Wednesday, September 19, 2007

അണ്ണനുറങ്ങാത്ത വീടു്.1

Buzz It
അണ്ണനുറങ്ങാത്ത വീടു് 1വായിക്കുന്നതിനു മുന്നെ ഇതൊന്നു വായിച്ചിരുന്നെങ്കില്‍‍ നന്നായിരിക്കുമെന്നും തോന്നുന്നു.
നാരായണന്‍ കുട്ടിയുടെ ഒരു ചിത്രംl
വായിച്ചെങ്കില്‍‍ ഇനി ആ നാരായണന്‍‍കുട്ടിയെ മറക്കുക.
ഇനി മറ്റൊരു കഥ. പഴയ കഥ അവിടെ ഉറങ്ങട്ടെ. പുതിയ കഥ.
കഥയില്ലായ്മയാണു് ജീവിതം എന്നെന്നെ ഇതുവരെ പഠിപ്പിച്ചിരിക്കുന്നു.
അതിനാല്‍‍ ഒരു കഥയില്ലായ്മ തുടരാന്‍‍ ഞാന്‍‍ തുടങ്ങുന്നു.
ശ്രമിക്കാം.
ജീവിതം ഒത്തിരി പഠിപ്പിച്ചതിനാല്‍‍ ചിലപ്പോള്‍‍ വെറും കഥയില്ലായ്കയില്‍‍ ഞാന്‍‍ സന്തോഷിക്കട്ടെ.
എന്തായാലും ഒരു തുടര്‍ കഥയില്ലായ്മ തുടരുന്നു.
തുടര്‍ച്ച എന്നില്‍‍,
നിര്‍ത്തല്‍‍ എന്‍റെ പ്രബുദ്ധരായ വായനക്കാരില്‍‍. കഥയില്ലായ്മ .അതെ .കഥയില്ലായ്മ തന്നെ.
രണ്ടു മൂന്നു ഭാഗങ്ങളേ എഴുതിയുള്ളു. ബാക്കി എഴുതുന്നതു് .....‍.:)
സ്നേഹ ബഹുമാനങ്ങളോടെ.........‍
-----------------------------------------------------------------------------------------

നാരായണന്‍ കുട്ടി നാട്ടിലെത്തിയപ്പോള്‍ നേരം വെളുക്കുന്നു.
റയില്‍വേ സ്റ്റേഷനു തൊട്ടടുത്തുള്ള തട്ടു കടയില്‍‍ ചായ പാത്രത്തില്‍‍ വെള്ളം തിളച്ചു തുടങ്ങുന്നതേയുള്ളു.
കിട്ടിയ മലയാളപത്രവുമായി വെളിയിലാടുന്ന ബഞ്ചില്‍‍ ഇരുന്നു് പറഞ്ഞു. ഒരു ചായ. “സാറെ ഒരു പത്തു മിനിറ്റു് താമസമുണ്ടു്.”
മലയാള പത്രത്തിന്‍റെ മണം വായിക്കുന്തോറും ‍‍ കൂടുന്നതയാളറിഞ്ഞു.


എങ്ങു നിന്നോ ഓടി വന്ന ഒരു ഓട്ടോ അവിടെ നിര്‍ത്തി, ചായ കുടിക്കാന്‍‍ തന്‍റെ ബന്‍ച്ചിലു് വന്നിരുന്ന ഡ്രൈവര്‍‍ അത്ര രസിക്കാതെ തന്നെ നോക്കി ഒരു ബീഡി കത്തിച്ചു.
ഗ്ലാസ്സുകളൊക്കെ കഴുകി , ഒരു മൂലയിലെ ദൈവത്തിന്‍റെ പടത്തിനു മുന്നില്‍ ഒരു തിരി കത്തിച്ചു് പ്രാര്‍‍‍ഥിക്കുന്ന ചായക്കടക്കാരന്‍‍. ചൂടു ചായ ഗ്ലാസ്സു നിറഞ്ഞ പതയുമായി കൊണ്ടു വച്ചപ്പഴേ പകുതി നിറഞ്ഞു.


