Monday, December 31, 2007

ഇടവപ്പാതിക്ക് ശേഷം.

Buzz It

ഇടവപ്പാതി ഇരമ്പുകയാണ്. വൈകുന്നേരമാകുന്നതേയുള്ളു. ഒരു സന്ധ്യയുടെ പ്രതീതി ആയിരിക്കുന്നു. കാറ്റിലാടുന്ന വൃക്ഷങ്ങള്‍. ചെറിയ കാറ്റൊരു വലിയ കൊടുംകാറ്റായി. പടിഞ്ഞാറന്‍ കുന്നിനു മുകളില്‍ മേഘങ്ങള്‍ കുതിരകളായി. പ്രകൃതി അലറി ഉഴറി തലമുടി അഴിച്ചിട്ട ഭദ്രകാളിയായി.ദീപയാണവന്‍റെ കൈയ്യില്‍ പിടിച്ചത്. നമുക്കോടാം. മഴ ഇപ്പോള്‍ പെയ്യും. വാടാ. അവള്‍ക്കൊപ്പം അവനും ഓടി. ചീതാനം വീശിയടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന അവളുടെ മുറിപ്പാവാട നനഞ്ഞു തുടങ്ങിയിരുന്നു. അമ്പലത്തിന്‍റെ വടക്കേ മതിലിലെ പൊളിഞ്ഞ ഭിത്തി കയറി ഇറങ്ങിയാല്‍ ഊട്ടു പുരയുടെ വടക്കേ മൂലയിലൊരു ഒഴിഞ്ഞ തിട്ടയുണ്ട്. ആ തിട്ടയുടെ അരുകിലൊരു വലിയ ആഞ്ഞിലി മരം ഉള്ളതു കൊണ്ട് തിട്ടയിലിരുന്നാല്‍ നനയില്ല. അവിടം എന്നും രഹസ്യങ്ങളുടെ ശ്മശാനമായിരുന്നു. അവിടെ ഇരിക്കാന്‍ എന്നും കൊതിച്ചിരുന്നു. അവനും ഓടുകയായിരുന്നു.ദീപയുടെ ലക്ഷ്യം അവിടേയ്ക്കാണെന്ന് ഓടുമ്പോള്‍ അവന്‍ ഊഹിച്ചു. ആദ്യം മതിലു കയറിയതവനായിരുന്നു. “സൂക്ഷിച്ച്.“ അവള്‍ പറയുന്നുണ്ടായിരുന്നു. ദീപ രണ്ടു പ്രാവശ്യം കാലുയര്‍ത്തി മതിലിലെ ചെറിയ കൊത ചവിട്ടി കയറാന്‍ നോക്കി എങ്കിലും നടന്നില്ല. മൂന്നാമത് അവന്‍ കൈ കൊടുത്ത് ബലമുപയോഗിച്ച് , ദീപ നെഞ്ചൊരച്ച് കൈകള്‍ പോറി, പാവാട കീറി, താഴെ ഇറങ്ങി. കൂട്ട ചിരിയില്‍ ഇടവപ്പാതിയും പങ്കു ചേര്‍ന്നു.


