Wednesday, October 10, 2007

അണ്ണനുറങ്ങാത്ത വീടു്.4

Buzz It
ഇവിടെ ഒന്നാം ഭാഗം
ഇവിടെ രണ്ടാം ഭാഗം
ഇവിടെ മൂന്നാം ഭാഗം

പാരലല്‍ ക്ലാസ്സുകളിലെ പിരീയഡുകളില്‍ വിപ്ലവങ്ങളുടെ വെളിപാടുകള്‍ വിളമ്പുന്നതു നാരായണന്‍ കുട്ടി സാററിഞ്ഞില്ല. പുതിയ തലമുറ ഉണരുന്ന സ്വപ്നവുമായി ക്ലാസ്സുകള്‍ തുടര്‍ന്നു.
വിഷയം വിട്ടു് മേഞ്ഞു നടക്കുന്ന ആ ഒറ്റയാന്‍റെ ജല്പനങ്ങളിഷ്ടപ്പെട്ട കുഞ്ഞു കിടാവുകള്‍ പൊലയന്‍റെ കുടിലിലെ മണ്ണെന്ന വിളക്കിന്‍റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ തുടങ്ങി.
രാത്രിയിലുറങ്ങാതിരുന്ന അണ്ണന്‍ ഓരോ ശബ്ദങ്ങളുടേയും പൊരുളന്വേഷിക്കാന്‍ ടോര്‍ച്ചുമായി ഓരോ സാക്ഷകളും തിരഞ്ഞു.


നാരായണന്‍ കുട്ടിയുടെ, മൂത്ത പെങ്ങള്ക്കു് ഒരു ഗള്‍ഫുകാരന്‍റെ ആലോചന വന്നു. പയ്യന്‍റെ വീട്ടില്‍ ഒരൊച്ഛനായെത്തിയതു് നാരായണന്‍ കുട്ടി ആയിരുന്നു.


ചെറുക്കന്‍റെ അമ്മാവന്‍ ചോദിച്ചു. “ഇതൊരു കല്യാണമാണു്. പെണ്ണിന്‍റെ അച്ഛന്‍, അമ്മാവന്‍....?”
ചെറുക്കനേക്കാള്‍ പ്രായം കുറഞ്ഞ അണ്ണനായ അയാള്‍ അവിടെ ഉണ്ടായിരുന്നു.
അച്ഛനായും അമ്മാവനായും ഒക്കെ.
“ഓഹോ.... പറയൂ...”
ഞങ്ങളുടെ പയ്യന്‍ അഞ്ചക്ക ശമ്പളം ഗള്‍ഫില്‍......
“നിങ്ങള്‍ക്കെന്തു കൊടുക്കാനൊക്കും.....”


നാരായണന്‍ കുട്ടി എന്ന അണ്ണന്‍ കണക്കു കൂട്ടുകയായിരുന്നു....
മനസ്സിലൂടെ കണക്കുകള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്തു കൊണ്ടിരുന്ന നാരായണന്‍ കുട്ടി....


സ്കൂളിലെ ശ്രീജയെ ഓര്‍ക്കാന്‍‍ തുടങ്ങി..
പാദസരങ്ങളുമായി സുഭദ്ര....
നിശ്ശബ്ദതയുടെ നിര്മ്മാല്യ പുഷ്പമായ സുധ....
കിണറ്റുകരയില്‍‍ ഇരുന്ന നാരായണന്‍‍ കുട്ടി ഒരു തെള്ളിനു് തന്‍റെ സ്വപ്നങ്ങളൊക്കെ കിണറ്റിലേയ്ക്കു് തള്ളിയിട്ടു.വീടും പുരയിടവും തൊടിയും നില്‍ക്കട്ടെ.
ഒരേക്കാര്‍ തെങ്ങും പുരയിടം എഴുതാം....
തൊടിയും പുരയിടവും ഒരു പുഴയായി.
അതിലൊരു കൊച്ചു വള്ളത്തിലിരിക്കുന്ന ഇളയ പെങ്ങന്മാരെ വീണ്ടും അയാള്‍ ഓര്‍ത്തു പോയി.

നിറ വയറുമായി നിന്ന അമ്മയെ പള്ളിവേട്ട എഴുന്നള്ളിപ്പിനു് കാണിച്ചു് പ്രാര്ഥിച്ച അമ്മുമ്മയേയും ഓര്‍ത്തു പോയി.


