Monday, October 29, 2007

പൂജ്യം

Buzz It

പൂജ്യം.

രാജ ഗോപാലനെന്ന പൂജ്യം അമ്മയൂടെ ഞാന്നു തുടങ്ങിയ മുലകള്‍ വലിച്ചു കുടിച്ചു.
താഴെ നിര്‍ത്തി ചന്തിക്കൊരു പെട കൊടുത്തിട്ടു് അമ്മ പറഞ്ഞു “ഇതില്‍ ഞാന്‍ ചന്യായം അരച്ചു തേക്കുന്നുണ്ടു്.
അഞ്ചു വയസ്സായിരിക്കുന്നു.”


കൽപ്പണിക്കു പോയ അമ്മ തിരിച്ചു വരുന്നവരെ, രാജഗോപാലന്‍ പൂജ്യമായൊളിച്ചിരുന്നു.
അമ്മ വന്ന പാടെ അയാളാ മുലകള്‍ തേടി ഓടി എത്തി. ചന്യായത്തിന്‍റെ കയര്‍പ്പില്‍ ചില പൂജ്യങ്ങളെ അറിഞ്ഞു.


വൈകുന്നേരമായി. പാരിജാതങ്ങളുടെ മൊട്ടുകളിലെ പൂജ്യങ്ങള്‍ കവിതകളായില്ല.
സുമ വന്നതു് ഉടഞ്ഞ സ്ലേറ്റിലെഴുതിയ ഒരു പൂജ്യം കാണിക്കാനായിരുന്നു.
മുറിപ്പാവാടയുടെ മുകളിലെ കറുത്ത മറവിലെ പൂജ്യം കണ്ടു് രാജഗോപലന്‍‍ വീണ്ടും ഒരു പൂജ്യമായി.


ഏലിയാമ്മ സാറായിരുന്നു പൂജ്യത്തിനു് വിലയുണ്ടെന്നും അതു കണ്ടു പിടിച്ചതു് ഭാരതീയരാണെന്നും രാജഗോപാലനെ പഠിപ്പിച്ചു കൊടുത്തതു്. ഏലിയാമ്മ സാറൊരു പൂജ്യമാകുന്നതറിഞ്ഞു് അയാള്‍ പൂജ്യങ്ങളെ നോക്കി ചിരിക്കാന്‍ തുടങ്ങി.


ഒളിച്ചോടിപ്പോയ പെങ്ങളെ ഓര്‍ത്തു് മറ്റൊരു പൂജ്യമായ അച്ഛനെ ഓര്‍ത്തും അയാള്‍‍ പൂജ്യമായി.
പൂജ്യങ്ങളുടെ വില പേശലില്‍ തന്നെ, തിരിച്ചു നിന്നു തുപ്പി പോയ ഭാര്യയും ഒരു പൂജ്യമായിരുന്നു എന്നയാള്‍ക്കു തോന്നി.


ആരുമില്ലാത്ത ലോകത്തൊരു വട്ട പൂജ്യമായി നിന്നു് രാജ ഗോപാലന്‍ ചോദിച്ചു പോയി. പൂജ്യത്തിന്‍റെ വിലയെന്തു്.?

Wednesday, October 24, 2007

അണ്ണനുറങ്ങാത്ത വീടു്.5(ഈ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു)

Buzz It
ഇവിടെ ഒന്നാം ഭാഗം
ഇവിടെ രണ്ടാം ഭാഗം
ഇവിടെ മൂന്നാം ഭാഗം
ഇവിടെ നാലാം ഭാഗംആദ്യമായിരുന്നു കിഴക്കടത്തു വീട്ടിനു മുന്നില്‍‍ ഒരു പോലീസു് വണ്ടി വന്നു നിന്നതു്.


പോലീസ്സുകാരനു് വഴി പറഞ്ഞു കൊടുത്ത ചൊക്കന്‍ പരമു ഗോപുരത്തിന്‍റെ പടികള്‍ക്കു പുറകില്‍ ഒളിച്ചു നിന്നു.

നേരം പര പരാ വെളുക്കുന്നതേയുള്ളായിരുന്നു. പാണയ്ക്കാട്ടു പുളിയിലെ കിളികള്‍ ഉണര്‍ന്നു തുടങ്ങി.


നാരായണന്‍ കുട്ടി.

അമ്മൂമ്മയായിരുന്നു ആദ്യമുണര്‍ന്നതു്. ആ ശബ്ദം കേട്ടതും.
അമ്മ ഉറങ്ങുകയായിരുന്നു.
കുഞ്ഞമ്മ ഭാഗവതം കെട്ടി നോക്കാന്‍ ഭസ്മം ഇട്ടു് താറുടുക്കുകയായിരുന്നു.


അയാള്‍ തലേ ദിവസം പൊലയന്‍ കുന്നിലെ സ്റ്റഡി ക്ലാസ്സിലെ ബാലേട്ടന്‍റെ തീ പാറുന്ന മുഖം സ്വപ്നത്തില്‍ കാണുകയായിരുന്നു. ബാലേട്ടന്‍റെ വാക്കുകളിലൂടെ തലമുടിയും താടിയും വളര്‍ത്തി മറ്റൊരു സമത്വ സുന്ദര യുഗം സ്വപ്നം കണ്ടയാള്‍ ചിരിച്ചുറങ്ങുകയായിരുന്നു.


ഒരു ദിവസം സദാശിവന്‍ പിള്ള പറഞ്ഞു. സാറേ...25 പേരില്‍ കൂടുതലായിരിക്കുന്നു പൈസായൊന്നും തരാതെ പഠിക്കുന്ന കുട്ടികള്‍. ഒക്കെ സാറിന്‍റെ പേരിലെത്തിയവരാണു്. ഇങ്ങ്നെ പോയാല്‍...?
അയാള്‍ ഒന്നും പറഞ്ഞില്ല.


