Monday, April 21, 2008

പിന്നാമ്പുറങ്ങള്‍.

Buzz It

ഞാനാ വീട്ടിലെത്തി. എന്‍റെകൂടെ നിക്കറിട്ട മോനും, മോനുണ്ടാവുന്നതിനു ഒരു വര്‍ഷത്തിനു മുന്നേ എന്നെ പിന്തുടരാന്‍ തുടങ്ങിയ സ്ത്രീയും ഉണ്ടായിരുന്നു.


വീടിനു മുന്നിലെ പത്തായപ്പുര ഇടിഞ്ഞു പൊളിഞ്ഞു പോയിരുന്നു.
വരാന്തയില്‍ ഒഴിയാതിരുന്ന ചാരു കസാല അവിടെ ഇല്ലായിരുന്നു.
മൂക്കത്തു വിരലു വച്ചു് , കണ്ണുനീരൊളിപ്പിച്ചു വച്ചു സംസാരിക്കാറുള്ള സ്ത്രീയും ഇല്ലായിരുന്നു.


നിശ്ശബ്ദതയുടെ നിസംഗതയില്‍ ദൂരെ ചെട്ടിയാരത്തുകാരുടെ വീട്ടിന്‍റെ അതിരില് നില്‍ക്കുന്ന തെങ്ങു് .
വെറുതേ ഞാനങ്ങോട്ടു നടന്നു.
അവിടെ ആ പഴയ ചാരു കസേര കിടപ്പുണ്ടായിരുന്നോ.?
“നീ എപ്പോള്‍ എത്തി.?“ അങ്ങനെ ഒരു ശബ്ദം കേട്ടോ.?
“രണ്ടു ദിവസമായി.“ എന്നത്തേയും പോലെ സംസാരം അവിടെ മുറിയുന്നതു ഞാന്‍ അറിഞ്ഞു.


അതിരിനുമപ്പുറം മഠത്തിലെ പൊളിഞ്ഞ മച്ചിലെ ജനാലയിലൊരു തല കണ്ടു.
ഇന്ദിര ചേച്ചിയല്ലേ, അതു്.


ഞാന്‍ മഠത്തിലെ താഴത്തെ പടിപ്പുരയിലിരിക്കയായിരുന്നു. പുറത്ത് ഉച്ച കൂര്‍ക്കം വലിച്ചുറങ്ങുന്നു.
മീനച്ചൂടിന്‍റെ മണമുള്ള കാറ്റ് .
ഇന്ദിര ചേച്ചിയുടെ നോണ്ഡീറ്റയിലിലെ കഥകള്‍ വായിച്ചിരുന്നതെന്നാണു്. ?
കിലുങ്ങിയ വളകള്‍ക്കും മണമുള്ള ഉച്ച വെയിലിനും ഒളിച്ചു വയ്ക്കാനൊത്തിരി ഓര്‍മ്മകള്‍ നല്‍കിയ നിഴലുകളെവിടെ ആണു്.?ഇന്ദിര ചേച്ചി കുളിച്ചൊരുങ്ങി ഇറങ്ങുന്നു. കൂടെ സ്കൂളില്‍ പോകാന്‍ തന്നെ അഭിമാനമായിരുന്നു.
മാര്‍ഗ്ഗോ സോപ്പു മണക്കുന്ന ഇന്ദിര ചേച്ചി . പുസ്തകകെട്ടുമായി തെറിച്ചു പോകുന്ന ഇന്ദിര ചേച്ചിയുടെ കൂടെ എത്താന്‍ ഞാന്‍ ബട്ടണ്‍സു് ലൂസായ എന്‍റെ നിക്കറൊരു കൈ കൊണ്ടു പിടിച്ചു കൊണ്ടു് ഓടുമായിരുന്നു.
എന്നും ആരാധനയോടെ നോക്കിയിരുന്ന ഇന്ദിര ചേച്ചി.


ഉച്ച വെയിലുറയ്ക്കാന്‍ തുടങ്ങുന്ന നേരം.

ഞാനാ ശശിയുമായി കളിക്കന്‍ മഠത്തില്‍ ചെന്നതായിരുന്നു.
പടിപ്പുര തുറന്നു കിടന്നു.
ഞാന്‍ വിളിച്ചു. “ശശീ”
ഇന്ദിര ചേച്ചിയാണു് മറുപടി പറഞ്ഞതു്.
ശശിയും അമ്മയും --- വരെ പോയി. നീ അവിടിരി. ഞാനിപ്പം വരാം.
ഞാന്‍ അവിടിരുന്നു.രാജാ, ആ അയയില്‍ കിടക്കുന്ന പാവാട ഇങ്ങേടുക്കടാ.
ഞാനതെടുത്തു്. കുളിമുറിക്കു മുകളിലൂടെ കൊടുക്കുന്നതിനു പകരം കതകു തുറന്നു കൊടുത്തു പോയി.
ഇന്ദിര ചേച്ചി ഇത്രക്കും സുന്ദരിയാണെന്നു മനസ്സിലാക്കിയ ഞാന്‍ പെട്ടെന്നു കതകു് അടച്ചു.
ഇന്ദിര ചേച്ചിയും ഞാനും ചിരിച്ചുവോ.


