Thursday, April 20, 2006

പരീക്ഷ

Buzz It

വെളിയില്‍ മഴ പെയ്യുകയാണു്.
ഞാന്‍ പഠിക്കുകയാണു്. നിലത്തു കിടന്നുറങ്ങുന്നതു് എന്‍റെ അമ്മൂമ്മ. മുഖത്തോട്ടു മാത്രം പുക പരത്തുന്ന മണ്ണെണ്ണ വിളക്കു്.
ഇടവപ്പാതിയാണു്. കോരി ചൊരിയുന്ന മഴ.അടുത്ത മുറിയില്‍ എന്‍റെ അമ്മയും മൂന്നു പെങ്ങന്മാരും. ഞാന്‍‍ പഠിക്കുകയാണു്. നാളെ
പരീക്ഷയാണു്.


കതകില്ലാത്ത ജന്നാലയിലൂടെ ചീതാനം വീശുകയാണു്. വടക്കേക്കര വീട്ടിലെ കൊന്ന തെങ്ങു് ഇപ്പൊള്‍ വീഴും എന്ന രീതിയില്‍ ചായുന്നതു കാണാം.
ഏതോ മരത്തില്‍ ഇരുന്നു് കള്ള കാക്ക കരഞ്ഞു.
ക്ലാസ്സില്‍ വാച്ചില്ലാത്ത ഏക വ്യക്തി താനാണെന്നു് ദു:ഖത്തോടെ ഓറ്‍ത്തുപോയി. ഇളയ പെങ്ങള്‍ എന്തോ സ്വപ്നം കണ്ടു് കരഞ്ഞു തിരിഞ്ഞു കിടന്നുറങ്ങി.


എവിടെയോ ഒരു പാതിരാ കോഴി കൂകി. നാളെ പരീക്ഷയാണു്. എക്കൊണൊമിക് ഡെവെലൊപ്മെന്‍റ് ഒഫ് ഇന്ഡ്യ.
അമ്മൂമ്മ ഉണര്‍ന്നു. നീ ഇതുവരെ ഉറങ്ങിയില്ലേ?. ജന്നാലയിലൂടെ നോക്കിയിട്ടു് അമ്മൂമ്മ പറഞ്ഞു. പെരുമന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു.
എന്താ ഇതു്.? ഞാന്‍ ചിരിച്ചു. ക്ലാസ്സിലെ വാച്ചില്ലാത്ത ഏക വ്യക്ത്തിയോടൊപ്പം ഇടവപ്പാതി ചിരിച്ചു, കാലന്‍ കോഴി ചിരിച്ചു,
കൊന്ന തെങ്ങു ചിരിച്ചു. നാളെ പരീക്ഷയാണു്.

15 comments:

പെരിങ്ങോടന്‍ said...

വേണൂ വരി തിരിച്ചെഴുതിയിരിക്കുന്നതില്‍ എന്തോ ഒരു അപാകത, മനഃപൂര്‍വ്വം ചെയ്തതല്ലെങ്കില്‍ അതൊന്നു ശരിയാക്കൂ. എന്നിരുന്നാലും വായിച്ചെടുത്തത്രയും എനിക്കിഷ്ടമായി.

വേണു venu said...
This comment has been removed by a blog administrator.
വര്‍ണ്ണമേഘങ്ങള്‍ said...

ആദ്യം കണ്ടപ്പോള്‍ തപ്പി.
തപ്പിയെടുത്തപ്പോള്‍ രസമുള്ള വായന.
ഇടയ്ക്കിടെ എന്റര്‍ ഞെക്കിയിരുന്നെങ്കില്‍ തപ്പേണ്ടി വരില്ലായിരുന്നു.

പെരിങ്ങോടന്‍ said...

വേണുവേ, വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞതുപോലെ വരികള്‍ ഒന്നു പിരിച്ചെഴുതാമായിരുന്നു എന്നുമാത്രമാണു് ഞാന്‍ ഉദ്ദേശിച്ചതു്. എഴുത്തെനിക്കിഷ്ടപ്പെട്ടു. വേണു തുടര്‍ന്നും എഴുതുക. ആശംസകള്‍

വേണു venu said...

തീര്‍ച്ചയായിട്ടും ശ്രമിക്കാം.
നന്മകള്‍ നേരുന്നു.
വേണു.

ദിവ (diva) said...

ഇതും ഇഷ്ടപ്പെട്ടു...

അപ്പോള്‍ വേണുഭായീ, ഇങ്ങനെ വല്ലപ്പോഴും എന്തെങ്കിലും കുത്തിക്കുറിച്ചിരുന്നാല്‍ പോരാ കേട്ടോ...

ഒറിജിനലായി എഴുതാന്‍ കഴിവുള്ളവരെ ഇങ്ങനെ മടിപിടിച്ചിരിക്കാന്‍ വിട്ടാല്‍ പറ്റൂലാ. ഓക്കേ :-)

പോരട്ടേ, പോരട്ടേ... ഗൃഹാതുരത നിറഞ്ഞ വായനാനുഭവങ്ങള്‍

Sul | സുല്‍ said...

ഇതൊരു പരീക്ഷ തന്നെ.

ittimalu said...

