Monday, September 18, 2006

എന്‍‍റ്റെ ഒരു പത്തായം

Buzz It

ജോണ്‍ സാമുവല്‍.എന്റെ സുഹ്രുത്ത്‌ പറഞ്ഞു പിള്ളേച്ചോ പേരു കൊടുത്തു. ഞാന്‍ അന്നപൂര്‍ണേശ്വരി ഹോട്ടലില്‍ എന്റെ അത്താഴം കഴിക്കുകയായിരുന്നു. ദോശയും ചമ്മന്തിയും..

ഞാന്‍ ചിരിച്ചു.പിന്നെ പറഞ്ഞു.എന്നെ കിട്ടില്ലാ.കഥ പോയിട്ടെനിക്കൊന്നു ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണു സാമുവല്‍.ഫാദര്‍ ഡൊമിനിക്‌ നോട്ടു ചെയ്തു എങ്കില്‍ നോട്ടു ചെയ്തോട്ടേ, എനിക്കൊന്നും അറിഞ്ഞൂടാ. സാമുവല്‍ പറഞ്ഞു.ശനിയാഴ്ചയാണു്, ചെറുകഥാ മല്‍സരം.ഞാന്‍ രാജന്റെ പേരു കൊടുത്തു പോയി.ഞാന്‍ പറഞ്ഞു,എനിക്കെഴുതാന്‍ അറിയില്ല.നല്ല രീതിയില്‍ പറയാന്‍ പോലും അറിയില്ല.പറയുന്നതു പരിപൂര്‍ണമാക്കാന്‍ പോലും പറ്റുന്നില്ല.

കരുനാഗപ്പള്ളി ബസ്സ്‌ വന്നപ്പോള്‍ സാമുവല്‍ പോയി.ചിന്നക്കട, ഓവര്‍ ബ്രിഡ്ജിനു മുകളില്‍ നിന്നു ചുറ്റ്‌പാടും നോക്കിയപ്പോള്‍ തോന്നി. എത്ര ഉയരത്തിലാണു താന്‍. താന്‍ അത്ര നിസ്സാരന്‍ ഒന്നുമല്ല.രാത്രി പത്തുമണി ആകുന്നു.നഗരം ഉറങ്ങാന്‍ തുടങ്ങുന്നു.

സാമുവല്‍ ഈവനിംഗ്‌ കോളേജില്‍ പഠിക്കുന്നതു് അഛനെ ബിസിനെസ്സില്‍ സഹായിക്കാനാണു്.അങ്ങനെ തന്നെ തന്‍റെ ഈവെനിംഗ്‌ ക്ലാസ്സിലെ എല്ലാവരും.

താനോ?. പന്ത്രണ്ടാം ക്ലാസ്സു കഴിഞ്ഞു വഴിയരുകില്‍ സ്ലേറ്റും പുസ്തകവും ഉപേക്ഷിക്കാന്‍ വിധിക്കപ്പെട്ട താന്‍, പകല്‍ ഒരു കമ്പനിയില്‍ പണിചെയ്തു് ആറു മണിക്കു് ഓടി കിതച്ചു് വിയര്‍ത്തു നാറി ക്ലാസ്സില്‍ എത്തുമ്പോള്‍ റാവു സാറു ചോദിക്കും,"പിള്ളേച്ചോ ഇന്നും താമസിച്ചുവല്ലോ?" പിള്ള. പേരിന്റെ പിന്നിലെ ഒരു ദു:ശകുനം. പുറകിലെ ബഞ്ചില്‍ ഒരു വാഴ പിണ്ടിയായിരിക്കുമ്പോള്‍ ഓര്‍ത്തു പോകുന്നു.പകല്‍ പഠിച്ചു് പോയ, കോള്ളേജ്‌ കാമ്പസ്സില്‍ ഉല്ലസിച്ചു പഠിച്ചാഹ്ലാദിച്ചു പോയ ഭാഗ്യവാന്മാരേ.നീണ്ടു പോകുന്ന ഇടനാഴികകള്‍ പറയുന്ന കഥകള്‍.മൗനം തളം കെട്ടികിടക്കുന്ന ലൈബ്രറി ഹാളുകള്‍, ഉല്ലാസമായ മറ്റൊരു പകലിനെ കാത്തു മയങ്ങുന്നു.അഭിമാനം തോന്നി, പകല്‍ പഠിക്കുന്ന മിടുക്കന്മാരേയും മിടുക്കികളേയും ഓര്‍ത്തു്.