അയാള്‍ പറഞ്ഞു. “ഒരേക്കര്‍ തെങ്ങിന്‍ പുരയിടവും പിന്നെ സ്വര്‍ണവും....”


അപ്പോഴും നാരായണന്‍ കുട്ടി കിണറ്റു കരയിലിരുന്നു കണക്കു കൂട്ടുകയായിരുന്നു....
കിണറ്റില്‍ വീണ സ്വപ്നങ്ങളൊക്കെ രക്ഷിക്കാനൊക്കാത്ത അഗാധതയിലേയ്ക്കു് പോകുന്നതു് ദൈന്യമായി നോക്കി നിന്നു.
ചെറുക്കനോടു് അമ്മാവന്‍ പറയുന്നതു കേള്‍ക്കാമായിരുന്നു.
നിന്‍റെ ഒരു മാസത്തെ ശമ്പളം....ഒക്കെ കണക്കു് നോക്കുമ്പോള്‍ ഇതൊരു നഷ്ടക്കച്ചവടമാണു്.. കുമാറേ....
കുമാറിന്‍റെ മനസ്സോ മൂത്ത പെങ്ങളുടെ സൌന്ദര്യമോ....എന്തോ...
ആ കല്യാണം.


ആ ഗ്രാമത്തിലെ ഏതു കല്യാണത്തിനും നാരായണന്‍ കുട്ടിയുണ്ടായിരുന്നല്ലോ.
ഏതു മരണത്തിനും അയാളുണ്ടായിരുന്നല്ലോ.
എന്തിനു് ജാനുവമ്മയുടെ കാലൊടിഞ്ഞപ്പോഴും സുമതി ചേച്ചിയൂടെ പ്രിയ ഭാസ്ക്കരന്‍ ചേട്ടനെ ആസ്പത്രിയിലെത്തിക്കാനും..
ഒരു കൊലയ്ക്കു് കാത്തിരുന്ന മുട്ടത്തെ വാസു കലങ്ങില്‍ നിന്നു് താഴെ വീണതു കണ്ടോടിയെത്തിയതും മറ്റാരുമായിരുന്നല്ലോ.


ഊട്ടു പുരയില്‍ ബഹളങ്ങളായിരുന്നു. തേങ്ങ തിരുമുന്ന ചേച്ചിമാരോടൊക്കെ കുശലം ചോദിച്ചു് കടക്കണ്ണുകളില്‍‍ നഷ്ടപ്പെട്ട ചിരികളുമായി ചേട്ടന്മാര്‍. കറിക്കരിയുന്നവരുടെ തമാശകള്‍. സാമ്പാറിന്‍റെ മണം നോക്കി ഉപ്പു് നിശ്ച്ഛയിക്കുന്ന വാസു പിള്ള എന്ന പാചകക്കാരന്‍. അയാള്‍ എല്ലാവരേയും സ്നേഹിച്ചു് ആ ഒച്ചയുടേയും ബഹളത്തിന്‍റേയും സമുദ്രത്തില്‍ നടന്നു. “ നാരായണാ നീ പോയി ഒറങ്ങിക്കോ. ഇവിടെ എല്ലാം റഡിയായിക്കോളും. ഇയ്യാള്‍ ഒറക്കം ഒഴിയണ്ടാ.”
വെറുതേ ചിരിച്ചു നിന്നയാള്‍.


സുധയും തന്‍റെ അമ്മയോടൊപ്പം ഊട്ടു പുരയിലുണ്ടെന്നതു് അയാള്‍ കണ്ടു.
മുണ്ടിന്‍റെ കോന്തല ഉയര്‍ത്തി നിന്നു് എന്തൊക്കെയോ ജോലി ചെയ്യുന്നു അവര്‍. അതിനപ്പുറം തന്നെ മാത്രം ശ്രദ്ധിച്ചു നില്‍ക്കുന്ന സുധ.
ഊട്ടുപുരയില്‍ നിന്നു് വെളിയിലിറങ്ങി.
തൊട്ടടുത്ത ഗോപുരം വിജനമായിരുന്നു. ബഞ്ചമിന്‍‍ പഠിപ്പിച്ച സിഗരറ്റൊരെണ്ണം ചുണ്ടില്‍ വച്ചു കത്തിച്ചു.
തൊട്ടടുത്ത ഉതി മരത്തിന്‍റെ ഇരുട്ടു നിറഞ്ഞു നിന്ന കൊമ്പില്‍ നിന്നു് ഒരു കൊച്ചു പക്ഷി ചിലച്ചു പൊങ്ങി പറന്നു.


