ജാലകം

Friday, April 24, 2009

മോക്ഷ പ്രാപ്തി.

Buzz It
വിധിയുടെ കവിത മനസ്സിലാവാതെ രാമകൃഷ്ണന്‍ അമ്പരന്നു.
ദൈവം ചിരിക്കുന്നു.
അടുത്തു കിടക്കുന്ന ജീവശ്ശവം ഒന്നനങ്ങി.

അയാള്‍ ക്ലോക്കിലേയ്ക്ക് നോക്കി. 12.30
ഉറക്കം വരുന്നില്ല.
ഉറങ്ങരുത്.....
ഈ രാത്രി ഉറങ്ങാനുള്ളതല്ല.....
ശക്തി നഷ്ടപ്പെട്ട വലത്കാല് ഇഴയുന്നതയാള്‍ അറിഞ്ഞു.
ആരും കാണുന്നില്ല. ഇഴഞ്ഞിഴഞ്ഞ്.
പുസ്തക ഷെല്‍ഫിനു മുന്നില്‍ വിറയാര്‍ന്ന കാലുകളുമായി നില്‍ക്കാന്‍ ശ്രമിച്ചു.
തന്‍റെ പുസ്തക ഷെല്‍ഫിലെ പല പ്രാവശ്യം വായിച്ചിട്ടുള്ള ഓരോ പുസ്തകങ്ങളും അയാളോടു പറയുന്നതായി തോന്നി.
ഞങ്ങളെ. ഞങ്ങളെ...
ഇല്ല. നിങ്ങളെ ഒക്കെ ഞാന്‍ വെറുത്തു കഴിഞ്ഞിരിക്കുന്നു.
നിങ്ങളൊക്കെ എന്‍റെ അന്യം വന്ന ജീവിതത്തിന്‍റെ നിശ്ശ്ചലതകള്‍ മാത്രം...
ഏതോ ഒരു പുസ്തകതാളിലെഴുതിയ അയാളുടെ തന്നെ ഒരു കവിത അയാള്‍ പാടി നോക്കി.
ച്ഛെ... ഇതു കവിതയോ....അയാളൊരിക്കലെഴുതിയ ഈ കവിത വായിച്ചാണു് , ഇവള്‍ക്ക് അയാളില്‍ ആരാധന തോന്നിയത്...?
വീണ്ടും പുസ്തകങ്ങളെടുത്ത് അയാള്‍ മണത്തു. ഓരോ പുസ്തകങ്ങളുടെ മണത്തിനും ഓരോ കാലഘട്ടത്തിന്‍റെ മണമുണ്ട്. ശരിയാണു്. ഒരിക്കലിവള്‍ പറഞ്ഞിരുന്നു. ചില സിനിമാ പാട്ടുകള്‍, നാം അതു ആദ്യം കേട്ട പ്രായത്തിലേയ്ക്ക് കൊണ്ട് ചെല്ലുമെന്ന്. കുറച്ചു നേരത്തേയ്ക്ക്. വായിച്ച പുസ്തകങ്ങളും.
ശരിയാണു്.യാത്രകളീല്‍ കണ്ടു മുട്ടുന്ന ചില മനുഷ്യരുടെ ച്ഛായ പോലും എവിടെയെക്കെയോ എത്തിക്കാറുണ്ട്.
നൊസ്താള്‍ജിയാ.....
അല്ല ഗ്രുഹാതുരത്വം....
അല്ല.
അതൊന്നുമല്ല.
പുന്നെല്ലിന്‍റെ മണത്തിനു ഗൃഹാതുരത്വം അല്ല, അതില്‍ ജീവബീജത്തിന്‍റെ സുഗന്ധമാണു്. സ്വര രാഗ സുഷുപ്തിയുടെ
സന്ത്രാസമാണു്.
അപ്പോള്‍....

“ശ്ശേ.... ഞാനിതൊക്കെ ഇപ്പോള്‍ എന്തിനു ചിന്തിക്കുന്നു.” അയാള്‍ സ്വയം ചിരിക്കാനാവാതെ കുഴഞ്ഞു.

