Sunday, October 08, 2006

ഓര്‍മ്മയ്ക്കായി‍‍‍---------(വലതുകാല്‍ വച്ചൂ് )

Buzz It
ഇതു വായിക്കുന്നതിനു മുന്‍പു് ഇതു് ഒന്നു കൂടി വായിച്ചിരുന്നെങ്കില്‍

വിശാലമായ റോഡില്‍ നിന്നും,വെട്ടു റോഡുകളും ഇടവഴികളൂം ഉള്ള ചെറിയ വഴിയിലൂടെ വണ്ടി ഓടുകയായിരുന്നു.

പുതു പ്പെണ്ണിനെ ചിരിപ്പിക്കാനായി പുതിയ പുതിയ തമാശകള്‍ പറഞ്ഞു കഥകളി അമ്മാവി അരങ്ങു തകര്‍ക്കുന്നു. വാലിട്ടു
കണ്ണെഴുതി പൗഡറിട്ട സുന്ദരി അമ്മാവിയെ ഈ പ്രായത്തിലും കണ്ടാല്‍ ഏതോ കഥകളി നടിയാണെന്നു തോന്നും.വണ്ടി ഓടിക്കൊണ്ടിരുന്നു. ഇരുവശവുമുള്ള വയലുകളില്‍ നിന്നു വൃശ്ഛിക കാറ്റു വീശുന്നുണ്ടായിരുന്നു. മുന്നിലെ
കണ്ണാടിയിലൂടെ ഡ്രൈവര്‍ കൃഷ്ണന്‍ കുട്ടി തങ്ങളെ ശ്രദ്ധിക്കുന്നതു കാണാമായിരുന്നു.

തലമുടി കുറഞ്ഞ മെലിഞ്ഞമ്പരന്നിരിക്കുന്ന പെണ്‍കുട്ടി തന്റെ കളഗാത്രമാണെന്നും അയാള്‍ക്കു് അറിയാമായിരുന്നു. ഇരു വശവും
തിളച്ച വെയില്‍ തീ നാളങ്ങളായി പറന്നു.വടക്കേ ഇന്‍ഡ്യയില്‍ ഗംഗയുടെ തീരത്തുള്ള നഗരത്തില്‍ ജോലി കിട്ടുമ്പോള്‍ ആശ്വസിച്ചു.
തനിക്കും പാപ മോക്ഷത്തിനായി ഒരു ഗംഗ ലഭിച്ചിരിക്കുന്നു.


മനസ്സില്‍ വിരിയുന്ന മാതള പ്പൂക്കളില്‍ നിറമുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു.ഓരോ ചിത്രങ്ങളിലും വിധിയുടെ മുത്താരം കല്ലുകളുണ്ടായിരുന്നു. മഞ്ചാടിക്കുരുവും കുപ്പിവളകളും ചിത്ര ശലഭങ്ങളും ഉണ്ടായിരുന്നു..
പഠിത്തം പുര്‍ത്തിയാകുന്നതിനു മുമ്പു് കിട്ടിയ ജോലിയില്‍ ഉള്ളുകൊണ്ടു് സന്തോഷിക്കുമ്പോഴും ,വഴിയില്‍ ചിറകറ്റു വീണു കിടക്കുന്ന സ്വപ്നങ്ങളെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
വെറുതേ ഓര്‍ത്തുനോക്കി.
എന്നായിരുന്നു തന്റെ ആദ്യത്തെ സ്വപ്നം ഉടഞ്ഞു തകര്‍ന്നതു്.പത്താം ക്ലാസ്സിലെ പ്രശസ്ത വിജയം. അമ്മയുടെ നീറുന്ന ചിന്തകളുടേയും ആള്‍ക്കാരുടെ ചോദ്യ വര്‍ഷങ്ങള്‍ക്കും നടുവില്‍ ഉറക്കമില്ലാതെ കഴിഞ്ഞു.

നെടുവീര്‍പ്പുകളുമായി ആകാശത്തേയ്ക്കു നോക്കിയിരിക്കുമ്പോള്‍, പ്ലാവിന്‍ ചുവട്ടില്‍ കളിക്കുന്ന കുഞ്ഞു പെങ്ങ്ന്മാര്‍ വളന്നു സുന്ദരികളാവുന്നതും അയാള്‍ അറിഞ്ഞു.

ആളയച്ചു വരുത്തപ്പെട്ട അമ്മാവന്‍ വന്നു."ഭാനുമതീ".തോര്‍ത്തു കൊണ്ടു് മാറു മറച്ചു് അമ്മ ഉമ്മറ പ്പടി വാതുക്കല്‍ നിന്നു.രണ്ടു
പ്രാവശ്യം മുറുക്കി തുപ്പിയതിനു ശേഷം അമ്മാവന്‍ പറഞ്ഞു.അവന്‍ കോമ്മേര്‍സെടുത്തു പഠിക്കട്ടെ.സയന്‍സൊക്കെ ആകുമ്പോള്‍
ഒത്തിരി പണ ചിലവു വരും.ഇതിനാവുമ്പൊള്‍ ആദ്യം കുറച്ചു പണം വേണം.അതിനിപോഴു്.അമ്മാവന്‍ ഒന്നു നിര്‍ത്തി.പിന്നെ
പുരയ്ക്കു ചുറ്റും ഒന്നു കണ്ണോടിച്ചു.എന്നിട്ടു പറഞ്ഞു.ആ കിഴക്കു വശത്തു നില്‍ക്കുന്ന രണ്ടു് ആഞ്ഞിലിയും അങ്ങു
വില്‍ക്കാം.ഒരോ കാര്യങ്ങള്‍ നടക്കട്ടെ.