ഇരുട്ടിന്‍റെ മറ പിടിച്ചു് തന്‍റെ അടുത്തു വന്ന നിഴല്‍‍ സുധയായിരുന്നു. കണ്ണിലൊളിപ്പിച്ച കുസൃതിയുമായവള്‍ ചോദിച്ചു. “ഒരു ജന്മ സാഫല്യം അല്ലേ.“ എഴുതാനിരിക്കുന്ന അവളുടെ ഒരു കഥയ്ക്കു വേണ്ടി ഒരു മുഖാമുഖമാണോ എന്നയാള്‍ സംശയിച്ചു. അല്ല. അവള്‍ അടുത്തിരുന്നു. പറഞ്ഞതൊക്കെ അവള്‍ക്കു മനസ്സിലായി.അവള്‍ പറഞ്ഞതൊക്കെ അയാള്‍ക്കും. അവളുടെ നെഞ്ചു പല പ്രാവശ്യം ഉയര്‍ന്നു താഴ്ന്നു. കര്‍പ്പൂരം മണക്കുന്ന അവളുടെ കൈകളെ വിടുവിച്ചു് അയാള്‍ ഓര്‍ത്തു. നാളെ ചെക്കനിടാനുള്ള മോതിരം തട്ടാനെത്തിച്ചോ. അവര്‍ രണ്ടു പേരും ഊട്ടു പുരയിലേയ്ക്കു നടന്നു.

അയാളുടെ ഒത്തിരി സുഹൃത്തുക്കള്‍‍ ദേഹണ്ഡത്തില്‍ മുഴുകിയിരിക്കുന്നു. നേരേ വീട്ടിലേയ്ക്കു നടന്നു. അമ്മയോടനുവാദം വാങ്ങിയ സുധയും അയാളോടൊപ്പം ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോഴേ അറിഞ്ഞു. മോതിരം ഒക്കെ എത്തിയിരിക്കുന്നു. അമ്മൂമ്മ പറഞ്ഞു. :നാരായണാ, നീ ഇനി ഇത്തിരി കിടക്കു്. നാളെ നിന്നെയും പലരും കാണുന്നതാ. ഒറക്കം ഒഴിഞ്ഞാല്‍ മുഖം ചീര്ത്തിരിക്കും.”


പിറ്റേ ദിവസം, കൊട്ടും കുരവയിലും കല്യാണം നടന്നു. ഒരരുവില്‍ നിന്നു തന്നെ മാത്രം ശ്രദ്ധിക്കുന്ന സുധയെ അയാള്‍ക്കു് നോക്കാതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല.പൊലയക്കുടിയിലെ സ്റ്റഡി ക്ലാസ്സിനു ശേഷം മടങ്ങുകയായിരുന്നു അയാള്‍.
രാത്രിയുട സംഗീതം ചീവീടുകള്‍ക്കു കൊടുത്ത പ്രകൃതി , ഒളിച്ചു നില്‍ക്കുന്നതു കാണാമായിരുന്നു.
ഗോപുര മതിലിനു താഴെയുള്ള കല്ലു ബഞ്ചില്‍ ഇരിക്കുന്നതു പോറ്റിയാണെന്നും അയാള്ക്കറിയാമായിരുന്നു.
കണ്ണുകള്‍ അടുത്തു നില്‍ക്കുന്ന വയസ്സന്‍ പേരാലിന്‍റെ തുഞ്ചത്തെ കൊമ്പില്‍ അര്‍പ്പിച്ചിരുന്ന പോറ്റി പറഞ്ഞു. “എടാ നാരായണന്‍ കുട്ടീ .... സത്യം ഉണ്ടു്.” “ ങെ ഇന്നലെയല്ലെ പോറ്റി പറഞ്ഞതു്. എല്ലാം മിഥ്യ ആണെന്നു്. ” “മരണമാണു് സത്യം.” പോറ്റി ചിരിച്ചു. ചിരിക്കുമ്പോള്‍ പോറ്റിയുടെ കണ്ണുകള്‍ വയസ്സന്‍ ആഞ്ഞിലിയുടെ ഉച്ചാം തലയ്ക്കലെ കൊച്ചു കവരത്തിന്‍റെ ഉച്ചാം തലയില്‍ തൂങ്ങിയിരുന്നു.
പിന്നെയും പോറ്റിയുടെ കഥനങ്ങളിലൂടെ അയാള്‍ പടി ഇറങ്ങി. സത്യം മരണമാണെന്ന പുതിയ അറിവുമായി.


