Friday, September 25, 2009

മറക്കാത്ത പാസ്സ് വേര്‍ഡുകള്‍

Buzz It

മകന്‍റെ ഫോണാണു്.


“ പപ്പാ എന്‍റെ പ്രൊഫയില്‍ പാസ്സ് വേര്‍ഡ് പറയൂ.?”


അയാളാലോചിച്ചു. അവനെന്തിനിപ്പോള്‍ പ്രൊഫയില്‍ പാസ്സ് വേര്ഡ്.

മനസ്സിലായി.

ലോഗിങ്ങ് പാസ്സ് വേര്‍ഡ് മാറ്റണമെങ്കില്‍, പ്രൊഫയില്‍ പാസ്സ്വേര്‍ഡ് , എല്ലാ ബാങ്കുകള്‍ക്കും അത്യാവശ്യമാണു്.


അവനെ ദൂരെ എഞ്ചിനീയരീങ്ങ് കോളേജില്‍ ചേര്‍ത്തപ്പോള്‍ അവനു പണമയക്കാന്‍ വേണ്ടി തുടങ്ങിയതാണു്. ആ അക്കൌണ്ട്.
ഒരു പക്ഷേ , ഞാനതില്‍ എത്തി നോക്കാതിരിക്കാനായൊരു പൂട്ടിടാനായിരിക്കും.


പഴയ ഒരു ഡയറിയില്‍ നിന്നും വായിച്ചയാള്‍ പറഞ്ഞു.
പാസ്സ് വേര്‍ഡെഴുതൂ...
ആദ്യം നിന്‍റെ അമ്മയുടെ രണ്ടക്ഷരമുള്ള പേരു്.
അണ്ടര്‍ സ്കോറ് കൊടുത്തിട്ട് നമ്മുടെ നാട്ടിലെ കുടുംബ കാവിന്‍റെ പേരു്.
പിന്നെ വലിയ അക്ഷരങ്ങളില്‍ സരിക.
ഇത്രയും തന്നെ.


പപ്പാ... ആരാണീ സരിക.?
ഇപ്പോഴാരുമല്ല മകനേ...

മനസ്സ് രഹസ്യമായി പറയുന്നുണ്ടായിരുന്നു.

ഒരു പക്ഷേ, നിന്നെ പ്രസവിക്കാതെ പോയ നിന്‍റെ അമ്മ എന്നോ,

വിധിക്കപ്പെടാത്ത കൈമോശം വന്നു പോയ ഒരു ജീവിതംഎന്നോ ഒക്കെ പറയണമെന്നുണ്ടായിരുന്നു.
കട്ടിലില് കിടന്ന് നിങ്ങള്‍ ഇനിയും കിടന്നില്ലേ, എന്ന ചോദ്യവുമായി കിടന്ന സ്ത്രീയെ നോക്കി അയാള്‍ വിധിയെ കൂട്ടു പിടിച്ച് നിശ്ശബ്ദനായി.

ചില പാസ്സ് വേര്‍ഡുകള്‍ അങ്ങനെയാണു മോനേ...
ഓര്‍ക്കാനൊന്നും ഇല്ലെങ്കിലും മറക്കില്ല.
മറന്നാലും മറക്കില്ല.


പാസ്സ് വേര്‍ഡുകള്‍ മാറുന്നത് നോക്കി അയാള്‍ ഇരുന്നു.

------------------------------------------

Thursday, August 06, 2009

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ ( ഹരിപ്രസാദിന്‍റെ മരണം)

Buzz It

ദിവസങ്ങള്‍ കടന്നു പോകുന്നു. നക്സല്‍ ബാരിയിലെ പ്രതി വിപ്ലവത്തിന്‍റെ ആഘാതങ്ങളില്‍ കേരളത്തിലെ കുഞ്ഞു മനസ്സുകളില്‍ ഉതിര്‍ന്ന പ്രകമ്പനം ഒക്കെ രാജഗോപാലന്‍ അറിയുന്നുണ്ടായിരുന്നു. “കാണാം” എന്നു പറഞ്ഞു പോയവരെ ഒന്നും കാണാതെയും,
കടന്നു പോയ ഒരു നിമിഷം പോലും തിരിച്ചു വരുന്നതു കാണാതെയും രാജഗോപാലന്‍ സ്വപ്നങ്ങളില്‍ ജീവിച്ചു.
മാവോ സേതൂങ്ങു്, ചൊ എന്‍ ലായ്, .... ചെഗുവേരാ....
കണ്ണു ചുഴഞ്ഞെടുക്കപ്പെട്ട്, കാട്ടു വഴിയില്‍ മരിച്ചു കിടന്ന വര്‍ഗ്ഗീസ്സ്, അവരൊക്കെയും രാജഗോപാലന്റ്റെ സ്വപ്നങ്ങളിലെ കഥാപാത്രങ്ങളായി കാലം കഴിഞ്ഞു പോകുകയായിരുന്നു.പി. എ . അബ്ബാസ്സിന്‍റെ നക്സല്‍ ബാരി, ഓംപുരിയുടെ ആക്രോശ് ഒക്കെ രാജഗോപാലനെ വീണ്ടും വീണ്ടും സ്വപ്നം കാണാന്‍ പ്രാപ്തനാക്കിയിരുന്നു..

പുള്ള വീട്ടിലെ അമ്മൂമ്മ ഒരു പിടി ചാമ്പലായി മാറിയതും, ജാനുവമ്മയുടെ മകന്‍ ശേഖരന്‍റെ വിവരങ്ങള്‍

ഗ്രാമം മറക്കാന്‍ തുടങ്ങുമ്പോള്‍ ....രാജഗോപാലനോര്‍ക്കാനായി ഒരു സദ്യ നല്‍കിയ ശേഖരന്‍റെ ഓര്‍മ്മയുടെ മുന്നില്‍.....

വീണ്ടും രാജ ഗോപാലന്‍ ഒരു തിരിച്ചു വരവിനൊരുങ്ങുന്നു.

ഏതോ ഒരു ഞായറാഴ്ച മുറിയിലിരുന്ന് തന്‍റെ പഴയ ഡയറികളോരോന്നും നശിപ്പിക്കുകയായിരുന്നു.
ഹരിപ്രസാദിന്‍റെ പേരെഴുതിയ ഡയറിയില്‍ അയാളുടെ ഓര്‍മ്മകളുടെ കളസം അഴിയുന്നതറിഞ്ഞു.മറ്റെന്നാള്‍ നാട്ടിലേയ്ക്ക് പോകയാണു്.

ഈ അപരിചിതമായ നഗരത്തില്‍ തനിക്ക് തന്‍റെ കല്യാണം പറയാന്‍ പോലും ആരുമില്ലല്ലോ!.

വെറുതേ ഓര്‍ത്തു നോക്കി.ഹരിപ്രസാദ്.ഫോണില്‍ വിളിച്ചു.

അതേചിരി.

“ഹരി...ഞാന്‍ രാജഗോപാലന്‍, മറ്റന്നാള്‍ നാട്ടിലേയ്ക്ക്...നാളെ എന്‍റെ സുഹൃത്തുക്കള്‍ക്കൊരു സല്‍ക്കാരം വൈകുന്നേരം. തീര്‍ച്ചയായും താങ്കളെത്തണം...എത്തുമല്ലോ.?“

“എത്തും.“

കുശലങ്ങള്‍ പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ ഹരി ചിരിക്കുണ്ടായിരുന്നു.തന്‍റെ മുറിയില്‍ വൈകുന്നേറം ഒരു ഒത്തു കൂടലിന്‍റെ ചടങ്ങുകളൊരുക്കി.
ഡയറിയില്‍ വീണ്ടും പരതി. ആരെയെങ്കിലും അറിയിക്കാന്‍ ഈനഗരത്തില്‍ ഇനിയുണ്ടോ. ഇല്ലാ ആരുമില്ല. ഹരിപ്രസാദിനു ശേഷം ആരേയും അറിയാതെ അയാള്‍ ഡയറി തീയിലിട്ടു. എരിഞ്ഞു ചാമ്പലാവുന്ന പേജുകളില്‍ നിന്നും അനുഭവങ്ങളുടെ വിങ്ങലുകള്‍ ആവിയാകുന്നതും ഒരു ചെറു ചാരമായി കാറ്റില്‍ പറക്കുന്നതും കണ്ടയാള്‍ നിര്‍വൃതി കൊണ്ടു.വൈകുന്നേരം വൈകിയെത്തിയ ഹരി ചോദിച്ചു.” എവിടെ തന്‍റെ സുഹൃത്തുക്കള്‍“

ഭവ്യമായി രാജഗോപാലന്‍ പറഞ്ഞു.

“എന്‍റെ സുഹൃത്തുക്കളേല്ലാം മരിച്ചു പോയിരിക്കുന്നു, ഒരാളോഴികേ. ആ ആള്‍ മാത്രമേ ഇന്ന് പാര്‍ട്ടിയില്‍ ഉണ്ടാവൂ.“

ഹരിപ്രസാദ് ചിരിച്ചു കൊണ്ട് പറഞ്ഞു. “താനും മരിക്കാന്‍ പോകുകയാണല്ലോ.?“സന്ധ്യ രാത്രിയാവുകയായിരുന്നു.

നിഴലുകള്‍ക്ക് കനം വയ്ക്കുന്നു.

മുഖത്തോടു മുഖം നോക്കിയിരുന്ന അവരുടെ മനസ്സുകള്‍ വാചാലമായിരുന്നു.

കുമാരനാശാന്‍റെ പദ്യ ശകലങ്ങളുതിര്‍ത്ത് , രാജഗോപാലനോട് ഹരി പറഞ്ഞു. “തനിക്ക് വല്ല മോഡല്ലിങ്ങിനും ഒക്കെ ഒന്നു ശ്രമിച്ചു കൂടെ.“

കണ്ണാടിയില്‍ നോക്കി അഭിമാനത്തോടെ ആലോചിച്ചു. “ഇതില്‍ക്കവിഞ്ഞ മോഡലിങ്ങോ.?“

മദ്യം സിരകളില്‍ഊടെ. ഗംഗയുടെ തീരത്തെ ദേവദാരുക്കളുടെ മണവുമായി കാറ്റ്.