കഴിഞ്ഞ ആഴ്ചയിലും അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞു. നാരായണന്‍ കുട്ടീമാഷേ... എനിക്കു പറയാതിരിക്കാന്‍‍ വയ്യ. ഇവിടെ പഠിക്കുന്ന കുട്ടികളുടെ പല രക്ഷകര്‍ത്താക്കളും താന്‍ പഠിപ്പിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ലാ എന്നു പറയുന്നു. കുട്ടികള് വഴിതെറ്റുന്നു എന്നൊക്കെ. ഇങ്ങനെ പോയാല്‍...?
അയാള്‍ക്കതു സഹിക്കാന്‍ പറ്റിയില്ല.

രാജിക്കത്തെഴുതി സാറിനു നല്‍കി, നടന്നു നീങ്ങുന്ന നാരായണന്‍ കുട്ടിയെ നോക്കി സദാശിവന്‍ പിള്ള സാറെന്തോ ആത്മഗതം ചെയ്തു.


അന്നു രാത്രിയിലും പോറ്റി ഗോപുര ചരുവില്‍ വിസ്മൃതിയുടെ പുകയില്‍ ലയിച്ചിരുപ്പുണ്ടായിരുന്നു.
വെറുതേ അയാള്‍‍ അടുത്തിരുന്നു. ഏതെങ്കിലും മഹാ ശബ്ദം ഉരിയാടിയെങ്കില്‍ എന്നാശിച്ചു. ഉതി മുകളിലെ കണ്ണു് ഏതോ പ്രകാശ യുഗങ്ങള്‍ക്കപ്പുറമുള്ള നക്ഷത്രങ്ങളില്‍ നിര്‍ത്തി തന്നോടു പോകാന്‍ ആംഗ്യം കാണിക്കുന്നതയാളറിഞ്ഞു. പോറ്റിയൊരു നിശബ്ദതതയായി മാറിക്കൊണ്ടിരുന്നതു് അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു.


‍‍‍‍‍‍‍‍‍‍‍---------------------------------------------------------------------------------

വാര്യത്തെ സുധ അന്നു പതിവിലും നേരത്തേ എഴുന്നേറ്റു.
സമൃദ്ധമായ തലമുടി വാരി കെട്ടി, അമ്മയെ ഉണര്‍ത്താതെ കിഴക്കു വശത്തെ ജനാലയിലൂടെ വെളിയിലേയ്ക്കു നോക്കി. പള്ളി ഉണര്‍ത്തിയ ശബ്ദം കേട്ട സുധയ്ക്കറിയാമായിരുന്നു സമയം. വെളുപ്പിനേ നാലു മണി എന്തായാലും കഴിഞ്ഞിരിക്കുന്നു.


പുലയന്‍ കുന്നില്‍ നിന്നും ശീലാന്തി ചെടികള്‍ തഴുകി വന്ന കാറ്റു്.
നാരായണന്‍ കുട്ടിയുടെ വീടു് മാത്രം ഒരു ശാപ മോക്ഷത്തിനു് തപസ്സു ചെയ്യുന്നതായവള്‍ക്കു് തോന്നി.
ഒരുമിച്ചു് പഠിച്ച നാരായണന്‍ കുട്ടിയുടെ മാറ്റങ്ങള്‍ അവളൊരു സിനിമയിലേതു പോലെ ഓര്‍ത്തു പോയി.
സത്യത്തിന്‍റെ മുഖങ്ങള്‍ മാത്രം ഇഷ്ടപ്പെട്ട നാരായണന്‍ കുട്ടി.
മോഹന്‍ ലാലിന്‍റെ പോസ്റ്ററിലിനു മുന്നില്‍ തുപ്പുന്ന അമ്മൂമ്മ.
ജാനുവമ്മയുടെ പുര മേയുമ്പോള്‍ വയ്യുവോളം നില്‍ക്കുന്ന കൊച്ചു പയ്യന്‍.
കൊച്ചുകുട്ടന്‍ പിള്ള സ്വാമി ആരോരുമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ തീട്ടവും മൂത്രവും കോരിയ ആ കൊച്ചു ചെറുപ്പക്കാരന്‍‍.


ഓര്‍ക്കുകയായിരുന്നു.കോളേജില്‍ പോകുന്ന ദിവസങ്ങള്‍. ബസ്സിറങ്ങി രണ്ടു കിലോമീറ്റര്‍ നടന്നു വീട്ടിലെത്തേണ്ടുന്ന പതിവു യാത്രകള്‍.
ഒറ്റയടി പാത. വഴിയിലെ തോടിലൊരു കാലു നനയ്ക്കല്‍. ഒരിക്കലല്ല എന്നും അതു പതിവായിരുന്നു. പാവാട ഉയരുന്നതനുസരിച്ചു് വെള്ളം തെറിപ്പിച്ചു് ചിരിക്കുന്ന നാരായണന്‍.