വീട്ടിലേയ്ക്കു് പോകുന്ന ആട്ടോയ്യിലും അയാള്‍ക്കു് സ്വപ്നങ്ങള്‍ക്കു് ഒരു കുറവും ഇല്ലായിരുന്നു.....
താന്‍ പഠിച്ച കോളേജിന്‍റെ മുഖത്തെഴുതിയിരിക്കുന്ന വാചകം വായിക്കാന്‍‍ ശ്രമിച്ചു. ആട്ടോ ഡ്രൈവറോടു് പറഞ്ഞു. ഒന്നു നിര്‍ത്തൂ. പിന്നെ വായിച്ചു. PER MATRAM PRO PETRIA. മതി. സന്മനസ്സുള്ളവര്‍ക്കുള്ള സമാധാനവുമായി അയാള്‍‍ ആട്ടോയില്‍ കയറി. പേരു മാത്രം പോര പാതിരി എന്നു് തര്‍ജ്ജമ നല്‍കിയ കൂട്ടുകാരെ ഒക്കെ ഓര്‍ക്കാതെ അയാള്‍‍ വെളിയിലേയ്ക്കു നോക്കിയിരുന്നു.


ആട്ടൊ നിര്‍ത്തിയ കൊച്ചു ഗ്രാമത്തില്‍‍ അയാളിറങ്ങി.
നടന്നു. കാലുകള്‍ക്കു് ഭാരം അനുഭവപ്പെടുന്നു. കണ്‍പോളകള്‍‍ക്കു് ഉറക്കത്തിന്‍റെ ചടവുകള്‍.
കൈയ്യില്‍ തൂക്കിയ പെട്ടിയുമായി ആകാശത്തുദിച്ചു നില്‍ക്കുന്ന പൊട്ടനെ നോക്കി അയാള്‍ കാലുകള്‍ക്കു വേഗത കൂട്ടി.
ഇനിയൊരുപാടു ദൂരം നടക്കാനുണ്ടെന്നു് വിധി മാത്രം രഹസ്യം പറയുന്നുണ്ടായിരുന്നു.


അയാള്‍ നടന്നു.
അമ്പല കൊട്ടിലില്‍,
കറുത്ത കുപ്പായമൂരി വച്ച രാത്രി ഒരു കഥ പറഞ്ഞു കഴിഞ്ഞിരുന്നു.
ആട്ടൊ റിക്ഷ നിന്നപ്പോള്‍‍ ആ കഥയൊഴിഞ്ഞ കൊട്ടില്‍ നിശ്ശബ്ദതയുടെ പുതപ്പില്ലാതെ നഗ്നമായിരുന്നു..


അമ്പലം തൂപ്പുകാരി ഗോമതി എന്തോ ചോദിച്ചതയാള്‍ കേള്‍ക്കാതെ ആനക്കോട്ടിലിനും സമീപം കൊടി മരത്തിനു മുകളിലെ ശങ്കരനാരായണനെ ഒന്നു നോക്കി.
ശങ്കര നാരായണന്‍റെ നിഴലായി, മറ്റൊരു കൊച്ചു കൊടിമരം ആയി അയാള്‍ നടന്നു.


പുള്ളോട്ടു മഠത്തിലെ പാട്ടിയമ്മ വീടിനു മുന്നില്‍ വീണ പത്രം എടുത്തു് , നടന്നു വരുന്ന നാരായണന്‍ കുട്ടിയെ നോക്കി ചോദിച്ചു. വരുന്ന വഴിയാ. എത്ര ദിവസം ലീവുണ്ടു്. പാട്ടിയമ്മയുടെ കണ്ണുകള്‍‍ പൊന്‍‍ കണ്ണുകള്‍‍ തന്നെ. അയാളെ മനസ്സിലാക്കിയ ആ അമ്മൂമ്മയുടെ മുന്നില്‍ തൊഴു കൈയ്യുമായി നിന്നു പോയി.
കുറച്ചു ദിവസം കാണും. അയാള്‍ നടന്നു. എന്നു പോകുന്നു എന്ന ചോദ്യത്തിനു മുന്നെ അയാള്‍ വളവു തിരിഞ്ഞു.


ജാനു അമ്മയുടെ വീടു്, വാര്‍ത്ത രണ്ടു നില കെട്ടിടമായി മാറിയിരിക്കുന്നു.
വെളിയില്‍ ആരേയും കണ്ടില്ല. വെട്ടു വഴിയുടെ ഇരു വശവും വലിയ വലിയ സൌധങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഗേറ്റുകളും മതിലുകളും ഒക്കെ ആ ഇടവഴിയെ തന്നെ മാറ്റിയിരിക്കുന്നു.


