Monday, April 21, 2008

പിന്നാമ്പുറങ്ങള്‍.

Buzz It

ഞാനാ വീട്ടിലെത്തി. എന്‍റെകൂടെ നിക്കറിട്ട മോനും, മോനുണ്ടാവുന്നതിനു ഒരു വര്‍ഷത്തിനു മുന്നേ എന്നെ പിന്തുടരാന്‍ തുടങ്ങിയ സ്ത്രീയും ഉണ്ടായിരുന്നു.


വീടിനു മുന്നിലെ പത്തായപ്പുര ഇടിഞ്ഞു പൊളിഞ്ഞു പോയിരുന്നു.
വരാന്തയില്‍ ഒഴിയാതിരുന്ന ചാരു കസാല അവിടെ ഇല്ലായിരുന്നു.
മൂക്കത്തു വിരലു വച്ചു് , കണ്ണുനീരൊളിപ്പിച്ചു വച്ചു സംസാരിക്കാറുള്ള സ്ത്രീയും ഇല്ലായിരുന്നു.


നിശ്ശബ്ദതയുടെ നിസംഗതയില്‍ ദൂരെ ചെട്ടിയാരത്തുകാരുടെ വീട്ടിന്‍റെ അതിരില് നില്‍ക്കുന്ന തെങ്ങു് .
വെറുതേ ഞാനങ്ങോട്ടു നടന്നു.
അവിടെ ആ പഴയ ചാരു കസേര കിടപ്പുണ്ടായിരുന്നോ.?
“നീ എപ്പോള്‍ എത്തി.?“ അങ്ങനെ ഒരു ശബ്ദം കേട്ടോ.?
“രണ്ടു ദിവസമായി.“ എന്നത്തേയും പോലെ സംസാരം അവിടെ മുറിയുന്നതു ഞാന്‍ അറിഞ്ഞു.


അതിരിനുമപ്പുറം മഠത്തിലെ പൊളിഞ്ഞ മച്ചിലെ ജനാലയിലൊരു തല കണ്ടു.
ഇന്ദിര ചേച്ചിയല്ലേ, അതു്.


ഞാന്‍ മഠത്തിലെ താഴത്തെ പടിപ്പുരയിലിരിക്കയായിരുന്നു. പുറത്ത് ഉച്ച കൂര്‍ക്കം വലിച്ചുറങ്ങുന്നു.
മീനച്ചൂടിന്‍റെ മണമുള്ള കാറ്റ് .
ഇന്ദിര ചേച്ചിയുടെ നോണ്ഡീറ്റയിലിലെ കഥകള്‍ വായിച്ചിരുന്നതെന്നാണു്. ?
കിലുങ്ങിയ വളകള്‍ക്കും മണമുള്ള ഉച്ച വെയിലിനും ഒളിച്ചു വയ്ക്കാനൊത്തിരി ഓര്‍മ്മകള്‍ നല്‍കിയ നിഴലുകളെവിടെ ആണു്.?ഇന്ദിര ചേച്ചി കുളിച്ചൊരുങ്ങി ഇറങ്ങുന്നു. കൂടെ സ്കൂളില്‍ പോകാന്‍ തന്നെ അഭിമാനമായിരുന്നു.
മാര്‍ഗ്ഗോ സോപ്പു മണക്കുന്ന ഇന്ദിര ചേച്ചി . പുസ്തകകെട്ടുമായി തെറിച്ചു പോകുന്ന ഇന്ദിര ചേച്ചിയുടെ കൂടെ എത്താന്‍ ഞാന്‍ ബട്ടണ്‍സു് ലൂസായ എന്‍റെ നിക്കറൊരു കൈ കൊണ്ടു പിടിച്ചു കൊണ്ടു് ഓടുമായിരുന്നു.
എന്നും ആരാധനയോടെ നോക്കിയിരുന്ന ഇന്ദിര ചേച്ചി.


ഉച്ച വെയിലുറയ്ക്കാന്‍ തുടങ്ങുന്ന നേരം.