“നമുക്കൊന്നു പോകാം... ഗംഗയുടെ തീരത്തേയ്ക്ക്.?“വിഡ്ഡിത്തം.
പണ്ട്, ജോസഫ്, അശോകന്‍ ഒക്കെ മദ്യത്തിന്‍റെ ലഹരിയില്‍ അങ്ങനെ പറയുമ്പോള്‍, ആദ്യം എതിര്‍ക്കുന്ന ആ ഹരിയാണു ഇന്ന് പറയുന്നത്.
പോകാം.

വളരെ ഭയപ്പെടേണ്ട സ്ഥലമാണു ഈ പറയുന്ന ഗംഗയുടെ തീരം. ഒരു വശം കത്തിയെരിയുന്ന ചിതകള്‍ കാണാം. മറുവശം ജനിമൃതികളൊതുക്കി ഒഴുകുന്ന ഹിമാലയ തീര്‍ഥം.
അക്കരെ ...ഒരു ചരിത്രം........ഉറങ്ങിയുണരുന്നു.
ഇക്കരെ അവര്‍ ഇരുന്നു.

കാറ്റിനു ദുര്‍ഗന്ധമുണ്ടായിരുന്നതു അവര്‍ അറിഞ്ഞില്ല.

കാഷായ വസ്ത്രം ധരിച്ചവരും അല്ലാത്തവരും ഒക്കെ അവിടെ ഇവിടെ ഒക്കെ വിശ്രമിക്കുന്നുണ്ടായിരുന്നു.
വേദോപനിഷത്തുകള്‍ പൂഴി മണലില്‍ മൌനം നടിച്ചുറങ്ങുന്നുണ്ടായിരുന്നു.

ദുരൂഹതയുടെ സത്യങ്ങള്‍ അറിയാതെ അവര്‍ ഒന്നും മിണ്ടാതൊത്തിരി നേരം അവിടിരുന്നു പോയി.എപ്പഴോ ഹരി പറഞ്ഞു.“ പോകാം.“

മടങ്ങി എത്തി മുറിയില്‍.

തണുത്തു പോയ ഭക്ഷണം ചൂടാക്കി കഴിച്ചു. വെളിയില്‍ കോട മഞ്ഞു വീഴാന്‍ തുടങ്ങിയിരുന്നു. താഴെ സ്റ്റ്റീറ്റ് ലൈറ്റിനു പുറകിലിരുന്ന ഗ്ഗൂര്ഖാ പാടുന്നതു കേള്‍ക്കാമായിരുന്നു. സിന്ദഗി കെ...... റാഫിയുടെ പഴയ ഏതോ ശോക ഗാനം.

ആഹാരത്തിനു ശേഷം, ചുണ്ടില്‍ കത്തുന്ന സിഗററ്റുമായി ഹരി പറഞ്ഞു.

“നാളെ ഞാന്‍ സ്റ്റേഷനില്‍ വരില്ലെന്നറിയാമല്ലോ.?“ ഹരി ചിരിക്കുന്നുണ്ടായിരുന്നു.
ഒരു പക്ഷേ തനിക്കൊരു ഗ്രീറ്റിങും ഞാന്‍ അയച്ചു എന്നു വരില്ല.

അകലെ നഗരം ഉറങ്ങുന്നു.
ഇരുട്ടും വ്യത്തകളും കൂട്ടുകൂടുന്ന രാത്രി വെളിയില്‍ ഒളിച്ചു നില്‍ക്കുന്നു.
താനെന്താണു ആലോചിക്കുന്നത്.?
ഹരി പൊട്ടി ചിരിച്ചു.
ഹരി തുടര്‍ന്നു.
“ താന്‍ പറഞ്ഞല്ലോ, തന്‍റെ സുഹൃത്തുക്കളൊക്കെ മരിച്ചു എന്നു. ...ഇല്ല ആരും മരിച്ചിട്ടില്ല.....താനും മരിക്കുന്നില്ല.... നിങ്ങളൊക്കെ യാണു ജീവിക്കുന്നതു.

“എന്നാല്‍ കേട്ടോളൂ.....ഹരിപ്രസാദ് എന്ന ഞാന്‍ മരിച്ചിരിക്കുന്നു.
ഹരി പൊട്ടി പൊട്ടി ചിരിച്ചു. ചിരിയില്‍ കണ്ണുനീര്‍ ഒളിഞ്ഞിരിക്കുന്നു. രാജഗോപാലന്‍ ദൂരെ ദൂരെ അകലങ്ങളിലെരിയുന്ന ഒരു ചിതയിലെ അവസാന തീപ്പൊരി നോക്കിയിരുന്നു.ഹരിപ്രസാദ് തന്‍റെ കൈ പിടിച്ച് കുലുക്കി യാത്രയായി.
ബൈക്കിന്‍റെ പുറകിലെ വെളിച്ചം ഒരു പൊട്ടാകുന്നതും അതു പിന്നെ ഹരിയുടെ ഒരു പൊട്ടിച്ചിരി പോലെ ഇരുട്ടില്‍ ലയിക്കുന്നതും നോക്കി അയാളിരുന്നു പോയി.


----------------------

തുടരും.

Friday, July 24, 2009

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ (നിറങ്ങള്‍ നിഴലുകള്‍‍)

Buzz It
രാജഗോപാലന്‍റെ സ്വപ്നങ്ങള്‍

ഒരു വൈകുന്നേരം രാജഗോപലനു ഒരു ഫോണ്‍ വന്നു.


“ഹലോ..രാജനല്ലേ....ഹരിയാണു്‍.”
ഹരിപ്രസ്സാദിന്‍റെ പ്രത്യേക ചിരി രാജഗോപാലന്‍ ഫോണിലൂടെ കേട്ടു.

ഹരി വീണ്ടും പറഞ്ഞു.
“ഇന്നു വൈകുന്നേരം റൂമിലേയ്ക്ക് വരണം. നമുക്കൊന്നു കൂടണം. ആ അശോകനില്ലേ...അവനും മരിച്ചിരിക്കുന്നു.....ഹഹഹാ.” ....ഹരിയുടെ ചിരി.
പ്രൊമോഷനായതിനു ശേഷം ബാങ്കില്‍ നിന്നും ഇറങ്ങാന്‍ ഒത്തിരി താമസിക്കുന്നു. ബാങ്കിലെ എല്ലാ കണക്കുകളും ടാലിയാക്കി, താക്കോല്‍ തിരികെ നല്‍കി വെളിയിലേയ്ക്കിറങ്ങുന്ന രാജഗോപാലന്‍ മാത്രം, ഒരിക്കലും ടാലിയാവാത്ത ഒരു കണക്കായി രണ്ടു കാലില്‍ ടാലിയാകാതെ റോഡിലൂടെ.....അന്ന് വളരെ വൈകി രാജ ഗോപാലന്‍ ഹരിയുടെ മുറിയില്‍ പോയി.അവിടെ ജോസഫും എത്തിയിട്ടുണ്ടായിരുന്നു.പതിവു ഭക്ഷണം അവര്‍ അവിടെ കഴിച്ചു.
അശോകന്‍റെ എഴുത്ത് ഒരു പ്രേതമായി അവരുടെ മുന്നിലിരുന്നു.


എഴുത്തെടുത്തെറിഞ്ഞ് ഹരി അട്ടഹസിച്ചു. അവനും മരിച്ചിരിക്കുന്നു.
തോമസ്സ്മാന്നും റൊമന്‍‌റോളണ്ടും ബഷീറും എംടിയും മുകുന്തനും മാര്‍ക്കോസ്സും വിവേകാനന്ദനും ചെഗുവേരയും സത്യജിത്രേയും ഒക്കെ കൂട്ടുകാരായി ഹരിയുടെ അലമാരയിലിരുന്നു നോക്കി.
രാജഗോപാലന്‍ നിസ്സംഗതയോടെ ചിരിച്ചു. ജോസഫും.

എപ്പഴോ... പിരിഞ്ഞ അവര്‍ പിന്നെ കുറേകാലത്തേയ്ക്ക് കണ്ടിരുന്നില്ല.

പിന്നീടൊരിക്കല്‍ ജോസഫ് പ്രൊമോഷനോടെ ട്റാന്‍സ്ഫര്‍ ആകുന്ന ദിവസം ഓര്‍മ്മിക്കുന്നു.
യാത്രയയക്കാന്‍ താന്‍ മാത്രം വിധിയുടെ ഭാരവുമായി സ്റ്റേഷനില്‍ നിന്നു. ഹരി വന്നിരുന്നില്ല.


ഒരിക്കലും യാത്രയയപ്പ്, അനുമോദനം അനുശോചനം ഒന്നിലും പങ്കെടുക്കാത്ത ആ അത്ഭുത ജീവിയെ അടുത്തറിയാവുന്നതിനാല്‍,
ആ വേദാന്തം മനസ്സിലാക്കുന്ന അയാള്‍ ജോസഫിനോടൊപ്പം നിന്നു.
ട്രയിന്‍ വന്നപ്പോഴും ജോസഫിന്‍റെ പെട്ടികളൊക്കെ കയറ്റി വയ്ക്കുമ്പോഴും രാജഗോപാലന്‍ നിസ്സംഗനായിരുന്നു.
കാര്‍ത്യായനി പിള്ള ആടുന്ന മുലകളുമായി തിണ്ണയിലിരുപ്പുണ്ടായിരുന്നു.
ജാനുവമ്മ ചോദിച്ചു. “എടാ രാജുവേ നീ ശേഖരനെ ഇന്നു കണ്ടിരുന്നോ. രാവിലെ ഇറങ്ങിയ പോക്കാ... ഇതു വരെ വന്നില്ലാ..”

