Friday, September 28, 2007

അണ്ണനുറങ്ങാത്ത വീടു്.3

Buzz It
---------------------------------------------------------------------------------------------------------------
ഇവിടെ ഒന്നാം ഭാഗം
ഇവിടെ രണ്ടാം ഭാഗം

അണ്ണനുറങ്ങാത്ത വീടു്.3.

മാറ്റങ്ങളുടെ മഹാ സമുദ്രങ്ങളിലൊരു കണികയായി.
എവിടെയോ അഗസ്ത്യ പര്‍വ്വതം അന്വേഷിച്ച യാത്രയില്‍ വഴികള്‍ നഷ്ടപ്പെടാതെ...
മറ്റൊരു നാരായണത്തു ഭ്രാന്തന്‍റെ പ്രേതമായൊക്കെ അലഞ്ഞു തെരയനായൊരു നിയോഗവും പേറി.......

നീ എവിടെ ആയിരുന്നു. മൂത്ത പെങ്ങള്‍ വലിയ പാവാടയുടുത്തു് തൊടിയുടെ വടക്കേ വശത്തെ വഴിയിലൂടെ വരികയായിരുന്നു. ഞാന്‍ ഗീതയുടെ വീട്ടില്‍ പോയിരുന്നു. പറഞ്ഞു തീരുന്നതിനു മുന്നെ അവള്‍ക്കു് നല്ലൊരു കിഴുക്കു കൊടുത്തു് രൂക്ഷമായി നോക്കി. ചുവന്നു കലങ്ങിയ കണ്ണുമായി നടന്നു നീങ്ങുന്ന പെങ്ങളെ നോക്കി നിന്നപ്പോള്‍ അയാളിലൊരു ദീര്ഘ നിശ്വാസം ഒഴുകി. ഗീതയുടെ ആങ്ങള തന്‍റെ സുഹൃത്തു് രമേശനെ അയാള്‍ക്കിഷ്ടമല്ല. അവന്‍ മോശമാണു്. അയാള്‍ നടന്നു. വായനശാലയിലേയ്ക്കു്.

ചീട്ടുകളിക്കുന്ന കൂട്ടുകാര്‍. കാരംസു് കളിക്കുന്നു ചിലര്‍. ചിലരൊക്കെ രാഷ്ട്രീയമോ സിനിമയോ ഒക്കെ സംസാരിച്ചിരിക്കുന്നു.
ഒന്നും ശ്രദ്ധിച്ചില്ല. സെക്രട്ടറി ചന്ദ്രന്‍ പിള്ള തന്‍റെ താടി തടവിയൊരു ബുദ്ധി ജീവിയായി ഒരു കസേരയിലിരിപ്പുണ്ടായിരുന്നു.

വലിച്ചു കളയുന്ന ബീഡിപ്പുക മുറി മുഴുവന്‍ ചിത്രങ്ങള്‍‍ വരച്ചു് നൃ്ത്തം ചവുട്ടുന്നു. തനിക്കു വായിക്കാന്‍‍ പറ്റിയ പുസ്തകങ്ങള്‍ ചൂണ്ടി കാട്ടി.
മെറ്റമോര്‍ഫസിസ് ,ഇ.എം.എസിന്‍റെ,
ലോര്‍ഡ് ഓഫ് ദ് റിങ്ങ്സ്,റഷ്യന്‍,മാവോ, യുളീസിസ് ,ബൊളിവിയന്‍, പിന്നെയും എന്തൊക്കെയോ.
താനിരിക്കാറുള്ള ജനാലയ്ക്കടുത്ത കസേരയില്‍ കിട്ടിയ പുസ്തകവുമായി അയാള്‍ ഇരുന്നു.
വിക്ടര്‍ യൂഗോ തന്നെ നോക്കി ചിരിക്കുന്നു എന്നു മനസ്സിലാക്കിയ നാരായണന്‍ കുട്ടി കവര്‍ പേജിന്‍റെ ഭംഗി നോക്കി മറ്റൊരു പുസ്തകമെടൂത്തു കസേരയിലിരുന്നു.

എപ്പോഴായിരുന്നു അവിടെ നിന്നും പുറപ്പെട്ടതു്. താഴെത്തെ കടയ്ക്കപ്പുറം കലങ്ങിലിരുന്ന നിഴലു് ‍‍ മുട്ടത്തെ വാസുവാണെന്നു മനസ്സിലായപ്പോള്‍‍ ഭയം തോന്നി.

പേനാക്കത്തി ഇളിപ്പൂട്ടിലെപ്പഴും ഇരിക്കുന്ന വാസുവിനെ അറിയാം. കുടിച്ചു കുടിച്ചൊരു മഹാ കുടിയനായ അയാളെപ്പോഴും പറയുന്നതു കേട്ടിട്ടുണ്ടു്. എല്ലാം കഴിഞ്ഞിട്ടില്ല.ഒരുത്തനീ പിച്ചാത്തിയ്ക്കു് വേണം. ശബ്ദമുണ്ടാക്കാതെ നടന്നു.
തന്നെക്കണ്ടയാള്‍ മുരടനക്കി. കാര്‍ക്കിച്ചു തുപ്പി. “ആരാടാ..നാരായണനാണോ.” “ അതേ. ” പിന്നെയും കാര്‍ക്കിക്കുമ്പോഴേയ്ക്കും അയാള്‍ ഗോപുരം ഇറങ്ങുകയായിരുന്നു.

പുസ്തകക്കെട്ടുകളുമായി നടന്നു നീങ്ങുന്ന തന്നെ ശങ്കരനാരായണന്‍ ഒന്നു നോക്കിയോ.