ഏതോ പ്രകാശവലയത്തിലെ‍ ഒരു ചെറു കൈത്തിരി സ്വപ്നം കണ്ടുറങ്ങിപ്പോയി.


---------------------------------------------------------

ഉറക്കത്തിലേതോ ഓര്‍മ്മയിലെ ഒരു കുട്ടിക്കാലം......

പട്ടാളത്തില്‍ നിന്നും വന്ന കൊച്ചച്ഛനില്‍ അയാള്‍ അച്ഛനെ കാണുകയായിരുന്നു. ആണില്ലാത്ത വീട്ടിലെ ആണിന്‍റെ മണം അനുഭവിക്കുകയായിരുന്നു അയാള്‍. പട്ടാള കഥകള്‍ കേട്ടു് നാരായണന്‍ കുട്ടി ചിരിച്ചു. ഒരച്ഛനെ അടുത്തറിയുന്ന രണ്ടു മാസങ്ങള്‍. കാശ്മീരില്‍ നിന്നു കൊണ്ടു വന്ന കൊച്ചച്ചന്‍റെ ഒരു പഴയ ഉടുപ്പു് വെട്ടി ചെറുതാക്കി. ക്ലാസ്സിലെ സുഭദ്രയുടെ മുന്നില്‍ ആദ്യമായഭിമാനത്തോടെ നിന്നു. നോക്കു സുഭ്ദ്രേ...എനിക്കും ഒരച്ഛനുണ്ടു്. എന്നു പറയാന്‍.


സുഭദ്ര തന്‍റെ വെളുത്ത വെള്ളി കൊലുസ്സും കൊലുസ്സിനു മുകളിലെ വെളുത്ത കാലുകളും കാണിച്ചു് ചിരിച്ചു.


ഗോപുരത്തിലന്നൊക്കെ ഇരുന്നു വെടിയടിച്ചിരുന്ന അണ്ണന്മാര്‍ ചോദിച്ചു. നാരായണൊ.പുത്തന്‍ ഉടുപ്പൊക്കെ. കൊച്ചച്ഛന്‍ പട്ടാളത്തില്‍ നിന്നു കൊണ്ടുവന്നതാ. അങ്ങനെ പറയുമ്പോള്‍ ഗോപുരത്തോളം ഉയരം വച്ചതായി അയാള്‍ക്കു തോന്നി. അപ്പോഴാരോ ചോദിച്ച ചോദ്യം ഓര്‍ക്കുന്നു. നാരായണാ നിന്‍റെ കൊച്ചച്ചന്‍‍ തോക്കു കൊണ്ടുവന്നിട്ടുണ്ടോ.? കൂട്ട ചിരിയിലേയ്ക്കു നോക്കി നാരായണന്‍ പറയും. ഇല്ല ഞാനിതുവരെ കണ്ടില്ല. അഭിമാനത്തോടെ അയാള്‍ ഗോപുരം ഇറങ്ങുമായിരുന്നു. പുറകിലെ അണ്ണന്മാരുടെ കൂട്ട ചിരിയുടെ അര്‍ത്ഥമറിയാതെ പാവം അയാള് നടന്നതു് നോക്കി ശങ്കരനാരായണനും ചിരിച്ചുവോ.?

.

വീട്ടിലെത്തുമ്പോള്‍ അമ്മ കിടന്നു കഴിഞ്ഞിരിക്കും. അമ്മൂമ്മ പറയും നാരായണാ,,,അത്താഴം എടുത്തു വച്ചിരിക്കുന്നു. നീ എന്തേ താമസിച്ചതു്.?


"കൂട്ടുകാരൊക്കെ ഗോപുരത്തിലുണ്ടായിരുന്നു. സംസാരിച്ചു സമയം പോയതറിഞ്ഞില്ല."

മൂത്ത പെങ്ങള്‍ കൊച്ചു പാവാടയുടുത്തു് കുഞ്ഞമ്മയുടെ അടുത്തു കിടക്കുന്നുണ്ടായിരുന്നു. രണ്ടാമത്തവള്‍ അമ്മൂമ്മയുടെ കൂടെയും.


