Wednesday, June 03, 2009

രാജഗോപാലന്‍റെ സ്വപ്നങ്ങള്‍.

Buzz It
രാജഗോപാലന്‍റെ സ്വപ്നങ്ങള്‍.

രാജ ഗോപാലന്‍ സ്വപ്നങ്ങള്‍ കാണുക ആയിരുന്നു.
എന്നത്തേയും പോലെ. വിശാലമായ ആകാശം നോക്കി. സ്വപ്നങ്ങള്‍ കാണുന്ന നക്ഷത്രങ്ങളെ നോക്കി. അനന്തതയില്‍ ഉറങ്ങുന്ന ദൈവങ്ങളെ നോക്കി.സ്വപ്നങ്ങള്‍ എന്നും രാജഗോപാലനില്‍ ഉണ്ടായിരുന്നു.. രാജഗോപാലന്‍റെ സ്വപ്നങ്ങള്, രാജഗോപാലന്‍റെ ജീവിതമായില്ല. രാജഗോപാലന്‍റെ ജീവിതം ദുസ്വപ്നങ്ങളാകുകയായിരുന്നു.വിശ്വനാഥന്‍ മരിക്കുമ്പോഴും മനസ്സില്‍ പാദ സരങ്ങള്‍ കിലുക്കിയ സന്ധ്യ എന്ന പെണ്‍കുട്ടിയെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുമ്പോഴും രാജഗോപാലന്‍റെ മനസ്സു് ദുഃസ്വപ്നങ്ങള്‍ ഏറ്റു വാങ്ങി. ലോകം വലിയ ഒരു സ്വപ്നമാണെന്നും താന്‍ മരിച്ചു പോയ മറ്റൊരു സ്വപ്നമാണെന്നുമൊക്കെ തത്വ ചിന്താപരമായൊക്കെ അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു.സേട്ജിയുടെ കടയിലെ തുരുമ്പു പിടിച്ച ടയിപ്പ് റയിട്ടിങ്ങ് മെഷീന്‍റെ പിന്നില്‍ നിറച്ചു വച്ചിരുന്ന ചാക്കു കെട്ടൊന്നു പോല്‍ രാജഗോപാലന്‍ നിശ്ശബ്ദനായിരുന്നു.


വള്ളി നിക്കറിട്ട് ഉടഞ്ഞ സ്ലേറ്റുമായി സ്ക്കൂളില്‍ പോകുമ്പോഴും, കൊട്ടാര വളപ്പില്‍ നിന്ന് ആരും കാണാതെ പൊട്ടന്‍ ചന്ദ്രനുമായി ബീഡി വലിക്കാന്‍ പഠിക്കുമ്പോഴും സ്വപ്നങ്ങള്‍ അവനിലുണ്ടായിരുന്നു.
ഓണത്തുമ്പികളേ.....
കുഞ്ഞാറ്റക്കിളികളേ....


ശബ്ദം മരിച്ച അമ്പല പറമ്പിലെ ഉച്ച വെയിലില്‍ വെള്ളക്കുതിരയുടെ പുറത്ത് , ആകാശത്തു നിന്നും ഇറങ്ങി വരുന്ന സ്വര്‍ണതലമുടിയുള്ള രാജ കുമാരിയെ....


സ്കൂള്‍ ഫൈനലില്‍ , മാത്യൂ സാറ് പഠിപ്പിച്ച സയനസ് ക്ലാസ്സുകളില്‍, ആല്‍ബര്‍ട്ട് എയിന്‍സ്റ്റൈന്‍, ഗലീലിയോ ഒക്കെ കടന്നു വന്നപ്പോള്‍......
ഗലീലിയോ...
സ്വപ്നം നക്ഷത്രങ്ങളായി.
നക്ഷത്രങ്ങള്‍ ദുരുഹതകളായി.