ശനിയാഴ്ച തോറും വീട്ടില്‍ പോകും.വണ്ടി ക്കൂലി കഴിഞ്ഞ്‌ രണ്ടോ മൂന്നോ രൂപാ അമ്മയ്ക്കു കൊടുക്കുമ്പോള്‍ മൂത്ത പെങ്ങള്‍ അഭിമാനത്തോടെ നോക്കുന്നു. കാശുകാരനായ അണ്ണന്‍.

ഓവര്‍ ബ്രിഡ്ജ്‌ കഴിഞ്ഞു് റയില്‍വെ പാളത്തിലൂടെ,ഒന്നു് രണ്ടു പാളങ്ങള്‍ .എതിരേ വരുന്ന ട്രെയിന്‍ കണ്ടു.ഡെല്‍ഹിക്കു പോകുന്ന ട്രെയിന്‍ നോക്കി അമ്പരന്നു നിന്നു.ഒരു പെരുമഴക്കാലം കഴിഞ്ഞതു പോലെ തോന്നി.ട്രെയിന്‍ പോയി കഴി‍ഞ്ഞപ്പോള്‍.തന്‍റെ കോര്‍ടേഴ്സ്സിലേയ്ക്കു നടന്നു. ഭാഗ്യവാന്‍.നാട്ടിലെ ട്രെയിന്‍ ഡ്രൈവര്‍ ഭാസ്കരന്‍ പിള്ള ച്ചേട്ടന്‍റെ മഹാമനസ്സുകൊണ്ടു കിട്ടിയതാണു്.വല്ലപ്പോഴും ഒരു പാണ്ടി ഡ്രൈവര്‍ ഉറങ്ങാന്‍ കാണൂം. ഒരു ശല്യവുമില്ല.

നടന്നു.മുറിയില്‍ എത്തുമ്പോള്‍ പാണ്ടി ഉണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു വന്നതേയുള്ളു. തുറന്നു വച്ച ഒരു കുപ്പിയുമായി അത്താഴം കഴിക്കുന്ന അദ്ധേഹത്തിനു് ഒരു ചിരി സമ്മാനിച്ചു് തന്റെ ലാവണത്തില്‍ ഉറങ്ങാന്‍ കിടന്നു.ഊണു് കഴിഞ്ഞ പാണ്ടി ഏതൊക്കെയോ പഴയ തമിഴ്‌ ഭക്തി ഗാനങ്ങള്‍ ഉച്ചത്തില്‍ പാടാന്‍ തുടങ്ങി.ശീര്‍കാഴി ഗോവിന്ദരാജന്‍റെ കീര്‍ത്തനം മുഴുമിപ്പിക്കാതെ, മധുരയിലുള്ള ഭാര്യയെ രാത്രി മുഴുവന്‍ ചീത്ത വിളിക്കുന്നതും കേട്ടു് അയാള്‍ ഉറങ്ങാതെ കിടന്നു പോയി.

അതിരാവിലെ ഉണര്‍ന്നു.അടുത്ത ദേവി ക്ഷേത്രത്തില്‍ തൊഴുതു് അന്നപൂര്‍ണേശ്വരിയിലെ ദോശയും കഴിച്ചു് ഒരുമണിക്കൂര്‍ ഓവര്‍ടൈം ചെയ്തുള്ള ചില്ലറ വാങ്ങുമ്പോള്‍ മൂത്ത പെങ്ങളുടെ മുഖം മനപ്പൂര്‍വം കണ്ട്‌ ചിരിച്ചു.അന്നു് ശനിയാഴ്ച ആയിരുന്നു. വിയര്‍പ്പു നാറി,പിള്ളേച്ചോ എന്ന വിളിക്കു തയാറായി ഓടിയെത്തുമ്പോള്‍ ഡൊമിനിക്‌ അച്ചന്‍ പറഞ്ഞു.വേഗം ചെല്ലൂ.ചെറുകഥാമല്‍സരം തുട്ങ്ങി.