അത്താഴം കഴിക്കുമ്പോള്‍‍ കണ്ടു, ഒരു ചെറു മുറി മുട്ടയപ്പം. കൊച്ചച്ഛനുണ്ടാക്കിയതാണു്. നാരായണന്‍ കുട്ടി സന്തോഷത്തോടെ അത്താഴം ഉണ്ടു. അമ്മ എപ്പോഴേ അടുത്ത മുറിയില്‍ ഉറങ്ങിയിരുന്നു.കൊച്ചച്ഛനും...


ഒന്നും ആലോചിക്കാനറിയാത്ത നാരായണന്‍ കുട്ടിയുടെ മടിയിലിരുന്നു കളിക്കാന്‍‍, അമ്മ മൂന്നാമത്തെ പെങ്ങളെ നല്‍കിയതു് കൊച്ചച്ചന്‍‍ ലീവു് കഴിഞ്ഞു് പോയൊരു വര്‍ഷത്തിനു ശേഷം ആയിരുന്നു.


നാരായണന്‍‍ കുട്ടിയ്ക്കു് ഓര്‍മ്മകള്‍ക്കൊരു പഞ്ഞവുമില്ല. ഓര്‍മ്മകളുടെ ചെപ്പു കുടങ്ങളിലെ കണ്ണുനീര് മുത്തുകള്‍‍ എന്നും അയാള്‍ക്കൊരു ബോധി വ്റൃക്ഷം നല്‍കി.
------------------------------------------------------

അതിരാവിലെ ആരോ വിളിച്ചുണര്‍ത്തുന്ന പോലെ ഉണരുന്ന അമ്മ.
അതിനു മുന്നെ അമ്പലത്തിലെ പള്ളിയുണര്‍ത്തുന്നതിനു മുന്നേ മുറുക്കാനൊന്നു ചവച്ചു തുപ്പി പിന്നെ ഉറങ്ങാനായി ഉണരുന്ന അമ്മൂമ്മ. നീ ഇതുവരെ ഉറങ്ങിയില്ലേ എന്നു് രാത്രി മൂന്നു മണിക്കു് ദുസ്വപ്നങ്ങള്‍ കണ്ടുണരുന്ന കുഞ്ഞമ്മ. തനിക്കു മാത്രം വിധിക്കപ്പെട്ട നിര്‍മ്മാല്യങ്ങള്‍.


നാരായണന്‍ കുട്ടി എന്തൊക്കെയോ ആവാനായി രാത്രി ഉറങ്ങാതിരുന്നു പോയി. പുസ്തകങ്ങള്‍ അയാളുടെ കട്ടിലിലൊരു കൊച്ചു മെത്തയായിക്കൊണ്ടിരുന്നു.
മനസ്സിലൊരു നിര്‍മ്മാല്യ വിഗ്രഹം. അഭിഷേക ശില‍ കണ്ണുനീര്‍ തീര്‍ത്ഥമാകാന്‍‍ തുടങ്ങിയിരിക്കുന്നു.


പുലയന്‍ കുന്നിലെ ഗിരി പ്രഭാഷണങ്ങളില്‍‍ തള്ര്ന്നു നടന്നു വരുന്ന ഒരു രാത്രി. “ആരാ നാരായണനാ.” “അതേ. ”
നടു റോഡില്‍‍ ദാസ്സേട്ടന്‍ നില്‍ക്കുന്നു. ആറടി ഉയരവും ശുഷ്ക്കിച്ച ശരീരവും ആ നെഞ്ചു നിറയെ ചുമയുമായി ദാസേട്ടനെന്ന പഴയ സഖാവു്. അടുത്തു കണ്ട കലങ്ങില്‍ അയാളോടിരിക്കാന്‍ പറഞ്ഞു. പിന്നെ ദാസേട്ടന്‍ തന്‍റെ നെഞ്ചു കലങ്ങിയ, കലക്കിയ വിപ്ലവ ചരിത്രങ്ങള്‍ പറഞ്ഞു തന്നു. കുറേ ഉപദേശങ്ങളും. രാത്രി ഒരു മണിയോടെ പിരിയുമ്പോള്‍‍ ദാസേട്ടന്‍‍ കരഞ്ഞിരുന്നോ. അതോ അയാളായിരുന്നോ കരഞ്ഞു പോയതു്.