രാത്രി ഒരു മന്ത്രവാദിനിയായി.
വെള്ളാരംകല്ലുകള്‍ ഉരുട്ടുന്ന ജല കന്യകകള്‍ നഗ്നമായി നീന്തി ആര്‍മ്മാദിക്കുന്ന പുഴയുടെ കരയില്‍ അയാളിരുന്നു.
പുഴയ്ക്കുള്ളിലെ ജല പിശാചുക്കള്‍ കരയ്യ്ക്ക് വരാന്‍ സമയമായിരിക്കുന്നു.
കൊട്ടാര മതിലിനകത്തെ രാജകുമാരി സംഭോഗ നിദ്രയിലൊരാലസ്യമായി.
കവിതയൊഴുകിയ കടലാസ്സു പൂക്കളില്‍, കാര്‍മേഘം ചാലിച്ച വിധിയുടെ മന്ത്രങ്ങള്‍ , വായന നഷ്ടപ്പെട്ടലമുറയിട്ടു.
വര്‍ഷകാല പുനര്‍ജ്ജനികളില്‍ നഷ്ടപ്പെട്ട പിതാക്കളുടെ പിണ്ഡ കര്‍മ്മങ്ങളില്‍ സത്യമെന്തെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുന്ന സന്ധ്യകള്‍.
എവിടെ ....
വര്‍ണങ്ങളിലെ നിര്‍വ്വികാരതകള്‍.
മനസ്സിന്‍റെ മാന്ത്രികശാലകളില്‍ കടഞ്ഞിരുന്ന പ്രണവ മന്ത്രങ്ങള്‍ അര്‍ത്ഥം തേടി അലയുന്നു, ഗതികിട്ടാ പ്രേതങ്ങളായി...
വേണ്ട... തനിക്കിനിയും പുണ്യങ്ങള്‍ വേണ്ട.
ഇവിടെ ഈ ശാന്തി.. ഇതു മതി.

നാളെ അടുത്ത ഡയാലിസ്സിനു കൊണ്ടു പോകേണ്ട ഭാര്യയെ ദയനീയമായാള്‍ നോക്കി.
രക്ത മാറ്റത്തിലൂടെ മാത്രം ചിരിക്കാനും കരയാനും ഒക്കെ കഴിയുന്ന തന്‍റെ ഭാര്യ.
ഈ മുറിയിലെ കൊച്ചു കിളിവാതില്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ എന്നേ മരിച്ചു പോകുമായിരുന്നു എന്നു തോന്നി।
അവന്‍റെ മെയില്‍ വന്നിരുന്നു.
സത്യത്തിന്‍റെ പിടയല്‍ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്ന വാക്കുകളുടെ കുമ്പ സാരങ്ങള്‍.
ഞങ്ങള്‍ വരണോ. പണമയക്കണോ. സമയം .?
ചെസ്സ്, കളത്തില്‍ എനിക്ക് ചെക്ക് മേറ്റ് വരുത്തി വയ്ക്കും ഈ യാത്ര. എന്നെ ചെസ്സ് കളി പഠിപ്പിച്ച പപ്പാ പറയൂ, ഞാന്‍ ഈ കളത്തില്‍ , ഒരു കളം മാത്രം എനിക്ക് രക്ഷപ്പെടാനുള്ളപ്പോള്‍ അതു വേണ്ടെന്നു വയ്ക്കണോ. അതോ സ്വയം ചെക്ക് മേറ്റ്.?
ദൂരേ..... മകനും ഭാര്യയും .

ശല്യമാകരുത്.
നോ..നോ മകനേ.... ....

കാലുകളുടെ ബലം നഷ്ടപ്പെട്ട ഒരച്ഛന്‍. രക്ത മാറ്റത്തിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന അമ്മ.
ഇല്ല. അവനും മോക്ഷം കൊടുക്കണം.,
മോക്ഷ പ്രാപ്തിയുടെ ചടങ്ങുകള്‍ക്കായി വെമ്പുകയായിരുന്നു രാമകൃഷ്ണന്‍.
*********************
അകലങ്ങളില്‍ ഇരമ്പുന്ന രാത്രിയുടെ നിഴല്‍ തിരിച്ചറിയാന്‍ കഴിയുന്നു. സ്റ്റ്റീറ്റ് ലൈറ്റിനു പിറകിലെ നിഴലിലുറങ്ങുന്ന മനുഷ്യരും പകല്‍ പണികഴിഞ്ഞു ഇരുളിന്‍റെ മറവില്‍ കാവ്യം രചിക്കുന്നതു് അയാള്ക്കു കാണാമായിരുന്നു.
ഉറക്കം വരുന്നില്ല.
തന്‍റെ ഉറക്കം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. വിധിയുടെ ഒരു കോപ്രായമായ തന്നില്‍ നിന്നും മനുഷ്യനെന്നേ പറന്നു പോയിരിക്കുന്നു. എന്നോ നഷ്ടപ്പെട്ടുപോയ ചിരി ചുണ്ടില്‍ വന്ന് ഇളിഭ്യമാകാതിരിക്കാന്‍ അയാള്‍ കാര്‍ക്കിച്ചു തുപ്പി.
ആരും ഉറങ്ങാതിരിക്കുന്നില്ല . ദുഃഖം കടിച്ചമര്‍ത്തി അലമാര തുറന്നു, പഴയ ഒരു ബുക്കെടുത്തു.
ബുക്കു തുറന്നു നോക്കുമ്പോള്‍ മാത്രം അയാള്‍ ജീവിക്കുന്നു. അതിനായി മാത്രം എല്ലാവരും ഉറങ്ങി കഴിയുന്ന സമയം അതു തുറന്നു തന്‍റെ കഴിഞ്ഞ കാലങ്ങളെ കണ്ട് ഉള്ളില്‍ ചിരിക്കാന്‍ ശ്രമിക്കും.