അയാള്‍ ഒരിക്കല്‍ വലിയ ആളാകുമ്പോള്‍ വലിയ വീടു് വയ്ക്കാന്‍ അമ്മൂമ്മ നിര്‍ത്തിയിരിക്കുന്ന ആഞ്ഞിലി കട പുഴുകി മറിഞ്ഞു
വീഴുന്നതു ദ്‌:ഖത്തോടെ നോക്കിയിരുന്നു.ഒപ്പം തന്റെ മനസ്സിലെ ആല്‍ബര്‍ടയിന്‍സ്റ്റയിനും മരിച്ചു വീഴുന്നതയാള്‍ അറിഞ്ഞു.മാര്‍ക്കു കുറവായതിനാല്‍ മറ്റൊരു ഗ്രൂപും കിട്ടാത്തവരുടെ ആലയമായിരുന്നു അന്നു്.കോമ്മെര്‍സ്‌ ഗ്രൂപ്‌.

ആ കോളേജിലെ ഒരു അല്‍ഭുതമായിരുന്നു തന്റെ അഡ്മിഷന്‍.ആദ്യത്തെ ക്ലാസ്സില്‍ തന്നെ പ്രൊഫ്ഫെസ്സര്‍ വര്‍ക്കി സാര്‍ വാചാലനായി.കോമ്മേര്‍സിന്റെ ഭാവി.മിടുക്കന്മാര്‍ കടന്നു വരുന്ന വളരെ അധികം ഭാവിയുള്ള കോമ്മ്മ്മെര്‍സ്‌.തന്റെ തോളില്‍ തട്ടി അനുമോദനങ്ങള്‍ പറയുമ്പോള്‍ നന്നേ പണിപ്പെട്ടു.അടര്‍ന്നു വീഴുന്ന കണ്ണീര്‍ ആരും കാണാതിരിക്കാന്‍.
ഡെബിറ്റ്‌ വാട്‌ കംസ്‌ ഇന്‍ ആന്‍ഡ്‌ ക്രെടിറ്റ്‌ വാട്‌ ഗോസ്‌ ഔട്‌ . ഒരു സ്വപ്നം കരിഞ്ഞു ചാമ്പലാവുന്നതയാള്‍ അറിഞ്ഞു.


ജീവിതം ഒരു ചെസ്സുകളി പോലെയാണെന്നു അയാള്‍ക്കു് തോന്നി ത്തുടങ്ങി.എതിരാളിയുടെ ഓരോചലനങ്ങളിലും തന്റെ ജീവിതം എഴുതപ്പെട്ടിരിക്കുന്നു.മറു നീക്കങ്ങളില്ലാതെ ഓരോരോ തീരുമാനമെടുക്കുമ്പോഴും അയാളറിഞ്ഞു.ഇവിടെ താന്‍ കരു മാത്രമാണല്ലോ.എതിരാളി വിധിയാണല്ലോ.


****************************************************************************************

അമ്മയുടെ കത്തു വരുമ്പോള്‍ ബാങ്കില്‍ നല്ല തിരക്കായിരുന്നു.ലന്‍ജ്ജു കഴിഞ്ഞു് എഴുത്തു വായിച്ചു.ഒറ്റയെഴുത്തു
മതി അപ്ഡേറ്റ്‌ ആകാന്‍. വാസുക്കുട്ടന്‍ തെങ്ങില്‍ നിന്നു വീണതു്, മഠത്തിലെ ശ്രീദേവി പ്രായമായതു്. പറമ്പില്‍ രാമന്‍ പിള്ളയുടെ ചിട്ടി കമ്പനി പൊട്ടിപ്പോയതു്,വാര്യത്തെ ശാന്ത പട്ടാളക്കാരനോടൊപ്പം ഒളിച്ചോടിയതു്.പക്ഷെ ഈ കത്തു് വളരെ ചെറുതായിരുന്നു....... നീ ഓര്‍ക്കുന്നില്ലേ കടമ്പാട്ടെ വേലായുധന്‍ പിള്ള ച്ചേട്ടനെ. അങ്ങേരു്

നിനക്കരാലോചന കൊണ്ടു വന്നിരിക്കുന്നു.പറഞ്ഞു കേട്ടിടത്തോളം നല്ല ആള്‍ക്കാര്‍. ഒരേ ഒരു മോളു്. ആവശ്യത്തിനു്
വിദ്യാഭ്യാസമുണ്ടു്.കാഴ്ച്ചയിലും വലിയ തെറ്റില്ല.ഞങ്ങള്‍ കണ്ടിരുന്നു.