റോഡിനു് വീതി കൂടിയതു പോലെ അയാള്‍ക്കു തോന്നി. വിശാലമായ വലിയ ഇടവഴിയില്‍ അമ്മൂമ്മ പറയുന്ന മറുത ഇറങ്ങുന്ന സമയം. സുധയുട വീടിനുള്ളില്‍ ഒരു ചെറു തിരി വെട്ടം ഉണ്ടു്. ഏതോ പുസ്തകം പുകച്ചു കളയുന്ന സുധയെ അയാള്‍ക്കറിയാം. തന്നോടെന്നും സഹതാപവുമായി പിന്നേ നടക്കുന്ന സുധയെ അയാള്‍ ഇഷ്ടപ്പെട്ടിരുന്നു.


ജാനുവമ്മയുടെ വളര്‍ത്തു നായ ഗേറ്റിനുള്ളില്‍ നിന്നു് കുരച്ചു. അയാളുടെ കാൽപ്പെരുമാറ്റവും അയാള്‍ക്കു് അലോസരമായി തോന്നി.


ഇടവപ്പാതി പുച്ഛിച്ചു നിര്‍ത്തിയിരിക്കുന്ന ആ മണ്‍കൂരയില്‍ തന്‍റെ പത്തായം ഒത്തിരി കഥകളുമായി അയാളെ കാത്തിരുന്നു. ശബ്ദമുണ്ടാക്കാതെ കിടന്ന നാരായണന്‍ കുട്ടി കേള്ക്കുന്നുണ്ടായിരുന്നു...അപ്പുറത്തു് അമ്മൂമ്മ പറയുന്നതു്. നാളെ കേശവനെ വിളിച്ചു് കവടി നിരത്തിയിട്ടു തന്നെ കാര്യം.
ഒന്നുമറിയാതെ തന്‍റെ കൊച്ചു പെങ്ങന്മാരുടെ രാത്രിയുടെ പിച്ചും പറയലില്‍ നാരായണന്‍ കുട്ടി ഉറങ്ങാന്‍ കിടന്നു.


പറഞ്ഞു തീര്ക്കാന്‍ കഴിയാത്ത ഒരു കഥയില്ലായ്മയിലെ ഒരു കണികയായി പാവം നാരായണന്‍ കുട്ടി ഓരോ സാക്ഷകളിലേയും പാപ പുണ്യങ്ങളോര്‍ത്തു്....


-----------------------------------------------------------------

15 comments:

വേണു venu said...

പറഞ്ഞു തീര്ക്കാന്‍ കഴിയാത്ത ഒരു കഥയില്ലായ്മയിലെ ഒരു കണികയായി പാവം നാരായണന്‍ കുട്ടി ഓരോ സാക്ഷകളിലേയും പാപ പുണ്യങ്ങളോര്‍ത്തു്...

ശ്രീ said...

"ഇടവപ്പാതി പുച്ഛിച്ചു നിര്‍ത്തിയിരിക്കുന്ന ആ മണ്‍കൂരയില്‍ തന്‍റെ പത്തായം ഒത്തിരി കഥകളുമായി അയാളെ കാത്തിരുന്നു."

ആ കഥകളെല്ലാം ഇങ്ങു പുറത്തു വരട്ടെ, വേണുവേട്ടാ...
:)

Murali Menon (മുരളി മേനോന്‍) said...

ഇഷ്ടപ്പെട്ടു. ഇനി നാരായണന്‍‌കുട്ടിയുടെ അടുത്ത വ്യഥയിലേക്ക് കണ്ണും നട്ട്.

G.manu said...

നാരായണന്‍‍ കുട്ടിയ്ക്കു് ഓര്‍മ്മകള്‍ക്കൊരു പഞ്ഞവുമില്ല. ഓര്‍മ്മകളുടെ ചെപ്പു കുടങ്ങളിലെ കണ്ണുനീര് മുത്തുകള്‍‍ എന്നും അയാള്‍ക്കൊരു ബോധി വ്റൃക്ഷം നല്‍കി.

sukhamulla vayana mashey.. really good..

ശിശു said...