ഒരു ഡയറിയായി ഉപയോഗിച്ചിരുന്ന ബുക്ക്. മുഷിഞ്ഞു നാറിയ കടലാസ്സുകള്‍ തന്‍റെ ജീവിതം പോലെ പല്ലിളിച്ചു.
ജീവിതം പുരോഗമിക്കുന്നു. ഇന്നലെ സാരികയ്ക്ക് വാങ്ങിയ സാരി ഇഷ്ടമായി. കടങ്ങളൊക്കെ തീരാറായിരിക്കുന്നു. മകന്‍റെ പുതിയ കോളേജിലെ പണമൊക്കെ അടച്ചു. കഴിഞ്ഞ ആഴ്ചയിലായിരുന്നു കുറച്ചു നല്ല ഒരു തുക അമ്മയ്ക്കയച്ചത്.

പിന്നെയും വായിച്ചു.
താഴോട്ട്.
ഓരോ പേജുകളിലും അയാളുടെ വിജയങ്ങള്‍ വരി വരികളായി നിരന്നു ന്ല്ക്കുന്നു.
അവള്‍ പറയുമായിരുന്നു. വിജയക്കൊടികള്‍. ധീരാ...വീരാ...നേതാവേ.....
ഇതാ.... ആ അവള്‍ തൊട്ടു മുന്നേ ജീവ ശ്ശവമായി ദുസ്വപ്നങ്ങളുടെ വിധിയുമായി മല്ലിടുന്നു.
ഏതോ ദിവസം കുറിച്ച രേശ്മയെന്ന കൂട്ടുകാരിയെ ക്കുറിച്ചുള്ള വിവരവും ശ്രദ്ധിച്ചു.
ആദ്യ് ചുംബനം നല്‍കിയ കൂട്ടുകാരിയെ മറക്കാതിരിക്കാന്‍.
കിളി വാതില്‍ തുറന്നു കിടക്കുന്നു. ദൂരെ ഇരുട്ടിന്‍റെ പുതപ്പിനുള്ളില്‍ തല പൊക്കി നോക്കുന്ന ഓര്‍മ്മകളുടെ മനോഹാരിതയില്‍ വെറുതേ രേഷ്മയുടെ മണം അനുഭൂതിയായൊഴികി എത്തി.
എവിടെ ആയിരുന്നു മഞ്ചാടി കുരുന്നുകള്‍ ചിതറി വീണത്.?
എവിടെ ആയിരുന്നു സ്വപ്നക്കൂടാരം പുകമറയായ്ത്.
നിഴലുകള്ക്കും ജീവനുണ്ടായിരുന്ന സ്വപ്നങ്ങളുടെ കഥകളിലെ ജീവനുള്ള മനോഹാരിതകളേ...
നിങ്ങളീ ഭൂമിയില്‍.....
ആരേയും ഭാവഗായകനാക്കുന്ന മനോഹരമായ മനസ്സേ.....ശാന്തി.
ഇല്ല. ഇതൊക്കെ ഇന്നു തീര്‍ക്കണം. ഇന്നു തന്‍റെ മോക്ഷ പ്രാപ്തിയാണു്.
മോക്ഷം. മോക്ഷ പ്രാപ്തി .
അതൊരു നിദ്രയാണു്।സുഖ സുഷിപ്തി। സത്യമുരുകുന്ന സായൂജ്യമേ......
നിന്നെ എന്തു വിളിക്കും......
*************************************************************