“കണ്ടില്ല.ഞാന്‍ ആ ലൈബ്ററിയില്‍ ഒന്നു നോക്കാം. ”
പുസ്തകങ്ങള്‍ഊടെ ലോകത്ത് കുത്തിയിരിക്കുന്ന ശേഖരനെ....അയാള്‍ക്കറിയാമായിരുന്നു.താളം തെറ്റുന്ന ചില ഗാനങ്ങളുടെ താളം,
സ്വമേധയാ തെറ്റി പോകുന്നതാണേന്നു മനസ്സിലാക്കാനൊക്കെ ഒരു പാടു വര്‍ഷങ്ങള്‍ വേണ്ടി വന്നു രാജഗോപാലനു്.ട്രയിനിലിരിക്കുംപ്പോള്‍ ജോസഫിന്‍റെ കണ്ണുകളില്‍ നിന്നും മിന്നമിനുങ്ങികള്‍ ഉരുണ്ട് വീണു.
ആറേഴു വര്‍ഷങ്ങളുടെ അന്ത്യം .


ഒരു പക്ഷേ ഇനി ഒരിക്കലും കാണാനൊക്കാത്ത യാത്രയിലേയ്ക്കാണെന്നും,
ജോസഫ് ഈ സ്ഥലത്തേയ്ക്കിനി ഒരിക്കലും ഉണ്ടാവില്ല എന്നൊക്കെ അറിയാമായിരുന്നെങ്കിലും
കൈ പിടിച്ച് പറഞ്ഞു പോയ്യി. കാണാം ഇനിയും. ശൂഭയാത്ര.ഒരു ചിരി സമ്മാനിച്ച് അകലങ്ങളീലേയ്ക്ക് കുതിക്കുന്ന ട്രയിനിലിരുന്ന് ജോസഫ് കൈ വീശി.....തുടരും....!

Sunday, June 21, 2009

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ (കാര്‍ത്യായനിപ്പിള്ള)

Buzz It

അവര്‍ അഞ്ച് സുഹൃത്തുക്കളായിരുന്നു. ഏതോ കമ്പനികളിലെ
ഉയര്‍ന്ന പദവികളില്‍ ജോലി ചെയ്തിരുന്ന ആന്‍റണിയും അശോകനും,
ഒരു എക്സ്പോര്ട്ട് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജോസഫ് ,
പിന്നെയോ ഒരു ഫോറിന്‍ ബാങ്കിലെ ഉയര്‍ന്നപദവിയില്‍ വന്ന സാക്ഷാല്‍ ഹരിപ്രസാദ്.
ഞാനെന്ന രാജഗോപാലനും.


ഹരിപ്രസാദിന്‍റെ മുറി.
ഒന്നാം നിലയില്‍ ഒരൊറ്റ മുറി. ഒരു കൊച്ചു ടെറസ്സുണ്ട്.
അവിടെയാണു സാക്ഷാല്‍ ഹരിപ്രസാദ് താമസിക്കുന്നത്.
ഹരിപ്രസാദിന്‍റെ മുറിയില്‍ അവര്‍ എല്ലാ ഞായറാഴ്ചകളിലും
ഒത്തു കൂടിയിരുന്നു.
ചോറു വയ്ക്കുകയും കറികള്‍ വയ്ക്കുകയും ഞങ്ങളെല്ലാവരും ചേര്‍ന്ന്.
ജോസഫ് തന്‍റെ ബൈക്കില്‍ പോയി ഒരു കുപ്പി മദ്യം കൊണ്ടു വരും.
ഹരിപ്രസാദ് തന്‍റെ ഒറ്റ മുറിയില്‍ കൊച്ചു കട്ടിലില്‍ വെറുതേ കിടക്കും.
അതു നിയമമാണു്‍. അദ്ദേഹത്തെ ആരും ശല്യപ്പെടുത്തരുതു.


ഉയര്‍ത്തി വച്ച തലയിണയില്‍ തന്‍റെ വലിയ തല പൊക്കി വച്ച്,
ഇടത്തു വശമുള്ള ജന്നാലയിലൂടെ പുറത്തേയ്ക്കു തള്ളി നില്‍കുന്ന കണ്ണുകളില്‍
വെളിയിലേയ്ക്കു നോക്കി ഹരിപ്രസാദ് കിടക്കും.
എല്ലാം പാകമായി. പുറത്തു പോയ ജോസഫ് തന്‍റെ സഞ്ചിയുമായി എത്തി.
സഞ്ചി ഭൂപതി തന്‍ വഞ്ചിയില്‍ മമ പുസ്തകം എടുത്തു നിര്‍വ്വാണത്തിന്‍റെ
സുഷുപ്തിയിലേയ്ക്കെല്ലാവരും കൊച്ചു യാത്ര ചെയ്യുമ്പോള്‍ ഹരി സംസാരിക്കാന്‍ തുടങ്ങും. ജീവിതത്തെക്കുറിച്ചും.അനന്തതയിലെ ദൈവത്തെക്കുറിച്ചും. നാല്‍വരും കേട്ടിരിക്കും.
ആഹാരം കഴിഞ്ഞ് വയറും മനസ്സും നിറഞ്ഞ് യാത്രയാകുന്ന എത്രയോ ഞായറാഴചകള്‍.ഹരിപ്രസാദിന്‍റെ മുറി അത്യുന്നതങ്ങളില്‍ വാഴുന്നു.
ജോസഫ് പറയാറുള്ളത് രാജഗൊപാലനും ശരിയാണെന്നു തോന്നി തുടങ്ങിയിരുന്നു.
ഹരിപ്രസാദിന്‍റെ മുറിയില്‍ രാത്രിയുടെ നിസ്സംഗതകളില്‍ ,
ഹരിപ്രസാദ് അവരെ ഏത്ര്ല്ലാം അത്യുന്നതങ്ങളിലേയ്ക്ക് കൂട്ടി കൊണ്ടു പോയിരിക്കുന്ന്.
കോട്ടയത്തെ റബ്ബര്‍ എസ്റ്റേറ്റുകളെക്കുറിച്ചും,
ആസ്ത്രേലിയയിലെ ബന്ധുക്കളെ കുറിച്ചൊക്കെയും സംസാരിക്കുന്ന ആന്‍റണി.
പാലാ വിശേഷങ്ങളുടെ നിറമുള്ള വര്‍ണ്ണനകളുമായി ജോസഫ്.
അശോകനും പറയാനായിരം കഥകള്‍‍.
ഒന്നും പറയാനില്ലാത്ത രാജ ഗോപാലന്‍ ചില നെടുവീര്‍പ്പുകളടക്കി അവിടെ ഇരിക്കും.
അയാള്‍ക്ക് പറയാനൊന്നുമില്ലായിരുന്നല്ലോ.


രാജഗോപാലന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു, ഒരിക്കലും ഹരിപ്രസാദ് തന്‍റെ വീടിനെക്കുറിച്ചോ
അച്ഛനെക്കുറിച്ചോ അമ്മയേക്കുറിച്ചോ ഒന്നുമേ സംസാരിക്കാറില്ല എന്ന്.
റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നും ആന്‍റണിയും, പാലായില്‍ നിന്നും ജോസഫും,
നിശ്ശബ്ദതയില്‍ നിന്ന് രാജഗോപാലനും ഒക്കെ
ഹരിപ്രസാദിന്‍റെ ലോകത്ത് എത്തുന്നത് പെട്ടെന്നായിരുന്നു.
അങ്ങനെ ഒക്കെ ഒരിക്കലായിരുന്നു ആന്‍റണി നാട്ടില്‍ പോയി വന്നത്.
കല്യാണം പെട്ടെന്നായിരുന്നു.
രാജഗോപാലന്‍ ആ ജന്നലിലിരുന്ന് ഓര്‍ക്കുകയായിരുന്നു..........കാര്‍ത്യായനി പിള്ള.പേരിലെ ആണത്തം, നിറഞ്ഞ സ്ത്രീത്വം.
തൂങ്ങിയാടുന്ന മുലകള്‍. അരയ്ക്കൊപ്പം ഞാന്നാടുന്ന മുലകളുമായി
അതിരാവിലെ തിണ്ണയിലിരുന്ന്, കണ്ണുകള്‍ക്ക് മുകളില്‍ കൈവച്ച് നോക്കി..
..ഓടാ നീ ആ പീതാംബരന്‍റെ ....
( ഒരോ ആള്‍ക്കാരോടും ചോദിക്കുന്നതാ... അങ്ങനെ ഒക്കെ....പേരിനു് മാറ്റം വരുമെന്നു മാത്രം.)അതേ... ആ കാര്‍ത്യായനി പിള്ള...കൈ കണ്ണിനു മുകളില്‍ വച്ച് നോക്കി
അയാളെ കണ്ടു. ഓടാ ...രാജോ.... നീ ഇങ്ങോട്ടൊന്നു വരണേ....

രാജനെഴുന്നേറ്റ് മൂവാണ്ടന്‍ മാവിനു താഴെ നിന്ന് പല്ല് തേക്കുകയായിരുന്നു.
അടുത്തു നിന്ന വട്ട മരത്തിലെ തൊപ്പിക്കാരി കുണ്ടി കുലുക്കി കിളി,
രാജനെ കളിയാക്കി എന്തോ പറഞ്ഞ് പറന്നുയര്‍ന്നു.

അമ്മ എഴുന്നേറ്റിരുന്നു.
അടുക്കളയിലെ പാത്രങ്ങള്‍ കഥകളിപ്പദങ്ങള്‍ പാടുന്നു.
കൊച്ചു പെങ്ങളൊരു മാലാഖയായി പുല്പായിലൂടെ സ്വപ്നരാജ്യങ്ങളില്‍ സഞ്ചരിക്കുന്നു.

കിണറ്റില്‍ തൊട്ടി വീണുടഞ്ഞ ശബ്ദം, അമ്മൂമ്മയുടെ അശ്രീകരം ആയിരുന്നു.രാജഗോപാലന്‍റെ ദിവസം ആരംഭിക്കുന്നു.

മുഖം കഴുകി വന്ന് കണ്ണാടിയില്‍ നോക്കി.
തനിക്ക് പോലും വിശ്വസിക്കാനൊക്കുന്നില്ല.
എത്ര സുന്ദരനാണ്‍ താന്‍.
മനോഹരമായ മുഖം നോക്കി അസൂയയോടെ നിന്നു പോയി.
പെട്ടെന്ന് തന്നെ ആ കണ്ണാടി എറിഞ്ഞ് പൊട്ടിക്കണമെന്നു തോന്നി,
നോക്കി നിന്നപ്പോള്‍ ....കര്‍ത്യായ്നി പിള്ളയുടെ ഉറച്ച വിളി കേട്ടു.
രാജോ....ഓടാ രാജോ...?

