ജാലകം

Thursday, August 06, 2009

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ ( ഹരിപ്രസാദിന്‍റെ മരണം)

Buzz It

ദിവസങ്ങള്‍ കടന്നു പോകുന്നു. നക്സല്‍ ബാരിയിലെ പ്രതി വിപ്ലവത്തിന്‍റെ ആഘാതങ്ങളില്‍ കേരളത്തിലെ കുഞ്ഞു മനസ്സുകളില്‍ ഉതിര്‍ന്ന പ്രകമ്പനം ഒക്കെ രാജഗോപാലന്‍ അറിയുന്നുണ്ടായിരുന്നു. “കാണാം” എന്നു പറഞ്ഞു പോയവരെ ഒന്നും കാണാതെയും,
കടന്നു പോയ ഒരു നിമിഷം പോലും തിരിച്ചു വരുന്നതു കാണാതെയും രാജഗോപാലന്‍ സ്വപ്നങ്ങളില്‍ ജീവിച്ചു.
മാവോ സേതൂങ്ങു്, ചൊ എന്‍ ലായ്, .... ചെഗുവേരാ....
കണ്ണു ചുഴഞ്ഞെടുക്കപ്പെട്ട്, കാട്ടു വഴിയില്‍ മരിച്ചു കിടന്ന വര്‍ഗ്ഗീസ്സ്, അവരൊക്കെയും രാജഗോപാലന്റ്റെ സ്വപ്നങ്ങളിലെ കഥാപാത്രങ്ങളായി കാലം കഴിഞ്ഞു പോകുകയായിരുന്നു.



പി. എ . അബ്ബാസ്സിന്‍റെ നക്സല്‍ ബാരി, ഓംപുരിയുടെ ആക്രോശ് ഒക്കെ രാജഗോപാലനെ വീണ്ടും വീണ്ടും സ്വപ്നം കാണാന്‍ പ്രാപ്തനാക്കിയിരുന്നു..





പുള്ള വീട്ടിലെ അമ്മൂമ്മ ഒരു പിടി ചാമ്പലായി മാറിയതും, ജാനുവമ്മയുടെ മകന്‍ ശേഖരന്‍റെ വിവരങ്ങള്‍

ഗ്രാമം മറക്കാന്‍ തുടങ്ങുമ്പോള്‍ ....



രാജഗോപാലനോര്‍ക്കാനായി ഒരു സദ്യ നല്‍കിയ ശേഖരന്‍റെ ഓര്‍മ്മയുടെ മുന്നില്‍.....

വീണ്ടും രാജ ഗോപാലന്‍ ഒരു തിരിച്ചു വരവിനൊരുങ്ങുന്നു.





ഏതോ ഒരു ഞായറാഴ്ച മുറിയിലിരുന്ന് തന്‍റെ പഴയ ഡയറികളോരോന്നും നശിപ്പിക്കുകയായിരുന്നു.
ഹരിപ്രസാദിന്‍റെ പേരെഴുതിയ ഡയറിയില്‍ അയാളുടെ ഓര്‍മ്മകളുടെ കളസം അഴിയുന്നതറിഞ്ഞു.



മറ്റെന്നാള്‍ നാട്ടിലേയ്ക്ക് പോകയാണു്.

ഈ അപരിചിതമായ നഗരത്തില്‍ തനിക്ക് തന്‍റെ കല്യാണം പറയാന്‍ പോലും ആരുമില്ലല്ലോ!.

വെറുതേ ഓര്‍ത്തു നോക്കി.



ഹരിപ്രസാദ്.



ഫോണില്‍ വിളിച്ചു.

അതേചിരി.

“ഹരി...ഞാന്‍ രാജഗോപാലന്‍, മറ്റന്നാള്‍ നാട്ടിലേയ്ക്ക്...നാളെ എന്‍റെ സുഹൃത്തുക്കള്‍ക്കൊരു സല്‍ക്കാരം വൈകുന്നേരം. തീര്‍ച്ചയായും താങ്കളെത്തണം...എത്തുമല്ലോ.?“

“എത്തും.“

കുശലങ്ങള്‍ പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ ഹരി ചിരിക്കുണ്ടായിരുന്നു.