ഒരു ചിലന്തി, തന്‍റെ പുസ്തക ഷെല്ഫിനു മുകളിലൊരു വീടുണ്ടാക്കുന്നു. ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ അയാള്‍ അത് നോക്കി ഇരുന്നു.
ആദ്യമായി മകനെ ദൂരെ വലിയ കലാശാലയില്ര്യ്ക്ക് യാത്രയാക്കിയ ദിവസം. ഓര്‍ത്തു പോയി.
അന്നുറങ്ങിയതു ആരായിരുന്നു ആദ്യം.
ഉറക്കം വരാതെ അടുത്തു കിടന്ന അവള്‍ എപ്പോഴൊക്കെയോ ചോദിച്ചു. നിങ്ങള്‍ ഉറങ്ങിയില്ലേ...
അവളുറങ്ങിയതിനു ശേഷവും താനുറങ്ങാതിരുന്നു പോയി.

അവന്‍റെ കോളേജിലെ ചിലവുകള്‍. പഠിത്തത്തിലേയ്ക്ക് വളരുന്ന മകള്‍.
രാമകൃഷ്ണന്‍ ജീവിക്കുകയായിരുന്നു.
പതിവുപോലെ ബൈക്കില്‍ ഓഫീസ്സിലേയ്ക്ക് പോയ രാമകൃഷ്ണനു രണ്ട് മാസത്തിനു ശേഷം തിരിച്ചെത്തി. ഉടഞ്ഞു മുറിഞ്ഞ ശരീരവും നിറഞ്ഞു കലങ്ങിയ ഒരു മനസ്സുമായി.
ചതഞ്ഞ ജീവിതം സമ്മാനിച്ച് കടന്നു പോയ അപകടം, രാമകൃഷ്ണന്‍റെ ഒരു കാലു മാത്രമല്ല മുഴുവന്‍ സ്വപ്നങ്ങളും നിശ്ച്ചലമാക്കിയിരുന്നു.
ചിലന്തി അതിന്‍റെ വല പുര്‍ണമാക്കി. ഒരറ്റത്ത് ഒളീച്ചിരിക്കുന്നു.
വരൂ... എന്‍റെ വീട്ടിലേയ്ക്ക് വരൂ...
അയാളോര്‍ത്തു.
സമയം പോകുന്നു.
മോക്ഷ പ്രാപ്തി..?
**********************************************************
താന്‍ ആദ്യം ചെസ്സില്‍ ജയിക്കുമ്പോള്‍ അവനൊരു വാശിയായിരുന്നു। രാത്രിയില്‍ തന്നെ പിന്നെയും ഒരു ഏറ്റു മുട്ടലിന്‍ എന്നും അവന്‍ തന്നെ വിളിച്ചു। ഓരോ തോല്‍വിയിലും അവനു് താന്‍ ഒരോ പാഠങ്ങള്‍ നല്‍കുകയായിരുന്നു। എന്തൊക്കെയോ പഠിച്ചു കഴിഞ്ഞ അവന്‍ തന്നോട് ചെസ്സ് കളിക്കാതെ ആയതും ഇന്നലെ ആയിരുന്നോ। അല്ല എന്നും തോക്കാന്‍ തുടങ്ങിയ ഈ പ്രതിയോഗിയിലെ തോല്‍വി ഏറ്റുവാങ്ങാതിരിക്കാനായിരുന്നോ। ആര്‍ക്കറിയാം....

ജീവശ്ശവമായി കിടക്കുന്ന ഭാര്യയെ രാമകൃഷ്ണന്‍ വീണ്ടും നോക്കി.
വര്‍ഷങ്ങള്‍ക്കു മുന്നെ ജാതി നോക്കാതെ ധനമറിയാതെ കെട്ടും കേട്ടു കേള്‍വികളേയും പൊട്ടിച്ചെറിഞ്ഞ് പെരുവഴിയില്‍ തന്നോടൊപ്പം വന്ന പെണ്ണിനെ അയാള്‍ ഓര്‍ത്തു.
ഒരിക്കലും വിഷമിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
ഒരിക്കലും.
ഒരു വിങ്ങല്‍ ...ഒരു വിറയല്‍....
താഴെ....കിടന്നുറങ്ങിയ ഭാര്യയുടെ മുഖത്തേയ്ക്കു വീണ പുതപ്പ് അവള്‍ക്ക് ശ്വാസം മുട്ടിക്കുന്നതായി അയാള്‍ കണ്ടു. അനങ്ങാനറിയാത്ത ആ ശരീരം ഒരു ശ്വാസത്തിനായി ചെറു ചലനങ്ങള്‍ക്ക് ശ്രമിക്കുംപ്പോള്‍ രാമകൃഷ്ണന്‍റെ കൈയ്യില്‍ നിന്നും വഴുതി വീണ തലയിണ മുഖത്തു പതിച്ചവിടെ ഇരുന്നു.