ഗോപുര മതിലിനു താഴെയുള്ള തിട്ടയിലിരുന്നു് തന്‍റെ സുഹൃത്തു് പോറ്റി കഞ്ചാവു് കുടിക്കുന്നുണ്ടായിരുന്നു. ഗോപുരം എന്നോ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കരിങ്കല്‍ കല്ലുകളാണു്. പണി തീരാതെ പോയ ഗോപുരം. ഗോപുരം പണിത ഗന്ധര്‍വന്മാര്‍ നേരം വെളുത്തുപോയതിനാല്‍ പണി നിര്‍ത്തി പോയതാണെന്നു് പഴം കഥകള്‍. ഗന്ധര്‍വ്വന്മാരെ കാത്തു് ഇടിഞ്ഞു പൊളിഞ്ഞ ഗോപുരം അവ്സാന നാളുകളെണ്ണുന്ന ഒരു വൃദ്ധനെ പോലെ അയാള്‍ക്കു് തോന്നിയിരുന്നു.
സത്യവും മിഥ്യയുമായിരുന്നു അന്നത്തെ വിഷയം.
ഒടുവില്‍ പോറ്റി പറഞ്ഞു. സത്യമെന്നൊന്നില്ല. ഗോപുരത്തിനപ്പുറം നില്‍ക്കുന്ന വയസ്സന്‍ പേരാലിന്‍റെ ചുറ്റും ഇരുട്ടൊളിച്ചു നിന്നു.
ഈ കാണുന്നതും കേള്‍ക്കുന്നതും നീയ്യും ഞാനും ഒക്കെ മിഥ്യകളാണു്.
അങ്ങനെ മറ്റൊരു പ്രപഞ്ച സത്യമറിഞ്ഞു് അയാള്‍ നടന്നു. അണ്ണനുറങ്ങാത്ത വീട്ടിലേയ്ക്കു്.


-----------------------------------------------------------------------

രാവേറുന്നവരെ മുനിഞ്ഞ വെട്ടത്തില്‍‍ വായിച്ചിരുന്നു. 12.മണിയ്കു് പോകുന്ന അവസാനത്തെ ബസ്സിലെത്തുന്ന ഭാസ്കരന്‍‍ പിള്ള ചേട്ടന്‍‍ അമ്പലമിറങ്ങി വരുന്ന ശബ്ദങ്ങള്‍‍ രാത്രിയുടെ നിശ്ശബ്ദതയെ ഭഞ്ജിക്കുന്നുണ്ടായിരുന്നു. “വഞ്ചി ഭൂപതി തന്‍ സഞ്ചിയില്‍‍.....മമ പുസ്തകം... ??@@@&(*)@@@ മക്കളേ.... വഞ്ചി ഭൂഊഊഊഊഊഊ.....കൂ......ഹാഹാ...ചീത്ത വിളിച്ചും പാട്ടു പാടിയും നീങ്ങുന്ന ഭാസ്ക്കരന്‍ പിള്ള.
വെറുതേ ജനാലയിലൂടെ നോക്കി നിന്നു.
മുണ്ടു വാരി ഒരു കോണകമായി ചുറ്റി നടന്നു വരുന്ന ഭാസ്കകരന്‍ ചേട്ടന്‍‍.
കുടിയനായി പോയി.

വഞ്ചി ഭൂപതി..... വലിയിടവഴിയിലെ ആഞ്ഞിലിയുടെ നിഴലില്‍ നിന്നു് ഭാസ്കരന്‍‍ ചേട്ടന്‍‍ മുണ്ടു മുറുക്കിയുടുത്തു. തന്‍റെ വീട്ടിലേയ്ക്കു നോക്കി പറഞ്ഞു. അവന്‍ വായിക്കട്ടെ. ഒരു ഐ.എ. എസു് ആകട്ടെ. ഞാന്‍ മിണ്ടില്ല....ഇനി ഞാന്‍ പാടാതെ പോകും. എന്നെക്കൊണ്ടതെങ്കിലും ആകുമല്ലോ.

സത്യത്തില്‍ ഒരുപാടു് വായിക്കുന്നതു കണ്ട നാരായണന്‍ കുട്ടിയുടെ നാട്ടുകാര്‍ അയാള്‍ ഐ.എ.എസിനു് ശ്രമിക്കുന്നു എന്നു കരുതി തുടങ്ങിയിരുന്നു.

വലിയ ഇടവഴിയും കഴിഞ്ഞു വാലുതുണ്ടില്‍ വാതുക്കലെ പള്ളിവേട്ട വിളക്കും കഴിഞ്ഞു. പിന്നെ ആ പാട്ടു കേള്‍ക്കാമായിരുന്നു.....വഞ്ചി....ഭൂപതി....

ഭാസ്ക്കരന്‍‍ പിള്ള ചേട്ടന്‍‍ ,ഒന്നാം തീയതി ശംബളം വാങ്ങുന്ന ദിവസം, സുമതി ചേച്ചി അവിടെയെത്തും. അല്ലെങ്കില്‍ ഒന്നും കാണില്ല. കടക്കാരുടെ പറ്റു തീര്‍ത്തു്,കുറച്ചു വീട്ടു സാധനങ്ങളുമായി നടന്നു വരുന്ന ദമ്പതികളെ അയാള്‍ക്കറിയാം. ഹല്ലാ ..നാരായണനാ. സുമതി ചേച്ചി കുശലം ചോദിക്കും. ഒരിക്കലും ഭര്‍ത്താവിനെ കുറ്റം പറയാത്ത സുമതിചേച്ചി പറയും. കുറച്ചു സാധനം വാങ്ങണമായിരുന്നു. ചേട്ടന്‍റെ ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ ഞാനും അങ്ങെത്തി. നാരായണാ നീ ശശിയ്കെന്തെങ്കിലും കണക്കൊക്കെ ഒന്നു പറഞ്ഞു കൊടുക്കണം. പാരലിലോട്ടൊന്നും വിടാന്‍ ഇപ്പോള്‍ എനമില്ലെന്നറിയാമല്ലോ. എല്ലാം ഈ മനുഷ്യന്‍റെ ശമ്പളമാ. എളയതു് രണ്ടെണ്ണം ഇനിയുമില്ലേ.

മക്കളെ, ഞങ്ങളങ്ങോട്ടു നടക്കുവാ.

എപ്പോഴോ ഉറക്കം അയാളെ കിടത്തി.