അയാള്‍ അങ്ങോട്ടു നടന്നു.
എതിരേ കിണറ്റു കരയില്‍ നിന്ന് വെള്ളവുമായി വന്ന് അമ്മൂമ്മ ചോദിച്ചു.
നീ എങ്ങോട്ടാ.?

അയാള്‍ പറഞ്ഞു. പുള്ളവീട്ടിലെ അമ്മൂമ്മ വിളിച്ചു.

“ഉം. കൂടുതലൊന്നും കേള്ക്കാന്‍ നില്‍ക്കണ്ട.
കാരണത്തി പറയുന്നതൊക്കെ സമ്മതിച്ച് എളുപ്പം ഇങ്ങു പോന്നേരു്.”

“കാരണത്തിയെടെ നാക്ക് അത്ര ശരിയല്ല. കരിനാക്കെടുത്താല്‍ ഗുണം പിടിക്കില്ല.”ഇളം വെയില്‍കൊണ്ടിരുന്ന കാരണത്തി.
ഞാന്നു കിടന്ന മുലകളെ ജരയുടെ ചുളൂക്കങ്ങള്‍ ഒരു നന്നന്ഞ പഞ്ഞി സഞ്ചി പോലെ ആക്കി മാറ്റിയിറ്റിക്കുന്നു. കാരണത്തിയുടെ ഓരൊ അനക്കങ്ങളിലും അത് ഞാന്ന് ആടുന്നുണ്ടായിരുന്നു.
“കുട്ടനെ നീ കേട്ടിട്ടുണ്ടോ.?”പോലീസ്സ്കാരന്‍ കുട്ടന്‍ പിള്ളയെ കണ്ടിട്ടില്ല. അമ്മൂമ്മ പറഞ്ഞറിവേ ഉള്ളു.
7 പ്രസവിച്ച കാരണത്തിയുടെ ആറാമത്തെ പുത്രനായിരുന്നു.

പുന്നപ്ര വയലാറില്‍ മരിച്ച കമ്യൂണിസ്റ്റുകാര്‍,
രക്തസാക്ഷിയാക്കിയ ഒരു അറിയപ്പെടാത്ത പോലീസ്സുകാരന്‍.രാജഗോപാലന്‍ ഓര്‍ക്കുന്നു.
ഏത് കമ്യൂണിസ്റ്റ് ജാഥ വന്നാലും പുള്ള വീട്ടില്‍ വാതുക്കല്‍ വന്നാല്‍
അങ്ങോട്ടു തിരിഞ്ഞ് മുഷ്ടി ചുരുട്ടി മുദ്രാ വാക്യം മുഴക്കും.
“പുന്നപ്രയുടെ പ്രതികാരങ്ങള്‍...കണ്ട് പഠിക്കൂ പട്ടികളേ...”

അയാള്‍ കണ്ടിട്ടുണ്ട്....
(കമ്യൂണിസ്റ്റനുഭാവിയായി മാറിക്കൊണ്ടിരുന്ന അയാള്‍ക്ക് അത് കാണുന്നത് അഭിമാനമായിരുന്നു.)
വാരിക്കുന്തത്തില്‍ തല കൊരുത്തെടുത്തു പോയ ഒരു പോലീസ്സ്കാരന്റ്റെ
അമ്മ ഒരു പെന്‍ഷനുമില്ലാതെ ...
ജാഥ പോകുന്നതു വരെ തിരിഞ്ഞിരുന്നു കരയുന്നത്.അയാള്‍ പറഞ്ഞു. “കേട്ടിട്ടുണ്ടു.”

എടാ അവനു എരട്ട കരളായിരുന്നു.


************************

രാജഗോപാലനെ തട്ടി വിളിച്ചത് ഹരിപ്രസാദായിരുന്നു.
ഹാ ഹാ...ഉറങ്ങിയോ.

ആന്‍റണി നാട്ടില്‍ നിന്ന് വന്നത് കൂടെ ഒരു പെണ്‍കുട്ടിയുമായായിരുന്നു.

അന്നവിടെ എത്തിയതും, ഞങ്ങളുമായും തുച്ഛ സമയം ചിലവഴിച്ചതും
ഒക്ക് അത്ഭുതമായിരിക്കുന്നു.
ഒന്നിലും ഭാഗ ബാക്കാതെ നടന്നു നീങ്ങുന്ന ആന്‍റണിയെ നോക്കി
നെടുവീര്‍പ്പുകള്‍ക്ക് ശബ്ദമില്ലാതെ ആയി.
തന്‍റെ ബഡ്ഡില്‍ കിടന്ന് ഉണ്ടക്കണ്ണുകള്‍ കൊണ്ട് നോക്കി ഞങ്ങളോടൊക്കെ
ഹരിപ്രസ്സദ് പറഞ്ഞു.

കൂട്ടുകാരേ....ആന്‍റണി മരിച്ചിരിക്കുന്നു.!രാജഗോപാലന്‍ കാര്‍ത്യായനി പിള്ളയുടെ പഞ്ഞിയായ മുലയില്‍ നോക്കിയിരുന്നു.
ഇരട്ട കരളുകാരന്‍ കുട്ടന്‍ പിള്ള കുടിച്ച അമ്മിഞ്ഞയില്‍ നോക്കി,

പുന്നപ്രയില്‍ വാരിക്കുന്തത്തിനു തല സംഭാവന ചെയ്ത്,
വീര നരകം സമ്മനമായി നല്‍കിയ മകന്‍റെ അമ്മ.രാജ ഗോപാലന്‍റെ കൊളാഷുകള്‍ തുടരുന്നു.


---------------------------

Friday, June 12, 2009

അസ്സമയം.

Buzz It

അമ്മയായിരുന്നു അച്ഛനോടു് പറഞ്ഞതു്. ഇവന്‍റെ സമയം ഒന്നു നോക്കണം.!


അമ്മൂമ്മ പറഞ്ഞതും കേട്ടിരുന്നു. എരണം കെട്ടവന്‍. മുജ്ജന്മ സുകൃതം.


സമയം എന്നൊന്നില്ല എന്നു് തോന്നിയതു്, സമയത്തെ കുറിച്ചു് പഠിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോഴായിരുന്നു.
ഒരു വലിയ ബുക്കും ഒരു വലിയ പേനയും അതില്‍ നിറയ്ക്കാന്‍ ഒത്തിരി മഷിയും നല്‍കി അധ്യാപകനെങ്ങോ പോയി.


അപ്പോള്‍ അവനു് മീശ കിളിക്കുന്നുണ്ടായിരുന്നു. പോയ അധ്യാപകന്‍റെ വലിയ മീശയില്‍ ഒരു 35 വയസ്സൊട്ടിച്ചു വച്ചിരുന്നു.
സമയത്തെക്കുറിച്ചെഴുതി എഴുതി അയാള്‍ക്കു് സമയമായി തുടങ്ങി.


പുത്തന്‍ വീട്ടിലെ കാര്‍ത്യായനി ചേച്ചിയെ കെട്ടിക്കൊണ്ടു വന്ന വീരന്‍ പാക്കരന്‍ ചേട്ടനെ അറിയാമായിരുന്നു.
പാക്കരന്‍ ചേട്ടന്റ്റെ പിന്നിലെ ഒരു ഒരു പുതുമയുടെ മനോഹര ഗാനമായി നീങ്ങുന്ന കാര്‍ത്യായനി ചേച്ചിയെ അയാള്‍ക്കിഷ്ടമായിരുന്നു.


ഇന്നലെയായിരുന്നു ഒരു കൊച്ചു കൈലിയില്‍ ചുളുക്കു വീണ വയറുമായി, അതിരില്‍ വന്നു നീന്നു് മൂന്നാമത്തെ മോനെ അവര്‍ ചീത്ത പറഞ്ഞതു്.അയാളെ കണ്ടിട്ടെന്നോണം അവര്‍ പറഞ്ഞു ഭയങ്കര നിഷേധിയാ സാ റേ. എന്നിട്ടു ചിരിച്ചു.
ആ ചിരിയില്‍ പാക്കരന്‍ ചേട്ടന്‍റെ പിന്നിലെ ആ ഗാനം അയാള്‍ക്കോര്‍മ്മ വന്നു. സമയം എന്ന പ്രബന്ധം വഴി മുട്ടി നില്‍ക്കുന്നു എന്നു് അയാള്‍ ദുഃഖത്തോടെ ഓര്‍ക്കാന്‍ തുടങ്ങി.ഒരു കൂനും മൊത്തം നരയും ഒരു വിറയലും ഒക്കെ അയാളുടെ പ്രബന്ധത്തിനു് ആക്കം കൂട്ടി കൊണ്ടിരുന്നു.
ഒരിക്കലും തീരാത്ത സമയത്തിനു മുന്നില്‍ നിന്ന അയാള്‍ക്കൊരു കാര്യം മനസ്സിലായി. സമയമെന്നൊന്നില്ല.


ഒരു ജീവിതം കൊണ്ടെഴുതിയ പ്രബന്ധത്തിനു് ഇങ്ങനെ ഒരന്ത്യം വരുന്നതില്‍ അയാള്‍ക്കു് ദുഃഖം തോന്നി.
അവന്‍റെ നല്ല സമയമെന്നും, ഏതു പട്ടിക്കും ഒരു സമയം ഉണ്ടെന്നും ഒക്കെ ഉള്ള പറച്ചിലുകളിലെ സമയമില്ലായ്മ അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു.


സമയം ആര്‍ക്കും കാത്തു നില്‍കുന്നില്ല. സമയം പോലെ എല്ലാം ശരി ആകും. എല്ലാത്തിനും ഒരു സമയം ഉണ്ടു്. സമയമാം രഥത്തില്‍ യാത്രയുണ്ടു് എന്നൊക്കെ പറയുന്നതിലെ സമയമില്ലായ്മയെ ആയിരുന്നു അയാള്‍, അയാളുടെ അവസാന നാളുകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതു്.