തനിക്കു കിട്ടിയ പേപ്പറുമായി വെളിയിലേക്കു നോക്കി ഇരിക്കുമ്പോള്‍ ചുറ്റുമിരുന്ന കഥാകൃത്തുക്കള്‍ കഥ എഴുതി തുടങ്ങിയിരുന്നു.അയാളെഴുതി.നാട്ടിലുള്ള തന്റെ പത്തായത്തെക്കുറിച്ചു്.കുറെ വരികള്‍.പിന്നെ മുഖത്തോട്ടു മാത്രം പുക പരത്തുന്ന ഒരു മണ്ണെണ്ണ വിളക്കു്..പിന്നെയും എഴുതി....ഒടുവില്‍ ഒരു തുള്ളി കണ്ണുനീരു വീണു് ആ മണ്ണെണ്ണ വിളക്കു് അണഞ്ഞു.താനെഴുതിയതു കൊടുത്തു മടങ്ങുമ്പോള്‍ സാമുവല്‍ ചോദിച്ചു."ഇത്ര പെട്ടെന്നു്" ചിരിക്കാന്‍ സാധിക്കാതെ നടന്നു. തന്റെ താവളത്തിലേക്കു്.

പിറ്റേന്നു് അമ്മയ്ക്കു് കൊടുത്ത ഒത്തിരി ചില്ലറ നാണയങ്ങള്‍ കണ്ടു് മൂന്നു പെങ്ങന്മാരും മൂഖത്തു വിരലുവയ്ക്കുന്നതു കണ്ടു സന്തോഷിച്ചു.ഞായറഴ്ചയായിരുന്നു.നാട്ടിലെ ലൈബ്രറിയില്‍ പോയി കുറേ നേരം ഇരുന്നു് പുതിയ പുസ്തകങ്ങളുടെ മണം ആസ്വദിച്ചു.തിരിച്ചു വരുന്ന വഴി തിരുവനന്തപുരത്തു പഠിക്കുന്ന വിജയനേയും കണ്ടു.കോളേജു ലൈഫിനേക്കുറിച്ചും ഹോസ്റ്റല്‍ ജീവിതത്തെ ക്കുറിച്ചുമൊക്കെ വാചാലനായി വിജയന്‍ യാത്ര പറഞ്ഞു.പോകാന്‍ നേരം വിജയന്‍ പറയാന്‍ മറന്നില്ല..രാജാ നീ ഭാഗ്യവാനാണു്.

ദീപാരാധന കഴിഞ്ഞു് അമ്മയുമായി മടങ്ങുന്ന ശ്രീദേവിയും കുശലം ചോദിക്കാന്‍ മറന്നില്ല.തന്നോടൊപ്പം മാര്‍ക്കു വങ്ങി ജയിച്ച സുരേഷും ശ്രീദെവിയുടെ കോളേജില്‍ ആണത്രേ.

പിറ്റേ ദിവസം ,ജോലി കഴിഞ്ഞു് വിയര്‍തു നാറി കോളേജിലെത്തിയപ്പോള്‍ സാമുവലിനോടൊപ്പം ഡൊമിനിക്‌ ഫാതറും നില്‍പ്പുണ്ടായിരുന്നു.തന്റെ ചെറുകഥയ്ക്കു് ഒന്നാം സമ്മാനം കിട്ടിയെന്നറിഞ്ഞു.

കൊളേജ്‌ കവാടത്തിനു നെറുകയില്‍ എഴുതി വച്ചിരുന്ന പ്രമാണം അയാള്‍ പുതിയ അര്‍ഥവ്യാപ്തിയോടെ ആദ്യമായി അന്നു വായിച്ചു. "പെര്‍ മാട്രം പ്രൊ പേട്രിയ".