അയാള്‍ക്കു് അല്പം ഉയരം വച്ചതു പോലെ.
അഭിമാനത്തോടെ അയാള്‍ നടന്നു. എന്നും അഭിമാനം അയാള്‍ക്കൊരു പ്രശ്നമായിരുന്നല്ലോ.
നീണ്ടു നിവര്‍ന്നു് നടന്ന അയാള്‍, ദൂരെ കഴിഞ്ഞ ഇടവപ്പാതിയേയും തോല്പിച്ചു നില്‍ക്കുന്ന തന്‍റെ വീടു കണ്ടു് നമ്ര ശിരസ്ക്കനായി പോയി.
അഭിമാനമൊരു സങ്കല്പമാണെന്നും, അസത്യങ്ങള്‍‍ ,ആത്മാവിനേല്പിക്കുന്ന നൊമ്പരങ്ങള്‍‍ ‍ മാത്രമാണു് അഭിമാനം ,എന്നൊക്കെ അറിയാനയാള്‍ അശ്ശക്തനായിരുന്നു.


എങ്കിലും നാരായണന്‍ കുട്ടിയുടെ കണ്ണുകള്‍ സജലങ്ങളാകുന്നതു കണ്ട ഇടവപ്പാതിയെ അതിജീവിച്ച ആ അസ്തി കൂടം ചിരിച്ചു.
വരൂ നാരായണാ. നിനക്കു തല ചായ്ക്കാന്‍‍, നിന്നെ ഉറക്കാന്‍, നിനക്കു പഴയ കഥകള്‍ പറഞ്ഞു തരാന്‍, പഴയ കഥകളോര്‍മ്മിപ്പിച്ചു് നിന്നെ കരയിക്കാന്‍‍ നിന്‍റെ അമ്മൂമ്മ ഇന്നില്ല. മറ്റൊരു പള്ളിവേട്ട എഴുന്നള്ളിപ്പിനു മുന്നില്‍ നിറവയറുമായി നില്‍ക്കുന്ന നിന്റ്റെ അമ്മയെ ചൂണ്ടി പ്രാര്‍ഥിച്ച കഥ പറയാന്‍‍ ‍‍ ഇനി ഞങ്ങളുണ്ടു്. ഓര്‍മ്മകളിലെ നൊമ്പരങ്ങളുടെ എഞ്ചുവടി ഞങ്ങള്‍‍ ‍‍ ഓര്ത്തു വച്ചിരിക്കുന്നു. ഞങ്ങള്‍ മരിക്കാതിരിക്കുന്നതു് നിന്നെ കാത്തിരിക്കാനായിരുന്നു. നിനക്കുള്ള കഥകളുമായി ഞങ്ങള്‍ നിനക്കു് വേണ്ടി ജീവിച്ചിരിക്കുന്നു. നീ വരുമെന്നു് ഞങ്ങള്‍ക്കറിയാമായിരുന്നു. നിനക്കിനി കഥകളുടെ നൊമ്പരങ്ങളും വിധിയുടെ ബലഹീനമായ ദിര്‍ഘ നിശ്വാസങ്ങളും ഞങ്ങള്‍‍ കരുതി വച്ചിരിക്കുന്നു.


അപ്പോഴും വിധിയുടെ ദീര്ഗ്ഘ നിശ്വാസത്തില്‍ മലമ്പാമ്പുകള്‍ ഇഴഞ്ഞു. ചീവീടുകള്‍ക്കു ശബ്ദമില്ലാതെ കരയാമെന്നാദ്യമായാള്‍ അറിഞ്ഞു.

കിഴക്കോട്ടുള്ള വാതലിനു മുന്നില്‍ ഒരു ചൂലുമായി നില്‍ക്കുന്ന അമ്മ അയാളെ കണ്ടു് , ചൂലു താഴെയ്ട്ടു് ഓടിയെത്തി. ഒരു മുന്നറിയിപ്പുമില്ലാതെ നീ.?.
ലീവു് കിട്ടി. പിന്നെ അമ്മ എഴുതിയ ഏഴാമത്തെ കത്തും. അതു പറഞ്ഞില്ല.
അകത്തു് തന്‍റെ പത്തായത്തിനിപ്പുറം കിടന്ന ചാരു കസേരയിലിരുന്നു. അമ്മ തന്നെ നഖ ശിഖാന്തം ശ്രദ്ധിക്കുന്നതറിഞ്ഞു. “നീ ഒത്തിരി ക്ഷീണിച്ചിരിക്കുന്നു.”