"നാരായണന്‍‍ കുട്ടിയ്ക്കു് ഓര്‍മ്മകള്‍ക്കൊരു പഞ്ഞവുമില്ല. ഓര്‍മ്മകളുടെ ചെപ്പു കുടങ്ങളിലെ കണ്ണുനീര് മുത്തുകള്‍‍ എന്നും അയാള്‍ക്കൊരു ബോധി വ്റൃക്ഷം നല്‍കി"

വേണുമാഷ് കഥപറയുമ്പോള്‍ അത് ശരിക്കും സ്വന്തം അനുഭവം തന്നെ പറയുകയാണൊ എന്ന് തോന്നിപ്പിക്കുന്നു.. മുഷിപ്പില്ലാതെ വായിക്കാന്‍ കഴിഞ്ഞു..
തുടര്‍ച്ചയല്ലെ..
ബാക്കികൂടി കഴിഞ്ഞിട്ട് അഭിപ്രായം പറയുന്നതാകും ഉചിതം..
ഇത്രയും ഭംഗിയായി എന്നു പറയുന്നതില്‍ സന്തോഷമുണ്ട്..
തുടരുക.

മുസാഫിര്‍ said...

നാരായണന്‍‌കുട്ടി മനസ്സിന്റെ ഒരു വേദനയായി മാറുകയാണല്ലോ വേണുജീ.നല്ല ആഖ്യാനം.

സു | Su said...

ഇന്നുകളും, ഇന്നലെകളും. കഥ തുടര്‍ന്നു പോയ്ക്കൊണ്ടിരിക്കുന്നു. ജീവിതവും.

P.R said...

വേണൂ ജീ..
നന്നാവുന്നൂന്ന് പറയാന്‍ കഴിയുന്നില്ല.., ഉള്ളില്‍ വേദന തോന്നുമ്പോള്‍ അങ്ങനെ പറയാനാവില്ലല്ലോ... :)
നാരായണന്‍ കുട്ടീടെ മൂന്നാം ഭാഗവും ഇപ്പോഴാണ് വായിച്ചു തീര്‍ത്തത്..
നല്ലതീലേയ്ക്കാണിനിയുള്ള പോക്കെന്ന് കരുതുന്നു...

കുറുമാന്‍ said...

നാരായണന്‍ കുട്ടിയുടെ വ്യഥകളും, ചിന്തകളും, സ്വപ്നങ്ങളും വായനക്കാരുടേതു കൂടിയാകുന്നു ഇവിടെ.

പാവം നാരായണന്‍ കുട്ടി.

വളരെ നന്നായിരിക്കുന്നു ഈ ലക്കം വേണുവേട്ടാ.

സഹയാത്രികന്‍ said...

മാഷേ... മനസ്സില്‍ത്തട്ടി വായിച്ചു... നാരായണന്‍ കുട്ടിയേയും, ശങ്കരനാരായണേയും, വീടും,വീട്ടുകാരേയും...എല്ലാം അറിയുന്ന പോലെ...

:)

ഓ :ടോ : തലക്കെട്ട് കണ്ടു... സന്തോഷമായി...
ഹെഡര്‍ എഡിറ്റ് ഓപ്ഷനില്‍ " instead of header and description" എന്നത് ചെയ്യായിരുന്നില്ലേ... അപ്പോള്‍ ഹെഡര്‍ മാ‍ത്രമായി നില്‍ക്കും... ഒരു അഭിപ്രായമാണ്.

:)

വേണു venu said...

കഥയില്ലായ്മയിലെ കഥകള്‍‍ തുടരാന്‍‍ കരുത്തു നല്‍കുന്ന, ശ്രീ, മുരളി മേനോന്‍‍ , ജി.മനു, ശിശു, മുസാഫിര്‍ , ശ്രീമതി.സു, ശ്രീമതി.പി.ആര്‍, കുറുമാന്‍‍, സഹയാത്രികന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ കൂപ്പു കൈ. സഹയാത്രികന്‍ പറഞ്ഞതു പോലെ ചെയ്തു. ഒരിക്കല്‍ കൂടി എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.:)

bhoomiputhri said...

വേണുവിന് ഇനിയും കഥകള്‍ ധാരാളമുണ്ടാകട്ടെ..

sreedevi Nair said...

Dear Sir,
Thanks
sreedevi nair

Naren Sarma said...

Thank you venuchetta, just started in this. prarthanakalkum aasamsakalkum nandi.

sneham
Sarmaji

വേണു venu said...

SreeDevi Nair and Naren Sarma,
Thanks for your visits and comments.:)