മോക്ഷപ്രാപ്തി തേടിയ യാത്രയുടെ അവസാനം.
ആ ഡയറിയില്‍ തന്നെ അയാള്‍ എന്തൊക്കെയോ കൂടി എഴുതാന്‍ ശ്രമിച്ചു.
വേണ്ട. ഒന്നും എഴുതാനില്ലാ. ശൂന്യതയുടെ കൊടുമുടിയില്‍ നിസ്സാരതയുടെ പുച്ഛം മാത്രം.
അവിടെ മൌനം ഭാഷയില്ലാത്ത അക്ഷരങ്ങളില്‍ സംവേദിക്കട്ടെ.
നിശ്ച്ഛലതകളില്‍ സായൂജ്യം . മോക്ഷപ്രാപ്തിയുടെ സന്ത്രാസത്തില്‍... .
രാമകൃഷ്ണന്‍ ഒഴിച്ച് വച്ച ഗ്ലാസ്സിലേയ്ക്കൊന്നു നോക്കി.
ജീവന്‍റെ കണികകളുടെ അവസാന രോദനം ആസ്വദിക്കുമ്പോള്‍....
മതി...
ഒറ്റ മോന്തില്‍ ..... കണ്‍പോളകള്‍ അടയുന്നതറിഞ്ഞു.
പിടയുന്ന നരമ്പുകളില്‍ നിന്നും സ്വപ്നങ്ങളുടെ കുഞ്ഞുങ്ങള്‍ ചിറകടിച്ചു പറന്നുയരുന്നതറിഞ്ഞു.‍
വിതുമ്പി വീഴുന്ന ജീവന്‍റെ അവസാന കണികയുടെ തിരഞ്ഞോട്ടമായിരിക്കാം, കാലൊന്ന് പിടഞ്ഞോ....താഴെ ആ പുതപ്പും തലയാണയും തട്ടി മാറ്റിയോ.....
അണഞ്ഞു പൊയ്കൊണ്ടിരുന്ന പ്രകാശത്തില്‍ അയാളോടൊപ്പം ലയിക്കുന്ന ഭാര്യയുടെ മുഖം അയാള്‍ കാണുന്നുണ്ടായിരുന്നു.
-----------------------------------------

16 comments:

വേണു venu said...

എന്നേ എഴുതി വച്ച കഥ. തിരുത്തി കുറിച്ച് വെട്ടി തിരുത്തി പിന്നേയും തിരുത്തി. മാസങ്ങളായി. ഇനിയും തിരുത്തലുകള്‍ വേണം എന്ന് മനസ്സ് എന്നും ആവശ്യപ്പെട്ടിരുന്നതിനാല്‍ പോസ്റ്റ് ചെയ്യാതെ വയ്ക്കുകയായിരുന്നു.
ഇന്നു വീണ്ടും ആ ഡ്രാഫ്റ്റൊന്നു വായിച്ചു. പോസ്റ്റ് ബട്ടണില്‍ ഞെക്കാമെന്നു കരുതിയപ്പോള്‍ എന്നത്തേയും പോലെ മനസ്സ് പറഞ്ഞു ഇനിയും തിരുത്ത് വേണം. ഒരു നിമിഷം ആലോചിച്ചു നിന്നു.
ഇല്ല ഇനി തിരുത്താന്‍ എനിക്കറിയില്ലല്ലോ.
പ്രിയ വായനക്കാരേ എനിക്കും സമ്മതമല്ലാതെ തന്നെ ഞാന്‍ ഇതു പോസ്റ്റു ചെയ്യുന്നു.

ഹരിത് said...

കവിത പോലെ മനോഹരം. വിഷയം പഴയതാണെങ്കിലും, എഴുതിയ ശൈലി ഇതിനെ നല്ല ഒരു കഥയാക്കി.
ഇഷടമായി. ഒന്നു കൂടെ വായിക്കട്ടെ.