കണ്ണുനീര്‍ വീണണഞ്ഞുപോയ തന്‍റെ മണ്ണെണ്ണ വിളക്കിനെ വെറുതേ അയാള്‍ പരതുകയായിരുന്നു.

25 comments:

ബിന്ദു said...

വേണൂജീ.. നന്നായിട്ടുണ്ട്. താന്‍ എന്ന വാക്ക് കുറേ പ്രാ‍വശ്യം അടുപ്പിച്ചു വന്നോ എന്നൊരു സംശയം. :)

ദിവ (diva) said...

വേണൂ ഭായ്

ഹിന്ദിയിലൊരു തമാശ കേട്ടിട്ടില്ലേ... ആപ് തോ പുരുഷ് ഹീ നഹീ ഹേ, മഹാപുരുഷ് ഹേ...

ആദ്യമായിട്ടീ തമാശ കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് ദേഷ്യം പിടിക്കും. കളിയാക്കിയതല്ല, സ്നേഹപൂര്‍വമുള്ളൊരു തമാശയാണെന്ന് മനസ്സിലാകുമ്പോള്‍ തണുക്കും.

അതുപോലെ, ആദരപൂര്‍വമൊരു കാര്യം ഞാനും പറയാം :

‘ഈ കഥ ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ പറ്റില്ല, വളരെ വളരെ ഇഷ്ടപ്പെട്ടു എന്നാണ് പറയേണ്ടത്.‘

തികച്ചും ഗൃഹാതുരമായി എഴുതിയിരിക്കുന്നു വേണൂജീ, ശരിക്കും ഫീല്‍ ചെയ്ത വായന...

വേണു venu said...

ഓറ്‍മ്മയ്ക്കായി,ബാക്കി എഴുതാന്‍ ഞാന്‍ എന്‍റെ പണിപ്പുരയില്‍ ഇരിക്കുകയായിരുന്നു.ബൂലോകത്തില്‍ വിശ്വ പ്രഭയുടെ കമന്‍റു് ന.29കണ്ടു ഞാന്‍ ഭാവുകനായി പോയി.
ഈ പത്തായം എന്‍റെ എല്ലാമെല്ലാമായിരുന്നു.കസേരയും, ഡയിനിങ്ങ് ടേബിളും,ബുക്ക് ഷെല്‍ഫും,റീഡിങ്ങ് ടേബിളും, രാത്രിയിലെന്‍റെ കട്ടിലും സറ്‍വോപരി എന്‍റെ കൂട്ടുകാരാരെങ്കിലും എന്നെ കാണാന്‍ വന്നാല്‍ അവറ്‍ക്കിരിക്കാനുള്ള സോഫാ സെറ്റും.
സന്തോഷ്ജി,ബിന്ദുജി,ദിവാസ്വപ്നം നന്ദി.സന്തോഷ്ജി ഓര്‍മ്മയ്ക്കായിയുടെ തുട‍റ്‍ച്ചയായി ഇതു കരുതാനൊക്കുമോ.
വേണു.‍

ഇത്തിരിവെട്ടം|Ithiri said...

വേണൂജീ അസ്സലായി. നല്ല ശൈലി. നല്ല അവതരണം.

KANNURAN - കണ്ണൂരാന്‍ said...

നല്ല കഥ... പക്ഷെ ബിന്ദുജി പറ്ഞ്ഞ്തുപോലെ ആവര്‍ത്ത്ന വിരസത ഒഴിവാക്കുക....

റീനി said...

വേണു, നന്നായിരിക്കുന്നു.

മുസാഫിര്‍ said...

വേണുജി,
നല്ല കഥ.നേരേ ചൊവ്വേ പറഞ്ഞിരിക്കുന്നു.
കാന്‍പുരാണല്ലെ .കാന്‍പുരിനും ലക്നൊവിനും ഇടയിലുള്ള ‘മെമ്മോറ‘ എന്ന സ്ഥലം അറിയാമോ ?
ഞാന്‍ അവിടെ കുറച്ചു വര്‍ഷങ്ങള്‍ ചിലവഴിച്ചിട്ടുണ്ട്.