എത്ര സമയ ബോധമുള്ള മനുഷ്യനായിരുന്നു. കാലിന്‍റെ രണ്ടു വിരലും കൂട്ടി കെട്ടി മൂക്കില്‍ പഞ്ഞിയും വച്ചു് തലയ്ക്കലും കാല്‍ക്കലും തേങ്ങാമുറിയില്‍ വിളക്കു കൊളുത്തി താഴെ കിടത്തുമ്പോഴും ചുറ്റും നിന്നവര്‍ പറയുന്നതു കേള്‍ക്കാമായിരുന്നു.
"അങ്ങെര്‍ക്കു് ഇത്രയേ സമയം ഒള്ളു."


ആള്‍ക്കൂട്ടത്തിലോടിക്കേറാനൊക്കാതെ അയാള്‍ വിഷമിച്ചു.
കൂനനാം വിറയനെ തട്ടി മറിഞ്ഞു വീഴാന്‍ തുടങ്ങിയവര്‍ തിരിഞ്ഞു നിന്നു പറയുന്നതു കേട്ടു. “ ഈ സമയത്തു തന്നെ വേണം ഒരു കൂനനും തള്ളാന്‍.”


മരണം കാത്ത് കിടന്ന വീട് വളപ്പിലെ മൂവാണ്ടന്‍ മാവിനെ നോക്കി, കണിശ്ശം പറഞ്ഞത് പപ്പു കണിയാനായിരുന്നു.
മാവിന്‍റെയും സമയം ഒത്തു വരുന്നു. കണ്ടില്ലേ ഈ വര്‍ഷത്തെ അതിലേ പൂവ്.


---------------------------------------------

Saturday, June 06, 2009

വേണുവിന്‍റെ കഥകള്‍‍ / Venu‘s Stories: രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ २ (തമോഗര്‍ത്തങ്ങളില്‍)

Buzz It
വേണുവിന്‍റെ കഥകള്‍‍ / Venu‘s Stories: രാജഗോപലന്‍റെ സ്വപ്നങ്ങള്‍ २ (തമോഗര്‍ത്തങ്ങളില്‍)

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ २ (തമോഗര്‍ത്തങ്ങളില്‍)

Buzz It
തമോഗര്‍ത്തം

രാത്രി.


നാളെ കണക്ക് പരീക്ഷയാണു്‍.


കൃഷ്ണനാചാരി സാറിന്‍റെ സന്തോഷം തുളുമ്പുന്ന മുഖം കണ്മുന്നില്‍.
വളരെ പ്രയാസമുള്ള കണക്കുകള്‍ ബോര്‍ഡിലെഴുതി ഉത്തരങ്ങള്‍ തേടിയിരിക്കുന്ന മാഹാഗുരു.
സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ബോര്‍ഡിലെഴുതി, അതു തെളിയിക്കാന്‍ നല്‍കുന്ന സമയത്തിനുള്ളില്‍, ഒന്നു നല്ല പോലെ മുറുക്കി രസിച്ചിരിക്കുന്ന സാറിന്‍റെ മുഖം.


“സര്‍.” ആദ്യം ചെയ്ത് തീര്‍ത്ത സംതൃപ്തി. രാജഗോപാലനാണു്. മുറുക്കിച്ചുമപ്പിച്ച ചുണ്ടുകളില്‍ , അനുമോദനങ്ങളുടെ പൂക്കളുമായി സാറ് തോളില്‍ തട്ടുമ്പോള്‍, മനസ്സില്‍ ഗലീലിയോ...ആല്‍ബര്‍ട്ട് എയിന്‍സ്റ്റയിന്‍.


പെട്ടെന്ന് അകത്ത് ഒരു ശബ്ദം. ഇരുട്ടിലയാള്‍ അറിഞ്ഞു. അമ്മ നെഞ്ചത്തടിക്കുകയാണു്‍. കൊച്ചു പെങ്ങള്‍ നിലവിളിക്കുന്നു. അമ്മൂമ്മ സമാധാനിപ്പിക്കുന്നു.


“എങ്കിലും എന്‍റെ സരസ്വതീ...നീ ചാവാന്‍ തീരുമാനിച്ചോ.?”
രാജഗോപാലന്‍ ഉറഞ്ഞു പോയ ഒരു ഇരുളിന്‍ കഷണമായി അവിടിരുപ്പുണ്ടായിരുന്നു.

എതിര്‍ വശത്തെ വീട്ടിലെ ആരോ കതകു തുറന്നു പുറത്തേയ്ക്ക് നോക്കി.
ഇവിടെയാണെന്നറിഞ്ഞപ്പോള്‍ കതകടക്കുന്നത് കാണാമായിരുന്നു.
ഇവിടെ എന്നും ഇത് പതിവുള്ളതാണല്ലോ.


കനം വയ്ക്കുന്ന ഇരുട്ടും ചീവീടിന്‍റെ വിലാപവും.
അമ്മയുടെ ഏങ്ങലടികള്‍ നേര്‍ത്തു വരുന്നു.
തന്‍റെ പുല്പായില്‍, മുകളിലെ നക്ഷത്രങ്ങളെ നോക്കി കിടന്നപ്പോള്‍, നാട്ടു വെളിച്ചത്തില്‍ അയാള്‍ വീണ്ടും ഓര്‍ത്തു പോയി. കൃഷ്ണനാചാരി സാറിനെ. അതേ നാളെ കണക്കു പരീക്ഷയാണു്.


ഉറക്കം വരാതെ ഏതോ നൊമ്പരങ്ങളിലൂടെ മനസ്സ് യാത്ര ചെയ്യുന്നു.
കതകില്ലാത്ത ജന്നാലയ്ക്കപ്പുറം നില്‍ക്കുന്ന അയണി പ്ലാവിനു മുകളില്‍ ഏതോ തള്ള കാക്ക, തന്‍റെ കുഞ്ഞിനെ വഴക്ക് പറയുന്ന ശബ്ദം.“ നേരം വെളുത്തിട്ടില്ല.”


ആരോ തന്നെ തൊടുന്നതറിഞ്ഞു.
തന്‍റെ അടുത്ത് പാ വിരിച്ചു കിടക്കാറുള്ള കൊച്ചു പെങ്ങള്‍. അയാള്‍ അമ്പരന്നു.
അവള്‍ പതിയെ ചോദിച്ചു. “കൊച്ചേട്ടാ...ഏട്ടന്‍ വല്ലതും കഴിച്ചായിരുന്നൊ.?”
രാവിലെ കപ്പ കഴിച്ചതാണു്. എങ്കിലും മൂളി. വെറുതേ ചോദിച്ചു. “നീയോ.?”
അവള്‍ പറഞ്ഞു. കപ്പ കഴിച്ചായിരുന്നു.


അയാളൊന്നും മിണ്ടിയില്ല.
അന്ന് അച്ഛന്‍ വന്ന വിവരങ്ങളൊക്കെ ഒരു വീഡിയോയിലേതു പോലെ അവള്‍ പറയുന്നതു കേള്ക്കുന്നുണ്ടായിരുന്നു. ഓരോ മൂളലിലും അയാളുടെ കണ്ണു നീരുകള്‍ അയാളും , കോമ്പരയുടെ മുകളിലെ ഓലനഷ്ടപ്പെട്ട ഭാഗങ്ങളിലെ നക്ഷത്രങ്ങളും മാത്രം അറിഞ്ഞു.


ചീവീടുകള്‍ക്ക് ദുഖരാഗങ്ങള്‍ പാടാനറിയാമെന്നു ആദ്യമായി മനസ്സിലായി. രാഗങ്ങളുടെ താളമനുസരിച്ച് നൃ്ത്തം ചെയ്യുന്ന തൊടിയിലെ മിന്നാമിനുങ്ങികളെ തന്‍റെ ജനാലായിലൂടെ കാണാമായിരുന്നു.


എപ്പോഴോ അവള്‍ ചോദിച്ചു. “ഏട്ടാ...പരീക്ഷയെല്ലാം അറിയാവുന്നതായിരുന്നോ.? എട്ടാ..”

പൊട്ടിക്കരയാതിരിക്കാന്‍ രാജഗോപാലന്‍ ശില അല്ലായിരുന്നല്ലോ.
അവളെ കെട്ടി പിടിച്ച് കരഞ്ഞു പോയി.
കോംപരയ്ക്ക് മുകളിലെ നക്ഷത്രങ്ങളും.


(തുടരും)

Wednesday, June 03, 2009

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍.

Buzz It
രാജഗോപാലന്‍റെ സ്വപ്നങ്ങള്‍.

രാജ ഗോപാലന്‍ സ്വപ്നങ്ങള്‍ കാണുക ആയിരുന്നു.
എന്നത്തേയും പോലെ. വിശാലമായ ആകാശം നോക്കി. സ്വപ്നങ്ങള്‍ കാണുന്ന നക്ഷത്രങ്ങളെ നോക്കി. അനന്തതയില്‍ ഉറങ്ങുന്ന ദൈവങ്ങളെ നോക്കി.സ്വപ്നങ്ങള്‍ എന്നും രാജഗോപാലനില്‍ ഉണ്ടായിരുന്നു.. രാജഗോപാലന്‍റെ സ്വപ്നങ്ങള്, രാജഗോപാലന്‍റെ ജീവിതമായില്ല. രാജഗോപാലന്‍റെ ജീവിതം ദുസ്വപ്നങ്ങളാകുകയായിരുന്നു.വിശ്വനാഥന്‍ മരിക്കുമ്പോഴും മനസ്സില്‍ പാദ സരങ്ങള്‍ കിലുക്കിയ സന്ധ്യ എന്ന പെണ്‍കുട്ടിയെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുമ്പോഴും രാജഗോപാലന്‍റെ മനസ്സു് ദുഃസ്വപ്നങ്ങള്‍ ഏറ്റു വാങ്ങി. ലോകം വലിയ ഒരു സ്വപ്നമാണെന്നും താന്‍ മരിച്ചു പോയ മറ്റൊരു സ്വപ്നമാണെന്നുമൊക്കെ തത്വ ചിന്താപരമായൊക്കെ അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു.സേട്ജിയുടെ കടയിലെ തുരുമ്പു പിടിച്ച ടയിപ്പ് റയിട്ടിങ്ങ് മെഷീന്‍റെ പിന്നില്‍ നിറച്ചു വച്ചിരുന്ന ചാക്കു കെട്ടൊന്നു പോല്‍ രാജഗോപാലന്‍ നിശ്ശബ്ദനായിരുന്നു.


