Saturday, June 05, 2010

സന്തോഷം

Buzz It
സുപ്രഭാതം.
മാറ്റങ്ങളൊന്നിനുമില്ല.

പള്ളിയുണര്‍ത്തിയ ശംഖ്  കിഴക്കോട്ട് തിരിച്ചു വച്ച് ചുരുണ്ട് കിടന്നുറങ്ങുന്ന പണിക്കര്‍ക്ക് പകരം ...
പിജ്ജന്മ, തായ്വഴിയിലെ  ഞാനറിയാപൈതം....
തലക്കല്‍ ഒരു മൊബയില്‍ ഫോണ്‍ ഉറങ്ങാതിരിക്കുന്നു.
ഇവിടെയുറങ്ങുന്നു ശിലയായ് അഹല്യമാര്‍....

വീണ്ടും നടന്നു. വസൂരിമാടന്‍ കാവിലിനരുകില്‍ എത്തിയപ്പോള്‍ തോന്നി.
മറുതകള്‍. കണ്ണിലൂടെ അഗ്നി വര്‍ഷിക്കുന്ന ആന മറുതകള്‍.
മാനസ സഞ്ചരരേ....
മഷി നോക്കി ഫലം പറയുന്ന, അപ്പൂപ്പന്‍  പാറയിലൊരു മുറുക്കാന്‍ പൊതി പോലും ഇല്ല . അയാള്‍ വെളിച്ചപ്പാടിനെ ഓര്‍ത്തു.
.... “ഹും.... നിങ്ങളുടെ വീട്ടിനു മുന്വശം ഒരു വെട്ട് റോഡുണ്ടോ.? അതിനിപ്പറം ഒരു വലിയ മരമുണ്ടോ....ഹും.....ഹാആഅ.... കൊണ്ടു വാ കോഴി.കുരുതി....
മഞ്ഞള്‍ തേച്ചലറുന്ന നീലാണ്ട പിള്ള. പൊട്ടി അലറാനിന്നും നീലാണ്ട പിള്ളയുടെ ഏഴാമത്തെ മോളുടെ മൂന്നാമതെ പുത്രന്‍. ആ വേഷം നന്നായാടുന്നു എന്നറിഞ്ഞ് അയാള്‍ക്ക് സന്തോഷം തോന്നി.
നക്സലയിറ്റ് വാസുവിന്‍റെ മകന്‍റെ മരുമകന്‍ ഒരു നക്സലയിറ്റ് സംസ്ക്കാരം പണീഞ്ഞ് കൂനന്‍ പാറയിലെ ഒരു പുലയ പെണ്ണിനെ തന്നെ കെട്ടി എന്നറിഞ്ഞപ്പോഴും അയാള്‍ സന്തോഷിച്ചു.
ഇന്നലെ...പണ്ട്  സോഷ്യല്‍ സ്റ്റഡീസ്സ് പഠിപ്പിച്ച മാത്യൂ സാറിന്‍റെ  വീട്ടിനു മുന്നിലൂടെ അയാള്‍ നടന്നു.
ധിക്കാരിയാകാനുപകരിക്കുന്ന തത്വ സംഹിതകള്‍ തന്നില്‍ കുത്തി വച്ച അദ്ദേഹത്തിന്‍റെ വൈക്കോല്‍ പ്രതിമയുടെ നിഴല്‍ കണ്ടെങ്കിലും ഒരാത്മ സംതൃപ്തിയ്ക്കായി.
തനിക്ക് സ്ഥാനം തെറ്റിയെന്നും, മാത്യൂ സാറെന്നേ, മരിക്കുന്നതിനു മുന്നേ വിറ്റ് ,ഒരു വഴി പോക്കനായ് കാല യവനികയിലൊതുങ്ങിയെന്നും പറഞ്ഞത് ,പുതിയ മലയാളം മാഷ് ജോയി തോട്ടിന്‍ പുറം എന്ന തൂലികയില്‍ എഴുതുന്ന ബ്ലോഗെഴുത്തുകാരന്‍.