എന്നോ ഒരു ദിവസം തോടു വക്കിലെ സന്തോഷം പങ്കിടുകയായിരുന്നു. അന്നു നേരത്തെ കോളേജിലെ ക്ലാസ്സു കഴിഞ്ഞതിനാല്‍ നേരത്തെ എത്തിയിരുന്നു. ഒറ്റയടി പാതയില്‍ അന്നു് വെയിലുണ്ടായിരുന്നു.
വെയിലിനു് പുന്നെല്ലിന്‍റെ മണമുണ്ടായിരുന്നു. തോട്ടു കരയിലിരിക്കുംപ്പോള്‍ ഒഴുകിയ കാറ്റിനും ഒരു ചേറിന്‍റെ മണമുണ്ടായിരുന്നു. പാവാട നനയുന്നതനുസരിച്ചു് അവര്‍ ചിരിച്ചു.
വെയില് മങ്ങി, ചന്നം ചിന്നം ഒരു മഴ ചിതറി. അവര്‍ പാടി ചിരിച്ചു. “വെയിലും മഴയും കാടന്‍റെ പെണ്ണു കെട്ടു്.“ പിന്നെയും വെയിലു വന്നു, മഴയും. മഴ ഒലിച്ചിറങ്ങുന്ന സുധയുടെ മുഖത്തു് നാരായണന്‍ കുട്ടി നോക്കി. നെറ്റിയിലൂടെ കവിളിലൂടെ ഒലിച്ചിറങ്ങിയ മഴ നാരായണന്‍ കുട്ടിയുടെ മുഖത്തു വീണു. അവര്‍ ചിരിച്ചു കൊണ്ടോടി. വെയിലും മഴയും കാടനു പെണ്ണു കെട്ടു്.


അതൊക്കെ ഇന്നലെ ആയിരുന്നു.


“പുറകിലെ ശബ്ദം, സുധേ ഇന്നു് നീ നേരത്തേ.?“
അവള്‍ ചിരിച്ചു. ഒക്കെ ഉണ്ടമ്മേ. അതൊക്കെ പിന്നെ പറയാം.
സുധ കുളിച്ചൊരുങ്ങി. സമൃദ്ധമായ തലമുടിയുടെ അറ്റം ചുരുട്ടി കെട്ടി. കണ്ണെഴുതി. ഒരു കൊച്ചു പൊട്ടും ഇട്ട് കണ്ണാടിയില്‍ നോക്കി. കാടന്‍റെ പെണ്ണു കെട്ടു്, അതോര്‍ത്തു് ചിരിച്ചു.


സദാശിവന്‍ പിള്ള സാറിന്‍റെ പാരലല്‍ കോളേജില്‍ കണക്കു പഠിപ്പിക്കാന്‍ അവളെ വിളിച്ചിരിക്കയാണു്.
നാരായണന്‍ കുട്ടിയുടെ പാരലല്‍ കോളേജില്‍.
ഇന്നു്. ഇന്നു് ചെല്ലാനാണു് പറഞ്ഞിരിക്കുന്നതു്. അച്ഛന്‍‍ വന്നു പറഞ്ഞതു് ഇന്നലെ ആയിരുന്നു.
നാരായണന്‍ കുട്ടി പഠിപ്പിക്കുന്നതിനാല്‍ ദൂരെയുള്ള കുട്ടികളും അവിടെ വന്നു പഠിക്കുന്നു. ആ കോളേജിന്‍റെ വിജയം തന്നെ അയാളാണെന്നു് സുധയ്ക്കു് തോന്നിയിരുന്നു.


സുധ ഒരുങ്ങി വീണ്ടും ജനാലയിലൂടെ വെളിയിലേയ്ക്കു നോക്കി.
മുറ്റത്തെ കിളിമരത്തിലെ കുരുവികളുണര്‍ന്നു തുടങ്ങിയതേയുള്ളു.
ഗേറ്റിനടുത്തേക്കു് പേപ്പര്‍ എറിഞ്ഞു് പത്രക്കാരന്‍ കടന്നു പോകുന്നു.
സുധ കതകു തുറന്നു.
പേപ്പറെടുത്തു് നാരായണന്‍ കുട്ടിയുടെ വീട്ടിലേയ്ക്കൊന്നു നോക്കി.


ഇടവപ്പാതി മഴ .കാറ്റിലാടുന്ന മരങ്ങള്‍, ദിഗന്തങ്ങള്‍ ഗര്‍ജിക്കുന്ന ഇടികൊല്യാന്‍.
നാരായണന്‍ കുട്ടിയുടെ വീടിന്‍റെ വാതുക്കല്‍, പോലീസ്സെന്നു് എഴുതിയ ജീപ്പു കണ്ടു്, സുധ നിന്നു പോയി.
പാലു പാത്രങ്ങളുമായി വന്ന സോമനോടവള്‍ ചോദിച്ചു. “സോമാ എന്താ അവിടെ.?”
“ചേച്ചി അറിഞ്ഞില്ലേ. നാരായണന്‍ കുട്ടി സാറിനെ അറസ്റ്റു ചെയ്തു കൊണ്ടു പോകുവാ...“
എല്ലാം മനസ്സിലായ സുധ തിരിച്ചു വീട്ടിലേയ്ക്കു നടന്നു.
മുഖം കഴുകി പൊട്ടു മായ്ച്ചു് പഴയ വേഷത്തിലായ സുധ ജനലിനടുത്തു വന്നു നിന്നു.
തലേ ദിവസം എഴുതിയ കഥയുടെ കടലാസ്സു കഷണങ്ങളെ ‍ മുറ്റത്തേയ്ക്കു് പറത്തി.. ...
----------------------------------------------------

സാക്ഷകള്‍ക്കു് ബലമില്ലെന്നും സാക്ഷ വെറും സങ്കല്പമാണെന്നും അറിയുന്ന പൊരുളില്‍ അയാളുണര്‍ന്നു പോയി.
ഒരു പാഠം വായിച്ചു. അമ്മ എന്നും കാച്ചിയ പാല്‍ തരും, അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണു് അമ്മ കരയുന്നതു്.?
വായിച്ച പേജുകള്‍ നുള്ളി കീറി ആരും ഒരിക്കലും വായിക്കാതിരിക്കാനതിനെ കീറി പറത്തി.


സ്വയം ഒരു സാക്ഷയുടെ സാക്ഷാത്ക്കാരം അന്വേഷിക്കുകയയായിരുന്നോ.?