വള്ളി നിക്കറിട്ട് ഉടഞ്ഞ സ്ലേറ്റുമായി സ്ക്കൂളില്‍ പോകുമ്പോഴും, കൊട്ടാര വളപ്പില്‍ നിന്ന് ആരും കാണാതെ പൊട്ടന്‍ ചന്ദ്രനുമായി ബീഡി വലിക്കാന്‍ പഠിക്കുമ്പോഴും സ്വപ്നങ്ങള്‍ അവനിലുണ്ടായിരുന്നു.
ഓണത്തുമ്പികളേ.....
കുഞ്ഞാറ്റക്കിളികളേ....


ശബ്ദം മരിച്ച അമ്പല പറമ്പിലെ ഉച്ച വെയിലില്‍ വെള്ളക്കുതിരയുടെ പുറത്ത് , ആകാശത്തു നിന്നും ഇറങ്ങി വരുന്ന സ്വര്‍ണതലമുടിയുള്ള രാജ കുമാരിയെ....


സ്കൂള്‍ ഫൈനലില്‍ , മാത്യൂ സാറ് പഠിപ്പിച്ച സയനസ് ക്ലാസ്സുകളില്‍, ആല്‍ബര്‍ട്ട് എയിന്‍സ്റ്റൈന്‍, ഗലീലിയോ ഒക്കെ കടന്നു വന്നപ്പോള്‍......
ഗലീലിയോ...
സ്വപ്നം നക്ഷത്രങ്ങളായി.
നക്ഷത്രങ്ങള്‍ ദുരുഹതകളായി.


ചാണകം മണക്കുന്ന തറയില്‍ തന്‍റെ കീറിയ പുല്പായില്‍ കിടക്കുമ്പോള്‍, ഓലകള്‍ നഷടമായ വീടിന്‍റെ മോന്തായത്തില്‍ഊടെ നക്ഷത്രങ്ങള്‍ എത്തി നോക്കി ചോദിക്കും. രാജ ഗോപാലാ നീ ഗലീലിയോയെ മറന്നോ. എത്ര സുന്ദരം തന്‍റെ വീടെന്ന് ഓര്‍ത്ത് ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ രാജഗോപാലന്‍ ചിരിച്ചു കൊണ്ട് പറയുമായിരുന്നു. ഇല്ല മറന്നിട്ടില്ല.രാജ ഗോപാലന്‍ കണക്കും സയന്‍സും രാത്രി പകലാക്കി പഠിച്ചു. മാത്യൂ സാറിന്‍റെ ഓരോ ക്ലാസ്സുകളും അയാളിലെ ശാസ്ത്രജ്ഞനെ തട്ടി ഉണര്‍ത്തുന്നതായിരുന്നു.അങ്ങനെ പരീക്ഷയായി.
ഓരോ പരീക്ഷയും തൃപ്തികരമായെഴുതി മടങ്ങുമ്പോള്‍ കൊട്ടാര വളപ്പിലെ ആല്‍ മരങ്ങളിലിരുന്ന് പച്ചക്കിളികളയാളേ അഭിവാദ്യം ചെയ്തു.

മനസ്സിലൊരു സാമ്രാജ്യവുമായി രാജഗോപാലന്‍ ഒരു കല്ലെടുത്തെറിഞ്ഞു ചിരിച്ചു. പച്ച തത്തകള്‍ കൂട്ടമായി പറന്നുയരുന്നതു കണ്ടയാള്‍ ചിരിച്ചു നടന്നു.


കാൽപ്പെരുമാറ്റം കേട്ട് രാജഗോപാലന്‍ തിരിഞ്ഞു നോക്കി.
പൊട്ടന്‍ ഗോപിയാണു്. ആടിനെ തീറ്റി വരികയാണു്. ഗോപിയുടെ വീട്ടില്‍ രണ്ടാടുണ്ട്. പഠിത്തം എന്നേ നിര്‍ത്തി , ബീഡി വലിച്ച്, കൊട്ടാര വളപ്പിലെ മരപ്പൊത്തുകളിലെ തത്തമ്മയുടെ കുഞ്ഞുങ്ങളെ പിടിച്ച്, വീട്ടിലെ വഴക്കും വക്കാണത്തില്‍ നിന്നും രക്ഷപ്പെട്ട് ഗോപി കഴിയുന്നു.
ഗോപി ചോദിച്ചു. രാജാ... “നീ ആടിനെ ചനപ്പിക്കുന്നത് കണ്ടിട്ടുണ്ടോ.?”
“ഇല്ല.” രാജന്‍ പറഞ്ഞു. “എങ്കില്‍ വാ. ഞാന്‍ ഇവളെ ചാന്നാരുടെ വീട്ടില്‍ കൊണ്ടു പോകുവാ. അവിടെ ഒരു മുട്ടനാഡുണ്ട്. വലിയ രസമാ.”
“ഇല്ല ഗോപീ... പിന്നെ ഒരിക്കല്‍ ആകട്ടെ.” രാജഗോപലന്‍ തന്‍റെ സ്വപ്നങ്ങളുമായി വീട്ടിലേയ്ക്കു നടന്നു.ഇടവഴി കയറി വീട്ടിലേയ്ക്കെത്തുമ്പോള്‍ തന്‍റെ കൊച്ചു പെങ്ങള്‍ അവിടെ നില്‍ക്കുന്നു. തന്നെ കണ്ട ഉടനെ അവള്‍ പറഞ്ഞു. “ഇന്നച്ഛന്‍ വന്നിരുന്നു.”

വീട്ടിനുള്ളിലേയ്ക്കു കയറുമ്പോള്‍ അയാള്‍ക്ക് ശരിക്കും മനസ്സിലായി. ഇന്ന് അച്ഛന്‍ വന്നിരുന്നു.
ഒരു മുറിയുടെ മൂലയില്‍ ഏങ്ങലടിയുടെ നിശ്ശബ്ദമായ ശബ്ദം അമ്മയുടേതാണെന്ന് അയാള്‍ക്ക് തിരിച്ചറിയാം. ഉടഞ്ഞ പാത്രങ്ങളുടെ നടുവിലിരുന്ന് പ്രാകുന്ന അമ്മൂമ്മയെ കണ്ടില്ലെന്ന് നടിച്ച് തന്‍റെ മുറിയിലേയ്ക്ക് നടന്നു. അഴുക്ക് പിടിച്ച അടപ്പില്ലാത്ത പെട്ടിയില്‍ തന്‍റെ ബുക്കുകല്ക്കൊപ്പം പരീക്ഷ എഴുതിയ ഹാള്‍ ടിക്കറ്റും മറ്റു കടലാസ്സുകളും വയ്ക്കുമ്പോല്‍ മനസ്സില്‍ പ്രാര്ഥിക്കുകയായിരുന്നു. അച്ഛന്‍ ഒരിക്കലും ഇനി വരാതിരുന്നെങ്കില്‍.അയാള്‍ പടിഞ്ഞാറു വശത്തുള്ള ഉമ്മറപ്പടിയിലിരുന്നു. സന്ധ്യ മരിക്കുന്നു.
മുഷിഞ്ഞ പാവാടപൊക്കി മൂക്കട്ട തുടച്ചു കൊണ്ട് പെങ്ങള്‍ പറഞ്ഞു.
അണ്ണാ....സന്ധ്യച്ചേച്ചി..സന്ധ്യ, നാരായണന്‍ മാസ്റ്ററുടെ മകളാണു. അമ്പലത്തില്‍ പോയി മടങ്ങുന്ന സന്ധ്യ പരീക്ഷയെക്കുറിച്ച് സംസാരിച്ചു. പാദങ്ങള്‍ തഴുകുന്ന നീലപാവാടയുടുത്ത വെളുത്ത പെണ്‍കുട്ടി വളരെ സുന്ദരിയാണു്.
ചിരിച്ച് സംസാരിച്ച് നടന്നു നീങ്ങുന്ന നിഴല്‍.....
ത്രിസന്ധ്യയ്ക്ക് കനം കൂടുന്നു.
അമ്മൂമ്മ കിണറ്റുകരയിലേയ്ക്ക് നടന്നു.
തൊട്ടി കിണറ്റില്‍ വീഴുന്ന ശബ്ദം. ഇരുളിന്‍റെ ആത്മാവു ഭേദിച്ചു. അമ്മൂമ്മ പിറുപിറുക്കുന്നത് കേള്‍ക്കാമായിരുന്നു.
“ അവന്‍റെ വായ്ക്കരി ഇടാനക്കൊണ്ട്.ഫൂ....”
താറുടുത്ത് അമ്മൂമ്മ വിളക്കു കത്തിക്കാനായി അകത്തേയ്ക്ക് പോയി.
ഉമ്മറപ്പടിയിലെ തന്നെ നോക്കി പറഞ്ഞു. “ എങ്ങനെ എരണം ഒണ്ടാവാനാ.. മൂസന്ധ്യക്ക് ഉമ്മറത്ത് കുന്തിച്ചിരിക്കുന്നു കൂത്തിച്ചിമോന്‍.?”

ഒന്നും മിണ്ടിയില്ല രാജഗോപാലന്‍.
അയാളൊരു ശിലയായിരുന്നു നക്ഷത്രങ്ങളെ നോക്കിയിരുന്നു.(തുടരും)

Saturday, April 25, 2009

മോക്ഷ പ്രാപ്തി.

Buzz It
മറന്നു പോകുന്ന അഗ്രഗേറ്ററുകളേ...
ഈ പോസ്റ്റു കാണിക്കുക.