ഞാനാ ശശിയുമായി കളിക്കന്‍ മഠത്തില്‍ ചെന്നതായിരുന്നു.
പടിപ്പുര തുറന്നു കിടന്നു.
ഞാന്‍ വിളിച്ചു. “ശശീ”
ഇന്ദിര ചേച്ചിയാണു് മറുപടി പറഞ്ഞതു്.
ശശിയും അമ്മയും --- വരെ പോയി. നീ അവിടിരി. ഞാനിപ്പം വരാം.
ഞാന്‍ അവിടിരുന്നു.രാജാ, ആ അയയില്‍ കിടക്കുന്ന പാവാട ഇങ്ങേടുക്കടാ.
ഞാനതെടുത്തു്. കുളിമുറിക്കു മുകളിലൂടെ കൊടുക്കുന്നതിനു പകരം കതകു തുറന്നു കൊടുത്തു പോയി.
ഇന്ദിര ചേച്ചി ഇത്രക്കും സുന്ദരിയാണെന്നു മനസ്സിലാക്കിയ ഞാന്‍ പെട്ടെന്നു കതകു് അടച്ചു.
ഇന്ദിര ചേച്ചിയും ഞാനും ചിരിച്ചുവോ.


പിന്നെ അതിരില്‍ നിന്ന വരിക്ക പ്ലാവു പല പ്രാവശ്യം കായ്ച്ചു.
അടുത്തു നിന്ന മൂവാണ്ടന്‍ മാവു് അച്ഛനു ചിത ആയി.
ഞാനെന്നോ മീശക്കാരനായതും എവിടെയൊക്കെയോ പോകേണ്ടി വന്നതും ഇന്നലെ ഒന്നും അല്ലായിരുന്നു.
എന്നോ അറിഞ്ഞിരുന്നു. നിയമം പഠിക്കുന്ന ഇന്ദിര ചേച്ചിയെ കുറിച്ചു്.
ഏതോ അവധിക്കു വന്നപ്പോള്‍ അറിഞ്ഞു കല്യാണം കഴിഞ്ഞു പോയെന്നു്. മഠം അന്യം നില്‍ക്കാതിരിക്കാന്‍ എന്ന പോലെ പാട്ടിയമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നു.
“നീ എന്നിക്കു് വന്നു“ എന്നു് തമിഴു കലര്‍ത്തി കുശലം ചോദിക്കുന്ന പാട്ടിയമ്മയും കടന്നു പോയി.അച്ഛന്റ്റെ നെഞ്ചത്തു വച്ച തെങ്ങിന്‍റെ മൂട്ടില്‍ ചാരു കസേര ഇല്ലായിരുന്നു.
അടുത്ത മഠത്തിലെ മച്ചിന്റ്റെ ജനാലയിലെ സ്ത്രീ എന്നെ നോക്കി താഴേക്കിറങ്ങി വരുന്നതു കണ്ടു.
പെങ്ങളുടെ മകനാണു് ഓടി വന്നു പറഞ്ഞതു് ,“ മാമാ കല്ലെടുത്തെറിയും. പോരു്.”
ഞാന്‍ നടന്നു.
വട്ടയുടെ അടുത്തു നിന്ന വരിക്ക പ്ലാവിനടുത്തൊരു കൊച്ചു ഗൌളി ഗാത്ര തെങ്ങു നില്പുണ്ടു്.
“നീ എന്നാ വന്നതു്.?” ചുട്ടി തോര്‍ത്തു മറച്ചു് കണ്ണുനീരൊളിപ്പിച്ചു നിന്ന രൂപത്തെ ഞാന്‍ നോക്കി. ഞാനെങ്ങും പോയിരുന്നില്ലാ എന്നും ഞാനിവിടെ തന്നെ ഉണ്ടെന്നും പറഞ്ഞാല്‍ കൊള്ളാമെന്നെനിക്കുണ്ടായിരുന്നു,


അടുത്തു വന്നു വീണ കല്ലു കണ്ടു് ഞാനെന്‍റെ ഉമ്മറ മുറ്റത്തേയ്ക്കോടി.
പെങ്ങളാണു പറഞ്ഞതു്. ഭര്‍ത്താവു മരിച്ച ഇന്ദിര ചേച്ചി ഒറ്റയ്ക്കിവിടെ കഴിയുന്നു.
ചിലപ്പോഴൊക്കെ പ്രശ്നമാണു`. ഒന്നുമില്ലെങ്കില്‍ കണ്ണുനീര്‍ ഒഴുക്കി അങ്ങനെ ഒക്കെ കയ്യാലയ്ക്കെ വന്നു നില്‍ക്കാറുണ്ടു്.