ഉണര്‍‍‍ന്നെത്തിയ കുഞ്ഞമ്മ അയാളെ നോക്കി. മുഖം കഴുകി വന്നു് പടത്തിനു മുന്നില്‍ നിന്നു് പ്രാര്ഥിച്ചുകൊണ്ടു ചോദിച്ചു, നാരായണന്‍ കുട്ടിയേ...?
എന്തോ...
ജന്മജന്മാന്തരങ്ങളുടെ ശബ്ദം കട്ടളപ്പടിയുടെ താഴെ തൊടിയില്‍ നിന്നു വന്ന ഒരു കാറ്റേറ്റു വാങ്ങി.
പാണക്കാട്ടു വീട്ടുകാരുടെ പുളിമരത്തിലെ പക്ഷികള്‍ ഉണരുന്നതും കലപില ശബ്ദങ്ങളുമായി പറന്നു പോകുന്നതും അയാള്‍ക്കറിയാമായിരുന്നു.


അമ്മ കൊണ്ടു വന്ന ചൂടു കാപ്പി കുടിച്ചൊന്നുറങ്ങാന്‍ കിടന്നു.
അകത്തു് കുഞ്ഞമ്മയുടെ ശബ്ദം കേള്‍ക്കാമായിരുന്നു. രമണിയും ഭര്‍ത്താവും വരുമ്പോള്‍ അവന്‍ വന്നതു് നന്നായി. ഒരു നിമിത്തം പോലെ അവനിന്നെത്താന്‍... “എല്ലാം ശങ്കരനാരായണന്‍റെ വിലാസങ്ങള്‍ തന്നെ. ചുമ്മാതാണോ അമ്മ അന്നു് പ്രാര്‍ഥിച്ചതു്...നിറവയറുമായി നിന്ന നിന്നെ നോക്കി” അയാള്‍ ഉറക്കത്തിലേയ്ക്കു വഴുതി വീഴുകയായിരുന്നു.


സ്വപ്നത്തില്‍ ഹിമാലയത്തിലെ പെരും പാമ്പിനെ കാണാന്‍ അയാളും ആ മാജിക്കുകാരന്‍റെ മുന്നില്‍ നില്‍ക്കുകയായിരുന്നു.
കൊട്ടയില്‍ നിന്നും പുറത്തെടുത്ത പാമ്പിനു് തന്‍റെ മുഖ സാദൃശ്യമുണ്ടെന്നു തോന്നിയ അയാള്‍ ഉറങ്ങി പോയി.

മീനച്ചൂടില്‍ പഴുത്തു കിടന്ന തളക്കല്ലുകള്‍ക്കും പുല്ലാഞ്ഞി മലയില്‍നിന്നും ആര്‍ത്തിരമ്പി അടിച്ച ചൂടു കാറ്റിനും ജന്മാന്തരങ്ങളുടെ ഗന്ധമുണ്ടായിരുന്നു. അഞ്ചു മണിക്കു വന്ന സ്കൂള്‍ ബസ്സില്‍ നിന്നിറങ്ങിയ സുധയുടെ വിയര്‍പ്പിലും അയാള്‍ മണത്തിരുന്നു അതേ ഗന്ധം.
ഒരു കുടയുടെ നിഴലില്‍‍ ഒളിച്ചു നടന്നു നീങ്ങിയ സുധയെ ഓര്‍ക്കാതെ മറ്റൊരു സ്വപ്നത്തിലൂടെ നാരായണന്‍ കുട്ടി ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു.


രമണിയുടെ ശബ്ദം തിരിച്ചറിയാന്‍ അയാള്‍ക്കു് വിഷമമില്ലായിരുന്നു.“അണ്ണന്‍ വന്നതു് നന്നായി”
അണ്ണനുറങ്ങാത്ത വീട്ടിലെ അണ്ണനായിരുന്നല്ലോ അയാള്‍.
അണ്ണനുറങ്ങാത്ത വീടു്. ആ കഥയിലേയ്ക്കയാള്‍ വഴുതി വീഴുകയായിരുന്നു.

19 comments:

വേണു venu said...