ചാണകം മണക്കുന്ന തറയില്‍ തന്‍റെ കീറിയ പുല്പായില്‍ കിടക്കുമ്പോള്‍, ഓലകള്‍ നഷടമായ വീടിന്‍റെ മോന്തായത്തില്‍ഊടെ നക്ഷത്രങ്ങള്‍ എത്തി നോക്കി ചോദിക്കും. രാജ ഗോപാലാ നീ ഗലീലിയോയെ മറന്നോ. എത്ര സുന്ദരം തന്‍റെ വീടെന്ന് ഓര്‍ത്ത് ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ രാജഗോപാലന്‍ ചിരിച്ചു കൊണ്ട് പറയുമായിരുന്നു. ഇല്ല മറന്നിട്ടില്ല.രാജ ഗോപാലന്‍ കണക്കും സയന്‍സും രാത്രി പകലാക്കി പഠിച്ചു. മാത്യൂ സാറിന്‍റെ ഓരോ ക്ലാസ്സുകളും അയാളിലെ ശാസ്ത്രജ്ഞനെ തട്ടി ഉണര്‍ത്തുന്നതായിരുന്നു.അങ്ങനെ പരീക്ഷയായി.
ഓരോ പരീക്ഷയും തൃപ്തികരമായെഴുതി മടങ്ങുമ്പോള്‍ കൊട്ടാര വളപ്പിലെ ആല്‍ മരങ്ങളിലിരുന്ന് പച്ചക്കിളികളയാളേ അഭിവാദ്യം ചെയ്തു.

മനസ്സിലൊരു സാമ്രാജ്യവുമായി രാജഗോപാലന്‍ ഒരു കല്ലെടുത്തെറിഞ്ഞു ചിരിച്ചു. പച്ച തത്തകള്‍ കൂട്ടമായി പറന്നുയരുന്നതു കണ്ടയാള്‍ ചിരിച്ചു നടന്നു.


കാൽപ്പെരുമാറ്റം കേട്ട് രാജഗോപാലന്‍ തിരിഞ്ഞു നോക്കി.
പൊട്ടന്‍ ഗോപിയാണു്. ആടിനെ തീറ്റി വരികയാണു്. ഗോപിയുടെ വീട്ടില്‍ രണ്ടാടുണ്ട്. പഠിത്തം എന്നേ നിര്‍ത്തി , ബീഡി വലിച്ച്, കൊട്ടാര വളപ്പിലെ മരപ്പൊത്തുകളിലെ തത്തമ്മയുടെ കുഞ്ഞുങ്ങളെ പിടിച്ച്, വീട്ടിലെ വഴക്കും വക്കാണത്തില്‍ നിന്നും രക്ഷപ്പെട്ട് ഗോപി കഴിയുന്നു.
ഗോപി ചോദിച്ചു. രാജാ... “നീ ആടിനെ ചനപ്പിക്കുന്നത് കണ്ടിട്ടുണ്ടോ.?”
“ഇല്ല.” രാജന്‍ പറഞ്ഞു. “എങ്കില്‍ വാ. ഞാന്‍ ഇവളെ ചാന്നാരുടെ വീട്ടില്‍ കൊണ്ടു പോകുവാ. അവിടെ ഒരു മുട്ടനാഡുണ്ട്. വലിയ രസമാ.”
“ഇല്ല ഗോപീ... പിന്നെ ഒരിക്കല്‍ ആകട്ടെ.” രാജഗോപലന്‍ തന്‍റെ സ്വപ്നങ്ങളുമായി വീട്ടിലേയ്ക്കു നടന്നു.ഇടവഴി കയറി വീട്ടിലേയ്ക്കെത്തുമ്പോള്‍ തന്‍റെ കൊച്ചു പെങ്ങള്‍ അവിടെ നില്‍ക്കുന്നു. തന്നെ കണ്ട ഉടനെ അവള്‍ പറഞ്ഞു. “ഇന്നച്ഛന്‍ വന്നിരുന്നു.”

