്കി ...അവസാനം ഒരു പ്ലാസ്റ്റിക്‍ ബക്കറ്റു കാണിച്ചു പറഞ്ഞു. ഇതിലാണു് വിഷം ചീറ്റും പെരു നാഗം. പിന്നെയും കാത്തു നിന്നു നാരായണന്‍ കുട്ടി. ഈ നാഗം ചീറ്റുന്ന കാറ്റില്‍ മുന്നില്‍ നില്‍ക്കുന്ന ചെടികള്‍ കരിഞ്ഞു വീഴും. പക്ഷേ പേടിക്കേണ്ട. ഇതിന്‍റെ പല്ലുകള്‍ പോയതിനാല്‍ ഒരു കാറ്റു മാത്രമേ വീശൂ. ഈ ബക്കെറ്റ് അതിനാല്‍ തുറക്കുന്നതു അവസാനമായിരിക്കും.
നാരായണന്‍ കുട്ടിയുടെ തല വിയര്‍ക്കാന്‍ തുടങ്ങി. നെറ്റിയ്ക്കു മുകളില്‍ തന്‍റെ കൈകള്‍ പോയപ്പോള് കഷണ്ടി ബാധിക്കുന്ന തല തടവി ഓര്‍ത്തു പോയി.
ആദ്യമായി നാരായണന്‍ കുട്ടിയെ കാണാന്‍ മോഹന്‍ലാലിനെ പോലെയാണെന്നു് പറഞ്ഞതു് ശ്രീദേവിയായിരുന്നു.ആ വിവരം ആരോ
പറഞ്ഞറിഞ്ഞ ആമ്മൂമ്മ ചന്തയ്ക്കു മുമ്പിലുള്ള സിനിമാ പരസ്യം ഒട്ടിച്ച ബോറ്ഡു പോയി നോക്കി വന്നു പറഞ്ഞു പോല്‍.
നാരായണന്‍ കുട്ടീടെ വാലേല്‍ കെട്ടാന്‍ കൊള്ളാമോ ഇവനെ.
രണ്ടു വര്‍ഷം മുന്‍പു് നാട്ടില്‍ ചെന്നതു്, അമ്മൂമ്മയുടെ മരണ വിവരമറിഞ്ഞു് പത്താം ദിവസമായിരുന്നു.
അടുത്ത ഇടവപ്പാതിയില്‍ ഉരുണ്ടു വീഴാന്‍ നിന്ന ആ വീട്ടില്‍ തന്നെ അമ്മൂമ്മ, അന്ത്യശ്വാസം വലിച്ചതും ഒരുനോക്കു കാണാനൊക്കാതെ ദൂരെ മഹാനഗരത്തിലെ കാനേഷുമാരിയിലെ അറിയെപ്പെടാത്ത ഒരക്കമായി മാറിയതും നാരായണന്‍ കുട്ടി അന്നു് ദുഃഖത്തോടെ ഓര്‍ത്തിരുന്നു.
ഗള്‍ഫില്‍ നിന്നു വന്ന രണ്ടാമത്തെ പെങ്ങള്‍ അഭിമാനത്തോടെ പറയുന്നതു കേട്ടു. നരേന്ദ്രപ്രസാദിനെ സിനിമയിലൊക്കെ കാണുമ്പോള്‍
ചേട്ടന്‍ പറയുമെന്നു്, അളിയന്‍റെ കട്ടാണു് എന്നു്. ഒന്നും മിണ്ടാതെ നടന്നു പോകുന്ന അമ്മയെ നോക്കാതെ ,നാരായണന്‍ കുട്ടി
അമ്പലത്തിലെ പോച്ചപ്പുറത്തിനുമപ്പുറം താന്‍ പണ്ടൂ സാറ്റു കളിക്കുമ്പോള്‍ ഒളിച്ചിരിക്കാറുള്ള (ശ്രീദേവിയുമായി) ഭിത്തിക്കുമിപ്പിറം ജനിമൃതികളുടെ നിഴലുകളെ നോക്കിയിരുന്നു.
----------------------
ഓഫീസ്സിലെത്തിയ നാരായണന്‍ കുട്ടി , മാനേജര്‍ എന്നെഴുതിയ ചെറിയ ബോര്‍ഡുള്ള, മേശയ്ക്കു പുറകിലെ കസേരയിലിരുന്നു. എക്സ്പോര്ട് ഇമ്പോര്ട് കണക്കുകളിലും മറ്റു ഫയലുകളിലും വ്യാപൃതനായി. അല്പ സമയത്തിനു ശേഷം വന്ന ബോസ്സു് നാരായണന്‍ കുട്ടിയെ അകത്തേയ്ക്കു വിളിച്ചു.