ഒരു സ്വപ്നം എത്തിയതയാളറിഞ്ഞില്ല.
കിഴക്കു വശത്തെ കതകിന്‍റെ സാക്ഷ ഇട്ടൊ എന്നു്, എന്നും ശ്രദ്ധിക്കാറുള്ള നാരായണന്‍ കുട്ടി അന്നതു ശ്രദ്ധിച്ചില്ല എന്നതു് സ്വപ്നത്തിലോര്‍ത്തു. തുറന്നു കിടന്ന കതവിലൂടെ കടന്നു വന്ന ചെറുപ്പക്കാരന്‍ തന്‍റെ ഏതോ കൂട്ടുകാരന്‍റെ മുഖ ചായ ഉണ്ടായിരുന്നൊ. മൂത്ത പെങ്ങളായിരുന്നോ കതകു തുറന്നു് തൊടിയിലെ പുളിമര ചുവട്ടില്‍ മയങ്ങി നിന്ന ചന്ദ്രികയില്‍ കെട്ടിപ്പിടിച്ചു് നിന്നതു്. അയാള്‍ അവളെ വാരിയെടുത്തു് അവിടിരുന്നു് അവളുടെ മുഖത്തേയ്ക്കു കുനിഞ്ഞോ.
നാരായണന്‍ കുട്ടി കൂവി പോയി. അമ്മയുണര്‍ന്നു. കുഞ്ഞമ്മയുണര്‍ന്നു, അമ്മൂമ്മയുണര്‍ന്നു. പെങ്ങന്മാരെല്ലാവരും ഉണര്‍ന്നു. വിയര്‍ത്തൊലിച്ചു് വിറച്ചു കിടന്ന നാരായണന്‍ കുട്ടിയെ നോക്കി അമ്മൂമ്മ പുലമ്പി. ആവ്ശ്യമില്ലാത്ത പുസ്തകമൊക്കെ വായിച്ചു് ഈ ചെറുക്കന്‍ തല തിരിയുന്നു. നാളെ ആകട്ടെ കേശവനെ വിളിച്ചു് കവടിയൊന്നു നിരത്തിക്കണം.


--------------------------------------------------------------------------------

കഥ കവിതയായില്ല. അയാളൊരു മഹാ സമുദ്രമായി മാറുകയായിരുന്നു.
ഇന്നലെ വന്ന ഒരു കൊച്ചു പക്ഷി പോലും ചോദിച്ചു എന്തേ ഇങ്ങനെ.....
സാവിത്രി, ഹരി, ഉഷ, ഗോപന്‍, സാമുവല്‍, കോളേജിലൊക്കെ പഠിച്ചിരുന്നവരുടെ കല്യാണ ലെറ്ററിനു മറുപടികളെഴുതി. ആശംസകള്‍.

ഒരിക്കല്‍ ഷഫീക്കു് സാറിന്‍റെ എഴുത്തു വന്നു.

നീ ഒന്നിവിടം വരെ വരണം.
താന്‍ വലിയവനാകുമെന്നു അന്നെ കണക്കു കൂട്ടി പറഞ്ഞ സാറിനെ കാണാന്‍ അയാള്‍‍ പുറപ്പെട്ടു.
ബോയിസു് ഹൈ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയത സാറു് പത്തു കിലോ മീറ്ററില്‍ കൂടുതല്‍ ദൂരെ എവിടയോ ആയിരൂന്നു താമസം. സാറിനെ കണ്ടു പിടിക്കാന്‍‍ ഒരു ഉച്ച വെയില്‍ കത്തിച്ചയാള്‍‍ നടന്നു.

പെട്ടെന്നൊരു കാറു വന്നു മുന്നില്‍ നിന്നു.

നാരായണന്‍.?
വിയര്‍ത്തു നാറി നിന്ന അയാള്‍ നോക്കി. തടിച്ചു വീര്‍ത്ത ശരീരവുമായി ചുണ്ടിലൊരു ചെറു ചിരിയുമായി നിന്ന അതു ബഞ്ചമിനാണെന്നു മനസ്സിലാക്കാന്‍ വിഷമം ഉണ്ടായില്ല.
കൂളിങു ഗ്ലാസ്സു വച്ച ബഞ്ചമിന്‍ കാറില്‍ നിന്നെറങിയപ്പോള്‍ ചന്ദനത്തിന്‍റെ സുഗന്ധം.
പണ്ടു് പരീക്ഷകളില്‍ കാണിച്ചു കൊടുക്കാന്‍ സിഗററ്റു വലിക്കാത്ത തനിക്കു് സിഗററ്റു വാങി തന്ന ബഞ്ചമിന്‍. വെറുതെ പോക്കറ്റില്‍ തപ്പി നോക്കി. ചര്‍മിനാറിന്‍റെ ഒരു പുതിയ പാക്കറ്റുണ്ടു്.
ഭാര്യയെ പരിചയ പ്പെടുത്തി. ഷി ഈസു വര്‍കിങ്ങു് ദെയര്‍ ...ഇന്‍ സ്റ്റാട്ടിക്‍സ്.....
നീ....

ചിരിക്കാനല്ലാതെ....അയാള്‍ക്കൊന്നും പറയാനില്ലായിരുന്നല്ലോ.

ഈ കണക്കു്.....ഈ പിരിയഡിനുള്ളില്‍ തെളിയിക്കുന്നവനു് ഞാനൊരു സമ്മാനം തരും എന്നു് പറഞ്ഞു്, ബ്ലാക് ബൊര്‍ഡിലെഴുതി തീര്‍ത്തതിനു മുന്നെ തെളിയിച്ച നാരായണന്‍ കുട്ടി.

ഷഫീക്കു് സാറിനെ ഓര്‍മ്മയില്ലെ ? “ആ വട്ടന്‍‍ സാറോ.“ അദ്ദേഹത്തെ കാണാന്‍ പോകുന്നു.

ഓ നോണ്‍സെന്സു് ജീവിക്കാനറിയാത്ത മനുഷ്യന്‍‍ . ബഞ്ചമിന്‍ ചിരിച്ചു. കൂടിയ ഒരു സിഗററ്റു തന്നു .ബൈ പറഞ്ഞു് കാറില്‍ കേറിയ ബഞ്ചമിന്‍റെ ഭാര്യയുടെ മുഖത്തു് പുച്ഛമുണ്ടായിരുന്നോ.
അയാള്‍ നടക്കുകയയായിരുന്നു.