പപ്പാ നമുക്കു പോകാം.മോനു് മതിയായി തുടങ്ങിയിരുന്നു.
നാക്കുണ്ടൊ എന്നു സംശയിച്ചിരുന്ന പെങ്ങളൊത്തിരി പാടാ ദുരിതം പറഞ്ഞമ്മ കണ്ണീരൊഴുക്കി.
എന്തോ നല്‍കി പെങ്ങളുടെ തലയില്‍ കൈ വച്ചു നില്‍ക്കുമ്പോഴും മഠത്തിലെ മുറ്റത്തു് കല്ലുമായി നില്‍ക്കുന്ന ഇന്ദിര ചേച്ചിയുടെ തളര്‍ന്ന മുഖം.
പിന്നാമ്പുറങ്ങള്‍ കാണാന്‍ വന്ന മോന്‍ പറയുന്നുണ്ടായിരുന്നു. പപ്പാ നമുക്കു പോകാം.


************** ******* **************

30 comments:

വേണു venu said...

പിന്നാമ്പുറങ്ങളില്‍.:)

പാമരന്‍ said...

നമുക്കു പോകാം. എന്തിനാ നില്‍ക്കുന്നത്‌? നമ്മുടെ ആരാ അവരൊക്കെ?

മലയാറ്റൂരിന്‍റെ വേരുകളാണോര്‍ത്തത്‌.

സംഭ്രമജനകന്‍ said...

വായിച്ചു കഴിഞ്ഞപ്പോള്‍ എവിടെ ഒക്കെയോ ഒരു പിടച്ചില്‍ :-( എന്തിനാ മാഷേ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്‌ !!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു

അപ്പു said...

വേണുവേട്ടാ, വളരെ കുറച്ചേ പറഞ്ഞുള്ളൂവെങ്കിലും വലിയൊരു ചിത്രം കണ്ടിറങ്ങിയപോലെയുണ്ട്. മനസ്സിലെ എന്തൊക്കെയോ പോറലുകളുണ്ടാക്കി.

P.R said...

പിന്നാമ്പുറങ്ങLe പറഞ്ഞിരിയ്ക്കുന്നത് വളരെ ഇഷ്ടമായി വേണൂ ജീ!
കുറ്ച്ചു ദിവസം മുമ്പിവിടെ വന്നൊന്നു നോക്കിയതേയുള്ളു.. :)

കുഞ്ഞന്‍ said...

വേണൂജി..

അപ്പു പറഞ്ഞത് ഞാനും ആവര്‍ത്തിക്കുന്നു..ഒരു സിനിമ കണ്ടതുപോലെ...

കരീം മാഷ്‌ said...

വായിച്ചില്ല
പക്ഷെ അനുഭവിച്ചു.
തലയില്‍ കേറിയില്ല
പക്ഷെ ചങ്കില്‍ തറച്ചു.
നന്നായില്ല
പക്ഷെ നെഞ്ചിലൊരു ശൂലം തറച്ചു.
വേദനിപ്പിച്ചവനോടു നന്ദി പറയുന്നതെങനെ!

ശ്രീനാഥ്‌ | അഹം said...

:)

തണല്‍ said...

പാമരന്‍ പറഞ്ഞത് പോലെ മലയാറ്റൂരിന്റെ വേരുകള്‍ തെളിയുന്നു...നന്നായിട്ടുണ്ട്.

നിരക്ഷരന്‍ said...

എന്തിനാ വേണുജീ ഇതുപോലെ ഉള്ളുലച്ചുകളയുന്ന തരത്തിലുള്ളത് എഴുതുന്നത് ?