നാരായണാ....നീ ഒന്നിങ്ങോട്ടു വന്നേ.

എളുപ്പം. അമ്മൂമ്മയുടെ ശബ്ദമാണു്.


അയാളന്നത്തെ പത്രം ഒന്നോടിക്കുകയായിരുന്നു.
പോലീസ്സു് എങ്കൌണ്ടറില്‍ മരിച്ച ബാലേട്ടന്‍റെ രക്തം പുരണ്ട പടം.
പെട്ടെന്നു് അലറി വിളിച്ചു പോയി.

ലാല്‍ സലാം സഖാവേ.. മനസ്സിനുള്ളിലെ വിങ്ങലുകള്‍‍ കണ്ണീരായി പേപ്പറിലിറ്റു വീണു.


നേരം വെളുത്തതോ മനുഷ്യരുണര്‍ന്നതോ അയാള്‍ക്കറിയേണ്ടിയിരുന്നില്ല.പുളി മരത്തിലെ കിളികള്‍ ചിലച്ചില്ല.
അമ്മൂമ്മയൊന്നും പറഞ്ഞില്ല.
കുഞ്ഞമ്മയുടെ ഭാഗവതത്തില്‍ നിന്നും കീര്‍ത്തനങ്ങള്‍ കേട്ടില്ല.
അമ്മ നിഴലായി നില്‍ക്കുന്ന കട്ടിളപ്പടിയിലേയ്ക്കയാള്‍ നോക്കി പോയി.
ഉമ്മറപ്പടിയില്‍‍ ശബ്ദം കേട്ടുണര്‍ന്നു വന്ന രണ്ടു പെങ്ങന്മാരേയും അയാള്‍ നോക്കി.
അണ്ണനുറങ്ങാതിരുന്ന വീടു്............


പുറത്തു നിന്ന പോലീസ്സുകാരന്‍ കാണിച്ച കടലാസ്സു നോക്കി അയാള്‍ പകച്ചില്ല.
അറസ്റ്റു വാറണ്ടു്.

നാരായണന്‍ കുട്ടി പോലീസ്സു് ജീപ്പില്‍ കയറുമ്പോള്‍...
അമ്മൂമ്മയോര്‍ത്തു.
പള്ളിവേട്ട എഴുന്നള്ളിച്ചു വരുന്നു. നിറവയറുമ്മായി നിന്ന സരോജിനിയെ കാണിച്ചു് ശങ്കരനാരായണനോടു് അപേക്ഷിച്ചു് കിട്ടിയ ആണ്‍ തരി.
അമ്മ ഒരു കരിംചേമ്പു തണ്ടായി കുഴഞ്ഞു്....
കുഞ്ഞമ്മ....കെട്ടിയ ഭാഗവതത്തിലെ ദുഃശ്ശകുനങ്ങളെ ഓര്‍ത്തു്....
പെങ്ങന്മാര്‍ ഒന്നും അറിയാതെ വിതുമ്പി....
ഇടവപ്പാതിയെ തോല്പിച്ചു നിന്ന നാരായണന്‍ കുട്ടിയൂടെ വീടാദ്യമായി തല കുനിച്ചു.
വീട്ടിനുള്ളിലെ കണ്ണുനീരു്‍ വീഴ്ത്തുന്ന പത്തായം വീണ്ടും വലിയ കഥകള്‍ കൂടി ഓര്‍മ്മയിലേയ്ക്കു് കുറിച്ചിട്ടു.

വെളിയില്‍‍ കിടന്ന പോലീസ്സു് ജീപ്പു് നാരായണന്‍ കുട്ടിയെയും കൊണ്ടു് നീങ്ങി.

വാര്യത്തെ സുധ ഗേറ്റിനടുത്തു നില്‍ക്കുന്നതു് കണ്ടയാള്‍ നോക്കി.
എന്തോ പറയാനാഗ്രഹിച്ചതു് വേണ്ടെന്നു് ചിന്തിച്ചു് ഗോപുരത്തിനരുവിലെ ഉതിയുടെ ഉച്ചാം ശിഖരം നോക്കി എല്ലാം മറന്നായാള്‍ ഇരുന്നു.
ഒന്നും മറക്കരുതെന്നും എല്ലാം ഓര്‍മ്മിക്കാനുള്ളതാണെന്നും പഠിപ്പിച്ച മനസ്സു്.......

പാവം നാരായണന്‍‍കുട്ടി ഒന്നും ഓര്‍ക്കാതിരുന്നു...

------------------------------------------------------------

Wednesday, October 10, 2007

അണ്ണനുറങ്ങാത്ത വീടു്.4

Buzz It
ഇവിടെ ഒന്നാം ഭാഗം
ഇവിടെ രണ്ടാം ഭാഗം
ഇവിടെ മൂന്നാം ഭാഗം

പാരലല്‍ ക്ലാസ്സുകളിലെ പിരീയഡുകളില്‍ വിപ്ലവങ്ങളുടെ വെളിപാടുകള്‍ വിളമ്പുന്നതു നാരായണന്‍ കുട്ടി സാററിഞ്ഞില്ല. പുതിയ തലമുറ ഉണരുന്ന സ്വപ്നവുമായി ക്ലാസ്സുകള്‍ തുടര്‍ന്നു.
വിഷയം വിട്ടു് മേഞ്ഞു നടക്കുന്ന ആ ഒറ്റയാന്‍റെ ജല്പനങ്ങളിഷ്ടപ്പെട്ട കുഞ്ഞു കിടാവുകള്‍ പൊലയന്‍റെ കുടിലിലെ മണ്ണെന്ന വിളക്കിന്‍റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ തുടങ്ങി.
രാത്രിയിലുറങ്ങാതിരുന്ന അണ്ണന്‍ ഓരോ ശബ്ദങ്ങളുടേയും പൊരുളന്വേഷിക്കാന്‍ ടോര്‍ച്ചുമായി ഓരോ സാക്ഷകളും തിരഞ്ഞു.