പിന്നെ അതിരില്‍ നിന്ന വരിക്ക പ്ലാവു പല പ്രാവശ്യം കായ്ച്ചു.
അടുത്തു നിന്ന മൂവാണ്ടന്‍ മാവു് അച്ഛനു ചിത ആയി.
ഞാനെന്നോ മീശക്കാരനായതും എവിടെയൊക്കെയോ പോകേണ്ടി വന്നതും ഇന്നലെ ഒന്നും അല്ലായിരുന്നു.
എന്നോ അറിഞ്ഞിരുന്നു. നിയമം പഠിക്കുന്ന ഇന്ദിര ചേച്ചിയെ കുറിച്ചു്.
ഏതോ അവധിക്കു വന്നപ്പോള്‍ അറിഞ്ഞു കല്യാണം കഴിഞ്ഞു പോയെന്നു്. മഠം അന്യം നില്‍ക്കാതിരിക്കാന്‍ എന്ന പോലെ പാട്ടിയമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നു.
“നീ എന്നിക്കു് വന്നു“ എന്നു് തമിഴു കലര്‍ത്തി കുശലം ചോദിക്കുന്ന പാട്ടിയമ്മയും കടന്നു പോയി.അച്ഛന്റ്റെ നെഞ്ചത്തു വച്ച തെങ്ങിന്‍റെ മൂട്ടില്‍ ചാരു കസേര ഇല്ലായിരുന്നു.
അടുത്ത മഠത്തിലെ മച്ചിന്റ്റെ ജനാലയിലെ സ്ത്രീ എന്നെ നോക്കി താഴേക്കിറങ്ങി വരുന്നതു കണ്ടു.
പെങ്ങളുടെ മകനാണു് ഓടി വന്നു പറഞ്ഞതു് ,“ മാമാ കല്ലെടുത്തെറിയും. പോരു്.”
ഞാന്‍ നടന്നു.
വട്ടയുടെ അടുത്തു നിന്ന വരിക്ക പ്ലാവിനടുത്തൊരു കൊച്ചു ഗൌളി ഗാത്ര തെങ്ങു നില്പുണ്ടു്.
“നീ എന്നാ വന്നതു്.?” ചുട്ടി തോര്‍ത്തു മറച്ചു് കണ്ണുനീരൊളിപ്പിച്ചു നിന്ന രൂപത്തെ ഞാന്‍ നോക്കി. ഞാനെങ്ങും പോയിരുന്നില്ലാ എന്നും ഞാനിവിടെ തന്നെ ഉണ്ടെന്നും പറഞ്ഞാല്‍ കൊള്ളാമെന്നെനിക്കുണ്ടായിരുന്നു,


അടുത്തു വന്നു വീണ കല്ലു കണ്ടു് ഞാനെന്‍റെ ഉമ്മറ മുറ്റത്തേയ്ക്കോടി.
പെങ്ങളാണു പറഞ്ഞതു്. ഭര്‍ത്താവു മരിച്ച ഇന്ദിര ചേച്ചി ഒറ്റയ്ക്കിവിടെ കഴിയുന്നു.
ചിലപ്പോഴൊക്കെ പ്രശ്നമാണു`. ഒന്നുമില്ലെങ്കില്‍ കണ്ണുനീര്‍ ഒഴുക്കി അങ്ങനെ ഒക്കെ കയ്യാലയ്ക്കെ വന്നു നില്‍ക്കാറുണ്ടു്.


പപ്പാ നമുക്കു പോകാം.മോനു് മതിയായി തുടങ്ങിയിരുന്നു.
നാക്കുണ്ടൊ എന്നു സംശയിച്ചിരുന്ന പെങ്ങളൊത്തിരി പാടാ ദുരിതം പറഞ്ഞമ്മ കണ്ണീരൊഴുക്കി.
എന്തോ നല്‍കി പെങ്ങളുടെ തലയില്‍ കൈ വച്ചു നില്‍ക്കുമ്പോഴും മഠത്തിലെ മുറ്റത്തു് കല്ലുമായി നില്‍ക്കുന്ന ഇന്ദിര ചേച്ചിയുടെ തളര്‍ന്ന മുഖം.
പിന്നാമ്പുറങ്ങള്‍ കാണാന്‍ വന്ന മോന്‍ പറയുന്നുണ്ടായിരുന്നു. പപ്പാ നമുക്കു പോകാം.


************** ******* **************