ഇവിടെ-മോക്ഷ പ്രാപ്തി.

Friday, April 24, 2009

മോക്ഷ പ്രാപ്തി.

Buzz It
വിധിയുടെ കവിത മനസ്സിലാവാതെ രാമകൃഷ്ണന്‍ അമ്പരന്നു.
ദൈവം ചിരിക്കുന്നു.
അടുത്തു കിടക്കുന്ന ജീവശ്ശവം ഒന്നനങ്ങി.

അയാള്‍ ക്ലോക്കിലേയ്ക്ക് നോക്കി. 12.30
ഉറക്കം വരുന്നില്ല.
ഉറങ്ങരുത്.....
ഈ രാത്രി ഉറങ്ങാനുള്ളതല്ല.....
ശക്തി നഷ്ടപ്പെട്ട വലത്കാല് ഇഴയുന്നതയാള്‍ അറിഞ്ഞു.
ആരും കാണുന്നില്ല. ഇഴഞ്ഞിഴഞ്ഞ്.
പുസ്തക ഷെല്‍ഫിനു മുന്നില്‍ വിറയാര്‍ന്ന കാലുകളുമായി നില്‍ക്കാന്‍ ശ്രമിച്ചു.
തന്‍റെ പുസ്തക ഷെല്‍ഫിലെ പല പ്രാവശ്യം വായിച്ചിട്ടുള്ള ഓരോ പുസ്തകങ്ങളും അയാളോടു പറയുന്നതായി തോന്നി.
ഞങ്ങളെ. ഞങ്ങളെ...
ഇല്ല. നിങ്ങളെ ഒക്കെ ഞാന്‍ വെറുത്തു കഴിഞ്ഞിരിക്കുന്നു.
നിങ്ങളൊക്കെ എന്‍റെ അന്യം വന്ന ജീവിതത്തിന്‍റെ നിശ്ശ്ചലതകള്‍ മാത്രം...
ഏതോ ഒരു പുസ്തകതാളിലെഴുതിയ അയാളുടെ തന്നെ ഒരു കവിത അയാള്‍ പാടി നോക്കി.
ച്ഛെ... ഇതു കവിതയോ....അയാളൊരിക്കലെഴുതിയ ഈ കവിത വായിച്ചാണു് , ഇവള്‍ക്ക് അയാളില്‍ ആരാധന തോന്നിയത്...?
വീണ്ടും പുസ്തകങ്ങളെടുത്ത് അയാള്‍ മണത്തു. ഓരോ പുസ്തകങ്ങളുടെ മണത്തിനും ഓരോ കാലഘട്ടത്തിന്‍റെ മണമുണ്ട്. ശരിയാണു്. ഒരിക്കലിവള്‍ പറഞ്ഞിരുന്നു. ചില സിനിമാ പാട്ടുകള്‍, നാം അതു ആദ്യം കേട്ട പ്രായത്തിലേയ്ക്ക് കൊണ്ട് ചെല്ലുമെന്ന്. കുറച്ചു നേരത്തേയ്ക്ക്. വായിച്ച പുസ്തകങ്ങളും.
ശരിയാണു്.യാത്രകളീല്‍ കണ്ടു മുട്ടുന്ന ചില മനുഷ്യരുടെ ച്ഛായ പോലും എവിടെയെക്കെയോ എത്തിക്കാറുണ്ട്.
നൊസ്താള്‍ജിയാ.....
അല്ല ഗ്രുഹാതുരത്വം....
അല്ല.
അതൊന്നുമല്ല.
പുന്നെല്ലിന്‍റെ മണത്തിനു ഗൃഹാതുരത്വം അല്ല, അതില്‍ ജീവബീജത്തിന്‍റെ സുഗന്ധമാണു്. സ്വര രാഗ സുഷുപ്തിയുടെ
സന്ത്രാസമാണു്.
അപ്പോള്‍....

“ശ്ശേ.... ഞാനിതൊക്കെ ഇപ്പോള്‍ എന്തിനു ചിന്തിക്കുന്നു.” അയാള്‍ സ്വയം ചിരിക്കാനാവാതെ കുഴഞ്ഞു.

രാത്രി ഒരു മന്ത്രവാദിനിയായി.
വെള്ളാരംകല്ലുകള്‍ ഉരുട്ടുന്ന ജല കന്യകകള്‍ നഗ്നമായി നീന്തി ആര്‍മ്മാദിക്കുന്ന പുഴയുടെ കരയില്‍ അയാളിരുന്നു.
പുഴയ്ക്കുള്ളിലെ ജല പിശാചുക്കള്‍ കരയ്യ്ക്ക് വരാന്‍ സമയമായിരിക്കുന്നു.
കൊട്ടാര മതിലിനകത്തെ രാജകുമാരി സംഭോഗ നിദ്രയിലൊരാലസ്യമായി.
കവിതയൊഴുകിയ കടലാസ്സു പൂക്കളില്‍, കാര്‍മേഘം ചാലിച്ച വിധിയുടെ മന്ത്രങ്ങള്‍ , വായന നഷ്ടപ്പെട്ടലമുറയിട്ടു.
വര്‍ഷകാല പുനര്‍ജ്ജനികളില്‍ നഷ്ടപ്പെട്ട പിതാക്കളുടെ പിണ്ഡ കര്‍മ്മങ്ങളില്‍ സത്യമെന്തെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുന്ന സന്ധ്യകള്‍.
എവിടെ ....
വര്‍ണങ്ങളിലെ നിര്‍വ്വികാരതകള്‍.
മനസ്സിന്‍റെ മാന്ത്രികശാലകളില്‍ കടഞ്ഞിരുന്ന പ്രണവ മന്ത്രങ്ങള്‍ അര്‍ത്ഥം തേടി അലയുന്നു, ഗതികിട്ടാ പ്രേതങ്ങളായി...
വേണ്ട... തനിക്കിനിയും പുണ്യങ്ങള്‍ വേണ്ട.
ഇവിടെ ഈ ശാന്തി.. ഇതു മതി.

നാളെ അടുത്ത ഡയാലിസ്സിനു കൊണ്ടു പോകേണ്ട ഭാര്യയെ ദയനീയമായാള്‍ നോക്കി.
രക്ത മാറ്റത്തിലൂടെ മാത്രം ചിരിക്കാനും കരയാനും ഒക്കെ കഴിയുന്ന തന്‍റെ ഭാര്യ.
ഈ മുറിയിലെ കൊച്ചു കിളിവാതില്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ എന്നേ മരിച്ചു പോകുമായിരുന്നു എന്നു തോന്നി।
അവന്‍റെ മെയില്‍ വന്നിരുന്നു.
സത്യത്തിന്‍റെ പിടയല്‍ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്ന വാക്കുകളുടെ കുമ്പ സാരങ്ങള്‍.
ഞങ്ങള്‍ വരണോ. പണമയക്കണോ. സമയം .?
ചെസ്സ്, കളത്തില്‍ എനിക്ക് ചെക്ക് മേറ്റ് വരുത്തി വയ്ക്കും ഈ യാത്ര. എന്നെ ചെസ്സ് കളി പഠിപ്പിച്ച പപ്പാ പറയൂ, ഞാന്‍ ഈ കളത്തില്‍ , ഒരു കളം മാത്രം എനിക്ക് രക്ഷപ്പെടാനുള്ളപ്പോള്‍ അതു വേണ്ടെന്നു വയ്ക്കണോ. അതോ സ്വയം ചെക്ക് മേറ്റ്.?
ദൂരേ..... മകനും ഭാര്യയും .

ശല്യമാകരുത്.
നോ..നോ മകനേ.... ....

കാലുകളുടെ ബലം നഷ്ടപ്പെട്ട ഒരച്ഛന്‍. രക്ത മാറ്റത്തിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന അമ്മ.
ഇല്ല. അവനും മോക്ഷം കൊടുക്കണം.,
മോക്ഷ പ്രാപ്തിയുടെ ചടങ്ങുകള്‍ക്കായി വെമ്പുകയായിരുന്നു രാമകൃഷ്ണന്‍.
*********************
അകലങ്ങളില്‍ ഇരമ്പുന്ന രാത്രിയുടെ നിഴല്‍ തിരിച്ചറിയാന്‍ കഴിയുന്നു. സ്റ്റ്റീറ്റ് ലൈറ്റിനു പിറകിലെ നിഴലിലുറങ്ങുന്ന മനുഷ്യരും പകല്‍ പണികഴിഞ്ഞു ഇരുളിന്‍റെ മറവില്‍ കാവ്യം രചിക്കുന്നതു് അയാള്ക്കു കാണാമായിരുന്നു.
ഉറക്കം വരുന്നില്ല.
തന്‍റെ ഉറക്കം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. വിധിയുടെ ഒരു കോപ്രായമായ തന്നില്‍ നിന്നും മനുഷ്യനെന്നേ പറന്നു പോയിരിക്കുന്നു. എന്നോ നഷ്ടപ്പെട്ടുപോയ ചിരി ചുണ്ടില്‍ വന്ന് ഇളിഭ്യമാകാതിരിക്കാന്‍ അയാള്‍ കാര്‍ക്കിച്ചു തുപ്പി.
ആരും ഉറങ്ങാതിരിക്കുന്നില്ല . ദുഃഖം കടിച്ചമര്‍ത്തി അലമാര തുറന്നു, പഴയ ഒരു ബുക്കെടുത്തു.
ബുക്കു തുറന്നു നോക്കുമ്പോള്‍ മാത്രം അയാള്‍ ജീവിക്കുന്നു. അതിനായി മാത്രം എല്ലാവരും ഉറങ്ങി കഴിയുന്ന സമയം അതു തുറന്നു തന്‍റെ കഴിഞ്ഞ കാലങ്ങളെ കണ്ട് ഉള്ളില്‍ ചിരിക്കാന്‍ ശ്രമിക്കും.