തന്‍റെ മുറിയില്‍ വൈകുന്നേറം ഒരു ഒത്തു കൂടലിന്‍റെ ചടങ്ങുകളൊരുക്കി.
ഡയറിയില്‍ വീണ്ടും പരതി. ആരെയെങ്കിലും അറിയിക്കാന്‍ ഈനഗരത്തില്‍ ഇനിയുണ്ടോ. ഇല്ലാ ആരുമില്ല. ഹരിപ്രസാദിനു ശേഷം ആരേയും അറിയാതെ അയാള്‍ ഡയറി തീയിലിട്ടു. എരിഞ്ഞു ചാമ്പലാവുന്ന പേജുകളില്‍ നിന്നും അനുഭവങ്ങളുടെ വിങ്ങലുകള്‍ ആവിയാകുന്നതും ഒരു ചെറു ചാരമായി കാറ്റില്‍ പറക്കുന്നതും കണ്ടയാള്‍ നിര്‍വൃതി കൊണ്ടു.



വൈകുന്നേരം വൈകിയെത്തിയ ഹരി ചോദിച്ചു.” എവിടെ തന്‍റെ സുഹൃത്തുക്കള്‍“

ഭവ്യമായി രാജഗോപാലന്‍ പറഞ്ഞു.

“എന്‍റെ സുഹൃത്തുക്കളേല്ലാം മരിച്ചു പോയിരിക്കുന്നു, ഒരാളോഴികേ. ആ ആള്‍ മാത്രമേ ഇന്ന് പാര്‍ട്ടിയില്‍ ഉണ്ടാവൂ.“

ഹരിപ്രസാദ് ചിരിച്ചു കൊണ്ട് പറഞ്ഞു. “താനും മരിക്കാന്‍ പോകുകയാണല്ലോ.?“



സന്ധ്യ രാത്രിയാവുകയായിരുന്നു.

നിഴലുകള്‍ക്ക് കനം വയ്ക്കുന്നു.

മുഖത്തോടു മുഖം നോക്കിയിരുന്ന അവരുടെ മനസ്സുകള്‍ വാചാലമായിരുന്നു.

കുമാരനാശാന്‍റെ പദ്യ ശകലങ്ങളുതിര്‍ത്ത് , രാജഗോപാലനോട് ഹരി പറഞ്ഞു. “തനിക്ക് വല്ല മോഡല്ലിങ്ങിനും ഒക്കെ ഒന്നു ശ്രമിച്ചു കൂടെ.“

കണ്ണാടിയില്‍ നോക്കി അഭിമാനത്തോടെ ആലോചിച്ചു. “ഇതില്‍ക്കവിഞ്ഞ മോഡലിങ്ങോ.?“

മദ്യം സിരകളില്‍ഊടെ. ഗംഗയുടെ തീരത്തെ ദേവദാരുക്കളുടെ മണവുമായി കാറ്റ്.

“നമുക്കൊന്നു പോകാം... ഗംഗയുടെ തീരത്തേയ്ക്ക്.?“



വിഡ്ഡിത്തം.
പണ്ട്, ജോസഫ്, അശോകന്‍ ഒക്കെ മദ്യത്തിന്‍റെ ലഹരിയില്‍ അങ്ങനെ പറയുമ്പോള്‍, ആദ്യം എതിര്‍ക്കുന്ന ആ ഹരിയാണു ഇന്ന് പറയുന്നത്.
പോകാം.

വളരെ ഭയപ്പെടേണ്ട സ്ഥലമാണു ഈ പറയുന്ന ഗംഗയുടെ തീരം. ഒരു വശം കത്തിയെരിയുന്ന ചിതകള്‍ കാണാം. മറുവശം ജനിമൃതികളൊതുക്കി ഒഴുകുന്ന ഹിമാലയ തീര്‍ഥം.
അക്കരെ ...ഒരു ചരിത്രം........ഉറങ്ങിയുണരുന്നു.
ഇക്കരെ അവര്‍ ഇരുന്നു.