ആരോടൊക്കെയോ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. കള്ളുഷപ്പില്‍ കാണുമെന്നു്.. പിന്നെ സാറിനെ കണ്ടപ്പോള്‍..... കീറി പറിഞ്ഞ വേഷം, കീറി പറിഞ്ഞ മനസ്സു്. തന്നെ മനസ്സിലാക്കിയപ്പോള്‍ കൂടെ നിന്ന സഹ കുടിയന്മാരോടു പറഞ്ഞു. പ്രിയ ശിഷ്യന്‍. പിന്നെ എന്നെ റോഡരുകില്‍ കൊണ്ടു പോയി കരഞ്ഞു. ഒളിച്ചോടി പോയ മകളെ ക്കുറിച്ചു്. പക്ഷാഘാതം വന്നു` കഴിയുന്ന ഭാര്യെ ക്കുറിച്ചു്.

അപ്പോഴും അന്നു് ചോക്കില്‍ വരച്ച തിയറം അയാള്‍ ഓര്‍ക്കുകയായിരുന്നു.
എന്തിനോ കാണാനാഗ്രഹിച്ച സാറിന്‍റെ പോക്കറ്റില്‍ കുറച്ചു നോട്ടുകളിട്ടു് വീണ്ടും ഒരു തിയറം തെളിയിച്ച സംതൃപ്തിയില്‍ അയാള്‍ തിരിച്ചു നടന്നു.

വിധിയുടെ പരിലാളനങ്ങളില്‍ പുനര്‍ജനികളുടെ അര്ത്ഥം തേടിയുള്ള യാത്രയില്‍ നാരായണന്‍ കുട്ടി

മാറ്റങ്ങളുടെ മഹാ സമുദ്രങ്ങളിലൊരു കണികയായി.
എവിടെ ആയിരുന്നു നീ അന്വേഷിച്ച അഗസ്ത്യ പര്‍വ്വതം.
മറ്റൊരു നാരായണത്തു ഭ്രാന്തന്റെ പ്രേതം തിരയുന്ന നാരായണാ നിനക്കിതാ ഒരു പുതു യുഗം തുറന്നു വച്ചിരിക്കുന്നു.
ബാലേട്ടനെ പരിചയപ്പെടുത്തിയ ചന്ദ്രന്‍ പിള്ള പറഞ്ഞു. കഴുവിടാന്‍ കുന്നിലെ പൊലയന്‍ തുളസിയുടെ കൊച്ചു പുരയില്‍ രാത്രി എത്തുക. ബാക്കി അവിടെ സ്റ്റഡി ക്ലാസ്സില്‍ നിന്നു കിട്ടുന്ന മെഴുകുതിരി അണയാതെ സൂക്ഷിക്കുക.
അണ്ണനുറങ്ങാത്ത വീട്ടിലെ മെഴുകുതിരിയില്‍ പ്രകാശം നഷ്ടപ്പെടാന്‍ ജീവിതങ്ങള്‍ കാത്തു നില്‍ക്കുന്നതറിയാവുന്ന വിധി ചിരിക്കുന്നുണ്ടായിരുന്നു.


കഥയില്ലായ്മ തുടരുമെന്നു തോന്നുന്നു.:)

Monday, September 24, 2007

അണ്ണനുറങ്ങാത്ത വീടു്. 2

Buzz It
ഒന്നാം ഭാഗം

അണ്ണന്‍ പാരലല്‍ കോളേജിലെ പഠിപ്പീരിനു ശേഷം , ലൈബ്രറിയില്‍ നിന്നും കിട്ടിയ പുസ്തകങ്ങളുമായി വീട്ടിലേയ്ക്കോടുന്ന രാത്രികള്‍.
അച്ഛനില്ലാത്ത വീട്ടിലെ അച്ഛനായി മാറുന്ന ആങ്ങളയാവാന്‍‍ ആര്‍ക്കും നിയോഗമുണ്ടാകരുതേ എന്നു് പ്രാര്‍ഥിച്ചു നടക്കുന്ന കാലം.


എവിടെയായിരുന്നു വിധിയുടെ ചിറകുകളൊടിഞ്ഞു പോയതു്. മണിയറയില്‍‍ നിന്നോടിയ സുമംഗലിയെ പോലെ, പൊട്ടിചിതറിയ പളുങ്കു മണിയായ മുഹൂര്‍ത്തങ്ങള്‍ ഒളിപ്പിച്ചു വച്ചിരുന്ന വിധി......


മെഡിക്കല്‍‍ മിഷന്‍‍ ഹോസ്പിറ്റലില്‍ പ്രസവിച്ച അമ്മയോടു്, ആസ്പത്രിയില്‍ വച്ചു തന്നെ അച്ഛന്‍ പറഞ്ഞു. ഇവനെ കണ്ടാല്‍ ...
സംശയ രോഗിയായിരുന്നു അച്ഛന്‍‍.
അമ്മ സുന്ദരിയായിരുന്നതിലെ അപകര്‍ഷതാ ബോധം.
ഒരിക്കലും അമ്മയെ അച്ഛന്‍‍ എങ്ങും കൊണ്ടു പോയിരുന്നില്ല.
വീട്ടിലിരുന്നു. വെളിയില്‍ നിന്നാല്‍, അമ്പലത്തില്‍ പോയാല്‍ ഒക്കെ ചോദ്യങ്ങള്‍‍.
ഓപ്ഫീസ്സില്‍ നിന്നു വരുമ്പോള്‍ വെളിയില്‍ നില്‍ക്കുന്ന അമ്മയെ കണ്ടാല്‍ മതി. നീ ആരെ കാണാനാ കുളിച്ചൊരുങ്ങി.?
അമ്മ അമ്പലത്തില്‍ പോകുന്നതും... ആളുകളുമായി സംസാരിക്കുന്നതും ഇഷ്ടപ്പെടാതെ അച്ഛന്‍ നടന്നു.
എല്ലാമറിയാന്‍‍ നാരായണന്‍ കുട്ടിയുടെ അച്ഛന്‍ ഒരു ഡിക്റ്റടീവിനെ പോലെ ചുറ്റി നടന്നിരുന്നു.
സൌന്ദര്യമൊരു ശാപമാണെന്നും അച്ഛനെക്കാള്‍ അല്പം പഠിപ്പു കൂടിയതു് ഗ്രഹപ്പിഴയായും അമ്മയ്ക്കു് തോന്നി തുടങ്ങിയതു് യാദൃച്ഛികം.
അച്ഛന്‍റെ അനിയന്‍ പട്ടാളത്തില്‍ നിന്നു വന്നതും , ഗൃഹപ്പിഴയ്ക്കൊരു ഏണി ആയി.അവിടെ നാരായണന്‍‍ കുട്ടിയുടെ ജന്മ ജന്മാന്തര വ്യഥയുടെ തുടക്കം.