ഞാന്‍ പ‍റഞ്ഞു വന്നതു്,നിന്റെ കല്യാണം നടന്നാല്‍ പിന്നെ സുധയുടെ കല്യാണത്തിനു് പ്രശ്നമില്ല. വീടും പറമ്പും സുധക്കെഴുതി

വയ്ക്കാം. നിന്റെ കല്യാണത്തിനു ശേഷം വിടും പറമ്പും നിങ്ങളുടെ പേരിലെഴുതി സുധയുടെ ഇടപാടു തീര്‍ക്കാം.

പിന്നെ ഇവിടെ വിശേഷങ്ങളൊന്നുമില്ല.നിന്റെ പക്ക നാളിനു് ഭഗവതി ഹോമം നടത്തി. പാട്ടു പാടാന്‍ വരുന്ന പുള്ളുവന്‍ നിന്റെ
കാര്യം ചോദിച്ചു. പാവം നടക്കാന്‍ വയ്യാതായി,വയസ്സായില്ലേ?. നിന്റെ കുടെ പഠിച്ച ശ്യാമള, ഭര്‍ത്താവും കുഞ്ഞുങ്ങളുമായി ഇതു
വഴി പോയപ്പോള്‍ കാറു് നിര്‍ത്തി നിന്റെ കാര്യമൊക്കെ ചോദിച്ചു പോയി. ആ കുട്ടിയ്ക്കു് ഒരു തലക്കനവും ഇപ്പോഴും ഇല്ല.

*****************************************************************************************

അമ്പലത്തിനു മുമ്പില്‍ വണ്ടി നിന്നു.മറ്റൊരു വെപ്രാളം അമ്മാവനും ചുരുക്കം ബന്ധുക്കളും നില്‍പുണ്ടായിരുന്നു.വധൂവരന്മാര്‍
ഒരു പ്രദക്ഷിണം വച്ചു തൊഴുതിട്ടെ വീടു കയറാകൂ.വെപ്രാളം മാമന്‍ വീഡിയോക്കാരന്റെ പുറകേ വെറുതേ ഓടുന്നതു
കാണാമായിരിന്നു.


തളക്കല്ലിലൂടെ ഞങ്ങള്‍ നടന്നു.ഇടതു വശം ചേര്‍ന്നു നട്ക്കുന്ന പെണ്‍കുട്ടിയെ അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഒടുവില്‍
എപ്പോഴോ മനസ്സു പറഞ്ഞു.പാടാനുള്ള കഴിവു കാണുമോ? ഒരു പക്ഷേ കവിതകളൊക്കെ ഈഷ്ടപ്പെടുന്ന കുട്ടിയാകുമോ.ഒന്നും
സാരമാക്കരുതെന്നു പഠിപ്പിച്ച മനസ്സു് വെറുതേ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.

പ്രദക്ഷിണം കഴിഞ്ഞു് വീട്ടിലേയ്ക്കു നടന്നു.തളക്കല്ലുക്കള്‍ക്കു ശേഷം ചരല്‍ക്കല്ലു വിതറിയ തിരുമുറ്റത്തൂടെ, ഗോപുരം കടന്നു്, വെട്ടു റോഡിലേയ്ക്കു്.

സൈഡുകളിലുള്ള വീടുകളിലെ ജന്നാലകള്‍ തുറന്നിടുന്നതു കാണാമായിരുന്നു.പുള്ളവീട്ടു മഠ്ത്തിലെ പാട്ടിയമ്മ ഉരുണ്ടു വീഴാതെ കൈയാലയ്ക്കലേയ്ക്കു് ഓടുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നു.വേളികഴിഞ്ഞു പോകുന്ന വരനെക്കാള്‍ വധുവിനേ കാണാന്‍ വഴിയരുകില്‍ മൂക്കത്തുവിരല്‍ വയ്ക്കുന്ന വരുടെ കൂട്ടത്തില്‍ തന്റെ ശ്രീദേവി ഉണ്ടായിരിക്കരുതേ എന്നയാള്‍ പ്രാര്‍ഥിച്ചു.മുറ്റത്തു നിന്ന ബന്ധുക്കളുടൊപ്പം രാഘവന്‍ പിള്ള ചേട്ടന്‍ ആരൊടൊക്കെയോ എന്തൊക്കെയോ പറയുന്നതു പോലെ തോന്നി.

സമൃദ്ധമായ കാര്‍കൂന്തല്‍ക്കാരായ സുന്ദരി പെങ്ങന്‍‍മാര്‍ വധുവിനെക്കാളും അണ്ണനെയാണു ശ്രദ്ധിക്കുന്നതു് എന്നു തോന്നി.നിലവിളക്കുമായി അമ്മ അവളെ കൈക്കുപിടിച്ചു പടി വാതില്‍ കയറ്റുമ്പോള്‍,കൈയില്‍ പൂത്താലവുമായി നില്‍ക്കുന്ന
വിധിയുടെ മുന്നില്‍ നിന്നു കൊണ്ടയാള്‍ പറഞ്ഞുപോയി."വലതുകാല്‍ വച്ചു്".

-------------------"വലതുകാല്‍ വച്ചു്". .............-------------------------------------------------------------------------------