മാനേജര്‍ പദവിയൊക്കെ ഉണ്ടെങ്കിലും പ്യൂണിന്‍റെ ജോലി വരെ ചെയ്യെണ്ടി വരുന്ന ഈ ഓഫീസ്സില്‍ പലപ്പോഴും, പല ഓഫീസ്സുകളിലും പല കത്തിടപാടുകളും പ്രധാന കടലാസ്സുകളും മോട്ടര്‍ ബൈക്കില്‍ കൊണ്ടെത്തിക്കെണ്ടതും നാരായണന്‍ കുട്ടിയുടെ ജോലിയായി ഭവിക്കാറുണ്ടു്.
അന്നും അങ്ങനെ ഒന്നു വന്നു ഭവിച്ചു. മിസ്റ്റര്‍.കുട്ടി ഈ പേപ്പര്‍ വളരെ അത്യാവശ്യമായി സബ്മിട്ടു ചെയ്യണം. ബിഫോര്‍ 2 pm.
നിങ്ങള്‍ ഒരു മണിക്കു മുന്‍പു് പൊയ്യ്ക്കൊള്ളൂ. ശരി സര്‍. നാരായണന്‍ കുട്ടി ഒരു മണിക്കു തന്നെ പേപ്പറുമായി മോട്ടര്‍ ബൈക്കില്‍ എക്സുപോര്ട്ടു് ഇന്‍സ്പെക്ഷന്‍ ഓഫീസ്സിലേയ്ക്കു് പോയി.
പേപ്പറുകള്‍ വാങ്ങി ബാഗില്‍ വച്ചു്, മോട്ടോര്‍ ബൈക്കിന്‍റെ ചാവിയുമായി നാരായണന്‍ കുട്ടി താഴേയ്ക്കു് നടന്നു.
മനസ്സിലോര്‍ത്തു. ഇന്നുച്ചയ്ക്കു് ഭക്ഷണം എക്സ്പോര്‍ടു് ഓഫീസ്സിനടുത്തുള്ള മലയാളിയുടെ ഹോട്ടലില്‍ നിന്നാകാം.
--------------------------------------
നാരായണന്‍ കുട്ടി ബൈക്കില്‍ ,ആള്‍ ബഹളത്തിനുള്ളിലൂടെ ഒരു പൊട്ടായി ഓഫീസ്സിലേയ്ക്കു തിരിച്ചു.
ആള്‍ക്കൂട്ടം, ബസ്സുകള്‍, കാറുകള്‍, റിക്ഷകള്‍, ഭ്രാന്തമായ നഗരത്തിന്‍റെ മരണ പാച്ചിലില്‍ നാരായണന്‍ കുട്ടി ഒരു ബിന്ദുവായി.
ഉച്ചയ്ക്കു് ബോസ്സിനോടു ചോദിക്കേണ്ട അഡ്വാന്‍സു് തുകയ്ക്കായുള്ള റിക്വസ്റ്റ് എഴുതുന്നതും, അതു കിട്ടിയാല്‍ നാളെ ഡ്രാഫ്റ്റാക്കി അമ്മയുടെ ഏഴാമത്തെ കത്തിനുള്ള പരിഹാരമായി അയയ്ക്കുന്നതും സങ്കല്പിച്ചു് പോകുകയായിരുന്നു.
പെട്ടെന്നാണതു കണ്ടതു്. തന്‍റെ മുന്‍പിലൂടെ പോയിരുന്ന ഒരു റിക്ഷയെ ഇടിച്ചു തെറുപ്പിച്ചൊരു കാര്‍ വലിയ വേഗതയില്‍ പാഞ്ഞു പോയി.
റിക്ഷയില്‍ നിന്നു തെറിച്ചു വീണ ഒരു കൊച്ചു പയ്യന്‍ റോഡു സൈഡില്‍ കിടന്നു പിടയ്ക്കുന്നു. വലിയ കുഴപ്പമില്ലാത്ത റിക്ഷാക്കാരന്‍
എഴുന്നേല്‍ക്കുന്നു. ചുറ്റും നഗരം ഇതൊന്നും ശ്രദ്ധിക്കാതെ ഓടുന്നു. നാരായണന്‍ കുട്ടി വണ്ടി നിര്‍ത്തി ഒന്നു നോക്കി. ആരും ശ്രദ്ധിക്കാതെ കടന്നു പോകുന്നതു കണ്ടു് നാരായണന്‍ കുട്ടിയും വണ്ടി സ്റ്റാര്‍ടാക്കി.
അല്പ ദൂരം പോകുന്നതിനു മുന്‍പു് നാരായണന്‍ കുട്ടി തിരിഞ്ഞു നോക്കി. മനസ്സിലൊരു ശബ്ദം.....തെക്കു നിന്നു് ആനപ്പുറത്തു് ശങ്കര നാരായണന്‍ എഴുന്നെള്ളുന്നു. നിന്‍റമ്മ സരോജിനി പൂര്‍ണ ഗര്‍ഭിണീ. തൊഴു കൈയോടെ നിന്നു ഞാന്‍ കേണടാ. ....