ഉപാസന || Upasana said...

കഥ വായിച്ചപ്പോള്‍ തന്നെ ഇത് പതിവ് പോലെ അധികം നന്നായില്ലല്ലോ എന്ന് മനസ്സില്‍ തോന്നി. ആദ്യത്തെ കമന്റ് കണ്ടപ്പോള്‍ എഴുതിയ ആളിന്റെ മനസ്സിലും അത്തരമൊരു ചിന്തയുണ്ടായിരുന്നോ എന്നും ഡവുട്ട്.

ചില ഭാഗങ്ങള്‍ മനോഹരമാണ് മാഷെ. പ്രത്യേകിച്ചും ചില വരികള്‍. പാര്‍ട്ട്സ് ശരിക്കും ഇഴുകിച്ചേരുന്നില്ലെന്ന് തോന്നുന്നു.

ആശംസകള്‍
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന

ചീര I Cheera said...

കഥ വായിച്ചു വേണൂജീ...
എഴുത്ത്‌ ഇഷ്ടമായി, കൂടുതൽ അഭിപ്രായം പറയാൻ ഞാനാളല്ല :)
തുടരെത്തുടരേ കഥകൾ പോരട്ടേ :) നല്ലത്‌, കൂടുതൽ നല്ലത്‌ എന്നൊന്നുമില്ലാതെ...

Typist | എഴുത്തുകാരി said...

അപ്പോഴും ഭാര്യ കൂടെ ഉണ്ടായിരുന്നല്ലോ. നന്നായി.

ബാജി ഓടംവേലി said...

മാഷെ,
ചില ഭാഗങ്ങള്‍ വളരെ മനോഹരമായിരിക്കുന്നു...

അഗ്രജന്‍ said...

മോക്ഷ പ്രാപ്തിയല്ലേ ലക്ഷ്യം... അവിടെ കൂടുതല് തിരുത്താനൊന്നുമില്ല... :)

വേണു venu said...

ഹരിത്, ആദ്യ വായനയ്ക്കും ആ വായന എന്താണെന്നു എന്നെ അറിയിച്ചതിലും നന്ദി. ‍:)
ഉപാസന, പതിവു പോലെയുള്ള നല്ല വായനയ്ക്കെന്‍റെ നമസ്ക്കാരം.:)
പി. ആര്‍, താങ്കളില്‍ നിന്നും ആര്‍ജ്ജിക്കുന്ന കരുത്ത് എഴുതി ഫലിപ്പിക്കാന്‍ കഴിയില്ല.
തീര്‍ച്ചയായും ഇനിയും ഇനിയും കഥകള്‍ ഇരിക്കുന്നു. നല്ലതെന്നോ വള്രെ നല്ലതെന്നോ എന്ന ആശങ്ക ഒക്കെ ദാ ഞാന്‍ അറബിക്കടലില്‍ ഒഴുക്കുന്നു. നന്ദി.:)
എഴുത്തുകാരി, ഉണ്ടായിരുന്നു.ഇല്ലെങ്കില്‍ എവിടെ മോക്ഷം. എവിടെ പ്രാപ്തി. നന്ദി.:)

ബാജി , സന്തോഷം. കഥ വായിച്ചു എന്നറിയിച്ചതിനു് നന്ദി.:)
അഗ്രജന്‍, മോക്ഷ പ്രാപ്തി തന്നെ ഒരു തിരുത്താകുമ്പോള്‍ എന്തിനു് വീണ്ടും തിരുത്ത്.നന്ദി.:)

എല്ലാവര്‍ക്കും നന്മകള്‍.:)

Lathika subhash said...

വായിച്ചു.
നൊമ്പരമുളവാക്കുന്നത്.........
തിരുത്തിയാല്‍ കൂടുതല്‍ മനോഹരമാകുമാ‍യിരുന്നു.

Jayasree Lakshmy Kumar said...

കഥ വായിച്ചപ്പോൾ ഈയിടെ കണ്ട ചില പത്രവാർത്തകളാണ് ഓർമ്മ വന്നത്.
കഥ ഇഷ്ടമായി. എഴുതിയ ശൈലിയും :)

ആത്മ/പിയ said...