കാറ്റിനു ദുര്‍ഗന്ധമുണ്ടായിരുന്നതു അവര്‍ അറിഞ്ഞില്ല.

കാഷായ വസ്ത്രം ധരിച്ചവരും അല്ലാത്തവരും ഒക്കെ അവിടെ ഇവിടെ ഒക്കെ വിശ്രമിക്കുന്നുണ്ടായിരുന്നു.
വേദോപനിഷത്തുകള്‍ പൂഴി മണലില്‍ മൌനം നടിച്ചുറങ്ങുന്നുണ്ടായിരുന്നു.

ദുരൂഹതയുടെ സത്യങ്ങള്‍ അറിയാതെ അവര്‍ ഒന്നും മിണ്ടാതൊത്തിരി നേരം അവിടിരുന്നു പോയി.



എപ്പഴോ ഹരി പറഞ്ഞു.“ പോകാം.“

മടങ്ങി എത്തി മുറിയില്‍.

തണുത്തു പോയ ഭക്ഷണം ചൂടാക്കി കഴിച്ചു. വെളിയില്‍ കോട മഞ്ഞു വീഴാന്‍ തുടങ്ങിയിരുന്നു. താഴെ സ്റ്റ്റീറ്റ് ലൈറ്റിനു പുറകിലിരുന്ന ഗ്ഗൂര്ഖാ പാടുന്നതു കേള്‍ക്കാമായിരുന്നു. സിന്ദഗി കെ...... റാഫിയുടെ പഴയ ഏതോ ശോക ഗാനം.

ആഹാരത്തിനു ശേഷം, ചുണ്ടില്‍ കത്തുന്ന സിഗററ്റുമായി ഹരി പറഞ്ഞു.

“നാളെ ഞാന്‍ സ്റ്റേഷനില്‍ വരില്ലെന്നറിയാമല്ലോ.?“ ഹരി ചിരിക്കുന്നുണ്ടായിരുന്നു.
ഒരു പക്ഷേ തനിക്കൊരു ഗ്രീറ്റിങും ഞാന്‍ അയച്ചു എന്നു വരില്ല.

അകലെ നഗരം ഉറങ്ങുന്നു.
ഇരുട്ടും വ്യത്തകളും കൂട്ടുകൂടുന്ന രാത്രി വെളിയില്‍ ഒളിച്ചു നില്‍ക്കുന്നു.
താനെന്താണു ആലോചിക്കുന്നത്.?
ഹരി പൊട്ടി ചിരിച്ചു.
ഹരി തുടര്‍ന്നു.
“ താന്‍ പറഞ്ഞല്ലോ, തന്‍റെ സുഹൃത്തുക്കളൊക്കെ മരിച്ചു എന്നു. ...ഇല്ല ആരും മരിച്ചിട്ടില്ല.....താനും മരിക്കുന്നില്ല.... നിങ്ങളൊക്കെ യാണു ജീവിക്കുന്നതു.

“എന്നാല്‍ കേട്ടോളൂ.....ഹരിപ്രസാദ് എന്ന ഞാന്‍ മരിച്ചിരിക്കുന്നു.
ഹരി പൊട്ടി പൊട്ടി ചിരിച്ചു. ചിരിയില്‍ കണ്ണുനീര്‍ ഒളിഞ്ഞിരിക്കുന്നു. രാജഗോപാലന്‍ ദൂരെ ദൂരെ അകലങ്ങളിലെരിയുന്ന ഒരു ചിതയിലെ അവസാന തീപ്പൊരി നോക്കിയിരുന്നു.



ഹരിപ്രസാദ് തന്‍റെ കൈ പിടിച്ച് കുലുക്കി യാത്രയായി.
ബൈക്കിന്‍റെ പുറകിലെ വെളിച്ചം ഒരു പൊട്ടാകുന്നതും അതു പിന്നെ ഹരിയുടെ ഒരു പൊട്ടിച്ചിരി പോലെ ഇരുട്ടില്‍ ലയിക്കുന്നതും നോക്കി അയാളിരുന്നു പോയി.


----------------------

തുടരും.