ഹരിത് said...

നല്ല കഥ വേണു. നല്ല ആഖ്യാന ശൈലി.

sivakumar ശിവകുമാര്‍ ஷிவகுமார் said...

കഥ ഒരുപാടൊരുപാടിഷ്ടമായി...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ ആളെപ്പേടുപ്പിക്കല്ലെ ആ...........
എന്തൊക്കയോ ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുനു മാഷെ.
വളരെ ശക്തമായ ഒരു ശൈലി.

കുട്ടന്‍മേനൊന്‍ said...

നന്നായിട്ടുണ്ട്. അല്പം മുറുക്കം കുറഞ്ഞെങ്കിലും തീ‍ഷ്ണത കുറഞ്ഞതായി അനുഭവപ്പെടില്ല. നൂറില്‍ അറുപത്തിയ്യഞ്ചു മാര്‍ക്കിടുന്നു.
(ഞാനാരാ ജഡ്ജോ. റിയാലിറ്റി ഷോയുടെ കാലമല്ലേ.. ക്ഷമി. :) )

ഭൂമിപുത്രി said...

ഇതിലൊരു യഥാറ്ത്ഥജീവിതത്തിന്റെ നിഴല്‍ വീണ്‍ കിടക്കുന്നുതു പോലെ..വിഷാദം തോന്നി

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ആ തിരിച്ചു വരവില്‍ എന്തൊക്കെയൊ നഷടങ്ങള്‍
വീണ്ടും തിരിച്ചു പോകാന്‍ കൊതിക്കുന്ന മന്‍സിന്റെ
ചിന്തകള്‍ വളരെ മൂല്യബോധമുള്ള രചന

വേണു venu said...

പിന്നാമ്പുറങ്ങള്‍ വായിച്ചഭിപ്രായം എഴുതിയ,
പാമരന്‍,അതെ.:)
സംഭ്രമജനകന്‍‍, .ഇങ്ങനെ ഒക്കെ ജീവിത ചിത്രങ്ങള്‍.:)
പ്രിയാ, അഭിപ്രായതിനു് സന്തോഷം.:)
അപ്പൂ, അഭിപ്രായ്ത്തില്‍ സന്തോഷമുണ്ടു്.:)
പി.ആറേ, സന്തോഷമുണ്ടു്.
ഞാനെഴുതുന്നതൊക്കെ വായിക്കുന്നതിലും അഭിപ്രായം അറിയിക്കുന്നതിലും.:)
കുഞ്ഞന്‍, സന്തോഷമുണ്ടു്.ആസ്വദിച്ചു എന്നറിഞ്ഞതില്‍.:)
കരിം മാഷേ, ശരിയാണു്. ജീവിത ചിത്രങ്ങള്‍ പലതും.
സന്തോഷത്തോടെ അഭിപ്രായം അംഗീകരിക്കുന്നു.:)
ശ്രീനാഥ്, :)
തണല്‍, സന്തോഷം.:)
നിരക്ഷരാ, ജീവിത യാഥാര്ഥ്യങ്ങള്‍ പലപ്പോഴും അങ്ങനെ ഒക്കെയല്ലേ.
(ഫസ്റ്റു ഗ്രൂപ്പിന്‍റെ കഥ എഴുതാത്തതു് അതിനാലാണു്.) :)
ഹരിത്, സന്തോഷം.:)
ശിവകുമാറേ, ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷമുണ്ടു്.:)
മിന്നാമിനുങ്ങള്‍, സന്തോഷം.:)
കുട്ടന്മേനോന്‍, 65മാര്‍ക്കും എനിക്കൊത്തിരി സന്തോഷം നല്‍കി.:)
ഭൂമി പുത്രി, . യാഥാര്ത്ഥ്യവുമായി ബന്ധം ഇല്ല.
അഭിപ്രായത്തില്‍ സന്തോഷിക്കുന്നു.:)
അനൂപേ, തീര്‍ച്ചയായും.:)

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ നന്ദി.നമസ്ക്കാരം.:)

ബൈജു (Baiju) said...