നാരായണന്‍ കുട്ടിയുടെ, മൂത്ത പെങ്ങള്ക്കു് ഒരു ഗള്‍ഫുകാരന്‍റെ ആലോചന വന്നു. പയ്യന്‍റെ വീട്ടില്‍ ഒരൊച്ഛനായെത്തിയതു് നാരായണന്‍ കുട്ടി ആയിരുന്നു.


ചെറുക്കന്‍റെ അമ്മാവന്‍ ചോദിച്ചു. “ഇതൊരു കല്യാണമാണു്. പെണ്ണിന്‍റെ അച്ഛന്‍, അമ്മാവന്‍....?”
ചെറുക്കനേക്കാള്‍ പ്രായം കുറഞ്ഞ അണ്ണനായ അയാള്‍ അവിടെ ഉണ്ടായിരുന്നു.
അച്ഛനായും അമ്മാവനായും ഒക്കെ.
“ഓഹോ.... പറയൂ...”
ഞങ്ങളുടെ പയ്യന്‍ അഞ്ചക്ക ശമ്പളം ഗള്‍ഫില്‍......
“നിങ്ങള്‍ക്കെന്തു കൊടുക്കാനൊക്കും.....”


നാരായണന്‍ കുട്ടി എന്ന അണ്ണന്‍ കണക്കു കൂട്ടുകയായിരുന്നു....
മനസ്സിലൂടെ കണക്കുകള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്തു കൊണ്ടിരുന്ന നാരായണന്‍ കുട്ടി....


സ്കൂളിലെ ശ്രീജയെ ഓര്‍ക്കാന്‍‍ തുടങ്ങി..
പാദസരങ്ങളുമായി സുഭദ്ര....
നിശ്ശബ്ദതയുടെ നിര്മ്മാല്യ പുഷ്പമായ സുധ....
കിണറ്റുകരയില്‍‍ ഇരുന്ന നാരായണന്‍‍ കുട്ടി ഒരു തെള്ളിനു് തന്‍റെ സ്വപ്നങ്ങളൊക്കെ കിണറ്റിലേയ്ക്കു് തള്ളിയിട്ടു.വീടും പുരയിടവും തൊടിയും നില്‍ക്കട്ടെ.
ഒരേക്കാര്‍ തെങ്ങും പുരയിടം എഴുതാം....
തൊടിയും പുരയിടവും ഒരു പുഴയായി.
അതിലൊരു കൊച്ചു വള്ളത്തിലിരിക്കുന്ന ഇളയ പെങ്ങന്മാരെ വീണ്ടും അയാള്‍ ഓര്‍ത്തു പോയി.

നിറ വയറുമായി നിന്ന അമ്മയെ പള്ളിവേട്ട എഴുന്നള്ളിപ്പിനു് കാണിച്ചു് പ്രാര്ഥിച്ച അമ്മുമ്മയേയും ഓര്‍ത്തു പോയി.


അയാള്‍ പറഞ്ഞു. “ഒരേക്കര്‍ തെങ്ങിന്‍ പുരയിടവും പിന്നെ സ്വര്‍ണവും....”


അപ്പോഴും നാരായണന്‍ കുട്ടി കിണറ്റു കരയിലിരുന്നു കണക്കു കൂട്ടുകയായിരുന്നു....
കിണറ്റില്‍ വീണ സ്വപ്നങ്ങളൊക്കെ രക്ഷിക്കാനൊക്കാത്ത അഗാധതയിലേയ്ക്കു് പോകുന്നതു് ദൈന്യമായി നോക്കി നിന്നു.
ചെറുക്കനോടു് അമ്മാവന്‍ പറയുന്നതു കേള്‍ക്കാമായിരുന്നു.
നിന്‍റെ ഒരു മാസത്തെ ശമ്പളം....ഒക്കെ കണക്കു് നോക്കുമ്പോള്‍ ഇതൊരു നഷ്ടക്കച്ചവടമാണു്.. കുമാറേ....
കുമാറിന്‍റെ മനസ്സോ മൂത്ത പെങ്ങളുടെ സൌന്ദര്യമോ....എന്തോ...
ആ കല്യാണം.


ആ ഗ്രാമത്തിലെ ഏതു കല്യാണത്തിനും നാരായണന്‍ കുട്ടിയുണ്ടായിരുന്നല്ലോ.
ഏതു മരണത്തിനും അയാളുണ്ടായിരുന്നല്ലോ.
എന്തിനു് ജാനുവമ്മയുടെ കാലൊടിഞ്ഞപ്പോഴും സുമതി ചേച്ചിയൂടെ പ്രിയ ഭാസ്ക്കരന്‍ ചേട്ടനെ ആസ്പത്രിയിലെത്തിക്കാനും..
ഒരു കൊലയ്ക്കു് കാത്തിരുന്ന മുട്ടത്തെ വാസു കലങ്ങില്‍ നിന്നു് താഴെ വീണതു കണ്ടോടിയെത്തിയതും മറ്റാരുമായിരുന്നല്ലോ.


