Saturday, October 04, 2008

രസീത്

Buzz It
(ഇവിടെ ഞെക്കുക)നിങ്ങള്‍ക്കൊരു രസീത്.)‍‍nangihnangih

രസീത്

Buzz It

അമ്പലത്തിലെ പള്ളിയുണര്‍ത്തുന്ന ശബ്ദം കിളിവാതിലിനിപ്പിറം കിടക്കുന്ന രാജശേഖരനെ ഉണര്‍ത്തി.
താളമില്ലാത്ത ശബ്ദത്തില്‍ മുറുക്കാനിടിക്കുന്ന അമ്മൂമ്മയുടെ ഇടികല്ലിന്‍റെ ശബ്ദം പെരുവഴിയിലൂടെ ഇഴഞ്ഞു പോകുന്നതു് രാജന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

“ അവന്‍റെ നാളല്ലിയോ നാളേ. ഇവിടെ ആരോര്‍ക്കാനാ..... സുകൃത ക്ഷയം.” ഒരു ഭഗവതി സേവ മനസ്സിലുണ്ടാരുന്നേ.. ആരോടു പറയാനാ..” ഇന്നലെ വൈകുന്നേരം അമ്മൂമ്മ പറയുന്നതു കേട്ടിരുന്നു.

ഇടിച്ചു കുഴച്ച മുറുക്കാന്‍ വായിലിട്ട് കുറേ നേരം മിണ്ടാതിരിക്കുന്ന അമ്മൂമ്മയെ ഇരുട്ടത്തും രാജനു നാട്ടുവെളിച്ചത്തില്‍ കാണാമായിരുന്നു.

ജന്നാലയിലൂടെ കുടുംബ കാവിലെ കാഞ്ഞിര മരത്തിന്‍റെ ചില്ലയില്‍ ഒരു നക്ഷത്രം ഇഴയുന്നതു കാണാമായിരുന്നു.
അപ്പുറത്തു കിടന്ന അമ്മ എന്തോ പറയാന്‍ ശ്രമിച്ചു. നാളത്തേ അരിക്കു് രാവിലെ പലചരക്കു കടയിലെ കടം പറയാനുള്ള വാക്കുകള്‍ അമ്മ ഉറക്കത്തില്‍ കാണാതെ പഠിക്കുകയാണെന്നു് രാജനു് അറിയാമായിരുന്നു.

എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടെങ്കിലും ആരും ഓര്‍ക്കുന്നതറിയിക്കാതെ ഒഴുകി നീങ്ങുന്ന ഒരു ജന്മ ദിനം.
കാഞ്ഞിരത്തിന്‍റെ വടക്കേ ചില്ലയില്‍ ഇരുന്നു് ഒരു കൂമന്‍റെ മൂളല്‍. അമ്മൂമ്മ കാര്‍ക്കിച്ചു തുപ്പി. അശ്രീകരം.

അടുക്കള ഭാഗത്തു് സുകൃതക്ഷതങ്ങളുടെ പാത്രങ്ങള്‍ ശബ്ദമുണ്ടാക്കി.
പാലു തീര്‍ന്ന കല്യാണി ദയനീയമായി എരുത്തിലില്‍ നോക്കി നിന്നു.

ഇറമ്പത്തു് ഇറങ്ങി നിന്ന് മൂരി വീട്ടു് നിന്ന രാജനെ അമ്മൂമ്മ നോക്കി. പോയി കുളിച്ചു് വാടാ ചെറുക്കാ.

അയയിലിട്ടിരുന്ന കരിമനടിച്ച തോര്‍ത്തുടുത്തു് , എണ്ണ വറ്റിയ എണ്ണക്കുപ്പിയിലെ മെഴുക്കു് കയ്യിലെയ്യ്ക്കു് ചാലിച്ചു് ചപ്രം തലമുടിയില്‍ പുരട്ടി ഒരോട്ടം. ചെറയിലേയ്ക്കു്. മഠത്തിലെ വാതുക്കല്‍ ഒരു വിസിലു കൊടുക്കാന്‍ മറന്നില്ല. സുബ്ബന്‍ വന്നോളും.
ഇടവഴി തിരിഞ്ഞപ്പോള്‍ കണ്ടതു് അമ്പലത്തില്‍ നിന്നും നടന്നു വരുന്ന സുഭദ്രയെ. കോക്രി കാണിച്ചു ചിരിച്ച അവളെ കണ്ടില്ലെന്നു നടിച്ചോടി രാജന്‍.