ബൈക്കു് തിരിച്ചു വിട്ടു. നിരത്തില്‍ കിടന്ന ചെക്കനെ സ്കൂള്‍ ബാഗോടെ തോളിലെടുത്തിട്ടു. ആ റിക്ഷയില്‍ അടുത്ത ആശുപത്രിയിലെത്തി അവരെ വിവരം ധരിപ്പിച്ചു. റിക്ഷയില്‍ നിന്നു വീണതാണു്. കേസ്സില്ലാതെ ചികിത്സ കിട്ടട്ടെ.
രക്തം വേണമെന്നു പറഞ്ഞ നഴ്സ്സിനോടൊപ്പം നടന്നു. ശരീരത്തില്‍ നിന്നും വാര്‍ന്നു പോകുന്ന രക്തം കണ്ടു കിടന്ന നാരായണന്‍ കുട്ടി ഓര്‍മ്മയിലെ ശങ്കര നാരായണനുമായി വീണ്ടും സംസാരിച്ചു. വാദ പ്രദിവാദം കണ്ണീരിലെത്തിയപ്പൊള്‍ സിസ്റ്റര്‍ ഊരിയ സൂചിയുടെ വേദന അറിയാതെ,തന്‍റെ സ്വപ്നങ്ങള്‍ കാണാനുള്ള കഴിവുകളൊന്നും നഷ്ടപ്പെടാത്തതില്‍ നാരായണന്‍ കുട്ടി സന്തോഷിച്ചു.
പെട്ടെന്നാണു് നാരായണന്‍ കുട്ടിയ്ക്കു് സ്ഥല കാല ബോധം ഉണ്ടാകുന്നതു്. ഉടനെ കൌണ്ടറില്‍ ചെന്നു് ബാഗൊക്കെ വാങ്ങി.
പയ്യനൊരു കുഴപ്പവുമില്ലെന്നും അവന്‍റെ അമ്മയും അച്ഛനുമൊക്കെ എത്തിയിട്ടുണ്ടെന്നും അവര്‍ക്കു തന്നെ കാണന്നമെന്നുമൊക്കെ റിസപ്ഷനിസ്റ്റു് പറയുന്നുണ്ടായിരുന്നു.
ചിരിച്ചു കൊണ്ടു് നാരായണന്‍ കുട്ടി തന്‍റെ ബാഗുമായി നേരെ എക്സു്പോര്‍ട്ടിന്‍സ്പക്ഷന്‍ ഓഫീസ്സ്സിലേയ്ക്കു് വീണ്ടും നഗരത്തിന്‍റെ വേഗതയുമായി പാഞ്ഞു.
അവിടെ എത്തിയ നാരായണന്‍ കുട്ടി അറിഞ്ഞു , സമയം നാലു കഴിഞ്ഞിരിക്കുന്നു. 2 മണിക്കു കൊടുക്കേണ്ടിയിരുന്ന പേപ്പറുമായി... നഗരത്തിലൂടെ ആള്‍ക്കൂട്ടത്തിലൂടെ വേഗതകളുടെ ഭ്രാന്തിലൂടെ, ഒരു പേ പിടിച്ച പട്ടിയെ പോലെ, തന്‍റെ ഓഫീസ്സില്‍ നാരായണന്‍ കുട്ടി തിരിച്ചു ചെന്നു......ഓഫീസ്സിലെത്തിയ നാരായണന്‍ കുട്ടി, അസിസ്റ്റന്‍റു മാനേജര്‍ ശര്‍മ്മ നല്‍കിയ ബോസ്സിന്‍റെ കത്തു വായിച്ചു. തനിക്കിനി ജോലിയില്ലെന്നെഴുതിയിരിക്കുന്ന ബോസ്സിന്‍റെ കത്തു്.
-------------------
നാരായണന്‍ കുട്ടി...നേരേ... മുറിയിലേയ്ക്കു പോയി.വഴിയിലെ മാജിക്കുകാരന്‍ ഹിമാലയത്തിലെ പാമ്പിനെ ഇനിയും കാണിച്ചിട്ടീല്ല. ..വീട്ടിലെത്തിയ നാരായണന്‍ കുട്ടി ,അല്പ സമയത്തിനു ശേഷം റയില്‍വേ സ്റ്റേഷനിലേയ്ക്കു നടന്നു.... കയ്യില്‍ തൂക്കിയ ഒരു സൂടു് കേയ്സുമായി റയില്‍വേസ്റ്റേഷനിലെ ആള്‍ക്കൂട്ടത്തില്‍ നാരായണന്‍ കുട്ടി , ശങ്കര നാരായണനുമായി
വാക്കു തര്‍ക്കങ്ങളില്‍ മുഴുകി...മുഴുകി...........ആള്‍ക്കൂട്ടത്തില്‍ ആരുമറിയാതൊരു ബിന്ദുവായി...............
-------------------