സൂര്യോദയം said...

ഉപദേശിക്കാനുള്ള കഴിവില്ലെങ്കിലും ഒരു വായനക്കാരന്റെ സ്വാതന്ത്ര്യത്തോടെ പറയട്ടെ.... വായനയുടെ സുഖം പൂര്‍ണ്ണമായി കിട്ടാന്‍ വാചകങ്ങള്‍ക്കിടയില്‍ അല്‍പം സ്ഥലം ഇടുന്നതോ വേറെ വേറെ വരികളിലായി വാചകങ്ങള്‍ എഴുതുന്നതോ നന്നായിരിക്കും...

എന്തായാലും സംഭവം ഇഷ്ടപ്പെട്ടു... കണ്ണുനീര്‍ വീണ്‌ അണഞ്ഞ ആ മണ്ണെണ്ണവിളക്ക്‌....

പാര്‍വതി said...

കഥ മനസ്സില്‍ തട്ടി..അത് തന്നേ കഥയുടെ ധര്‍മ്മവും..അനുഭങ്ങളെ കഥകളാക്കുന്ന വഴിയാത്രക്കാരല്ലേ നമ്മളൊക്കെ :-)

നന്നായിരിക്കുന്നു

-പാര്‍വതി.

ശിശു said...


കരുനാഗപ്പള്ളി ബസ്സ്‌ വന്നപ്പോള്‍ സാമുവല്‍ പോയി.ചിന്നക്കട, ഓവര്‍ ബ്രിഡ്ജിനു മുകളില്‍ നിന്നു ചുറ്റ്‌പാടും നോക്കിയപ്പോള്‍ തോന്നി. എത്ര ഉയരത്തിലാണു താന്‍. താന്‍ അത്ര നിസ്സാരന്‍ ഒന്നുമല്ല.രാത്രി പത്തുമണി ആകുന്നു.നഗരം ഉറങ്ങാന്‍ തുടങ്ങുന്നു.

താങ്കള്‍ കരുനാഗപ്പള്ളിക്കരനാ..?

വേണു venu said...

ദിവാജി,
പുതിയ പോസ്റ്റിലെഴുതിയ കമ്മെന്‍റിനും പഴയ പോസ്റ്റുകള്‍ക്കിന്നിട്ട കമെന്‍റിനും നന്ദി.
കഴിഞ്ഞ ലീവിനു് ചെല്ലുമ്പോള്‍,ആരും ഉപയോഗിക്കാത്ത ഇരുട്ടു മുറിയിലൊളിച്ചിട്ടിരിക്കുന്ന പത്താമ്പുറത്തിരുന്നു ഞാന്‍ അമ്മയോടു തമാശയായി പറഞ്ഞു.നിങ്ങള്‍ എല്ലാം മക്കള്‍ക്കു വീതം വയ്ക്കുമ്പോള്‍ ഈ പത്തായം എനിക്കു തരണേ.ഒളിച്ചുപ്പിച്ചു വച്ചിരുന്ന കണ്ണു നീരു കണ്ടു് മോള്‍ പറഞ്ഞു.അമ്മൂമ്മേ അഛന്‍ കരയുന്നേ.ഊയ്..
അരണ്ട വെളിച്ചത്തില്‍ അമ്മയും കരയുകയായിരുന്നോ.
വേണു.

വല്യമ്മായി said...

വളരെ നന്നായിരിക്കുന്നു.

ദേവന്‍ said...

നെഞ്ചുവേദനിക്കോസ്‌ നൊവാള്‍ജിക്കോസ്‌. ഫാത്തിമാ കോളെജ്‌. പിന്നില്‍ റെയില്വേ കോളനി. ഉള്ളില്‍ റെയില്‍ ക്യാന്റീന്‍- 50 പൈസക്ക്‌ നാല്‌ ഇരുമ്പുണ്ടപോലത്തെ ഗുണ്ട്‌ വാങ്ങിത്തിന്ന് വിശപ്പിനെ ബ്ലോക്ക്‌ ചെയ്ത ഒരു കാലം.