വീട്ടിനുള്ളിലേയ്ക്കു കയറുമ്പോള്‍ അയാള്‍ക്ക് ശരിക്കും മനസ്സിലായി. ഇന്ന് അച്ഛന്‍ വന്നിരുന്നു.
ഒരു മുറിയുടെ മൂലയില്‍ ഏങ്ങലടിയുടെ നിശ്ശബ്ദമായ ശബ്ദം അമ്മയുടേതാണെന്ന് അയാള്‍ക്ക് തിരിച്ചറിയാം. ഉടഞ്ഞ പാത്രങ്ങളുടെ നടുവിലിരുന്ന് പ്രാകുന്ന അമ്മൂമ്മയെ കണ്ടില്ലെന്ന് നടിച്ച് തന്‍റെ മുറിയിലേയ്ക്ക് നടന്നു. അഴുക്ക് പിടിച്ച അടപ്പില്ലാത്ത പെട്ടിയില്‍ തന്‍റെ ബുക്കുകല്ക്കൊപ്പം പരീക്ഷ എഴുതിയ ഹാള്‍ ടിക്കറ്റും മറ്റു കടലാസ്സുകളും വയ്ക്കുമ്പോല്‍ മനസ്സില്‍ പ്രാര്ഥിക്കുകയായിരുന്നു. അച്ഛന്‍ ഒരിക്കലും ഇനി വരാതിരുന്നെങ്കില്‍.അയാള്‍ പടിഞ്ഞാറു വശത്തുള്ള ഉമ്മറപ്പടിയിലിരുന്നു. സന്ധ്യ മരിക്കുന്നു.
മുഷിഞ്ഞ പാവാടപൊക്കി മൂക്കട്ട തുടച്ചു കൊണ്ട് പെങ്ങള്‍ പറഞ്ഞു.
അണ്ണാ....സന്ധ്യച്ചേച്ചി..സന്ധ്യ, നാരായണന്‍ മാസ്റ്ററുടെ മകളാണു. അമ്പലത്തില്‍ പോയി മടങ്ങുന്ന സന്ധ്യ പരീക്ഷയെക്കുറിച്ച് സംസാരിച്ചു. പാദങ്ങള്‍ തഴുകുന്ന നീലപാവാടയുടുത്ത വെളുത്ത പെണ്‍കുട്ടി വളരെ സുന്ദരിയാണു്.
ചിരിച്ച് സംസാരിച്ച് നടന്നു നീങ്ങുന്ന നിഴല്‍.....
ത്രിസന്ധ്യയ്ക്ക് കനം കൂടുന്നു.
അമ്മൂമ്മ കിണറ്റുകരയിലേയ്ക്ക് നടന്നു.
തൊട്ടി കിണറ്റില്‍ വീഴുന്ന ശബ്ദം. ഇരുളിന്‍റെ ആത്മാവു ഭേദിച്ചു. അമ്മൂമ്മ പിറുപിറുക്കുന്നത് കേള്‍ക്കാമായിരുന്നു.
“ അവന്‍റെ വായ്ക്കരി ഇടാനക്കൊണ്ട്.ഫൂ....”
താറുടുത്ത് അമ്മൂമ്മ വിളക്കു കത്തിക്കാനായി അകത്തേയ്ക്ക് പോയി.
ഉമ്മറപ്പടിയിലെ തന്നെ നോക്കി പറഞ്ഞു. “ എങ്ങനെ എരണം ഒണ്ടാവാനാ.. മൂസന്ധ്യക്ക് ഉമ്മറത്ത് കുന്തിച്ചിരിക്കുന്നു കൂത്തിച്ചിമോന്‍.?”

ഒന്നും മിണ്ടിയില്ല രാജഗോപാലന്‍.
അയാളൊരു ശിലയായിരുന്നു നക്ഷത്രങ്ങളെ നോക്കിയിരുന്നു.(തുടരും)

13 comments:

വേണു venu said...