മാത്യൂ സാറിന്‍റെ ഇളയ മകന്‍റെ ഇടയ ലേഖനം വായിക്കാന്‍ തന്ന ജോയി തോട്ടിന്‍ പുറത്തോട് നന്ദി അറിയിച്ചു. ഇടയ ലേഖനം വായിച്ചയാള്‍  സന്തോഷിക്കാന്‍ ശ്രമിച്ചു.
പഴയ ലൈബ്രറി ക്കെട്ടിടം പുതുക്കി പണിതതും, കമ്പ്യൂട്ടറുകള്‍ മേശകളില്‍ ഇരിപ്പിടമാക്കിയതും കഴിഞ്ഞ യാത്രയിലേ കണ്ടിരുന്നു. പഴയ സെക്രട്ടറിയുടെ മകന്‍ കമ്പ്യ്യൂട്ടറില്‍ വീഡിയോ ഗയിംസ് കളിച്ചിരിക്കുന്നതു കണ്ടപ്പോഴും അയാള്‍ക്ക് സന്തോഷം തോന്നി.
നട്ട പാതിര നേരം ആരുമറിയാതെ നീരാഴിയുടെ പടികള്‍ കയറി ഇന്നലെകള്‍ തേടുമ്പോള്‍ ,ഏതൊക്കെയോ തുണികളിലെ  വാര സോപ്പിന്‍റെ മണം അറിഞ്ഞപ്പോഴും അയാള്‍ക്ക് സന്തോഷം തോന്നി.
മനുഷ്യ കഥാനുഗായികരേ....
നിഴലുകള്‍ തേടുന്ന യാത്രയില്‍ ഒരു ബോംബുമായി പോകുന്ന ഉഗ്ര വാദിയോട് അയാള്‍  ചോദിച്ചു. നീ ആ ഔസേപ്പച്ചന്‍റെ മോന്‍റെ.....?
ഞാന്‍ ഓസേപ്പാച്ചന്‍റെ മോന്‍റെ....പൂ...മോന്‍.
ശരി  ഉത്തരം ലഭിച്ച അയാള്‍ വീണ്ടും സന്തോഷിച്ചു.

സന്തോഷത്തിന്‍റെ ആര്‍ഭാടത്തില്‍ അയാള്‍ സ്വന്തം ഗ്രാമത്തിന്‍റെ മടിയിലേക്ക് മറിഞ്ഞു.പുതു മണ്ണിന്‍റെ സുഗന്ധം വീണ്ടും അയാളേ സന്തോഷിപ്പിക്കുകയായിരുന്നു.

Friday, September 25, 2009

മറക്കാത്ത പാസ്സ് വേര്‍ഡുകള്‍

Buzz It

മകന്‍റെ ഫോണാണു്.


“ പപ്പാ എന്‍റെ പ്രൊഫയില്‍ പാസ്സ് വേര്‍ഡ് പറയൂ.?”


അയാളാലോചിച്ചു. അവനെന്തിനിപ്പോള്‍ പ്രൊഫയില്‍ പാസ്സ് വേര്ഡ്.

മനസ്സിലായി.

ലോഗിങ്ങ് പാസ്സ് വേര്‍ഡ് മാറ്റണമെങ്കില്‍, പ്രൊഫയില്‍ പാസ്സ്വേര്‍ഡ് , എല്ലാ ബാങ്കുകള്‍ക്കും അത്യാവശ്യമാണു്.


അവനെ ദൂരെ എഞ്ചിനീയരീങ്ങ് കോളേജില്‍ ചേര്‍ത്തപ്പോള്‍ അവനു പണമയക്കാന്‍ വേണ്ടി തുടങ്ങിയതാണു്. ആ അക്കൌണ്ട്.
ഒരു പക്ഷേ , ഞാനതില്‍ എത്തി നോക്കാതിരിക്കാനായൊരു പൂട്ടിടാനായിരിക്കും.


പഴയ ഒരു ഡയറിയില്‍ നിന്നും വായിച്ചയാള്‍ പറഞ്ഞു.
പാസ്സ് വേര്‍ഡെഴുതൂ...
ആദ്യം നിന്‍റെ അമ്മയുടെ രണ്ടക്ഷരമുള്ള പേരു്.
അണ്ടര്‍ സ്കോറ് കൊടുത്തിട്ട് നമ്മുടെ നാട്ടിലെ കുടുംബ കാവിന്‍റെ പേരു്.
പിന്നെ വലിയ അക്ഷരങ്ങളില്‍ സരിക.
ഇത്രയും തന്നെ.


പപ്പാ... ആരാണീ സരിക.?
ഇപ്പോഴാരുമല്ല മകനേ...

മനസ്സ് രഹസ്യമായി പറയുന്നുണ്ടായിരുന്നു.

ഒരു പക്ഷേ, നിന്നെ പ്രസവിക്കാതെ പോയ നിന്‍റെ അമ്മ എന്നോ,

വിധിക്കപ്പെടാത്ത കൈമോശം വന്നു പോയ ഒരു ജീവിതംഎന്നോ ഒക്കെ പറയണമെന്നുണ്ടായിരുന്നു.
കട്ടിലില് കിടന്ന് നിങ്ങള്‍ ഇനിയും കിടന്നില്ലേ, എന്ന ചോദ്യവുമായി കിടന്ന സ്ത്രീയെ നോക്കി അയാള്‍ വിധിയെ കൂട്ടു പിടിച്ച് നിശ്ശബ്ദനായി.

ചില പാസ്സ് വേര്‍ഡുകള്‍ അങ്ങനെയാണു മോനേ...
ഓര്‍ക്കാനൊന്നും ഇല്ലെങ്കിലും മറക്കില്ല.
മറന്നാലും മറക്കില്ല.


പാസ്സ് വേര്‍ഡുകള്‍ മാറുന്നത് നോക്കി അയാള്‍ ഇരുന്നു.

------------------------------------------