Saturday, June 06, 2009

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍ २ (തമോഗര്‍ത്തങ്ങളില്‍)

Buzz It
തമോഗര്‍ത്തം

രാത്രി.


നാളെ കണക്ക് പരീക്ഷയാണു്‍.


കൃഷ്ണനാചാരി സാറിന്‍റെ സന്തോഷം തുളുമ്പുന്ന മുഖം കണ്മുന്നില്‍.
വളരെ പ്രയാസമുള്ള കണക്കുകള്‍ ബോര്‍ഡിലെഴുതി ഉത്തരങ്ങള്‍ തേടിയിരിക്കുന്ന മാഹാഗുരു.
സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ബോര്‍ഡിലെഴുതി, അതു തെളിയിക്കാന്‍ നല്‍കുന്ന സമയത്തിനുള്ളില്‍, ഒന്നു നല്ല പോലെ മുറുക്കി രസിച്ചിരിക്കുന്ന സാറിന്‍റെ മുഖം.


“സര്‍.” ആദ്യം ചെയ്ത് തീര്‍ത്ത സംതൃപ്തി. രാജഗോപാലനാണു്. മുറുക്കിച്ചുമപ്പിച്ച ചുണ്ടുകളില്‍ , അനുമോദനങ്ങളുടെ പൂക്കളുമായി സാറ് തോളില്‍ തട്ടുമ്പോള്‍, മനസ്സില്‍ ഗലീലിയോ...ആല്‍ബര്‍ട്ട് എയിന്‍സ്റ്റയിന്‍.


പെട്ടെന്ന് അകത്ത് ഒരു ശബ്ദം. ഇരുട്ടിലയാള്‍ അറിഞ്ഞു. അമ്മ നെഞ്ചത്തടിക്കുകയാണു്‍. കൊച്ചു പെങ്ങള്‍ നിലവിളിക്കുന്നു. അമ്മൂമ്മ സമാധാനിപ്പിക്കുന്നു.


“എങ്കിലും എന്‍റെ സരസ്വതീ...നീ ചാവാന്‍ തീരുമാനിച്ചോ.?”
രാജഗോപാലന്‍ ഉറഞ്ഞു പോയ ഒരു ഇരുളിന്‍ കഷണമായി അവിടിരുപ്പുണ്ടായിരുന്നു.

എതിര്‍ വശത്തെ വീട്ടിലെ ആരോ കതകു തുറന്നു പുറത്തേയ്ക്ക് നോക്കി.
ഇവിടെയാണെന്നറിഞ്ഞപ്പോള്‍ കതകടക്കുന്നത് കാണാമായിരുന്നു.
ഇവിടെ എന്നും ഇത് പതിവുള്ളതാണല്ലോ.


കനം വയ്ക്കുന്ന ഇരുട്ടും ചീവീടിന്‍റെ വിലാപവും.
അമ്മയുടെ ഏങ്ങലടികള്‍ നേര്‍ത്തു വരുന്നു.
തന്‍റെ പുല്പായില്‍, മുകളിലെ നക്ഷത്രങ്ങളെ നോക്കി കിടന്നപ്പോള്‍, നാട്ടു വെളിച്ചത്തില്‍ അയാള്‍ വീണ്ടും ഓര്‍ത്തു പോയി. കൃഷ്ണനാചാരി സാറിനെ. അതേ നാളെ കണക്കു പരീക്ഷയാണു്.


ഉറക്കം വരാതെ ഏതോ നൊമ്പരങ്ങളിലൂടെ മനസ്സ് യാത്ര ചെയ്യുന്നു.
കതകില്ലാത്ത ജന്നാലയ്ക്കപ്പുറം നില്‍ക്കുന്ന അയണി പ്ലാവിനു മുകളില്‍ ഏതോ തള്ള കാക്ക, തന്‍റെ കുഞ്ഞിനെ വഴക്ക് പറയുന്ന ശബ്ദം.“ നേരം വെളുത്തിട്ടില്ല.”


ആരോ തന്നെ തൊടുന്നതറിഞ്ഞു.
തന്‍റെ അടുത്ത് പാ വിരിച്ചു കിടക്കാറുള്ള കൊച്ചു പെങ്ങള്‍. അയാള്‍ അമ്പരന്നു.
അവള്‍ പതിയെ ചോദിച്ചു. “കൊച്ചേട്ടാ...ഏട്ടന്‍ വല്ലതും കഴിച്ചായിരുന്നൊ.?”
രാവിലെ കപ്പ കഴിച്ചതാണു്. എങ്കിലും മൂളി. വെറുതേ ചോദിച്ചു. “നീയോ.?”
അവള്‍ പറഞ്ഞു. കപ്പ കഴിച്ചായിരുന്നു.