മുഖം കറുപ്പിച്ചു നിന്ന ആകാശം മാത്രം അവരെ നോക്കുന്നുണ്ടായിരുന്നു.
ഇടവപ്പാതി ഉറഞ്ഞു തുള്ളുന്നു. അകലെ നിന്ന ഒറ്റയാന്‍ തെങ്ങൊരു കഥകളിക്കാരന്‍റെ മുദ്രകള്‍ ഓര്‍മ്മിപ്പിച്ചു. താഴെ ഒരു വട്ടയിലിരുന്ന കാക്ക ശിഖരത്തില്‍ നിന്ന് വീഴാതിരിക്കാന്‍ ആടി ആടി അനങ്ങി അനങ്ങിയിരിക്കുന്നു. കടലിരമ്പുന്ന ശബ്ദം .പ്രേതങ്ങളുടെ വായ്ത്താരി പോലെ. പെട്ടെന്നൊരു ഇടിയും മിന്നലും. പ്രകൃതി പ്രകമ്പനം കൊണ്ടു.. അതിനു ശേഷം തുള്ളിക്കൊരു കുടം കണക്കിനു് മഴ മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ ഇരുന്ന അവനോടവള്‍ പറഞ്ഞു.
തുള്ളി മുറിയുന്നു, മഴ തോര്‍ന്നാല്‍ നമുക്കീ താഴെ ഇറങ്ങി കുറുക്കു വഴിയിലൂടെ വീട്ടിലെത്താം.അവറ്‍‍‍ അടുത്തടുത്തിരുന്നു. കീറിയ പാവാട ഒളിപ്പിക്കാന്‍ അവള്‍ പാടു പെടുന്നുണ്ടായിരുന്നു.തിട്ടയുടെ അരുകു ചേര്‍ന്ന് വരി വരിയായി പോകുന്ന ഉറുമ്പുകളെ അവന്‍ നോക്കിയിരുന്നു. കൈയ്യില്‍ കിട്ടിയ ഒരു കൊച്ചു കമ്പു കൊണ്ട് അതിന്‍റെ ദിശ തിരിച്ചു വിടാന്‍ ശ്രമിച്ചു. ഇല്ല.. വീണ്ടും അവരുടെ യാത്ര മുന്‍കൂട്ടി നിശ്ച്ചയിച്ച പോലെ തുടര്‍ന്നു കൊണ്ടിരുന്നു,
അവനെപ്പൊഴൊ ഒരു കുഞ്ഞുറുമ്പായി. ദീപയുടെ കീറിയ പാവാടയില്‍ കടിച്ചതും. ചിരിച്ചതും മതിലു ചാടി താഴേയുള്ള കുറുക്കു വഴിയിലൂടെ ഓടിയതും ഓര്‍ക്കുന്നു.


മരം പെയ്ത മഴവെള്ളം വീണു് നനഞ്ഞോടുകയായിരുന്നു. ചിരിച്ചു കൊണ്ടോടിയ ദീപാ. അതിനു പുറകേ അവനും.ഓടി ഓടി എത്തിയതെവിടെ ഒക്കെ ആയിരുന്നു. അവനെവിടെ എത്തി. ദീപ എവിടെ എത്തി. നിര്‍ത്താതെ ഓടിയ അവനെപ്പോഴോ അയാളായതും ഇന്നലെ ആയിരുന്നൊ.?


കുറുക്കു വഴികളിലെവിടെ ഒക്കെയോ കാലിടറിയോ.

അയാള്‍ കഴിഞ്ഞ യാത്രയില്‍ മനപൂര്‍വ്വം ഊട്ടു പുരയുടെ പുറകില്‍ തിട്ടയുടെ പിന്നാമ്പുറങ്ങള്‍ തേടി പോയി. ഊട്ടു പുര മാറിയിരിക്കുന്നു. സദ്യാലയമായി മാറി. സദ്യാലയത്തിനു ചുറ്റും കൂറ്റന്‍ മതിലുകളുയര്‍ന്നിരിക്കുന്നു. പുറകിലായി വലിയ കല്യാണ മണ്ഡപം.. ആഞ്ഞിലി മരം മരിച്ചു പോയിരിക്കുന്നു.ഓര്‍മ്മകള്‍ നിഴലുകളായി ജീവിച്ചിരിക്കുന്നു. മതിലിനരുകില്‍ നിന്നയാള്‍ നോക്കി. ഉറുമ്പുകളെ. വഴിതിരിച്ചു വിടാനായി തെരഞ്ഞു.. ഇല്ല. ഒരുറുമ്പും ഇല്ലാ.


ഇടവപ്പാതി.ചീതാനം.
പഴയ ആ വട്ട.
വട്ടയുടെ ശിഖരത്തിലിരുന്നു നനഞ്ഞ ആ കാക്ക.
ആ ഇടിയും മിന്നലും.
സത്യത്തിന്‍റെ പടിവാതിലുകള്‍ വെളുക്കെ ചിരിക്കുന്നത് .
ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്യാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നിന്നു.
രാത്രിയുടെ സുഗന്ധം.ചീവീടുകളുടെ മെഴുകുതിരി.
മെഴുകുതിരിയുടെ സംഗീതം.
എരുക്കിന്‍ പൂക്കളൊളിപ്പിച്ച നാണം മുറ്റം നിറയെ കളമെഴുത്തു നടത്തുന്നു.
മാവിന്‍ തുഞ്ചത്തു നിന്നു് ചന്ദ്രിക അടര്‍ന്നു വീഴുന്നുണ്ടായിരുന്നു.ഇന്നലെ ..