വെറുതേ എഴുതി വയ്ക്കുന്നത്, കഥയാകണമെന്നില്ല, കവിതയാകണമെന്നില്ല.എവിടേയും ഇനി പ്രസിദ്ധീകരിക്കണമെന്നില്ല. മനസ്സിന്‍റെ വിഹ്വലതകള്‍ കുറിച്ചിടുന്നു. ബാക്കി ഇനിയും ഒരു പാട് കുറിച്ചിടാനും.....ഉള്ളതിനാലും....
തുടര്‍ച്ചയെന്നെഴുതി വച്ചെങ്കിലും, എപ്പോള്‍ തുടരാമെന്നോ എങ്ങനെ തുടരുമെന്നോ അറിയില്ല. തുടരുമായിരിക്കും എന്നു മാത്രം പറയട്ടെ.....

കുമാര്‍ said...

വേണുജീ,
ഇനിയും വിഹ്വലതകളൊക്കെ എഴുതിക്കൊണ്ടേ ഇരിക്കൂ...:)
എല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഒരു നല്ല നോവല്‍ ആകും.
എഴുത്തിനെ ശൈലി വളരെ ഇഷ്ടമായി
‘അഭിനന്ദനങ്ങള്‍!’

അരുണ്‍ കായംകുളം said...

അയ്യോ,
പെട്ടന്ന് തുടരണേ.ബാക്കി എന്തായി എന്നറിയാനാ

ഹരിത് said...

:)

വേണു venu said...

ആദ്യ അഭിപ്രായമെഴുതിയ കുമാര്‍ നന്ദി. തീര്‍ച്ചയായും തുടരും കുമാര്‍.:)
അരുണ്‍ കായംകുളം , ഹാഹാ അരുണേ...മുള്ളില്‍ നിര്‍ത്തിയോ.
തുടരും അരുണേ.സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)
ഹരിത്ത്, :). നന്ദി ഹരിത്ത്.
എല്ലാവര്‍ക്കും ശുഭ ദിന്‍.:)

hAnLLaLaTh said...

നല്ല ശൈലി...
വ്യത്യസ്തമായത്...

കണ്ണനുണ്ണി said...

നല്ല ഒഴുക്കുള്ള ശൈലി മാഷെ.. വായിച്ചു വായിച്ചു പോവാം...ഇഷ്ടായി...ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ....ബാക്കി കൂടെ എഴുതു...വായിക്കാന്‍ കാത്തിരിക്കുന്നു

കുരാക്കാരന്‍...! said...

വേണു ചേട്ടാ..
ഇതില്‍ സത്യസന്ധമായ സാഹചര്യങ്ങള്‍ കാണുന്നുണ്ട്. സംഭാഷണങ്ങള്‍ സാധാരനക്കരുടെത് തന്നെ. വായിക്കാന്‍ ഒരു സുഖമുണ്ട്. കാര്യങ്ങള്‍ സ്മൂത്തായി പോവുന്നു.
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്..

മഴത്തുള്ളി said...

മാഷേ, അങ്ങനെ എഴുതൂ സമയം കിട്ടുമ്പോള്‍ എല്ലാം. നന്നായിരിക്കുന്നു.

വേണു venu said...

hAnLLaLaTh , സന്തോഷം അഭിപ്രായം എഴുതിയതിനു്.:)

കണ്ണനുണ്ണി , ബാക്കിയും എഴുതും. നല്ല വായനയ്ക്ക് നന്ദി.:)


കുരാക്കാരന്‍...!, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)

മഴത്തുള്ളി , തീര്‍ച്ചയായിട്ടും . വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി.:)

എല്ലാവര്‍ക്കും വിജയകരമായ നല്ല ഒരു ദിവസം ആശംസിക്കുന്നു.:)

പാമരന്‍ said...

"വെറുതേ എഴുതി വയ്ക്കുന്നത്, കഥയാകണമെന്നില്ല.."

ആവും മാഷെ. അതല്ലേ കൈപ്പുണ്യം.

വേണു venu said...

പാമരന്‍ , വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ഇതൊരു കോളമായെങ്കിലും തുടരും.നന്ദി.:)(ഹാഹാ...കോലമല്ല. കട.ആന്‍റണീ.)

Suresh Kumar said...

വേണുജി, എഴുത്ത് നന്നായിട്ടുണ്ട്.
ദയവായി, തുടരുക.