അയാളൊന്നും മിണ്ടിയില്ല.
അന്ന് അച്ഛന്‍ വന്ന വിവരങ്ങളൊക്കെ ഒരു വീഡിയോയിലേതു പോലെ അവള്‍ പറയുന്നതു കേള്ക്കുന്നുണ്ടായിരുന്നു. ഓരോ മൂളലിലും അയാളുടെ കണ്ണു നീരുകള്‍ അയാളും , കോമ്പരയുടെ മുകളിലെ ഓലനഷ്ടപ്പെട്ട ഭാഗങ്ങളിലെ നക്ഷത്രങ്ങളും മാത്രം അറിഞ്ഞു.


ചീവീടുകള്‍ക്ക് ദുഖരാഗങ്ങള്‍ പാടാനറിയാമെന്നു ആദ്യമായി മനസ്സിലായി. രാഗങ്ങളുടെ താളമനുസരിച്ച് നൃ്ത്തം ചെയ്യുന്ന തൊടിയിലെ മിന്നാമിനുങ്ങികളെ തന്‍റെ ജനാലായിലൂടെ കാണാമായിരുന്നു.


എപ്പോഴോ അവള്‍ ചോദിച്ചു. “ഏട്ടാ...പരീക്ഷയെല്ലാം അറിയാവുന്നതായിരുന്നോ.? എട്ടാ..”

പൊട്ടിക്കരയാതിരിക്കാന്‍ രാജഗോപാലന്‍ ശില അല്ലായിരുന്നല്ലോ.
അവളെ കെട്ടി പിടിച്ച് കരഞ്ഞു പോയി.
കോംപരയ്ക്ക് മുകളിലെ നക്ഷത്രങ്ങളും.


(തുടരും)

7 comments:

വേണു venu said...

വീണ്ടും .
സ്വപ്നങ്ങളേ....വീണുറങ്ങൂ....

hAnLLaLaTh said...

ബാക്കി കൂടി വായിക്കാന്‍ കാത്തിരിക്കുന്നു...
ഒരദ്ധ്യായത്തില്‍ അല്പം കൂടി ആകാം എന്ന് തോന്നുന്നു..

Typist | എഴുത്തുകാരി said...

രണ്ടും കൂടി ഇപ്പഴാ വായിച്ചതു്.Hanllalath പറഞ്ഞപോലെ കുറച്ചുകൂടി ആവാമെന്നു തോന്നുന്നു. പെട്ടെന്നു് കഴിഞ്ഞു.

കണ്ണനുണ്ണി said...

മുന്‍പ് പറഞ്ഞത് പോലെ തന്നെ... ഹൃദ്യമായ രചന ശൈലി ...
ബാക്കി വരാനായി കാത്തിരിക്കുന്നു

ഉപാസന || Upasana said...

സ്വപ്നങ്ങള്‍ വീണുറങ്ങുകയല്ല മാഷെ ജ്വലിച്ചുയരുകയാണ്...

ഈ പോസ്റ്റിലെ സബ്ജക്ടിന് ഒരു ബാക്ക്ഗ്രൌണ്ട് കൊടുത്താല്‍ ഒരു നോവലെറ്റ്/നീണ്ടകഥ ആക്കാം. വിഷയത്തിന് ക്ലാരിറ്റിയുണ്ട്.

ആശംസകള്‍
:-)
എന്നും സ്നേഹത്തോടെ
ഉപാസന

കുരാക്കാരന്‍...! said...

"എതിര്‍ വശത്തെ വീട്ടിലെ ആരോ കതകു തുറന്നു പുറത്തേയ്ക്ക് നോക്കി.
ഇവിടെയാണെന്നറിഞ്ഞപ്പോള്‍ കതകടക്കുന്നത് കാണാമായിരുന്നു.
ഇവിടെ എന്നും ഇത് പതിവുള്ളതാണല്ലോ."

നന്നായിട്ടുണ്ട്... !

വേണു venu said...

hAnLLaLaTh , തീര്‍ച്ചായായിട്ടും‍ തുടരും. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രചോദനം തന്നെ.:)
Typist | എഴുത്തുകാരി, കുറച്ചും കൂടിയല്ലാ , ഒത്തിരി എഴുതാനുള്ളതിനാല്‍ തന്നെ കൂറേശ്ശേ ബോറടിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ച് എഴുതാന്‍ ശ്രമിക്കുന്നു.നന്ദി.:)
കണ്ണനുണ്ണി , തുടരാനായി ഇനിയും ഇനിയും എഴുതണം. ഇനിയും എഴുതും സുഹൃത്തേ. നന്ദി.:)
ഉപാസന || Upasana,
എന്നത്തേയും പോലെയുള്ള ശ്രദ്ധേയമായ വായന തന്നെയാണ് ഉപാസനയുടേതെന്ന് എനിക്കറിയാം. ഇനിയും എന്തൊക്കെയോ ഈ ബാക്ക് ഗ്രൌണ്ടില്‍ വരാനിരിക്കുന്നത് വായിച്ച് നിക്ഷ്പക്ഷമായ വിശകലനം ആഗ്രഹിക്കുന്നു.
നിരുപാധികം.:) നന്ദി.
കുരാക്കാരന്‍, വീണ്ടും സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)