ഊട്ടു പുരയില്‍ ബഹളങ്ങളായിരുന്നു. തേങ്ങ തിരുമുന്ന ചേച്ചിമാരോടൊക്കെ കുശലം ചോദിച്ചു് കടക്കണ്ണുകളില്‍‍ നഷ്ടപ്പെട്ട ചിരികളുമായി ചേട്ടന്മാര്‍. കറിക്കരിയുന്നവരുടെ തമാശകള്‍. സാമ്പാറിന്‍റെ മണം നോക്കി ഉപ്പു് നിശ്ച്ഛയിക്കുന്ന വാസു പിള്ള എന്ന പാചകക്കാരന്‍. അയാള്‍ എല്ലാവരേയും സ്നേഹിച്ചു് ആ ഒച്ചയുടേയും ബഹളത്തിന്‍റേയും സമുദ്രത്തില്‍ നടന്നു. “ നാരായണാ നീ പോയി ഒറങ്ങിക്കോ. ഇവിടെ എല്ലാം റഡിയായിക്കോളും. ഇയ്യാള്‍ ഒറക്കം ഒഴിയണ്ടാ.”
വെറുതേ ചിരിച്ചു നിന്നയാള്‍.


സുധയും തന്‍റെ അമ്മയോടൊപ്പം ഊട്ടു പുരയിലുണ്ടെന്നതു് അയാള്‍ കണ്ടു.
മുണ്ടിന്‍റെ കോന്തല ഉയര്‍ത്തി നിന്നു് എന്തൊക്കെയോ ജോലി ചെയ്യുന്നു അവര്‍. അതിനപ്പുറം തന്നെ മാത്രം ശ്രദ്ധിച്ചു നില്‍ക്കുന്ന സുധ.
ഊട്ടുപുരയില്‍ നിന്നു് വെളിയിലിറങ്ങി.
തൊട്ടടുത്ത ഗോപുരം വിജനമായിരുന്നു. ബഞ്ചമിന്‍‍ പഠിപ്പിച്ച സിഗരറ്റൊരെണ്ണം ചുണ്ടില്‍ വച്ചു കത്തിച്ചു.
തൊട്ടടുത്ത ഉതി മരത്തിന്‍റെ ഇരുട്ടു നിറഞ്ഞു നിന്ന കൊമ്പില്‍ നിന്നു് ഒരു കൊച്ചു പക്ഷി ചിലച്ചു പൊങ്ങി പറന്നു.


ഇരുട്ടിന്‍റെ മറ പിടിച്ചു് തന്‍റെ അടുത്തു വന്ന നിഴല്‍‍ സുധയായിരുന്നു. കണ്ണിലൊളിപ്പിച്ച കുസൃതിയുമായവള്‍ ചോദിച്ചു. “ഒരു ജന്മ സാഫല്യം അല്ലേ.“ എഴുതാനിരിക്കുന്ന അവളുടെ ഒരു കഥയ്ക്കു വേണ്ടി ഒരു മുഖാമുഖമാണോ എന്നയാള്‍ സംശയിച്ചു. അല്ല. അവള്‍ അടുത്തിരുന്നു. പറഞ്ഞതൊക്കെ അവള്‍ക്കു മനസ്സിലായി.അവള്‍ പറഞ്ഞതൊക്കെ അയാള്‍ക്കും. അവളുടെ നെഞ്ചു പല പ്രാവശ്യം ഉയര്‍ന്നു താഴ്ന്നു. കര്‍പ്പൂരം മണക്കുന്ന അവളുടെ കൈകളെ വിടുവിച്ചു് അയാള്‍ ഓര്‍ത്തു. നാളെ ചെക്കനിടാനുള്ള മോതിരം തട്ടാനെത്തിച്ചോ. അവര്‍ രണ്ടു പേരും ഊട്ടു പുരയിലേയ്ക്കു നടന്നു.

അയാളുടെ ഒത്തിരി സുഹൃത്തുക്കള്‍‍ ദേഹണ്ഡത്തില്‍ മുഴുകിയിരിക്കുന്നു. നേരേ വീട്ടിലേയ്ക്കു നടന്നു. അമ്മയോടനുവാദം വാങ്ങിയ സുധയും അയാളോടൊപ്പം ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോഴേ അറിഞ്ഞു. മോതിരം ഒക്കെ എത്തിയിരിക്കുന്നു. അമ്മൂമ്മ പറഞ്ഞു. :നാരായണാ, നീ ഇനി ഇത്തിരി കിടക്കു്. നാളെ നിന്നെയും പലരും കാണുന്നതാ. ഒറക്കം ഒഴിഞ്ഞാല്‍ മുഖം ചീര്ത്തിരിക്കും.”


പിറ്റേ ദിവസം, കൊട്ടും കുരവയിലും കല്യാണം നടന്നു. ഒരരുവില്‍ നിന്നു തന്നെ മാത്രം ശ്രദ്ധിക്കുന്ന സുധയെ അയാള്‍ക്കു് നോക്കാതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല.പൊലയക്കുടിയിലെ സ്റ്റഡി ക്ലാസ്സിനു ശേഷം മടങ്ങുകയായിരുന്നു അയാള്‍.
രാത്രിയുട സംഗീതം ചീവീടുകള്‍ക്കു കൊടുത്ത പ്രകൃതി , ഒളിച്ചു നില്‍ക്കുന്നതു കാണാമായിരുന്നു.
ഗോപുര മതിലിനു താഴെയുള്ള കല്ലു ബഞ്ചില്‍ ഇരിക്കുന്നതു പോറ്റിയാണെന്നും അയാള്ക്കറിയാമായിരുന്നു.
കണ്ണുകള്‍ അടുത്തു നില്‍ക്കുന്ന വയസ്സന്‍ പേരാലിന്‍റെ തുഞ്ചത്തെ കൊമ്പില്‍ അര്‍പ്പിച്ചിരുന്ന പോറ്റി പറഞ്ഞു. “എടാ നാരായണന്‍ കുട്ടീ .... സത്യം ഉണ്ടു്.” “ ങെ ഇന്നലെയല്ലെ പോറ്റി പറഞ്ഞതു്. എല്ലാം മിഥ്യ ആണെന്നു്. ” “മരണമാണു് സത്യം.” പോറ്റി ചിരിച്ചു. ചിരിക്കുമ്പോള്‍ പോറ്റിയുടെ കണ്ണുകള്‍ വയസ്സന്‍ ആഞ്ഞിലിയുടെ ഉച്ചാം തലയ്ക്കലെ കൊച്ചു കവരത്തിന്‍റെ ഉച്ചാം തലയില്‍ തൂങ്ങിയിരുന്നു.
പിന്നെയും പോറ്റിയുടെ കഥനങ്ങളിലൂടെ അയാള്‍ പടി ഇറങ്ങി. സത്യം മരണമാണെന്ന പുതിയ അറിവുമായി.