അണ്ണനുറങ്ങാത്ത വീടു്.എന്‍റെ കഥയില്ലായ്മകള്‍‍ തുടരാനായൊരു എളിയ ശ്രമം.:)

സു | Su said...

നല്ല കഥ. ജോലിയില്ലാതെ തിരിച്ചുവന്നതല്ലേ?

ശ്രീ said...

കഥയില്ലായ്മയില്‍‌ നിന്നുമുള്ള കഥ കൊള്ളാം വേണുവേട്ടാ...
:)

ഇത്തിരിവെട്ടം said...

നന്നായിരിക്കുന്നു... കഥയില്ലായ്മയില്‍ കൊരുത്ത ഈ കഥ.

കൃഷ്‌ | krish said...

കൊള്ളാം. പക്ഷേ, ഇടക്ക് ചില വരികളില്‍ ഒരു ആധുനിക ടച്ച് പോലെ തോന്നി.

സാരംഗി said...

നാരായണന്‍‌കുട്ടിയുടെ തുടര്‍ എപിസോഡുകള്‍ക്ക് കാത്തിരിയ്ക്കുന്നു. ഇത് ഇഷ്ടമായി.

സഹയാത്രികന്‍ said...

മാഷേ നന്നായിരിക്കണൂട്ടൊ...

ആശംസകള്‍

മയൂര said...

ഒരു ഷോര്‍ട്ട് ഫിലിം പോലെ മനസില്‍ തങ്ങി നില്‍ക്കുന്നു....നന്നായിട്ടുണ്ട്..

Murali Menon (മുരളി മേനോന്‍) said...

എഴുതി വരുമ്പോള്‍ കഥാകൃത്ത് അറിയാതെ ഫിലോസഫി തൊടുത്തുവിടാറുണ്ട്. ഇതാ എന്റെ മനസ്സില്‍ തങ്ങി നില്ക്കുന്ന വാക്കുകള്‍:
“അഭിമാനമൊരു സങ്കല്പമാണെന്നും, അസത്യങ്ങള്‍‍ ,ആത്മാവിനേല്പിക്കുന്ന നൊമ്പരങ്ങള്‍‍ ‍ മാത്രമാണു് അഭിമാനം ,എന്നൊക്കെ അറിയാനയാള്‍ അശ്ശക്തനായിരുന്നു.“

സന്തോഷം... തുടരുക

Typist | എഴുത്തുകാരി said...

വേണുജീ, നന്നായിരിക്കുന്നു, കാത്തിരിക്കുന്നു അടുത്തതിനായി.

കുതിരവട്ടന്‍ :: kuthiravattan said...

:-)

മുസാഫിര്‍ said...

മോഹന്‍ ലാലിനേക്കാളും നരേന്ദ്രപ്രസാദിനേക്കാളും കാണാന്‍ ഭംഗിയുള്ള നാരായണന്‍ കുട്ടിക്ക് എന്തെങ്കിലും പണിയൊക്കെ കൊടുക്കണെ വേണു മാഷെ,
കഥ ഇഷ്ടമായി :-)

P.R said...

നാരായണന്‍ കുട്ടിയ്ക്കിതെന്തു പറ്റി?
ആ വിവരണം ഒക്കെ വലിയ ഇഷ്ടമായി വേണൂ ജീ..

വേണു venu said...