വാച്ചുണ്ടായിട്ടും എന്റെ കാര്യം ഇങ്ങനെ തന്നെ ആയിരുന്നു.. അതെങ്ങിനെയാ.. തലേദിവസമല്ലെ പുസ്തകം തുറക്കുന്നത്..

വേണു venu said...

2006 April 20 നു് ഈ കഥ പോസ്റ്റു ചെയ്തു. ദിവസവും ഞാന്‍ മാത്രം വായിച്ചു .സ്വയം നല്ല കഥയെന്നു ഞാനും, എന്‍റെ കലാലയ അദ്ധ്യാപകരും കരുതിയ ഈ കൊച്ചു കഥ, ആരുമിഷ്ടപ്പെടാതെ, ആരും വായിക്കാതെ കാലയവനികക്കുള്ളില്‍ മറഞ്ഞു പോകുന്നതു് ദുഖത്തോടെ കണ്ടു നിന്നു.

കമഴ്ത്തി വച്ച സ്ലേറ്റില്‍ സാറെഴുതിയ മാര്‍ക്കറിയാന്‍ നില്ല്ക്കുന്ന ബാലനെ പോലെ എന്നും ഞാന്‍ നിന്നു.

May 9 നു് ശ്രീ.പെരി‍ങ്ങോടന്‍ എഴുതിയ വരികള്‍ വിണ്ടും എന്‍റെ കണ്ണുകളെ സജലങ്ങളാക്കി.

ശ്രീ.പെരിങ്ങോടന്‍റെ ഇഷ്ടപ്പെട്ടു എന്ന ഒറ്റ വരി എന്‍റെ പ്രചോദനമായി എന്നു് നന്ദിയോടെ ഇവിടെയും സ്മരിക്കുന്നു.

കുമാര്‍ജീയുടെ പുതിയ സം‍രം‍ഭത്തില്‍ അതു വീണ്ടും വെളിച്ചം കണ്ടു.

സുല്ലും, ഇട്ടിമാളുവും എഴുതിയ കമന്‍റുകള്‍ വായിച്ചു്, എന്നേ മാര്‍ക്കിട്ടിരുന്ന ഗൃഹപാഠ ബുക്കില്‍ ഒരു ഗുഡു് കൂടി കിട്ടിയിരിക്കുന്നു.
ഇതിന്‍റെ ശ്രേയസ്സു് തീര്‍ച്ചയായും കുമാര്‍ജിയുടെ പുതിയ സം‍രം‍ഭത്തിന്‍റെ നേട്ടമായി ഞാന്‍ കരുതുന്നു.
ശ്രീ.പെരിങ്ങോടനും, വര്‍‍ണ്ണമേഘങ്ങള്‍ക്കും,ദിവാജിക്കും,
സുല്ലിനും,ഇട്ടിമാളുവിനും എന്‍റെ നന്ദിയുടെ പൂച്ചെണ്ടുകള്‍.
സ്നേഹ പൂര്‍വ്വം,
വേണു.

indiaheritage said...

വേണുജീയേ,
ഇങ്ങനെ പരീക്ഷ പരീക്ഷ എന്നു പറഞ്ഞു പേടിപ്പിക്കാതോ. ഈ വയസ്സു കാലത്തും ഇടക്കിടക്ക്‌ ഫൈനലീയര്‍ പരീക്ഷ നാളെയാണെന്നു സ്വപ്നം കണ്ട്‌ ഞെട്ടി ഉണരാറുണ്ട്‌ ഇടക്കിടക്ക്‌

വേണു venu said...

എന്‍റെ പണിക്കര്‍ മാഷേ... ആ പേടിയിന്നും നില നില്‍ക്കുന്നു. ഇനി അങ്ങനെയുള്ള പരീക്ഷകളാര്‍ക്കും ഉണ്ടാവരുതേ....ഉണ്ടാവില്ല മാഷേ..എക്കൊണൊമിക്‌ ഡെവലപ്മെന്‍റ് ഒത്തിരി ഡെവലപ് ആയിരിക്കുന്നു.
നന്ദി.വായിച്ചതിനും അതറിയിച്ചതിനും.
സ്നേഹപൂര്‍വ്വം,
വേണു.

സതീശ് മാക്കോത്ത് | sathees makkoth said...

വേണു ചേട്ടാ,
എവിടെയോ ഒരു ചെറിയ നൊമ്പരം.

വേണു venu said...

സതീശേ...
കമന്‍റു കാണാന്‍ വൈകി.
വാര്യരു സാറിന്‍റെ കാല്‍ക്കുലേറ്റര്‍ എഴുതിയ സതീശിനു് നൊമ്പരം ഉണ്ടായില്ലെങ്കിലാണു് അത്ഭുതം.നന്ദി.വയിച്ചതിനും കമന്‍റെഴുതിയതിനും.

കുട്ടന്മേനൊന്‍::KM said...

ഇതിപ്പോഴാണ് കണ്ടത്. ഇഷ്ടമായി വരികള്‍

venu said...

മേനോനെ നന്ദി പറ്യാന്‍‍ വൈകി.നന്ദിയോടൊപ്പം താമസിച്ചതിനു് ഒരു റോസാ പൂ കൂടി. എന്‍റെ മുറ്റത്തെ.

നന്ദി