അന്നപൂര്‍ണ്ണേശ്വരി അല്ലേ ഇന്നത്തെ സുപ്രഭാതം ഹോട്ടല്‍?

ഓ ടോ വളിപ്പടിച്ചില്ലേല്‍ എനിക്ക്‌ ഇരിപ്പില്ല:
ഇന്നത്തെ ബിഷപ്പ്‌ സ്റ്റാന്‍ലി റോമന്‍ അച്ചന്‍ അന്നു പ്രിന്‍സിപ്പാള്‍. ചില വാക്കു തര്‍ക്കം ഉണ്ടായപ്പോള്‍ ഒരു പയ്യന്‍ പറഞ്ഞു "അച്ചോ ദാ എഴുതി വച്ചിരിക്കുന്നതു കണ്ടോ 'പേര്‍ മാറ്റ്രം പ്രോ പാത്തിരിയാ"ന്ന് എന്നു വച്ചാല്‍ എന്താ? "പേരു മാത്രം പോരാ പാതിരിയെന്ന്" ലത്തീനില്‍ എഴുതിയതാ. നാമമാത്ര വൈദികന്‍ ആകരുത്‌!

[സീരിയസ്സു പോസ്റ്റില്‍ കയറി കോമഡി പറഞ്ഞതിനു മാപ്പ്‌ വേണുമാഷേ. ചിലപ്പോ കണ്ട്രോള്‍ പോഹും]

വേണു venu said...

ഇത്രയും എഴുതിയ ദേവ്ജി,

റാവു സാറിനെ അറിയാതതാണോ.ഡെബിറ്റ് വാട് കംസിന്‍ ആന്‍റു് ക്രെടിട്ട് വാട് ഗോസ്സ് ഔട്ട്.
പീള്ളേച്ചോ തനിക്കെന്തു മനസ്സിലായി?
സാര്‍,
എനിക്കൊന്നു മനസ്സിലായി,ആല്‍ബര്‍ട്ടയിന്‍സ്റ്റയിനേ സ്വപ്ന്നം കണ്ടു മിടുക്കനായി പഠിച്ച ഈ പിള്ള 90% മാര്‍ക്കു വാങ്ങിയ പിള്ള,പണമില്ലാത്ത ഒറ്റ കാരണം കൊണ്ടു്, ഡെബിട്ടും ക്രെടിറ്റും പഠിക്കുമ്പൊള്‍ മനസ്സില്‍ ഒരു കാര്യം ഉറപ്പിച്ചു.ഇന്നു പത്രത്തില്‍ കണ്ടില്ലേ അജിതയെ,കെ. വേണുവിനെ,കൊന്നു കളഞ്ഞ വര്‍ഗ്ഗീസ്സിനേയും സാറിനറിയാമല്ലോ.
സാര്‍ ഞാനാരാകും സാര്‍‍.
റാവു സാറിന്‍റെ മുഖം ഇന്നു ഞാന്‍ ഓര്‍ക്കുന്നു.എന്‍റെ മുതുകത്തു തട്ടി പെര്‍ മാറ്റ്രം പ്രൊ പേറ്റ്രിയയുടെ താഴെ ഞങ്ങള്‍ നില്ക്കുന്നതു ഇന്നുമോര്‍ക്കുന്നു.
വേണു.

ദേവന്‍ said...

ഞാന്‍ കോളേജു കാണും മുന്നേ റാവുസാര്‍ മരിച്ചുപോയി മാഷേ. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ്‌ കൊല്ലം നഗരത്തിലെ വാണിജ്യവിദ്യാര്‍ത്ഥികള്‍ "കൊമേഴ്സ്‌ ഡേ" ആചരിക്കുന്ന (ഞാന്‍ എസ്‌ എന്‍ ഇല്‍ ആയിരുന്നു പഠിച്ചത്‌, അവിടേയും റാവുസാറിനെ എല്ലാവര്‍ക്കും അറിയൂമായിരുന്നു)

വേണു venu said...