ശ്രീമതി സൂ,
ഞാനെഴുതുന്ന കഥകള്‍ക്കൊരു തൊടു കുറിയായി വരുന്നതൊരു നല്ല നിമിത്തം മാത്രം . മനസ്സിന്‍റെ വിശ്വാസം. നന്ദി.:)
ശ്രീ, കഥ എന്നു പറയുന്നതും കാണുന്നതും എല്ലാം കഥയില്ലായ്മയാണെന്നറിഞ്ഞു കൊണ്ടു്.:)
ഇത്തിരിവട്ടം, ഇനിയും ഈ കഥയില്ലായ്മ വായിക്കുമെന്ന്നെനിക്കറിയാം.നന്ദി.:)
കൃഷു്, നമ്മളൊക്കെ. അടുത്ത ഭാഗങ്ങള്‍‍ കൂടി വായിക്കും എന്നെനിക്കറിയാം.:)
സാരംഗി, നാരായണന്‍‍ കുട്ടി ഒരു തുടര്‍ച്ചയാവുന്നതു തന്നെ നിങ്ങളുടെ ഒക്കെ അഭിപ്രായം തന്ന പ്രചോദനമാണു്. അതിനാല്‍‍ തെറ്റും കുറ്റങ്ങളും അറിയിക്കുക.. നാരായണന്‍‍ കുട്ടി കഥ പറയട്ടെ.:)
സഹയാത്രികന്‍‍, തുടര്‍ന്നും വായിക്കുമല്ലോ.:)
മയൂരാ, ഒരു ചെറിയ ഫിലിം.
വായിക്കണം....വലിയ ഒരു ഫിലിമിലേയ്ക്കു പോകില്ല. പാവം നാരായണന്‍ കുട്ടി. എഴുതണം.:)
മുരളി മാഷേ, അറിയാതെ വന്നു പോകുന്നതാണു്. അലോസരം അനുഭവപ്പെടുന്നിടത്തു് അറിയിക്കണം.സന്തോഷം അറിയിക്കുന്നു.:)
എഴുത്തുകാരി, അടുത്തതും എഴുതുന്നു. വസ്തു നിഷ്ടമായ അഭിപ്രായം അറിയിക്കണം.:)
കുതിരവട്ടന്‍‍, സന്തോഷം വായിച്ചതിനു്. ബാക്കിയും വായിക്കുമല്ലോ.
മുസാഫിര്‍ ഭായി, ഓര്‍മ്മകള്‍ ഓര്‍ത്തു വച്ചിരിക്കുന്നു. മോഹന്‍ലാലിന്റ്റെ പോസ്റ്ററു നോക്കി ഫൂ.. ഇതെന്‍റെ നാരായണന്‍ കുട്ടിയുടെ വാലേല്‍ കെട്ടാനൊക്കില്ല എന്നു പറഞ്ഞ അമ്മൂമ്മയെയും കാണാന്‍ തീര്‍ച്ചയായും വരണം.:)
പി. ആര്‍, നാരായണന്‍ കുട്ടിയെ വായിച്ചു് എഴുതിയ കമന്‍റു് ഞാന്‍ ഓര്‍ത്തു വച്ചിട്ടുണ്ടു്. “നാരായണന്‍ കുട്ടിയെ വളരെ ഇഷ്ടമായി..
മുഴുവനും ശ്രദ്ധാപൂര്‍വം ഇരുന്നു വായിച്ചു.”
അപ്പോള്‍ ബാക്കിയും വായിച്ചെനിക്കെഴുതണം.നന്ദി.:)
വായിച്ചു് എനിക്കു് വീണ്ടും എഴുതാന്‍‍ പ്രചോദനം നല്‍കിയ നിങ്ങള്‍ക്കു് “നന്ദി” എന്ന രണ്ടക്ഷരങ്ങളില്‍ എന്‍റെ എല്ലാ വികാര വിചാരങ്ങളും ഒതുക്കുന്നു.:)

Monday, January 29, 2007 4:31:00 AM

ഇട്ടിമാളു said...

ഇത് രണ്ടാമതാ വായിച്ചെ...

അപ്പു said...

വേണുവേട്ടാ, നന്നായിട്ടുണ്ട്. നാരായണന്‍ കുട്ടിയുടെ കൂടെ ഞാനും ആ പഴയവഴിയിലൂടെ നടക്കുകയായിരുന്നു.

Seena said...

Narayanankuttyyude koode naattilethiya pole..nandhiyundu.

സതീശ് മാക്കോത്ത് | sathees makkoth said...

അടുത്തതിലോട്ട് പോകട്ടെ...

Geetha geethikal said...

അണ്ണനുറങ്ങാത്ത വീട്‌‌ തിരിച്ചാണ് വായിച്ചത്‌ - അഞ്ചാം ഭാഗം ആദ്യം, ഒന്നാം ഭാഗം അവസാനം.നാരായണന്‍‌ കുട്ടി എന്ന പ്രരാബ്ധ്ക്കാരന്റെ ചിത്രം മിഴിവാറ്‌ന്നതായിട്ടുണ്ട്‌.
എനിക്കു തോന്നുന്നത്‌ അഭിമാനം ഒരു ചീട്ടു കൊട്ടാരം ആണെന്നാണ്...
എപ്പോള്‍ വേണമെങ്കിലും താഴെ വീണ് തകരാമ്മ്.