നാരായണന്‍ കുട്ടിക്കു് രണ്ടര വയസ്സുള്ളപ്പോള്‍‍ നിയമത്തിലൂടെ അച്ഛന്‍ അമ്മയുമായി ബന്ധം നിഷേധിച്ചു് വേറെ കല്യാണം കഴിച്ചതു് നാരായണന്‍ കുട്ടി അറിഞ്ഞതു് എട്ടാമത്തെ വയസ്സിലായിരുന്നു.
നാലാം ക്ലാസ്സില്‍ പഠിക്കുന്ന അയാള്‍ നാലുമണിക്കു് സ്കൂള്‍ വിട്ടു വരുമ്പോള്‍ വീടിനു മുന്നിലെ മുറിയില്‍ ഒത്തിരി സ്ത്രീകളിരിക്കുന്നു. അകത്തെ മുറി അടച്ചിരിക്കുന്നു. അകത്തു നിന്നു് അമ്മയുടെ ചെറിയ ഞരക്കങ്ങള്‍ പോലെയുള്ള ശബ്ദം കേള്‍ക്കാമായിരുന്നു.
കഥകളി അമ്മാവി തന്‍റെ ജന്മനാ സെറ്റു ചെയ്യപ്പെട്ട പുരികം ഉയര്‍ത്തി തന്നൊടു ചോദിച്ചു. നാരായണാ നിനക്കു് ആണ്‍ വാവയെ വേണൊ, പെണ്‍ വാവയെ വേണോ.
ഒന്നുമാലോച്ചിക്കാതെ അയാള്‍ പറഞ്ഞു. ആണ്‍ വാവ.
അകത്തൊരു കുഞ്ഞിന്‍റെ നിലവിളി കേള്‍ക്കാമായിരുന്നു. ഒപ്പം അമ്മയുടെ അമര്‍ത്തിയ നിലവിളിയും.
കതകു തുറന്നു വന്ന പതിച്ചി സരസ്സമ്മ പറഞ്ഞു. പെണ്ണാണു്.
കുരവയിടാനിരുന്നവര്‍ നിരാശരായി. ഒന്നും മനസ്സിലാവാതിരുന്ന നാരായണന്‍ കുട്ടിക്കു് ഒരു പെങ്ങള്‍ ഉണ്ടായിരിക്കുന്നു എന്നു് മനസ്സിലായി.


ചുരുട്ടി മടക്കിയ വിരലുകളുമായി അമ്മയുടെ അടുത്തു കിടക്കുന്ന ചോര നിറമുള്ള കുഞ്ഞു് മൂത്ത പെങ്ങളായി.
അമ്മ പിന്നെയും പ്രസവിച്ചു. ഓരോരോ കൊച്ചു പെങ്ങന്മാരെ തനിക്കു് നല്‍കി ചേമ്പിന്‍ തണ്ടു പോലെ വിറങ്ങലിച്ചു കിടന്നു അയാളുടെ അമ്മ. മൂന്നാമത്തെ പെങ്ങളെ പ്രസവിച്ചു് ആ കുഞ്ഞു കരയുന്നതു വെളിയില്‍ കേട്ടിരുന്ന വല്യ അമ്മാവിയും കൊല്ലത്തെ അപ്പച്ചിയും കൊച്ചമ്മയും ചുറ്റും നിന്നിരുന്ന മറ്റു പലരും മൂക്കത്തു വിരല്‍ വയ്ക്കുന്നതയാള്‍‍ കണ്ടു. അയാള്‍ കേട്ടു. പതിച്ചി സരസ്സുഅമ്മ, അമ്മയോടു് അകത്തെ മുറിയില്‍ അടക്കം പറയുന്നതു്. സരോജിനി ഇനി വേണ്ട. ഇനി എനിക്കു പറ്റില്ല. നിനക്കും.
അതൊക്കെ മനസ്സിലാക്കി വന്നപ്പോഴേയ്ക്കും നാരായണന്‍ കുട്ടി അണ്ണനായി മാറി കഴിഞ്ഞു.അണ്ണനെന്ന നാരായണന്‍ കുട്ടി 17 വയസ്സിലൊരച്ഛനാവാന്‍ തുടങ്ങി. നോട്ടത്തില്‍ ഭാവത്തില്‍.
ചിരിയില്ലാത്ത മുഖവുമായി നടക്കുന്ന നാരായണന്‍ കുട്ടിയെ നോക്കി അമ്മൂമ്മ പറഞ്ഞു. അശ്റീകരം. ഒരിക്കലും അവനൊരു സന്തോഷവും ഇല്ല. ഓണം വന്നാലെന്താ, ഉത്സവം വന്നാലെന്താ. സരോജിനിയേ ഇവനെ ഇപ്രാവശ്യത്തെ പള്ളിവേട്ട ഇതിലേ പോകുമ്പോള്‍ ശങ്കരനാരായണനെ വിളിച്ചു് ഇവനെ നിര്‍ത്തി ഞാനൊന്നു പറഞ്ഞു നോക്കും.

നാരായണന്‍ കുട്ടിയുടെ സുഹൃത്തു ബന്ധങ്ങള്‍‍ മുറിഞ്ഞു കൊണ്ടിരുന്നു. ആരും തന്നെ അന്വേഷിച്ചു വീട്ടില്‍ വരുന്നതു് ഇഷ്ടമല്ലാതായി. മൂന്നു പെങ്ങന്മാര്‍. അയാള്‍ രാത്രി ഉറങ്ങാതെ കിടക്കാന്‍ തുടങ്ങി. വല്യിടവഴിയിലൂടെ വല്ലപ്പോഴും പോകുന്ന ,തന്നെ നോക്കുന്ന സുധയെ ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ ശ്രമിച്ചു.