ചിറയില്‍ പൊട്ടന്‍ ഗോപിയും സാമ്പനും നേരത്തേ എത്തിയിട്ടുണ്ടു്. അവരുമായി ഒരക്കര ഇക്കര മത്സരിച്ചു. നല്ല തണുപ്പു്. ഇക്കര വന്നപ്പോള്‍ തന്‍റെ സോപ്പു തേച്ചു് വാര്യര്‍ സുഖമായി കുളിക്കുന്നു. ഒരു മാസത്തേയ്ക്കു് അമ്മ മുറിച്ചു തരുന്ന സോപ്പാണതു്. ഒരു സൂക്ഷ്മവും ഇല്ലാതെ പതപ്പിക്കുന്ന വാര്യരെ ഒന്നും മിണ്ടാതെ നോക്കി നിന്നു.

പിന്നെ ഒറ്റ മുങ്ങലിനു് സോപ്പു കഴുകി,
ഒറ്റക്കുതിപ്പിനു് കൽപ്പടവുകള്‍ കയറി.
ഓരോ ദൈവങ്ങളുടേയും മുന്നില്‍ നിന്ന് ഒന്നും പറയാനില്ലാതെ പ്രാര്‍ത്ഥിച്ചു.

മേലേ അമ്പലത്തിലെ ശാന്തിക്കാരന്‍ തിരുമേനി പറഞ്ഞു.
“രാജാ, ഗണപതി ഹോമം പ്രസാദം കൊണ്ടു പോകൂ. ”

കൈയ്യില്‍ തന്ന പ്രസാദത്തിലിട്ടിരുന്ന രസീതില്‍ എഴുതിയതു വായിച്ചു.

രാജന്‍, രേവതി, കിഴക്കടം.
ഒരു രാജ്യം കീഴടക്കിയ സന്തോഷം. ക്ലാസ്സിലെ ഗമക്കാരി സുഭദ്രയെ ഈ രസീതു കാണിക്കണം.
ഓടുക ആയിരുന്നു.*************************************************************************

മുന്നില്‍ നില്ക്കുന്ന സുഭദ്ര.
“ഒന്നും ഓര്‍മ്മയില്ല. പത്രം വായിച്ചിരുന്നോ. ഇന്നത്തെ ദിവസം പോലും മറന്നിരിക്കുന്നു.”
സുഭദ്രയുടെ മുഖത്തെ ചുളിവുകള്‍ കാണാതെ പഴയ പള്ളിക്കൂടത്തിലെ സുഭദ്രയെ നോക്കി രാജന്‍ ചിരിച്ചു.

ഫോണിന്‍റെ ബെല്ലടി കേള്‍ക്കുന്നു. തന്‍റെ വലിയ ഫ്ലാറ്റിലെ ബാല്‍ക്കണിക്ക് താഴെ ജീവിതങ്ങള്‍ ഓടുന്നു.

മോനാണു്. ഫോണ്‍ വാങ്ങി . “ഹല്ലോ.”... മകനോട് സംസാരിക്കുമ്പോഴും എത്രയോ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
“ഹാപ്പി ബര്‍ത്ത്ഡേ.”...
“നന്ദി മോനേ..” ചിരിച്ചു.

ഒരു ചിരിക്കെത്ര മാത്രം സംസാരിക്കാന്‍ കഴിയുമെന്ന് മോനു് മനസ്സിലാകുമോ എന്തോ.
ഓര്‍മ്മയുടെ തീരങ്ങളില്‍ നിന്നും ഒരു കല്ല് നദിയിലേയ്ക്ക് വീണു.

ഗ്ഗ്ലും.

വേണ്ട. ഒന്നും ഓര്‍ക്കരുത്.
അതെന്നേ എന്‍റെ വിധി പഠിപ്പിച്ചിരിക്കുന്നു.
നന്ദി. എന്നു പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോള്‍ സുഭദ്രയുടെ മുന്നില്‍ താന്‍ ഒരു രസീതാവുന്നതറിഞ്ഞും അയാള്‍ ചിരിച്ചു പോയി.


*********************************************************************************