നടവരമ്പിലൂടെ തന്‍റെ ജീവിത നഷ്ടങ്ങളേ തിരിച്ചറിയുന്ന യാത്രയില്‍
വെറുതേ പെങ്ങളോടു അന്വേഷിച്ചു.


ദീപയിപ്പോള്‍ എവിടെ ആണു്.
പെങ്ങളൊരു മുത്തശ്ശിയായി മൂക്കത്ത് വിരല്‍ വച്ചു.
പെങ്ങള്‍ക്കൊരു ഭാവഗീതത്തിന്‍റെ പൊരുള്‍..
പിന്നെ തുളുമ്പുന്ന കണ്ണുനീരില്‍ പെങ്ങള്‍ പറഞ്ഞു.
ദീപ ച്ചേച്ചി മരിച്ചിട്ട് പത്തു വര്‍ഷമായിരിക്കുന്നു.
ആ വിവരം അണ്ണനെ അമ്മ അറിയിക്കാതിരുന്നതാണു്.
ഒരിക്കലും അണ്ണനറിയാതിരിക്കാന്‍ പറയാതിരുന്നതാണു്.ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്ലിയാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്‍റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നടന്നു.


കുറുക്കു വഴികളുടെ നീളം അയാള്‍ അറിയുകയായിരുന്നു.***********************************

ചിലപ്പോള്‍ ഇങ്ങനെ ഒക്കെ ആണു്.
മുറിഞ്ഞു പോകുന്ന ഉറക്കം തിരികെ വരാന്‍‍ മടിച്ച് നില്‍ക്കുന്നു.
അയാള്‍ ബെഡ്ഡില്‍ നിന്നും എഴുനേറ്റു. അടുത്തു തന്നെ ഉറങ്ങുന്ന ശ്രീമതിയറിയാതെ അയാള്‍ നടന്നു.
രണ്ടു മക്കളും ഉറങ്ങുന്നതു കണ്ട് ശബ്ദമുണ്ടാക്കാതെ ..


നഗരത്തിന്‍റെ ഹൃദയഭാഗത്ത് താന്‍ വാങ്ങിയ , അഞ്ചാം നിലയിലെ തന്‍റെ ഫ്ലാറ്റിലെ, വെളിയിലേയ്ക്ക് വരദാനമായി ലഭിച്ച ബാല്‍ക്കണിയിലെ, ചാരു കസേരയിലയാള്‍ വന്നിരുന്നു. ഉറക്കം വരുന്നില്ല. വെളിയിലുറങ്ങുന്ന നഗരം. താഴെ ഗേറ്റിനടുത്തു് ഇരുന്നുറങ്ങുന്ന ഗാര്‍ഡുകള്‍. കത്തിയെരിയുന്ന നെരിപ്പൊടിന്‍റെ ചുവപ്പ്. തണുപ്പിന്‍റെ ആത്മാവ് ഭ്രാന്തമായാടുന്ന ഡിസംബറിന്‍റെ വിറങ്ങലിച്ച രാത്രികള്‍.


മുഖം മറയ്ക്കുന്ന വലിയ തൊപ്പിയും കമ്പിളി ഉടുപ്പുകളും ഒക്കെ ഇട്ടിരുന്നിട്ടും അയാള്‍ക്ക് ശരിക്കും തണുപ്പനുഭവപ്പെട്ടു. വെറുതേ അകത്തേയ്ക്ക് നോക്കി.
ഒന്നുമറിയാതുറങ്ങുന്ന അവളുടെ മുഖം ദൂരെ നിന്നു വീഴുന്ന നഗര വിളക്കിന്‍റെ ക്ഷീണിച്ച പ്രകാശത്തില്‍ അവ്യക്തമായി കാണാം.

ചെറിയ ഒരു ചുമ വന്നത് ചുമയ്ക്കാതെ അയാള്‍ നിയന്ത്രിച്ചു.
അവളുണരരുത്.