മാഷേ കഥ ഇഷ്ടമായി.

"അച്ഛന്റ്റെ നെഞ്ചത്തു വച്ച തെങ്ങിന്‍റെ മൂട്ടില്‍ ചാരു കസേര ഇല്ലായിരുന്നു."- ഹൃദയസ്പര്‍ശ്ശകം.

-ബൈജു

Jithendrakumar/ജിതേന്ദ്രകുമര്‍ said...

കഥ എഴുതുകയല്ല, വരയ്ക്കുകയാണു ഇതില്‍. ചിത്രങ്ങള്‍ ഒാരോന്നായി മിഴിവോടെ മുന്നില്‍വന്നിരുന്നു. (തിരക്കഥ എഴുതിയിട്ടുണ്ടോ?)നന്നായിരിക്കുന്നു.

G.manu said...

വേണുജി. പോസ്റ്റ് ഇഷ്ടമായി...

വേണു venu said...

ബൈജു, കഥ വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം.:)
ജിതേന്ദ്രകുമാര്‍, നല്ല വായനയ്ക്കു് നന്ദി. തിരക്കഥ എഴുതിയിട്ടില്ല ജിതൂ. അനുഭവിച്ചിട്ടുണ്ടു്. സന്തോഷം അറിയിക്കുന്നു.:)
ജി.മനു, വായന്യ്ക്കു് നന്ദി.:)

മുസാഫിര്‍ said...

ഒരു പാട് ഓര്‍മ്മകളുടെ ഓളങ്ങളിലൂടെ കൊണ്ടു പോയീ ഈ ജീവിത (?) കഥ വേണു മാഷെ.

Kichu & Chinnu | കിച്ചു & ചിന്നു said...

കൊള്ളാം

മഴത്തുള്ളി said...

വേണുമാഷേ,

ശരിക്കും മനസ്സില്‍ ആഴത്തില്‍ തുളച്ചുകയറുന്ന കഥ. കഥാപാത്രങ്ങള്‍ ഓരോന്നായി മുന്നില്‍ വന്നതുപോലെ. ദുഖം നിഴലിട്ടു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ നിന്നും ഓടിയകലാന്‍ ശ്രമിക്കുന്ന മകന്റെ മുഖം.

വളരെ നന്നായിരിക്കുന്നു മാഷേ ഈ കഥ. അഭിനന്ദനങ്ങള്‍.

വേണു venu said...

മുസാഫിര്‍, കിച്ചു & ചിന്നു , മഴത്തുള്ളി, സന്ദര്‍ശനത്തിനും അഭിപ്രായമെഴുതിയതിനും നന്ദി.:)

സാരംഗി said...

പിന്നാമ്പുറങ്ങളിലൂടെയുള്ള ഈ പ്രയാണം ഇഷ്ടപ്പെട്ടു.
വായിക്കാന്‍ വൈകി വേണുജി.

വേണു venu said...

സാരംഗീ,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)

ഉപാസന | Upasana said...

വേണു മാഷെ,

വീണ്ടും ഒരു നല്ല കഥ.
ഇന്ദിരച്ചേച്ചി മായാതെ മനസ്സില്‍ നില്‍ക്കുന്നു.
എനിക്കും ഓര്‍ക്കുവാനുണ്ട് ഇത്തരത്തിലുള്ള രണ്ട് ചേച്ചിമാരെ.

വേണുമാഷിന്റെ കഥകളിലൂടെ കണ്ണുകള്‍ ഓടുമ്പോള്‍ മനസ്സിന്റേയും കാലത്തിന്റേയും പ്രയാണം പിന്നോട്ടാണ്.
നൊസ്റ്റാള്‍ജിക് ആയ ഒരുപാട് അനുഭൂതികള്‍ തരുന്ന എഴുത്ത്.

ആശംസകള്‍
:-)
എന്നും സ്നേഹത്തോടെ
ഉപാസന

വേണു venu said...

ഉപാസന,
പതിവുപോലെ നല്ല വായനയ്ക്കു് സന്തോഷം.:)