വൈകുന്നേരങ്ങളില്‍ വായന ശാലയില്‍ നിന്നു് എം. റ്റി യും മുകുന്ദനും വിജയനേയും ഒക്കെ ചുമന്നു വീട്ടില വരാറുള്ള നാരായണന്‍ കുട്ടി മാര്‍ക്സിന്‍റെ ചെഗുവേരയുടെ അങ്ങനെ വിപ്ലവവും ചരിത്രവും ആത്മകഥകളുമൊക്കെ ചുമന്നു് വീട്ടിലെത്തി.


കുന്നിന്‍ ചരുവിലെ ആ വീട്ടില്‍ സന്ധ്യായാകുമ്പോഴേ രാത്രി തന്‍റെ പായയുമായി വരുന്നതു് അയാള്‍ക്കറിയാം.
പെണ്ണുങ്ങളുള്ള വീടു്. കുഴഞ്ഞു വീണ ചേമ്പിന്‍ തണ്ടു പോലെയുള്ള അമ്മ, ചെലപ്പോള്‍ പറയും, ആണില്ലാത്ത വീട്ടില്‍ തൂണും ആണാ.


അയാള്‍ ഉറങ്ങാതിരുന്നു പോയി. ഒരു കരിയിലയുടെ ശബ്ദവും അയാള്‍ക്കു് സംശയങ്ങളുടെ വെളിപാടുകളായിരുന്നു. ഓരോ രാത്രിയും കാള രാത്രികളായിരുന്നു.


അണ്ണനുറങ്ങാതിരുന്നു. (കഥയില്ലായ്മ തുടരാനായി അണ്ണന്‍‍ ഉറങ്ങാതിരുന്നു.)‍

Wednesday, September 19, 2007

അണ്ണനുറങ്ങാത്ത വീടു്.1

Buzz It
അണ്ണനുറങ്ങാത്ത വീടു് 1വായിക്കുന്നതിനു മുന്നെ ഇതൊന്നു വായിച്ചിരുന്നെങ്കില്‍‍ നന്നായിരിക്കുമെന്നും തോന്നുന്നു.
നാരായണന്‍ കുട്ടിയുടെ ഒരു ചിത്രംl
വായിച്ചെങ്കില്‍‍ ഇനി ആ നാരായണന്‍‍കുട്ടിയെ മറക്കുക.
ഇനി മറ്റൊരു കഥ. പഴയ കഥ അവിടെ ഉറങ്ങട്ടെ. പുതിയ കഥ.
കഥയില്ലായ്മയാണു് ജീവിതം എന്നെന്നെ ഇതുവരെ പഠിപ്പിച്ചിരിക്കുന്നു.
അതിനാല്‍‍ ഒരു കഥയില്ലായ്മ തുടരാന്‍‍ ഞാന്‍‍ തുടങ്ങുന്നു.
ശ്രമിക്കാം.
ജീവിതം ഒത്തിരി പഠിപ്പിച്ചതിനാല്‍‍ ചിലപ്പോള്‍‍ വെറും കഥയില്ലായ്കയില്‍‍ ഞാന്‍‍ സന്തോഷിക്കട്ടെ.
എന്തായാലും ഒരു തുടര്‍ കഥയില്ലായ്മ തുടരുന്നു.
തുടര്‍ച്ച എന്നില്‍‍,
നിര്‍ത്തല്‍‍ എന്‍റെ പ്രബുദ്ധരായ വായനക്കാരില്‍‍. കഥയില്ലായ്മ .അതെ .കഥയില്ലായ്മ തന്നെ.
രണ്ടു മൂന്നു ഭാഗങ്ങളേ എഴുതിയുള്ളു. ബാക്കി എഴുതുന്നതു് .....‍.:)
സ്നേഹ ബഹുമാനങ്ങളോടെ.........‍
-----------------------------------------------------------------------------------------

നാരായണന്‍ കുട്ടി നാട്ടിലെത്തിയപ്പോള്‍ നേരം വെളുക്കുന്നു.
റയില്‍വേ സ്റ്റേഷനു തൊട്ടടുത്തുള്ള തട്ടു കടയില്‍‍ ചായ പാത്രത്തില്‍‍ വെള്ളം തിളച്ചു തുടങ്ങുന്നതേയുള്ളു.
കിട്ടിയ മലയാളപത്രവുമായി വെളിയിലാടുന്ന ബഞ്ചില്‍‍ ഇരുന്നു് പറഞ്ഞു. ഒരു ചായ. “സാറെ ഒരു പത്തു മിനിറ്റു് താമസമുണ്ടു്.”
മലയാള പത്രത്തിന്‍റെ മണം വായിക്കുന്തോറും ‍‍ കൂടുന്നതയാളറിഞ്ഞു.


എങ്ങു നിന്നോ ഓടി വന്ന ഒരു ഓട്ടോ അവിടെ നിര്‍ത്തി, ചായ കുടിക്കാന്‍‍ തന്‍റെ ബന്‍ച്ചിലു് വന്നിരുന്ന ഡ്രൈവര്‍‍ അത്ര രസിക്കാതെ തന്നെ നോക്കി ഒരു ബീഡി കത്തിച്ചു.
ഗ്ലാസ്സുകളൊക്കെ കഴുകി , ഒരു മൂലയിലെ ദൈവത്തിന്‍റെ പടത്തിനു മുന്നില്‍ ഒരു തിരി കത്തിച്ചു് പ്രാര്‍‍‍ഥിക്കുന്ന ചായക്കടക്കാരന്‍‍. ചൂടു ചായ ഗ്ലാസ്സു നിറഞ്ഞ പതയുമായി കൊണ്ടു വച്ചപ്പഴേ പകുതി നിറഞ്ഞു.


വീട്ടിലേയ്ക്കു് പോകുന്ന ആട്ടോയ്യിലും അയാള്‍ക്കു് സ്വപ്നങ്ങള്‍ക്കു് ഒരു കുറവും ഇല്ലായിരുന്നു.....
താന്‍ പഠിച്ച കോളേജിന്‍റെ മുഖത്തെഴുതിയിരിക്കുന്ന വാചകം വായിക്കാന്‍‍ ശ്രമിച്ചു. ആട്ടോ ഡ്രൈവറോടു് പറഞ്ഞു. ഒന്നു നിര്‍ത്തൂ. പിന്നെ വായിച്ചു. PER MATRAM PRO PETRIA. മതി. സന്മനസ്സുള്ളവര്‍ക്കുള്ള സമാധാനവുമായി അയാള്‍‍ ആട്ടോയില്‍ കയറി. പേരു മാത്രം പോര പാതിരി എന്നു് തര്‍ജ്ജമ നല്‍കിയ കൂട്ടുകാരെ ഒക്കെ ഓര്‍ക്കാതെ അയാള്‍‍ വെളിയിലേയ്ക്കു നോക്കിയിരുന്നു.