ഇതു കണ്ടാലുടനെ പറയും. വെളിയില്‍ വന്നിരുന്ന് മഞ്ഞു കൊള്ളുന്നതിന്‍ കുറ്റം പറയും. അല്ലേലും തനിക്ക് അല്പം വട്ട് ഈയിടെ ആയി കുറച്ചു കൂടി കൂടുന്നു എന്ന് അവ്ള്ക്കഭിപ്രായം ഉണ്ട്. മൂന്നു മാസത്തിനു മുന്നെ ആദ്യ മഴ പെയ്തപ്പോള്‍ , ബാല്‍ക്കണിയില്‍ നിന്ന് അയാള്‍ മഴയ്ത്തു കുളിച്ചതിനു് ഒത്തിരി പരാതി പറഞ്ഞിരുന്നു. പനി പിടിക്കുമെന്നും പ്രായം കൂടുന്ന് എന്നോര്‍ക്കുന്നത് നല്ലതാണെന്നും ഒക്കെ. അവള്‍ പറഞ്ഞതും ശരിയായിരുന്നു. ഒരാഴ്ച പനി പിടിച്ചിരുന്നത് അതിനു ശേഷം ആയിരുന്നു.ബാല്‍ക്കണിയില്‍ ചക്രവാളങ്ങള്‍ക്കപ്പുറം ഉറങ്ങുന്ന ജന്മ നാടിനെ കാണാന്‍ നക്ഷത്രങ്ങള്‍ക്കുമപ്പുറം കണ്ണും നട്ട് അയാളിരുന്നു.


പെട്ടെന്നായിരുന്നു അയാള്‍ കണ്ടത്. പൂച്ചട്ടിയിലെ മണിപ്ലാന്‍റു പടരുന്ന ഭിത്തിയിലൂടെ ഉറുമ്പുകള്‍ വരിവരി ആയി പോകുന്നു.

വരി വരി ആയി പോകുന്ന ഉറുമ്പുകളില്‍ ചിലത് തല പൊക്കി തന്നെ നോക്കുന്നു. ദിശ തിരിച്ചു വിടാനായി ഒരില പറിച്ച് വരികള്‍ക്കിടയ്ക്ക് തട വച്ചയാള്‍ സ്വയം ചിരിച്ചു. മൌനം സത്യത്തിന്‍റ് പടിവാതിലുകളില്‍ മറഞ്ഞു നിന്നു ചിരിച്ചു.
അപ്പോഴും താഴെ നെരിപ്പോട് കത്തുന്നു ണ്ടായിരുന്നു...

Friday, December 21, 2007

വേലായുധന്‍റെ സ്വപ്നങ്ങള്‍‍

Buzz It
അഗ്രഗേറ്ററുകളില്‍‍ വരാഞ്ഞതിനാല്‍ വേലായുധന്‍റെ സ്വപ്നങ്ങള്‍‍ എന്ന പോസ്റ്റിന്‍റെ ലിങ്ക് ഒന്നു കൂടി പബ്ലിഷു ചെയ്യുന്നു. ഈ ലിങ്കിലൂടെ അവിടെ എത്താം.
സസ്നേഹം,
വേണു.
(ഇവിടെ)വേലായുധന്‍റെ സ്വപ്നങ്ങള്(കഥ)‍‍

വേലായുധന്‍റെ സ്വപ്നങ്ങള്‍‍

Buzz It

പഠിച്ചതൊന്നും പറയാതിരിക്കാം...
വഴികളൊക്കെ മറക്കാം.
പക്ഷേ മറന്നൊതൊന്നും ഓര്‍ക്കാതിരിക്കാന്‍ വേലായുധനു കഴിഞ്ഞില്ല.


ആ ഓര്‍മ്മകളാണു് വേലായുധനെ പിന്നെയും പലതും പഠിക്കാന്‍ പ്രേരിപ്പിച്ചതു്.