ദേവരാജി.
ഞാന്‍ റാവു സാറിന്‍റെ അവസാന ‍ കണ്ണികളില്‍ ഒന്നു്.വറ്ഷങ്ങള്‍ കഴിയുന്നതൊക്കെ എന്ത്തു പെട്ടെന്നു്. എല്ലാം ഇന്നലെ ആണെന്നേ തോന്നു.
നന്മകളോടെ,
വേണു.

സു | Su said...

നന്നായിട്ടുണ്ട് എഴുതിയത്.

ചിലരുടെ അനുഭവങ്ങള്‍, മറ്റു ചിലര്‍ക്ക് വെറും കഥകള്‍.

ലാപുട said...

നല്ല എഴുത്ത്...അനുഭവങ്ങളുടെ താപനില ഓര്‍മ്മകളെ പൊള്ളിക്കുന്നതുകൊണ്ടു തീക്ഷ്ണവും വ്യതിരിക്തവും.....

ഒരു ഓഫ് ടോപിക് (?) പറഞ്ഞോട്ടെ:

മലയാളത്തില്‍ ഇതു അനുഭവമെഴുത്തുകളുടെ/ജീവിതമെഴുത്തുകളുടെ കാലം..സി.കെ. ജാനു, വിനയ, ദേവകി നിലയങ്കോട്, വി.കെ. ശ്രീരാമന്റെ പുസ്തകങ്ങള്‍ എന്നിവയ്ക്ക് സാമ്പ്രദായിക സാഹിത്യരൂപങ്ങള്‍ക്കുള്ളതിനേക്കാള്‍ അനുവാചകരും ആവശ്യക്കാരുമുണ്ടത്രെ...മാതൃഭൂമി ഓണപ്പതിപ്പില്‍ ഇത്തരമൊരു ചര്‍ച്ച കണ്ടു...

എന്തു കൊണ്ടാവാം കഥ, കവിത, നാടകം എന്നീ എഴുത്തു രൂപങ്ങളിലേക്ക് ആ‍കറ്ഷിക്കപ്പെടുന്നതിനേക്കാള്‍ എളുപ്പത്തില്‍ ആളുകള്‍ അനുഭവമെഴുത്തുകളിലേക്കു എത്തുന്നത്?

പെരിങ്ങോടന്‍ said...

അതിനാരോ മറുപടിയും എഴുതിക്കണ്ടു: ‘ആളുകളുടെ സ്വകാര്യതയിലേയ്ക്കു് എത്തിനോക്കുവാന്‍ ജനത്തിനു വല്ലാത്ത താല്പര്യമാണെന്നു്’

ഇതെഴുതിക്കഴിഞ്ഞപ്പോള്‍ ഓര്‍മ്മ വന്നു, സേതുവാണത് എഴുതിയത്. ഓണപ്പതിപ്പിനു്, പത്രാധിപന്മാര്‍ ആവശ്യപ്പെടുന്നത് കഥയും കവിതയുമൊന്നുമല്ലത്രെ, ആത്മകഥയോ അനുഭവക്കുറിപ്പുകളോ ആണെന്നു്.

കെ.പി.അപ്പന്റെ സ്ഥിരസാന്നിദ്ധ്യം മാതൃഭൂമിയിലുണ്ടു്, അതുകൊണ്ടുകൂടിയാകാം അദ്ദേഹം വളരെ അപൂര്‍ണ്ണമായൊരു ആത്മകഥ മാതൃഭൂമിക്കു വേണ്ടി എഴുതുവാന്‍ തീരുമാനിച്ചതു്. ഏതാനു ചില ലക്കങ്ങള്‍ കൊണ്ടതു സീരിയലൈസ് ചെയ്തും കഴിഞ്ഞു.

ദേവകി നിലയങ്കോടും ശ്രീരാമനും അനുഭവമെഴുത്തുകാരായി വായനക്കാരുടെ മനസ്സില്‍ ‘ഇടം’ നേടിക്കഴിഞ്ഞു. മിക്ക ഓണപ്പതിപ്പിലും/വാര്‍ഷികപ്പതിപ്പിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണു ദേവകി നിലയങ്കോടിന്റെ അനുഭവക്കുറിപ്പുകള്‍.