ആട്ടൊ നിര്‍ത്തിയ കൊച്ചു ഗ്രാമത്തില്‍‍ അയാളിറങ്ങി.
നടന്നു. കാലുകള്‍ക്കു് ഭാരം അനുഭവപ്പെടുന്നു. കണ്‍പോളകള്‍‍ക്കു് ഉറക്കത്തിന്‍റെ ചടവുകള്‍.
കൈയ്യില്‍ തൂക്കിയ പെട്ടിയുമായി ആകാശത്തുദിച്ചു നില്‍ക്കുന്ന പൊട്ടനെ നോക്കി അയാള്‍ കാലുകള്‍ക്കു വേഗത കൂട്ടി.
ഇനിയൊരുപാടു ദൂരം നടക്കാനുണ്ടെന്നു് വിധി മാത്രം രഹസ്യം പറയുന്നുണ്ടായിരുന്നു.


അയാള്‍ നടന്നു.
അമ്പല കൊട്ടിലില്‍,
കറുത്ത കുപ്പായമൂരി വച്ച രാത്രി ഒരു കഥ പറഞ്ഞു കഴിഞ്ഞിരുന്നു.
ആട്ടൊ റിക്ഷ നിന്നപ്പോള്‍‍ ആ കഥയൊഴിഞ്ഞ കൊട്ടില്‍ നിശ്ശബ്ദതയുടെ പുതപ്പില്ലാതെ നഗ്നമായിരുന്നു..


അമ്പലം തൂപ്പുകാരി ഗോമതി എന്തോ ചോദിച്ചതയാള്‍ കേള്‍ക്കാതെ ആനക്കോട്ടിലിനും സമീപം കൊടി മരത്തിനു മുകളിലെ ശങ്കരനാരായണനെ ഒന്നു നോക്കി.
ശങ്കര നാരായണന്‍റെ നിഴലായി, മറ്റൊരു കൊച്ചു കൊടിമരം ആയി അയാള്‍ നടന്നു.


പുള്ളോട്ടു മഠത്തിലെ പാട്ടിയമ്മ വീടിനു മുന്നില്‍ വീണ പത്രം എടുത്തു് , നടന്നു വരുന്ന നാരായണന്‍ കുട്ടിയെ നോക്കി ചോദിച്ചു. വരുന്ന വഴിയാ. എത്ര ദിവസം ലീവുണ്ടു്. പാട്ടിയമ്മയുടെ കണ്ണുകള്‍‍ പൊന്‍‍ കണ്ണുകള്‍‍ തന്നെ. അയാളെ മനസ്സിലാക്കിയ ആ അമ്മൂമ്മയുടെ മുന്നില്‍ തൊഴു കൈയ്യുമായി നിന്നു പോയി.
കുറച്ചു ദിവസം കാണും. അയാള്‍ നടന്നു. എന്നു പോകുന്നു എന്ന ചോദ്യത്തിനു മുന്നെ അയാള്‍ വളവു തിരിഞ്ഞു.


ജാനു അമ്മയുടെ വീടു്, വാര്‍ത്ത രണ്ടു നില കെട്ടിടമായി മാറിയിരിക്കുന്നു.
വെളിയില്‍ ആരേയും കണ്ടില്ല. വെട്ടു വഴിയുടെ ഇരു വശവും വലിയ വലിയ സൌധങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഗേറ്റുകളും മതിലുകളും ഒക്കെ ആ ഇടവഴിയെ തന്നെ മാറ്റിയിരിക്കുന്നു.


അയാള്‍ക്കു് അല്പം ഉയരം വച്ചതു പോലെ.
അഭിമാനത്തോടെ അയാള്‍ നടന്നു. എന്നും അഭിമാനം അയാള്‍ക്കൊരു പ്രശ്നമായിരുന്നല്ലോ.
നീണ്ടു നിവര്‍ന്നു് നടന്ന അയാള്‍, ദൂരെ കഴിഞ്ഞ ഇടവപ്പാതിയേയും തോല്പിച്ചു നില്‍ക്കുന്ന തന്‍റെ വീടു കണ്ടു് നമ്ര ശിരസ്ക്കനായി പോയി.
അഭിമാനമൊരു സങ്കല്പമാണെന്നും, അസത്യങ്ങള്‍‍ ,ആത്മാവിനേല്പിക്കുന്ന നൊമ്പരങ്ങള്‍‍ ‍ മാത്രമാണു് അഭിമാനം ,എന്നൊക്കെ അറിയാനയാള്‍ അശ്ശക്തനായിരുന്നു.


എങ്കിലും നാരായണന്‍ കുട്ടിയുടെ കണ്ണുകള്‍ സജലങ്ങളാകുന്നതു കണ്ട ഇടവപ്പാതിയെ അതിജീവിച്ച ആ അസ്തി കൂടം ചിരിച്ചു.
വരൂ നാരായണാ. നിനക്കു തല ചായ്ക്കാന്‍‍, നിന്നെ ഉറക്കാന്‍, നിനക്കു പഴയ കഥകള്‍ പറഞ്ഞു തരാന്‍, പഴയ കഥകളോര്‍മ്മിപ്പിച്ചു് നിന്നെ കരയിക്കാന്‍‍ നിന്‍റെ അമ്മൂമ്മ ഇന്നില്ല. മറ്റൊരു പള്ളിവേട്ട എഴുന്നള്ളിപ്പിനു മുന്നില്‍ നിറവയറുമായി നില്‍ക്കുന്ന നിന്റ്റെ അമ്മയെ ചൂണ്ടി പ്രാര്‍ഥിച്ച കഥ പറയാന്‍‍ ‍‍ ഇനി ഞങ്ങളുണ്ടു്. ഓര്‍മ്മകളിലെ നൊമ്പരങ്ങളുടെ എഞ്ചുവടി ഞങ്ങള്‍‍ ‍‍ ഓര്ത്തു വച്ചിരിക്കുന്നു. ഞങ്ങള്‍ മരിക്കാതിരിക്കുന്നതു് നിന്നെ കാത്തിരിക്കാനായിരുന്നു. നിനക്കുള്ള കഥകളുമായി ഞങ്ങള്‍ നിനക്കു് വേണ്ടി ജീവിച്ചിരിക്കുന്നു. നീ വരുമെന്നു് ഞങ്ങള്‍ക്കറിയാമായിരുന്നു. നിനക്കിനി കഥകളുടെ നൊമ്പരങ്ങളും വിധിയുടെ ബലഹീനമായ ദിര്‍ഘ നിശ്വാസങ്ങളും ഞങ്ങള്‍‍ കരുതി വച്ചിരിക്കുന്നു.