ഒരു ഡയറിയായി ഉപയോഗിച്ചിരുന്ന ബുക്ക്. മുഷിഞ്ഞു നാറിയ കടലാസ്സുകള്‍ തന്‍റെ ജീവിതം പോലെ പല്ലിളിച്ചു.
ജീവിതം പുരോഗമിക്കുന്നു. ഇന്നലെ സാരികയ്ക്ക് വാങ്ങിയ സാരി ഇഷ്ടമായി. കടങ്ങളൊക്കെ തീരാറായിരിക്കുന്നു. മകന്‍റെ പുതിയ കോളേജിലെ പണമൊക്കെ അടച്ചു. കഴിഞ്ഞ ആഴ്ചയിലായിരുന്നു കുറച്ചു നല്ല ഒരു തുക അമ്മയ്ക്കയച്ചത്.

പിന്നെയും വായിച്ചു.
താഴോട്ട്.
ഓരോ പേജുകളിലും അയാളുടെ വിജയങ്ങള്‍ വരി വരികളായി നിരന്നു ന്ല്ക്കുന്നു.
അവള്‍ പറയുമായിരുന്നു. വിജയക്കൊടികള്‍. ധീരാ...വീരാ...നേതാവേ.....
ഇതാ.... ആ അവള്‍ തൊട്ടു മുന്നേ ജീവ ശ്ശവമായി ദുസ്വപ്നങ്ങളുടെ വിധിയുമായി മല്ലിടുന്നു.
ഏതോ ദിവസം കുറിച്ച രേശ്മയെന്ന കൂട്ടുകാരിയെ ക്കുറിച്ചുള്ള വിവരവും ശ്രദ്ധിച്ചു.
ആദ്യ് ചുംബനം നല്‍കിയ കൂട്ടുകാരിയെ മറക്കാതിരിക്കാന്‍.
കിളി വാതില്‍ തുറന്നു കിടക്കുന്നു. ദൂരെ ഇരുട്ടിന്‍റെ പുതപ്പിനുള്ളില്‍ തല പൊക്കി നോക്കുന്ന ഓര്‍മ്മകളുടെ മനോഹാരിതയില്‍ വെറുതേ രേഷ്മയുടെ മണം അനുഭൂതിയായൊഴികി എത്തി.
എവിടെ ആയിരുന്നു മഞ്ചാടി കുരുന്നുകള്‍ ചിതറി വീണത്.?
എവിടെ ആയിരുന്നു സ്വപ്നക്കൂടാരം പുകമറയായ്ത്.
നിഴലുകള്ക്കും ജീവനുണ്ടായിരുന്ന സ്വപ്നങ്ങളുടെ കഥകളിലെ ജീവനുള്ള മനോഹാരിതകളേ...
നിങ്ങളീ ഭൂമിയില്‍.....
ആരേയും ഭാവഗായകനാക്കുന്ന മനോഹരമായ മനസ്സേ.....ശാന്തി.
ഇല്ല. ഇതൊക്കെ ഇന്നു തീര്‍ക്കണം. ഇന്നു തന്‍റെ മോക്ഷ പ്രാപ്തിയാണു്.
മോക്ഷം. മോക്ഷ പ്രാപ്തി .
അതൊരു നിദ്രയാണു്।സുഖ സുഷിപ്തി। സത്യമുരുകുന്ന സായൂജ്യമേ......
നിന്നെ എന്തു വിളിക്കും......
*************************************************************

ഒരു ചിലന്തി, തന്‍റെ പുസ്തക ഷെല്ഫിനു മുകളിലൊരു വീടുണ്ടാക്കുന്നു. ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ അയാള്‍ അത് നോക്കി ഇരുന്നു.
ആദ്യമായി മകനെ ദൂരെ വലിയ കലാശാലയില്ര്യ്ക്ക് യാത്രയാക്കിയ ദിവസം. ഓര്‍ത്തു പോയി.
അന്നുറങ്ങിയതു ആരായിരുന്നു ആദ്യം.
ഉറക്കം വരാതെ അടുത്തു കിടന്ന അവള്‍ എപ്പോഴൊക്കെയോ ചോദിച്ചു. നിങ്ങള്‍ ഉറങ്ങിയില്ലേ...
അവളുറങ്ങിയതിനു ശേഷവും താനുറങ്ങാതിരുന്നു പോയി.

അവന്‍റെ കോളേജിലെ ചിലവുകള്‍. പഠിത്തത്തിലേയ്ക്ക് വളരുന്ന മകള്‍.
രാമകൃഷ്ണന്‍ ജീവിക്കുകയായിരുന്നു.
പതിവുപോലെ ബൈക്കില്‍ ഓഫീസ്സിലേയ്ക്ക് പോയ രാമകൃഷ്ണനു രണ്ട് മാസത്തിനു ശേഷം തിരിച്ചെത്തി. ഉടഞ്ഞു മുറിഞ്ഞ ശരീരവും നിറഞ്ഞു കലങ്ങിയ ഒരു മനസ്സുമായി.
ചതഞ്ഞ ജീവിതം സമ്മാനിച്ച് കടന്നു പോയ അപകടം, രാമകൃഷ്ണന്‍റെ ഒരു കാലു മാത്രമല്ല മുഴുവന്‍ സ്വപ്നങ്ങളും നിശ്ച്ചലമാക്കിയിരുന്നു.
ചിലന്തി അതിന്‍റെ വല പുര്‍ണമാക്കി. ഒരറ്റത്ത് ഒളീച്ചിരിക്കുന്നു.
വരൂ... എന്‍റെ വീട്ടിലേയ്ക്ക് വരൂ...
അയാളോര്‍ത്തു.
സമയം പോകുന്നു.
മോക്ഷ പ്രാപ്തി..?
**********************************************************
താന്‍ ആദ്യം ചെസ്സില്‍ ജയിക്കുമ്പോള്‍ അവനൊരു വാശിയായിരുന്നു। രാത്രിയില്‍ തന്നെ പിന്നെയും ഒരു ഏറ്റു മുട്ടലിന്‍ എന്നും അവന്‍ തന്നെ വിളിച്ചു। ഓരോ തോല്‍വിയിലും അവനു് താന്‍ ഒരോ പാഠങ്ങള്‍ നല്‍കുകയായിരുന്നു। എന്തൊക്കെയോ പഠിച്ചു കഴിഞ്ഞ അവന്‍ തന്നോട് ചെസ്സ് കളിക്കാതെ ആയതും ഇന്നലെ ആയിരുന്നോ। അല്ല എന്നും തോക്കാന്‍ തുടങ്ങിയ ഈ പ്രതിയോഗിയിലെ തോല്‍വി ഏറ്റുവാങ്ങാതിരിക്കാനായിരുന്നോ। ആര്‍ക്കറിയാം....

ജീവശ്ശവമായി കിടക്കുന്ന ഭാര്യയെ രാമകൃഷ്ണന്‍ വീണ്ടും നോക്കി.
വര്‍ഷങ്ങള്‍ക്കു മുന്നെ ജാതി നോക്കാതെ ധനമറിയാതെ കെട്ടും കേട്ടു കേള്‍വികളേയും പൊട്ടിച്ചെറിഞ്ഞ് പെരുവഴിയില്‍ തന്നോടൊപ്പം വന്ന പെണ്ണിനെ അയാള്‍ ഓര്‍ത്തു.
ഒരിക്കലും വിഷമിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
ഒരിക്കലും.
ഒരു വിങ്ങല്‍ ...ഒരു വിറയല്‍....
താഴെ....കിടന്നുറങ്ങിയ ഭാര്യയുടെ മുഖത്തേയ്ക്കു വീണ പുതപ്പ് അവള്‍ക്ക് ശ്വാസം മുട്ടിക്കുന്നതായി അയാള്‍ കണ്ടു. അനങ്ങാനറിയാത്ത ആ ശരീരം ഒരു ശ്വാസത്തിനായി ചെറു ചലനങ്ങള്‍ക്ക് ശ്രമിക്കുംപ്പോള്‍ രാമകൃഷ്ണന്‍റെ കൈയ്യില്‍ നിന്നും വഴുതി വീണ തലയിണ മുഖത്തു പതിച്ചവിടെ ഇരുന്നു.

മോക്ഷപ്രാപ്തി തേടിയ യാത്രയുടെ അവസാനം.
ആ ഡയറിയില്‍ തന്നെ അയാള്‍ എന്തൊക്കെയോ കൂടി എഴുതാന്‍ ശ്രമിച്ചു.
വേണ്ട. ഒന്നും എഴുതാനില്ലാ. ശൂന്യതയുടെ കൊടുമുടിയില്‍ നിസ്സാരതയുടെ പുച്ഛം മാത്രം.
അവിടെ മൌനം ഭാഷയില്ലാത്ത അക്ഷരങ്ങളില്‍ സംവേദിക്കട്ടെ.
നിശ്ച്ഛലതകളില്‍ സായൂജ്യം . മോക്ഷപ്രാപ്തിയുടെ സന്ത്രാസത്തില്‍... .
രാമകൃഷ്ണന്‍ ഒഴിച്ച് വച്ച ഗ്ലാസ്സിലേയ്ക്കൊന്നു നോക്കി.
ജീവന്‍റെ കണികകളുടെ അവസാന രോദനം ആസ്വദിക്കുമ്പോള്‍....
മതി...
ഒറ്റ മോന്തില്‍ ..... കണ്‍പോളകള്‍ അടയുന്നതറിഞ്ഞു.
പിടയുന്ന നരമ്പുകളില്‍ നിന്നും സ്വപ്നങ്ങളുടെ കുഞ്ഞുങ്ങള്‍ ചിറകടിച്ചു പറന്നുയരുന്നതറിഞ്ഞു.‍
വിതുമ്പി വീഴുന്ന ജീവന്‍റെ അവസാന കണികയുടെ തിരഞ്ഞോട്ടമായിരിക്കാം, കാലൊന്ന് പിടഞ്ഞോ....താഴെ ആ പുതപ്പും തലയാണയും തട്ടി മാറ്റിയോ.....
അണഞ്ഞു പൊയ്കൊണ്ടിരുന്ന പ്രകാശത്തില്‍ അയാളോടൊപ്പം ലയിക്കുന്ന ഭാര്യയുടെ മുഖം അയാള്‍ കാണുന്നുണ്ടായിരുന്നു.
-----------------------------------------