ഏതോ പ്രകാശവലയത്തിലെ‍ ഒരു ചെറു കൈത്തിരി സ്വപ്നം കണ്ടുറങ്ങിപ്പോയി.


---------------------------------------------------------

ഉറക്കത്തിലേതോ ഓര്‍മ്മയിലെ ഒരു കുട്ടിക്കാലം......

പട്ടാളത്തില്‍ നിന്നും വന്ന കൊച്ചച്ഛനില്‍ അയാള്‍ അച്ഛനെ കാണുകയായിരുന്നു. ആണില്ലാത്ത വീട്ടിലെ ആണിന്‍റെ മണം അനുഭവിക്കുകയായിരുന്നു അയാള്‍. പട്ടാള കഥകള്‍ കേട്ടു് നാരായണന്‍ കുട്ടി ചിരിച്ചു. ഒരച്ഛനെ അടുത്തറിയുന്ന രണ്ടു മാസങ്ങള്‍. കാശ്മീരില്‍ നിന്നു കൊണ്ടു വന്ന കൊച്ചച്ചന്‍റെ ഒരു പഴയ ഉടുപ്പു് വെട്ടി ചെറുതാക്കി. ക്ലാസ്സിലെ സുഭദ്രയുടെ മുന്നില്‍ ആദ്യമായഭിമാനത്തോടെ നിന്നു. നോക്കു സുഭ്ദ്രേ...എനിക്കും ഒരച്ഛനുണ്ടു്. എന്നു പറയാന്‍.


സുഭദ്ര തന്‍റെ വെളുത്ത വെള്ളി കൊലുസ്സും കൊലുസ്സിനു മുകളിലെ വെളുത്ത കാലുകളും കാണിച്ചു് ചിരിച്ചു.


ഗോപുരത്തിലന്നൊക്കെ ഇരുന്നു വെടിയടിച്ചിരുന്ന അണ്ണന്മാര്‍ ചോദിച്ചു. നാരായണൊ.പുത്തന്‍ ഉടുപ്പൊക്കെ. കൊച്ചച്ഛന്‍ പട്ടാളത്തില്‍ നിന്നു കൊണ്ടുവന്നതാ. അങ്ങനെ പറയുമ്പോള്‍ ഗോപുരത്തോളം ഉയരം വച്ചതായി അയാള്‍ക്കു തോന്നി. അപ്പോഴാരോ ചോദിച്ച ചോദ്യം ഓര്‍ക്കുന്നു. നാരായണാ നിന്‍റെ കൊച്ചച്ചന്‍‍ തോക്കു കൊണ്ടുവന്നിട്ടുണ്ടോ.? കൂട്ട ചിരിയിലേയ്ക്കു നോക്കി നാരായണന്‍ പറയും. ഇല്ല ഞാനിതുവരെ കണ്ടില്ല. അഭിമാനത്തോടെ അയാള്‍ ഗോപുരം ഇറങ്ങുമായിരുന്നു. പുറകിലെ അണ്ണന്മാരുടെ കൂട്ട ചിരിയുടെ അര്‍ത്ഥമറിയാതെ പാവം അയാള് നടന്നതു് നോക്കി ശങ്കരനാരായണനും ചിരിച്ചുവോ.?

.

വീട്ടിലെത്തുമ്പോള്‍ അമ്മ കിടന്നു കഴിഞ്ഞിരിക്കും. അമ്മൂമ്മ പറയും നാരായണാ,,,അത്താഴം എടുത്തു വച്ചിരിക്കുന്നു. നീ എന്തേ താമസിച്ചതു്.?


"കൂട്ടുകാരൊക്കെ ഗോപുരത്തിലുണ്ടായിരുന്നു. സംസാരിച്ചു സമയം പോയതറിഞ്ഞില്ല."

മൂത്ത പെങ്ങള്‍ കൊച്ചു പാവാടയുടുത്തു് കുഞ്ഞമ്മയുടെ അടുത്തു കിടക്കുന്നുണ്ടായിരുന്നു. രണ്ടാമത്തവള്‍ അമ്മൂമ്മയുടെ കൂടെയും.


അത്താഴം കഴിക്കുമ്പോള്‍‍ കണ്ടു, ഒരു ചെറു മുറി മുട്ടയപ്പം. കൊച്ചച്ഛനുണ്ടാക്കിയതാണു്. നാരായണന്‍ കുട്ടി സന്തോഷത്തോടെ അത്താഴം ഉണ്ടു. അമ്മ എപ്പോഴേ അടുത്ത മുറിയില്‍ ഉറങ്ങിയിരുന്നു.കൊച്ചച്ഛനും...


ഒന്നും ആലോചിക്കാനറിയാത്ത നാരായണന്‍ കുട്ടിയുടെ മടിയിലിരുന്നു കളിക്കാന്‍‍, അമ്മ മൂന്നാമത്തെ പെങ്ങളെ നല്‍കിയതു് കൊച്ചച്ചന്‍‍ ലീവു് കഴിഞ്ഞു് പോയൊരു വര്‍ഷത്തിനു ശേഷം ആയിരുന്നു.