അപ്പോഴും വിധിയുടെ ദീര്ഗ്ഘ നിശ്വാസത്തില്‍ മലമ്പാമ്പുകള്‍ ഇഴഞ്ഞു. ചീവീടുകള്‍ക്കു ശബ്ദമില്ലാതെ കരയാമെന്നാദ്യമായാള്‍ അറിഞ്ഞു.

കിഴക്കോട്ടുള്ള വാതലിനു മുന്നില്‍ ഒരു ചൂലുമായി നില്‍ക്കുന്ന അമ്മ അയാളെ കണ്ടു് , ചൂലു താഴെയ്ട്ടു് ഓടിയെത്തി. ഒരു മുന്നറിയിപ്പുമില്ലാതെ നീ.?.
ലീവു് കിട്ടി. പിന്നെ അമ്മ എഴുതിയ ഏഴാമത്തെ കത്തും. അതു പറഞ്ഞില്ല.
അകത്തു് തന്‍റെ പത്തായത്തിനിപ്പുറം കിടന്ന ചാരു കസേരയിലിരുന്നു. അമ്മ തന്നെ നഖ ശിഖാന്തം ശ്രദ്ധിക്കുന്നതറിഞ്ഞു. “നീ ഒത്തിരി ക്ഷീണിച്ചിരിക്കുന്നു.”

ഉണര്‍‍‍ന്നെത്തിയ കുഞ്ഞമ്മ അയാളെ നോക്കി. മുഖം കഴുകി വന്നു് പടത്തിനു മുന്നില്‍ നിന്നു് പ്രാര്ഥിച്ചുകൊണ്ടു ചോദിച്ചു, നാരായണന്‍ കുട്ടിയേ...?
എന്തോ...
ജന്മജന്മാന്തരങ്ങളുടെ ശബ്ദം കട്ടളപ്പടിയുടെ താഴെ തൊടിയില്‍ നിന്നു വന്ന ഒരു കാറ്റേറ്റു വാങ്ങി.
പാണക്കാട്ടു വീട്ടുകാരുടെ പുളിമരത്തിലെ പക്ഷികള്‍ ഉണരുന്നതും കലപില ശബ്ദങ്ങളുമായി പറന്നു പോകുന്നതും അയാള്‍ക്കറിയാമായിരുന്നു.


അമ്മ കൊണ്ടു വന്ന ചൂടു കാപ്പി കുടിച്ചൊന്നുറങ്ങാന്‍ കിടന്നു.
അകത്തു് കുഞ്ഞമ്മയുടെ ശബ്ദം കേള്‍ക്കാമായിരുന്നു. രമണിയും ഭര്‍ത്താവും വരുമ്പോള്‍ അവന്‍ വന്നതു് നന്നായി. ഒരു നിമിത്തം പോലെ അവനിന്നെത്താന്‍... “എല്ലാം ശങ്കരനാരായണന്‍റെ വിലാസങ്ങള്‍ തന്നെ. ചുമ്മാതാണോ അമ്മ അന്നു് പ്രാര്‍ഥിച്ചതു്...നിറവയറുമായി നിന്ന നിന്നെ നോക്കി” അയാള്‍ ഉറക്കത്തിലേയ്ക്കു വഴുതി വീഴുകയായിരുന്നു.


സ്വപ്നത്തില്‍ ഹിമാലയത്തിലെ പെരും പാമ്പിനെ കാണാന്‍ അയാളും ആ മാജിക്കുകാരന്‍റെ മുന്നില്‍ നില്‍ക്കുകയായിരുന്നു.
കൊട്ടയില്‍ നിന്നും പുറത്തെടുത്ത പാമ്പിനു് തന്‍റെ മുഖ സാദൃശ്യമുണ്ടെന്നു തോന്നിയ അയാള്‍ ഉറങ്ങി പോയി.

മീനച്ചൂടില്‍ പഴുത്തു കിടന്ന തളക്കല്ലുകള്‍ക്കും പുല്ലാഞ്ഞി മലയില്‍നിന്നും ആര്‍ത്തിരമ്പി അടിച്ച ചൂടു കാറ്റിനും ജന്മാന്തരങ്ങളുടെ ഗന്ധമുണ്ടായിരുന്നു. അഞ്ചു മണിക്കു വന്ന സ്കൂള്‍ ബസ്സില്‍ നിന്നിറങ്ങിയ സുധയുടെ വിയര്‍പ്പിലും അയാള്‍ മണത്തിരുന്നു അതേ ഗന്ധം.
ഒരു കുടയുടെ നിഴലില്‍‍ ഒളിച്ചു നടന്നു നീങ്ങിയ സുധയെ ഓര്‍ക്കാതെ മറ്റൊരു സ്വപ്നത്തിലൂടെ നാരായണന്‍ കുട്ടി ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു.


രമണിയുടെ ശബ്ദം തിരിച്ചറിയാന്‍ അയാള്‍ക്കു് വിഷമമില്ലായിരുന്നു.“അണ്ണന്‍ വന്നതു് നന്നായി”
അണ്ണനുറങ്ങാത്ത വീട്ടിലെ അണ്ണനായിരുന്നല്ലോ അയാള്‍.
അണ്ണനുറങ്ങാത്ത വീടു്. ആ കഥയിലേയ്ക്കയാള്‍ വഴുതി വീഴുകയായിരുന്നു.