കഥ വായിച്ചിട്ട് രണ്ടുമൂന്നു ദിവസമായി. വളരെ ഹൃദയസ്പര്‍ശ്ശിയായ കഥ!
ഇത് കഥയെന്ന് സമാധാനിക്കാം. പക്ഷെ, അവസാനഭാഗം ഒഴിച്ചാല്‍ ഇതൊക്കെ തന്നെയാണ് ചുറ്റും നടന്നുകൊണ്ടിരിക്കുന്നതെന്നാണ് വാസ്തവം.
ഒരിക്കല്‍ വളരെ പ്രതാപത്തോടെ, പ്രതീക്ഷയോടെ മക്കളെ വളര്‍ത്തി വലിയവരാക്കി എന്നഭിമാനിച്ച
മാതാപിത്താക്കള്‍ ആ മക്കളാല്‍ തന്നെ അവമതിക്കപ്പെട്ടും, അവഗണിക്കപ്പെട്ടും ഇതുപോലെ
വീടിന്റെ കോണുകളില്‍ അഭയം പ്രാപിക്കുന്നവര്‍ എത്ര എത്ര...

പക്ഷെ, ആരെയും കുറ്റം പറയാന്‍ പറ്റില്ല. ഇപ്പോഴത്തെ യുഗത്തില്‍ മനുഷ്യന്‍ അവശ്യം വേണ്ടുന്ന
പലതിനും അപ്രധാന്യം കല്‍പ്പിച്ച് മറ്റേതോ വിജയത്തിനായി കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് പിന്നോട്ട് നോ‍ക്കാനാവാതായിരിക്കുന്നു..

മാനുഷികമൂല്യങ്ങളൊക്കെ ക്ഷയിച്ചു തുടങ്ങി
മനുഷ്യന്റെ പ്രയാണം ആദിയിലേക്ക്...
(അയ്യോ! എഴുതി എഴുതി വന്നപ്പോള്‍ എന്തൊക്കെയോ എഴുതിപ്പോകുന്നു. ആത്മയ്ക്കു തന്നെ അറിയില്ല എങ്ങിനെ എഴുതി നിര്‍ത്തണമെന്ന്)
വേദന ഉളവാക്കുന്ന ഒരു കഥ
അഭിനന്ദനങ്ങള്‍!

അരുണ്‍ കരിമുട്ടം said...

വേണുവേട്ടാ,
സൂപ്പറായിട്ടുണ്ട്.ആ ശൈലിക്ക് കൊടുക്കണം കാശ്.

വേണു venu said...

ലതി,
ശരിയാണെന്ന് എനിക്കും തോന്നിയിരുന്നു.
എനിക്ക് കഴിഞ്ഞില്ല എന്നത് സത്യം.
വായനയക്കും അഭിപ്രായത്തിനും നന്ദി.:)
ആത്മ,
നല്ല വായനയ്ക്കും വിശകലനങ്ങള്‍ക്കും കൂപ്പ് കൈ.
ആത്മ പറഞ്ഞതു പോലെ ന്യൂക്ലിയര്‍ ഫാമിലിയില്‍ മാനുഷിക മൂല്യ്ങ്ങള്‍ക്കൊക്കെ
സ്ഥാനം കുറയും. ആരേയും കുറ്റപ്പെടുത്താനൊക്കില്ല.
തിരിഞ്ഞു നോക്കിയാല്‍ കാലിടരി വീഴുമെങ്കില്‍ ആരെ കുറ്റം പറയാന്‍. നന്ദി.:)
അരുണ്‍ കായംകുളം ,
സന്തോഷം. സന്ദര്‍ശനത്തിനും വായനയ്ക്കും നന്ദി.:)

വേണു venu said...

ലക്ഷ്മി,
കഥ വായിച്ചതിലും അഭിപ്രായമെഴുതിയതിലും നന്ദി
അറിയിക്കുന്നു.:)

കൂട്ടുകാരന്‍ | Friend said...

അരപൂര്‍ണത ഈ കഥയിലുണ്ടല്ലൊ വേണുവേട്ടാ.. എന്തുപറ്റി? പക്ഷെ ശൈലി വളരെ നല്ലത്. മനസ്സ് പലയിടത്തും വ്യാപരിച്ചു നിന്നപ്പോള്‍ എഴുതിയതാകാം അല്ലെ>?

വേണു venu said...

ശരിയാണു് കൂട്ടുകാരാ.
സന്ദര്‍ശനത്തിനും അഭിപ്രായം തുറന്നെ ഴുതിയതിലും സന്തോഷം, നന്ദി.:)