നാരായണന്‍‍ കുട്ടിയ്ക്കു് ഓര്‍മ്മകള്‍ക്കൊരു പഞ്ഞവുമില്ല. ഓര്‍മ്മകളുടെ ചെപ്പു കുടങ്ങളിലെ കണ്ണുനീര് മുത്തുകള്‍‍ എന്നും അയാള്‍ക്കൊരു ബോധി വ്റൃക്ഷം നല്‍കി.
------------------------------------------------------

അതിരാവിലെ ആരോ വിളിച്ചുണര്‍ത്തുന്ന പോലെ ഉണരുന്ന അമ്മ.
അതിനു മുന്നെ അമ്പലത്തിലെ പള്ളിയുണര്‍ത്തുന്നതിനു മുന്നേ മുറുക്കാനൊന്നു ചവച്ചു തുപ്പി പിന്നെ ഉറങ്ങാനായി ഉണരുന്ന അമ്മൂമ്മ. നീ ഇതുവരെ ഉറങ്ങിയില്ലേ എന്നു് രാത്രി മൂന്നു മണിക്കു് ദുസ്വപ്നങ്ങള്‍ കണ്ടുണരുന്ന കുഞ്ഞമ്മ. തനിക്കു മാത്രം വിധിക്കപ്പെട്ട നിര്‍മ്മാല്യങ്ങള്‍.


നാരായണന്‍ കുട്ടി എന്തൊക്കെയോ ആവാനായി രാത്രി ഉറങ്ങാതിരുന്നു പോയി. പുസ്തകങ്ങള്‍ അയാളുടെ കട്ടിലിലൊരു കൊച്ചു മെത്തയായിക്കൊണ്ടിരുന്നു.
മനസ്സിലൊരു നിര്‍മ്മാല്യ വിഗ്രഹം. അഭിഷേക ശില‍ കണ്ണുനീര്‍ തീര്‍ത്ഥമാകാന്‍‍ തുടങ്ങിയിരിക്കുന്നു.


പുലയന്‍ കുന്നിലെ ഗിരി പ്രഭാഷണങ്ങളില്‍‍ തള്ര്ന്നു നടന്നു വരുന്ന ഒരു രാത്രി. “ആരാ നാരായണനാ.” “അതേ. ”
നടു റോഡില്‍‍ ദാസ്സേട്ടന്‍ നില്‍ക്കുന്നു. ആറടി ഉയരവും ശുഷ്ക്കിച്ച ശരീരവും ആ നെഞ്ചു നിറയെ ചുമയുമായി ദാസേട്ടനെന്ന പഴയ സഖാവു്. അടുത്തു കണ്ട കലങ്ങില്‍ അയാളോടിരിക്കാന്‍ പറഞ്ഞു. പിന്നെ ദാസേട്ടന്‍ തന്‍റെ നെഞ്ചു കലങ്ങിയ, കലക്കിയ വിപ്ലവ ചരിത്രങ്ങള്‍ പറഞ്ഞു തന്നു. കുറേ ഉപദേശങ്ങളും. രാത്രി ഒരു മണിയോടെ പിരിയുമ്പോള്‍‍ ദാസേട്ടന്‍‍ കരഞ്ഞിരുന്നോ. അതോ അയാളായിരുന്നോ കരഞ്ഞു പോയതു്.


റോഡിനു് വീതി കൂടിയതു പോലെ അയാള്‍ക്കു തോന്നി. വിശാലമായ വലിയ ഇടവഴിയില്‍ അമ്മൂമ്മ പറയുന്ന മറുത ഇറങ്ങുന്ന സമയം. സുധയുട വീടിനുള്ളില്‍ ഒരു ചെറു തിരി വെട്ടം ഉണ്ടു്. ഏതോ പുസ്തകം പുകച്ചു കളയുന്ന സുധയെ അയാള്‍ക്കറിയാം. തന്നോടെന്നും സഹതാപവുമായി പിന്നേ നടക്കുന്ന സുധയെ അയാള്‍ ഇഷ്ടപ്പെട്ടിരുന്നു.


ജാനുവമ്മയുടെ വളര്‍ത്തു നായ ഗേറ്റിനുള്ളില്‍ നിന്നു് കുരച്ചു. അയാളുടെ കാൽപ്പെരുമാറ്റവും അയാള്‍ക്കു് അലോസരമായി തോന്നി.


ഇടവപ്പാതി പുച്ഛിച്ചു നിര്‍ത്തിയിരിക്കുന്ന ആ മണ്‍കൂരയില്‍ തന്‍റെ പത്തായം ഒത്തിരി കഥകളുമായി അയാളെ കാത്തിരുന്നു. ശബ്ദമുണ്ടാക്കാതെ കിടന്ന നാരായണന്‍ കുട്ടി കേള്ക്കുന്നുണ്ടായിരുന്നു...അപ്പുറത്തു് അമ്മൂമ്മ പറയുന്നതു്. നാളെ കേശവനെ വിളിച്ചു് കവടി നിരത്തിയിട്ടു തന്നെ കാര്യം.
ഒന്നുമറിയാതെ തന്‍റെ കൊച്ചു പെങ്ങന്മാരുടെ രാത്രിയുടെ പിച്ചും പറയലില്‍ നാരായണന്‍ കുട്ടി ഉറങ്ങാന്‍ കിടന്നു.


പറഞ്ഞു തീര്ക്കാന്‍ കഴിയാത്ത ഒരു കഥയില്ലായ്മയിലെ ഒരു കണികയായി പാവം നാരായണന്‍ കുട്ടി ഓരോ സാക്ഷകളിലേയും പാപ പുണ്യങ്ങളോര്‍ത്തു്....


-----------------------------------------------------------------