ഡാലി said...

ലാപുടയുടെ ചോദ്യം കണ്ടാവീണ്ടും വന്നത്. പണ്ട് വന്ന് കണ്ണീരു വീണു അണഞ്ഞ മണ്ണെണ്ണ വിളക്ക് കണ്ട് മടങ്ങി പോയി.
ലാപുടയുടെ ചോദ്യത്തിനു സമാനമയ ഒരു ലേഖനം ഇവിടെ

വേണു venu said...

വക്രതുണ്ട മഹകായാ,
സൂര്യകോടി സമപ്രഭ‍‍:
നിര്‍‍വ്വിഘ്നം കുരുമേ ദേവ,
സര്‍‍വ്വകാര്യേഷു സര്‍‍വദാ.


ബിന്ദുജി,ഇനി ശ്രദ്ധീക്കാം.സന്തോഷം.

ദിവാ,ഒത്തിരി ഒത്തിരി സന്തോഷം.

ഇത്തിരിവെട്ടമെ,നന്ദി.

കണ്ണൂരാന്‍,ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ശ്രമിക്കും.

റീനി,നന്ദി.

മുസാഫിര്‍,സന്തോഷം,സ്ഥലം കേട്ടിട്ടുണ്ടു്.പോയിട്ടില്ല.

സൂര്യോദയം,താങ്കളുടെ വിലഏറിയ ഉപദേശം ഞാന്‍ ശ്രദ്ധിച്ചു,തീര്‍ച്ചയായും നന്നാക്കാന്‍ ശ്രമിക്കാം.

പാര്‍വ്വതി,വാക്കുകള്‍ മൌനമാവുന്നതും ഇപ്പോള്‍ ഞാനറിയുന്നു.നന്ദി.

ശിശു,ഞാന്‍ കരുനാഗപ്പള്ളിക്കാരനല്ല.

വല്യമ്മായി,ഒത്തിരി സന്തോഷമുണ്ടു് കേട്ടോ,

ദേവരാഗം,അഭിമാനം തൊന്നിയ ഒരു മുഹൂര്‍ത്തമായിരുന്നു താങ്കളുടെ കമ്മെന്‍റെനിക്കു
നല്‍കിയതു്.നന്ദി.

സു,സന്തോഷം.

ലാപുട, “നോവു തിന്നും കരളിനേ പാടുവാകാനാകൂ
ഹൃദ്യമായ് ആര്‍ദ്ര മധുരമായ്“. ഓ.എന്‍.വി യുടെ വരികള്‍ ഓര്‍മ്മവന്നു.
നന്ദി സുഹ്രുത്തേ.
സന്തോഷ്ജി,നന്ദി.ഹൃ പറഞ്ഞതുപോലെ തിരുത്തി.
സത്യത്തില്‍ അഭിമാനം തോന്നുന്നു സന്തോഷ്ജി.

പെരിങ്ങോടന്‍,സന്തോഷം,നന്ദി.

ഡാലി,സന്തോഷം.

കണ്ണുനീരുവീണണഞ്ഞു പോയ മണ്ണെണ്ണവിളക്കു വായിച്ചു് അഭിപ്രായം എഴുതിയവര്‍ക്കും എഴുതാത്തവര്‍ക്കും വേണ്ടി ആദ്യ ശ്ലോകത്തിലൂടെ ഞാന്‍ പ്രാര്‍ഥിക്കുന്നു.

കുട്ടന്മേനൊന്‍::KM said...

വേണുജി, പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. മനസ്സില്‍ തട്ടി. നന്നായിരിക്കുന്നു.

വേണു venu said...

മേനോനെ,
സന്തോഷം. ഇത്രടം വന്നതിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും.

സതീശ് മാക്കോത്ത് | sathees makkoth said...

നല്ല കഥ... നന്നായിരിക്കുന്നു.

വേണു venu said...

സതീഷ് വായിച്ചതിനും അഭിപ്രായമെഴുതിയതിനും നന്ദി.