അവിടെ വേലായുധന്‍റെ ദുരന്തങ്ങള്‍ ആരംഭിക്കുന്നു,
ഇന്നലെപോലെ തോന്നി വേലായുധനു്.
അച്ഛന്‍ മരിച്ചു കിടന്ന കട്ടിലിനു് മുന്നെ നില്‍ക്കുന്ന നിക്കറിട്ട ചെറുക്കന്‍റെ രൂപം.വിറകു കൂമ്പാരത്തിനു് തീ കൊളുത്തി നിന്ന വേലായുധന്‍ മുകളിലേയ്ക്കൊന്നു നോക്കി.
എരിഞ്ഞു കത്തുന്ന വിറകിലെ കട്ടി പുകയില്‍ മേലേയ്ക്കു പോകുന്ന അച്ഛന്‍.
മുകളിലാകാശവും താഴെ ഭൂമിയും ആയി വേലായുധന്‍.


അമ്മ ചുമച്ചതോ, അമ്മൂമ്മ കരഞ്ഞതോ, ഇളയ പെങ്ങള്‍ ജനലീലൂടെ കത്തെഴുതി റോഡിലൂടെ പോയ ചെക്കനു് കൊടുത്തതോ ഒന്നും വേലായുധനറിഞ്ഞില്ല.
വേലായുധന്‍ വിജയിക്കാന്‍ തീരുമാനിച്ചു.


പണം ഇല്ലെങ്കില്‍ ആരും പട്ടിയാണെന്നൊരു ബാല പാഠം പഠിച്ച വേലായുധന്‍ ജീവിക്കാന്‍ പഠിച്ചു.


ഓരോ ഏണികളിലും കയറുമ്പോള്‍‍ വേലായുധന്‍ മുകളിലേയ്ക്കു മാത്രം നോക്കി.
മുകളിലെത്തിയാല്‍ വേലായുധന്‍- ഒരിക്കലും മറന്നില്ല ഏണി തട്ടി താഴെ മറിച്ചിടാന്‍‍. ഓരോഏണിയിlലൂടെയും വേലായുധന്‍ ഓരോരോ ഹിമാലയങ്ങള്‍‍ കീഴടക്കി കോണ്ടേ ഇരുന്നു.


നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതിനു മുന്നേ പെങ്ങളെ ഒരുത്തന്‍റെ കൂടെ കെട്ടി പറഞ്ഞയക്കാന്‍ വേലായുധന്‍ മറന്നില്ല.അമ്മയുടെ അസ്ഥി ഗംഗയിലൊഴുക്കി നിവരുമ്പോഴും വേലായുധന്‍ വിജയിക്കാന്‍ പഠിക്കുകയായിരുന്നു.


ഭാര്യക്കു വാങ്ങിയ സ്വര്‍ണങ്ങളിലൊന്നും മതിയാവാതെ പിന്നെയും ഫ്ലാറ്റുകളൊക്കെ വാങ്ങി വേലായുധന്‍..
മക്കളില്ലാത്ത വേലായുധന്‍റെ ഭാര്യ, സ്വപ്നങ്ങളില്ലാതെ ഉറങ്ങി ഉണര്‍ന്നു.


വേലായുധന്‍റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു കൊണ്ടേ ഇരുന്നു.
നാട്ടിലെ പെങ്ങളൊരു മരമായി . ആ മരത്തിലൊത്തിരി ശിഖരങ്ങളും ആയി സന്തോഷിച്ചു ചിരിച്ചു മരിച്ചപ്പോഴും, അണ്ണനു പോകാന്‍ സമയമില്ലാതെ വേലായുധന്‍ എന്തൊക്കെയോ പഠിക്കുകയായിരുന്നു.


പഠിത്തമൊരു പരിധി കഴിഞ്ഞപ്പോഴായിരുന്നു വേലായുധന്‍‍ കണ്ണാടിയില്‍ നോക്കിയതു്. കണ്ണാടിയില്‍ തെളിഞ്ഞ മെലിഞുണങിങിയ നരച്ച മനുഷ്യനും അതിനു പുറകിലെ മെലിന്ഞ കൂനിയ സ്ത്രീ രൂപവും, വേലായുധനും ഭാര്യയും ആണെന്നു് മനസ്സിലാക്കിയപ്പോഴേയ്ക്കും അയാള്ക്കെല്ലാം പഠിച്ചതായി തോന്നി.


വേലായുധനും ഒടുവില്‍ പഠിച്ചു.
പണം ഏതു പട്ടിക്കും ഉണ്ടാക്കാം എന്നു്..
വേലായുധനും ഒരു പട്ടിയായി മരിച്ചു.


ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു.